03/09/2013

കുചേലഭക്തികണ്ട് ഭഗവാന്‍ ചെയ്ത അനുഗ്രഹം - ഭാഗവതം (303)

കിഞ്ചിത്‌ കരോത്യുര്‍വ്വപി യത്‌ സ്വദത്തം
സുഹൃത്കൃതം ഹല്ഗ്വപി ഭൂരികാരീ
മയോപനീതാം പൃഥുകൈകമുഷ്ടിം
പ്രത്യഗ്രഹീത്‌ പ്രീതിയുതോ മഹാത്മാ (10-81-35)

ഭക്തായ ചിത്രാ ഭഗവാന്‍ ഹി സംപദോ
രാജ്യം വിഭൂതിര്‍ന്ന സമര്‍ത്ഥയത്യജഃ
അദീര്‍ഘ ബോധായ വിചക്ഷണഃ സ്വയം
പശ്യന്‍ നിപാതം ധനിനാം മദോദ്‌ഭവം (10-81-37)

കൃഷ്ണന്‍ കുചേലനോടു പറഞ്ഞു:

പ്രിയമിത്രമേ, എനിക്കായി എന്ത്‌ സമ്മാനവും കൊണ്ടാണങ്ങു വന്നിട്ടുളളത്‌? എനിക്ക്‌ വിലപിടിച്ചതും പൊങ്ങച്ചമേറിയതുമായ സമ്മാനങ്ങളിലൊന്നും താല്‍പര്യമില്ല. എന്റെ സദ്ഭക്തനില്‍ നിന്നും ഒരിലയോ പൂവോ പഴമോ അല്ലെങ്കില്‍ അല്‍പം ജലമോ കിട്ടിയാല്‍ ഞാന്‍ സംപ്രീതനായി.

ശുകമുനി തുടര്‍ന്നു: താന്‍ കൊണ്ടു വന്ന ചെറിയ അവില്‍പ്പൊതി പുറത്തെടുക്കാന്‍ കുചേലനു മടിയുളളതു കണ്ട, തന്റെ ദരിദ്രസുഹൃത്തിനെ സമ്പത്തും സൗഭാഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കാനുളള വ്യഗ്രതകൊണ്ട്‌ കൃഷ്ണന്‍ കുചേലന്റെ മടിയില്‍ നിന്നും അവില്‍പ്പൊതി ബലമായി പിടിച്ചു വാങ്ങി. ‘ആഹാ, ഇതാണെനിക്കേറ്റവും പ്രിയം’ എന്നു പറഞ്ഞു കൃഷ്ണന്‍ ആ അവില്‍ വാരി തിന്നാന്‍ തുടങ്ങി. മറ്റൊരു പിടികൂടി വാരി വായില്‍ ഇടാന്‍ തുടങ്ങുമ്പോള്‍ രുക്മിണി അദ്ദേഹത്തെ തടഞ്ഞു. കൃഷ്ണന്‍ ലോകസമ്പത്തു മുഴുവന്‍ ഒരു പിടി അവിലിന്‌ പകരമായി നല്‍കി കഴിഞ്ഞിരുന്നു.

കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക്‌ പുറപ്പെട്ടു. 

ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത - എല്ലാറ്റിനെയും പറ്റിയോര്‍ത്ത്‌ കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ. 

എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക്‌ സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന്‌ സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’.

No comments: