04/09/2013

കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി

ആലുവ അദ്വൈതാശ്രമത്തില്‍ അതിഥിയായി എത്തിയതാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഉച്ചഭക്ഷണം തനിക്കൊപ്പം ആകാം എന്ന്‍ ഗുരു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി പക്ഷേ പന്തിയില്‍ ഇരുന്നപ്പോള്‍ ഒരു പന്‍തികേട് യാഥാസ്ഥിതിക നായര്‍ തറവാട്ടിലെ അംഗമായ തനിക്കൊപ്പം ഇരിക്കുന്നത് ഈഴവനും പുലയനും പറയനുമൊക്കെ ഈര്‍ഷ്യ തോന്നാത്തിരുന്നില്ല എങ്കിലും പ്രകടിപ്പിക്കുന്നത് എങ്ങിനെ?. ജാതിക്കെതിരെ അവതരിച്ച മഹാന്‍റെ മുന്നില്‍ തന്റെ ജാത്യാഭിമാനത്തെ ഓര്‍ത്ത് ജാള്യതപൂണ്ട് കുറ്റിപ്പുഴ ഇരുന്നു തൂശനിലയില്‍ വിഭവങ്ങള്‍ നിരന്നു . ഉള്ളില്‍ നല്ല വിശപ്പും .

കുറ്റിപ്പുഴയെ സൂക്ഷിച്ചു നോക്കികൊണ്ട് ചെറുപുഞ്ചിരിയോടെ ഗുരുദേവന്‍ ചോദിച്ചു ,

"ഇപ്പോള്‍ പോയോ ?"

ചോദ്യം അത്ര പിടികിട്ടാതെ കുറ്റിപ്പുഴ പപ്പടം പൊടിച്ചു .

"ഇപ്പോള്‍ മുഴുവനും പോയോ ?" ഗുരു വീണ്ടും ചോദിച്ചു 

തന്റെ ഉള്ളിലെ ജാതി ചിന്തയാണ് ഗുരു ഉദ്ദേശിക്കുന്നത് എന്ന് അപ്പോഴാണ് കുറ്റിപ്പുഴ തിരിച്ചറിഞ്ഞത് .ഗുരു തന്റെ ഉള്ളറിഞ്ഞാണ് ചോദ്യമെറിയുന്നത് .

അദ്ദേഹം അത്യധികം ബഹുമാനത്തോടെ പറഞ്ഞു "പോയി സ്വാമി മുഴുവനും പോയി." 

പിന്നീട് ആലുവ അദ്വൈതാശ്രമത്തിലെ അധ്യാപകന്‍ ആയി അദ്ദേഹം.

അയിത്തം മാറാന്‍ വൃത്തി ശീലിക്കാന്‍ ആണ് പിന്നാക്ക ജാതിക്കാരോട് ഗുരു ആദ്യം ആഹ്വാനം ചെയ്തത്.വൃത്തിയുള്ള വനെ ആരും ആട്ടിയകറ്റില്ല എന്നദ്ദേഹം പറഞ്ഞതിനര്‍ത്ഥം.. 

സംഘടിച്ച് ശക്തരാകാന്‍ ഗുരു പറയുമ്പോള്‍ ആ ശക്തി എന്തിന് വേണ്ടി ഉപയോഗിക്കണം എന്നും ഗുരു പറഞ്ഞു . അറിവു നീഷേധിക്കപ്പെട്ടവര്‍ക്ക് അറിവ് നല്‍കാനും അവസരം നിഷേധിക്കപ്പെടുന്നവര്‍ക്ക് അത് നേടികൊടുക്കാനമാണ് സംഘടനാ ശക്തി.


വിദ്യകൊണ്ട് സ്വതന്ത്രര്‍ ആകാന്‍ പറയുമ്പോള്‍ എന്തില്‍ നിന്നാണ് സ്വതന്ത്രര്‍ ആകേണ്ടത് എന്ന്‍ ആലോചിക്കണം. മനുഷ്യനെ മനുഷ്യരായി കാണാനും സഹജീവികളോട് കരുണ കാട്ടാനും വിലങ്ങ് തടിയാകുന്നവ എന്തൊക്കെയാണോ അതില്‍ നിന്നെല്ലാം സ്വതന്ത്രരാകാന്‍ കഴിയണം. ഭേദചിന്തകളില്‍ നിന്ന്‍ സ്വതന്ത്രര്‍ ആകണം എന്ന്‍ ചുരുക്കം. ഇത്രയും ഉദാത്തമായ ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ സമൂഹത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല ...

പ്രത്യക്ഷത്തില്‍ ജാതി വിവേചനങ്ങള്‍ മാറി എങ്കിലും അതിനപ്പുറത്തേക്ക് നാം പോയിട്ടില്ല.വിദ്യാഭ്യാസം നേടിയ സമൂഹം പോലും ജാതിയുടെ ഇട്ടാവട്ടത്തിലാണ്  കിടപ്പ്. ഉള്ളില്‍ ഇപ്പോളും ആ രാക്ഷസന്‍ കിടപ്പുണ്ട്. "മുഴുവനും പോയോ" എന്ന്‍ ഗുരു ചോദിച്ച മാത്രയില്‍ തന്നെ കുറ്റിപ്പുഴയുടെ മനസ്സില്‍ നിന്ന്‍ ജാതി ചിന്ത പോയി. പപ്പടവും നന്നായി പൊടിഞ്ഞു. 

പക്ഷേ കാലമിത്ര കടന്നിട്ടും നമ്മള്‍ ഒന്നിച്ചിരുന്ന് പൊടിക്കാന്‍ ശ്രമിക്കുന്ന പപ്പടം വേണ്ടത്ര പൊടിഞ്ഞിട്ടില്ല .....

No comments: