04/09/2013

നായരുടെ ആദിമാതാവ് പുലയി


നായര്‍ സമുദായം പുലയരില്‍ നിന്നു ഉണ്ടായതെന്ന് വിശദമായ വിവരിക്കുന്ന വ്യത്യസ്തമായ പുസ്തകമാണ് കുട്ടിക്കാട് പുരുഷോത്തം ചോന്‍ രചിച്ച 'നായരുടെ ആദിമാതാവ് പുലയി'.

പുസ്തകം മുന്നോട്ട് വെയ്ക്കുന്ന വാദഗതികള്‍ ഇവയാണ്.
ഒരു വമ്പിച്ച ധാര്‍മ്മിക-സാമൂഹ്യഅട്ടിമറി വഴിയാണ് ഇന്നത്തെ ഹിന്ദുമതം സ്ഥാപിതമായത്. ഇറാനില്‍ നിന്നും അഭയാര്‍ത്ഥികളായി വന്നുകയറിയ ഒരു പറ്റം പുരോഹിതര്‍ അവരുടെ നന്മക്കായി ഉണ്ടാക്കിയ മതമാണ് ഹിന്ദുമതം. സംസ്‌കൃതം കീഴ്‌പ്പെടുത്താനുള്ള ഭാഷയായിരുന്നൂ ആദികാലത്ത്. സംസ്‌കൃതം വഴി നിലനിന്നിരുന്ന വിചാരധാരകളെല്ലാം തകിടം മറിക്കുകയാണ് പുരോഹിതര്‍ ചെയ്തത്.

പണ്ടത്തെ ഉത്തരഭാരതം കാശ്മീരിന് വടക്കാണ്. റിക് വേദത്തിലെ കൂട്ടക്കൊലകളും ശ്രീരാമകഥയും ഇവിടെയാണ് സംഭവിച്ചത്. കാസ്​പിയന്‍ കടലിലെ ഒരു ദ്വീപായിരുന്നൂ ശ്രീലങ്ക.

നെനട്‌സി എന്ന റഷ്യന്‍ പ്രാന്തപ്രദേശത്ത് മൃഗതുല്യരായി ജീവിച്ചിരുന്ന വംശക്കാരായിരുന്നൂ ആര്യന്മാര്‍ .

ഭാരതത്തില്‍ മുഴുവന്‍ ദ്രാവിഡവംശജരായിരുന്നൂ ഉണ്ടായിരുന്നത്. പുരോഹിതരൊഴിച്ച് മറ്റാരും ആര്യന്മാരല്ല.

അസുരന്‍ എന്നാല്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ എന്നാണ് ശരിയായ അര്‍ത്ഥം. അപ്പോള്‍ ഈശ്വരധര്‍മ്മത്തില്‍ വിശ്വസിക്കുന്നവന്‍ ദൈവനിഷേധിയാകുന്നതെങ്ങെനെ...!

ശൂദ്രന്മാര്‍ ഒരു കാലത്ത് സന്മാര്‍ഗ്ഗമാര്‍ഗ്ഗത്തിലെ പരിശുദ്ധസന്യാസിഗണമായിരുന്നു.

ഈഴവര്‍ കേരളത്തില്‍ എത്തുന്നത് 4500 കൊല്ലം മുമ്പാണ്.

നായര്‍വംശജരും കേരളത്തിലേക്ക് 900 വര്‍ഷം മുമ്പ് വരുന്നത്.

മഹാബലി ചരിത്രപുരുഷനാണ്. കെട്ടുകഥയിലെ നായകനല്ല. ഭഗോതി(സിന്ധു)നദീതീരത്തെ പട്ടാല തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാവായിരുന്നൂ മഹാബലി. കേരളം അദ്ദേഹം കീഴടക്കിയ അനേകം രാജ്യങ്ങളിലൊന്ന് മാത്രം.

ഓണം കേരളത്തിന്റെ മാത്രം ഉല്‍സവമല്ല. 6300 വര്‍ഷം മുമ്പ് ഈജിപ്തിലും ഇറാഖിലും ഓണം ആഘോഷിച്ചിരുന്നു.

കേരളത്തിലെ വ്യത്യസ്തജനവിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും പുസ്തകത്തിലുണ്ട്.

ഇത്തരം വാദഗതികള്‍ മുമ്പൊരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്തത് കൊണ്ട് തന്നെ അറുന്നൂറോളം പേജുകളുള്ള നായരുടെ ആദിമാതാവ് പുലയി കേരളചരിത്രത്തിലേക്കുള്ള വഴി മാറിയുള്ള നടത്തമായിത്തന്നെ കാണണം. ഹിന്ദുമതവുമായി ബന്ധപ്പെട്ടുള്ള പുതിയ പാഠങ്ങള്‍ ഈ പുസ്തകം തരാതിരിക്കില്ല.

കുട്ടിക്കാട് പുരുഷോത്തം ചോന്‍ തന്നെ സ്വയം പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തിന്റെ പരിഷ്‌കരിച്ച മൂന്നാം പതിപ്പ്.

No comments: