മഹാത്മാഗാന്ധിയടക്കമുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളുടെ ശ്രദ്ധ അനന്തപുരിയിലാകര്‍ഷിച്ച പ്രധാന സംഭവമാണ് 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടത്തിയ 'ക്ഷേത്രപ്രവേശന വിളംബരം'.അതറിഞ്ഞ ഉടന്‍ 'ആധുനിക കാലത്തെ അത്ഭുതം' എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. എന്നാല്‍ ഈ ക്ഷേത്രപ്രവേശന വിളംബരം നേടിയെടുക്കാന്‍ അന്നത്തെ രാജകീയ ഭരണകൂടം, പ്രത്യേകിച്ച് ദിവാന്‍ സര്‍. സി. പി. രാമസ്വാമി അയ്യര്‍ അനുഭവിച്ച ബുദ്ധിബുട്ടും പയറ്റിയ തന്ത്രങ്ങളും ഏറെയാണ്. യാഥാസ്ഥിതികരായ ഒരുകൂട്ടം പൗരോഹിത സമൂഹവും കേരളത്തിലെ രാജാക്കന്മാരും ഈ വിളംബരത്തിന് എതിരായിരുന്നു. അവര്‍ തിരുവിതാംകൂര്‍ രാജാവിന്റെ നീക്കത്തില്‍ പ്രതിഷേധിക്കുകയും പൂജാദികാര്യങ്ങളില്‍ സഹകരിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. വിളംബരത്തിന് ശേഷവും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തിയിട്ടുള്ള പൂജാരിമാരെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പൂജാകര്‍മങ്ങളില്‍ നിന്നും കൊച്ചി രാജാവ് വിലക്കി.
വൈക്കം ഉള്‍പ്പെടെയുള്ള തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ കൊച്ചി രാജാവ് നടത്തിയിരുന്ന ചടങ്ങുകള്‍ നിര്‍ത്തലാക്കി. തിരുവിതാംകൂറിന്റെ മണ്ണില്‍ക്കൂടി ചവിട്ടി പോകുന്നതിനുപോലും കൊച്ചി രാജാവ് മടിച്ചു. എതിര്‍പ്പിന്റെ ഒരു ചെറിയഭാഗം മാത്രമാണ് ഇത്. രാജാക്കന്മാരും പുരോഹിതന്മാരും എതിര്‍ത്തിട്ടും ക്ഷേത്രപ്രവേശന വിളംബരം എങ്ങനെ സംഭവിച്ചു? അവിടെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ഇച്ഛാശക്തിയും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ കൂര്‍മബുദ്ധിയുമാണ് പ്രവര്‍ത്തിച്ചത്. ഇടപ്പള്ളി രാജാവും തിരുവാര്‍പ്പു സ്വാമിയുമെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തിന്പിന്നീട് അനുകൂലമായതിന്റെ പിന്നില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. എതിര്‍പ്പുകള്‍ മുന്‍കൂട്ടി കണ്ട് ക്ഷേത്രപ്രവേശന വിളംബരത്തിനും അനുകൂലമായ തീരുമാനം സി.പി. ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍ നിന്നും നേടിയെടുത്തിരുന്നു. തമ്പ്രാക്കളുടെ അനുകൂലാഭിപ്രായം അറിഞ്ഞതോടെ മറ്റുള്ളവരുടെ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു. രാജാക്കന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മേല്‍ആചാരം, ധര്‍മം, അനുഷ്ഠാനം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് തമ്പ്രാക്കള്‍ക്ക് മാത്രമായിരുന്നു. കേരള ചരിത്രത്തിന്റെ ഗതിവിഗതികള്‍ തിരിച്ചുവിട്ട എത്രയെത്ര സംഭവങ്ങളുടെ നിര്‍ണായക തീരുമാനമെടുത്തിട്ടുള്ള മലപ്പുറത്തെ ആഴ്‌വാഞ്ചേരി മനയ്ക്കലിലെ അവസാന കണ്ണി രാമന്‍ തമ്പ്രാക്കള്‍ (എ. ആര്‍. തമ്പ്രാക്കള്‍-85) ഫിബ്രവരി 18ന് ലോകത്തോട് വിടപറഞ്ഞു. പൗരാണിക കാലത്ത് ആരംഭിച്ച് ആധുനികതയിലേക്ക് നീളുന്ന കേരള ചരിത്രത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു രാമന്‍ തമ്പ്രാക്കള്‍. കാലത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് ജീവിതരീതി സമന്വയിച്ച് ജീവിച്ച മഹാപണ്ഡിതനും വിശ്വമാനവികതയുടെ പ്രചാരകനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന്റെ മരണം കേരളത്തിന് തീരാനഷ്ടമാണ്.
രണ്ടു നൂറ്റാണ്ട് മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി സര്‍വേ നടത്തിയ ഡോ. ഫ്രാന്‍സിസ് ബുക്കാനനും മലബാറിന്റെ ആത്മാവ് കണ്ടെത്തിയ വില്യം ലോഗനുമെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെപ്പറ്റി പറയുന്നുണ്ട്. ഒരുപക്ഷേ മധ്യകാലത്ത് യൂറോപ്യന്‍ രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന പോപ്പിന് തുല്യമായിരുന്നു കേരളത്തിലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍. ഇവിടത്തെ രാജാക്കന്മാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ സമൂഹത്തിന്റെയുമെല്ലാം അവസാന വാക്ക് ആഴ്‌വാഞ്ചേരിതമ്പ്രാക്കളായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ തിരുനാവായ്ക്കടുത്തുള്ള ആതവനാട് ഗ്രാമത്തിലാണ് ആഴ്‌വാഞ്ചേരി മന. അവിടത്തെ മൂത്ത ആളാണ് തമ്പ്രാക്കള്‍. രാജാക്കന്മാര്‍ക്ക് നമ്പൂതിരിമാരെ ശിക്ഷിക്കാന്‍ അനുവാദമില്ലായിരുന്നു. എന്നാല്‍, അവരെ ശിക്ഷിക്കാന്‍ തമ്പ്രാക്കള്‍ക്ക് അധികാരമുണ്ടായിരുന്നതിനാല്‍ ഭയഭക്തിയോടെയാണ് അദ്ദേഹത്തെ കരുതിയിരുന്നത്. തമ്പ്രാക്കള്‍ക്ക് ആ സ്ഥാനം നല്‍കിയത് പരശുരാമന്‍ ആണെന്നാണ് വിശ്വാസം. തലമുറകളായി ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്ക്ക് നേതൃത്വം കൊടുത്തിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു. ഒറ്റമുണ്ട് ഉടുത്ത് ഓലക്കുട പിടിച്ചുനില്‍ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ കേരള ബ്രാഹ്മണ സമൂഹത്തിന്റെ പ്രതീകമായി പല വിദേശികളും വരച്ചുകാട്ടിയിട്ടുണ്ട്.
ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് മുന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ അയച്ച സന്ദേശം സാമൂതിരി, കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്നത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആയിരുന്നു. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അവിട്ടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്‍ ആയതോടെ കിരീടധാരണം ഇല്ലാതായി. എന്നാല്‍, തിരുവിതാംകൂറിലെ മുറജപം, തുലാപുരുഷദാനം, ഹിരണ്യഗര്‍ഭദാനം തുടങ്ങിയ എല്ലാ ചടങ്ങുകള്‍ക്കും ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹാശംസകള്‍ ആവശ്യമായിരുന്നു. മഹാരാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണം എടുത്ത് അതുകൊണ്ട് വലുതും ചെറുതുമായ നാണയങ്ങള്‍ ഉണ്ടാക്കി ദാനം ചെയ്യുന്ന ചടങ്ങാണ് തുലാപുരുഷദാനം. 'ഹിരണ്യഗര്‍ഭദാനം' അഥവാ പദ്മഗര്‍ഭദാനം എന്ന ചടങ്ങ് രാജാക്കന്മാരുടെ കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തുന്നത്. ഹിരണ്യം എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിച്ച് അതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് ഇവ അടങ്ങിയ പഞ്ചഗവ്യം പകുതിയോളം നിറയ്ക്കുന്നു. അതിനുശേഷം പൂജാവിധികളോടെ രാജാവ് അതിനകത്ത് ഇറങ്ങി അഞ്ചുപ്രാവശ്യം മുങ്ങുന്നു. പിന്നീട് പുറത്തുവരുന്ന രാജാവിനെ പുരോഹിതന്മാര്‍ 'കുലശേഖരപെരുമാള്‍' എന്ന് വിശേഷിപ്പിക്കുന്നു. ആറുമാസത്തിലൊരിക്കല്‍ ഭദ്രദീപം കത്തിക്കലും പന്ത്രണ്ടാം ഭദ്രദീപത്തില്‍ മുറജപവും (മുറയ്ക്കുള്ള ജപം) അതിന്റെ അന്‍പത്തിയാറാം ദിവസം ലക്ഷദീപം കത്തിക്കലും തിരുവിതാംകൂറിന്റെ പ്രധാന ചടങ്ങായിരുന്നു. മുറജപത്തിന് മറ്റ് നമ്പൂതിരിമാര്‍ വേദജപത്തിന് വരുമ്പോള്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ എത്തുന്നത് വിശിഷ്ടാതിഥിയായിട്ടാണ്. മുറജപത്തില്‍ എന്ത് അഭിപ്രായമുണ്ടായാലും തമ്പ്രാക്കളുടെ വാക്ക് അവസാന തീരുമാനമായിരുന്നു. ആഴ്‌വാഞ്ചേരിയെ മഹാരാജാവ് അങ്ങോട്ട് പോയിക്കണ്ട് ബഹുമാനിക്കുകയായിരുന്നു പതിവ്. രാജാവിന്റെ മുമ്പില്‍ തമ്പ്രാക്കള്‍ എണീക്കാറില്ലായിരുന്നു. തമ്പ്രാക്കളെ പ്രദക്ഷിണം വെച്ച് നമസ്‌കരിച്ചാണ് മഹാരാജാവ് മടങ്ങുന്നത്. ഇങ്ങനെ അനന്തപുരിയുടെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി മനയിലെ അവസാനത്തെ അംഗം രാമന്‍ തമ്പ്രാക്കളാണ് വിടപറഞ്ഞത്. അദ്ദേഹം നിരവധി പ്രാവശ്യം അനന്തപുരി സന്ദര്‍ശിച്ചിട്ടുണ്ട്.
No comments:
Post a Comment