07/03/2016

ചായക്കകത്തെ വിപത്ത് - ജ്യോതി കോഴിക്കോട്‌

വരു…. മുറ്റത്തുനില്‍ക്കാതെ കോലായയിലേക്കു കയറിവരു……… ഇരിക്കു…… ഇതാ… ഒരു ചായ കുടിക്കു…. ഒരു ചായ കുടിച്ചിട്ടുപോകാം…ത്സത്സ എത്രവട്ടം കേട്ടതാണു നമ്മളീ ചായ സല്‍ക്കാരം! എന്നാലിന്ന് ഈ ചായകോപ്പയില്‍ നിന്നും നമുക്ക് ഒരു വിപ്ലവം ആരംഭിക്കാം. കേരളത്തിനെ മഹാ വനങ്ങളാല്‍ ആച്ഛാദിതമാക്കാന്‍ പര്യാപ്തമായ ഒരു വിപ്ലവം! നോക്കുക എന്താണിത്? തേയിലയിട്ട് തിളപ്പിച്ച് പാലോ പൊടിയോ ചേര്‍ത്ത് നിറം കൊടുത്ത പഞ്ചസാരയോ ശര്‍ക്കരയോ ഇട്ട് മധുരിപ്പിച്ച ഒരു കപ്പ് ചൂടുവെള്ളമാണ് നമ്മുടെ കൈകളിലിരിക്കുന്നത്. അത് സ്‌നേഹം പകരാന്‍, സൗഹൃദം പങ്കുവെയ്ക്കാന്‍, ശരീരത്തിന് ഉന്മേഷമേകാന്‍, ബന്ധങ്ങളെ കുറഞ്ഞചിലവില്‍ ഊട്ടിയുറപ്പിക്കാന്‍ പലര്‍ക്കും ദിവസത്തിന്റെ മാര്‍ജിന്‍രേഖയാകുന്നു. അതില്ലെങ്കില്‍ അടഞ്ഞുപോകുന്നു ദിനചര്യകളെല്ലാം….ചായ ശരീരത്തിന്റെ ഘടികാരമാകുന്നു. തേയില സല്‍ക്കാരം സംസ്‌കാരമാകുന്നു. സാമ്രാജ്യമാകുന്നു. അതില്ലെങ്കില്‍ ഒന്നും (രണ്ടും) നടക്കില്ല! ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആഗോളപാനീയമാകുന്നു ചായ.

ഒന്നിരുന്നോര്‍ത്താലിത്രമേല്‍ സര്‍വ്വാതിവര്‍ത്തിയായ, മാനവസംസ്‌കാരത്തിന്റെ മാനകമായിരിക്കുന്ന ഈ ലഘുപാനീയത്തിലടങ്ങിയിരിക്കുന്നത് എന്താണ്? എന്തെല്ലാമാണ്? എത്ര സങ്കീര്‍ണ്ണതയാര്‍ന്ന വസ്തുക്കളും ക്രിയകളുമാണ് ഈ ചായക്കപ്പിനുള്ളിലിരിക്കുന്നത്? അതിന്റെ രാസഘടനയെന്താണ്?

വെറും ഒരു കാട്ടുചെടിയുടെ ഇല ഉണക്കിപ്പൊടിച്ചതുമാത്രമല്ല തേയില. ആ ചെടി ജീവത്തായി മലമുകളില്‍ പരന്നു പടര്‍ന്നു പുതച്ചിരിക്കുമ്പോള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ തളിച്ച കീടനാശിനികള്‍, വളരുന്നതിനുവേണ്ടി നല്‍കിയ രാസവളങ്ങള്‍, അവയ്ക്കിടയില്‍ പുല്‍ച്ചെടികള്‍ വളരാതിരിക്കാന്‍ തളിച്ച റൗണ്ടപ്പ്‌പോലുള്ള കളനാശിനികള്‍, പാവപ്പെട്ട സ്ത്രീകള്‍ അതുപറിച്ചെടുത്തുകൊണ്ടുവരുമ്പോഴുള്ള ദുരിതങ്ങള്‍, സങ്കടങ്ങള്‍ അതു ഫാക്ടറിയിലെത്തിച്ചശേഷം ഉണക്കുന്നതിനിടയില്‍ പൂപ്പല്‍ തടയാനുള്ള വിഷങ്ങള്‍, പൊടിച്ചുവരുമ്പോള്‍ ഗന്ധത്തിന്, നിറത്തിന് സൂക്ഷിപ്പുകാലത്തിന് എല്ലാം ചേര്‍ക്കപ്പെടുന്ന കൃത്രിമവിഷവസ്തുക്കള്‍, ഒടുവില്‍ നഗരത്തിലെ ക്ലോറിന്‍ ചേര്‍ത്ത് തിളപ്പിച്ച ഓറഞ്ച് നിറമുള്ള ഊഷ്മള വിഷപാനീയമാകുന്നു ചായ!

എല്ലാം ചേര്‍ന്ന് കൊക്കകോളയോളം അനാരോഗ്യകരമായ ഒരു പാനീയമാണ് ഈ ആകര്‍ഷകമായ ചൂടോടെ, ഗന്ധത്തോടെ സൗഹൃദത്തോടെ നമ്മള്‍ക്കു മുമ്പിലിരിക്കുന്നത്. എങ്കിലും ചായയില്ലാതെ നമ്മള്‍ക്കൊരു ദിവസം പുലരുകയില്ല ഈ പ്രിയതരമായ വിഷപാനീയത്തിന്റെ സാമ്പത്തിക വശമെന്താണ്? ഇന്ത്യയിലുള്ള സര്‍വ്വചായക്കടകളുടേയും ചക്രം ചായയാകുന്നു. ചായയില്ലെങ്കില്‍ ചക്രമില്ല; ചന്ദ്രനില്‍ മനുഷ്യരുമില്ല! അങ്ങനെ നോക്കവേ ഇന്ത്യയിലെ ചായയുടെ ചക്രവര്‍ത്തി ടാറ്റ തന്നെയാകുന്നു. കോടികള്‍ മലകയറി നിരന്നുനില്‍ക്കുന്ന ഈ വാണിജ്യ സാമ്രാജ്യം ടാറ്റയെ ഇന്ത്യയുടെ മുതലാളിയാക്കുന്നു. ടാറ്റയുടെ ചായകമ്പനി പൂട്ടിയാല്‍ ഇന്ത്യതട്ടുകടമുതല്‍ താജ്‌വരെ തകര്‍ന്നുവീഴും. ഒരുകാലിച്ചായയെങ്കിലും കുടിച്ചില്ലെങ്കിലെന്തു ജീവിതം? സത്യത്തില്‍ നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത് ടാറ്റയാകുന്നു. അല്ലെങ്കില്‍ മറ്റേതോ ചായകമ്പനി മുതലാളിയാകുന്നു.

ഇന്ത്യയില്‍ ചായകുടി എന്ന അനാവശ്യ ശീലംവന്നുചേര്‍ന്നത് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്താണ്. ചൈനയിലതു സാധാരണമായിരുന്നെങ്കിലും അത് വ്യവസായമാക്കിയെടുത്തത് ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു. വിലപിടിച്ച മരങ്ങള്‍ വെട്ടിയെടുക്കുകയും പകരം തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തുകൊണ്ട് സാമ്രാജ്യത്വം ഏഷ്യമുഴുവനും വെളുപ്പിച്ചതായി സാംസ്‌കാരികാധിനിവേശ ഭൂപടം വായിച്ചാല്‍ കാണാം. കാട് തേവരുടേതായിരുന്ന കാലത്ത്, ആനയ്ക്ക് അറിവില്ലാതിരുന്ന കാലത്ത് സായിപ്പ് ഇന്ത്യയെ ചായകുടിപ്പിക്കാന്‍ പഠിപ്പിച്ചു. ഒരു സംസ്‌കാരം ഭുഖണ്ഡങ്ങളെ കീഴടക്കിയത് വെറും ചായയിലൂടെയാണ്. ചരിത്രം സാംസ്‌കാരിക വിനിമയം നടത്തിയത് ചായക്കച്ചവടത്തിലൂടെയായിരുന്നു. മാനവകുലം വികസിക്കുന്നത് അങ്ങനെയൊക്കെയാണ്. യുദ്ധം മാത്രമല്ല കച്ചവടവും ഒരു ജേതാവിനെയും പരാജിതനെയും സൃഷ്ടിക്കുന്നു, ഒരു ബലിമൃഗത്തെയും.

ചായ ഒരു സൂചകമാണ്, മാനകമാണ്. ചായകുടിക്കുന്നത് വളരെ സ്വാഭാവികമെന്നുതോന്നിക്കുന്ന ഒരു സാമൂഹിക ശീലമായിരിക്കുന്നു. ഒരു ചായകുടിക്കുന്നത് അത്ര നിാരമായ ഒരപരാധമല്ല. ചായ ആരോഗ്യപരമായി ആവശ്യമോ സുരക്ഷിതമോ ആയ ഒരു ലഘുപാനീയമല്ല. സമോവറിലെ ലോഹക്കറ ചുവയ്ക്കുന്ന വാട്ടവെള്ളത്തിന് ഗന്ധവും വര്‍ണ്ണവും പകര്‍ന്ന് കാശു പിടുന്നുന്ന സൂത്രം മാത്രമല്ല ചായ. അത് മാനവചരിത്രത്തിന് വരുത്തിയ മാറ്റങ്ങളേക്കാള്‍ ഭീകരമാണ് തേയിലകൃഷിയുടെ ഫലമായുള്ള പാരിസ്ഥിതികാഘാതം. ഗണിതസമവാക്യങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ നമ്മള്‍ ഒരു ചായകുടിക്കുമ്പോള്‍ അതിനായി എവിടെയോ ഒരു മരം വെട്ടിമാറ്റിയിട്ടുണ്ട്. ഒരു സമൂഹം ചായകുടിക്കുമ്പോള്‍ ഒരു മലനിരയിലെ കാടുതന്നെ ബലിയാടാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു. കാടിനുപിറകേ പുഴയും ബലിയാടാകുന്നു. പുഴയ്ക്കുപിറകെ സ്വച്ഛമായൊരു ആവസവ്യവസ്ഥയും അനന്തകോടി ജീവധാരകളും അപ്രത്യക്ഷമാകുന്നു, കാട്ടുമാനിന്റെ കടുവയുടെ കാലടിപ്പാടുകള്‍ കാണാതാവുന്നു. കാനനശൈലങ്ങള്‍ നഗ്നമാക്കപ്പെടുകയാണ്. ഇത്തിരി കാശിന്, ചൂടിന്, രുചിക്ക് ഉയിരുള്ളൊരു കാടിനെ, ഉര്‍വ്വരമാത്യത്വത്തെ, കാടുകയറി കൃഷിചെയ്യുന്ന വ്യവസായത്തിലേക്ക് ഏകവിളയുടെ ക്രൗര്യത്തിലേക്ക് തരം താഴ്ത്തി ചവിട്ടിമെതിച്ച് തകര്‍ത്തു കടന്നുപോകുകയാണ്, ഒരു മത്തഗജത്തെപ്പോലെ നമ്മുടെ കിഡ്‌നികളിലും ഭൂമിയുടെ കിഡ്‌നികളിലും വിഷം കലര്‍ത്തുകയാണ്.

കാടുവെട്ടി തീയിട്ട് തേയിലനട്ട് മൂന്നാറും നീലഗിരിയും ഡാര്‍ജിലിംഗും അടക്കി വാണ് ധനികരായി സായിപ്പന്‍മാര്‍ കടന്നുപോയി. കറുമ്പന്മാരുടെ മണ്ണിനും വന്ന ജൈവിക ആഘാതങ്ങള്‍ അവര്‍ കണ്ടതേയില്ല. കഴുത്തില്‍ വാലുമുളച്ചത് ഗംഭീരമായി എന്നുകരുതി നമ്മളും പിറകേ നടക്കുന്നു. മന്ദബുദ്ധികളെപ്പോലെ. ശരീരത്തിന്റെ ശുദ്ധ സംവേദനങ്ങളെ നിഷേധിച്ച് ഉത്തേജകങ്ങള്‍ തേടി ലഹരിക്കടിമയാകുകയാണ് വടക്ക് നീലഗിരിമുതല്‍ തെക്ക് പൊന്‍മുടിവരെ കാണാവുന്ന വെട്ടിയൊതുക്കിയ ചായത്തോട്ടങ്ങള്‍ നയനമനോഹരം തന്നെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് നഷ്ടവനങ്ങളുടെ ഒരു നേര്‍ത്ത അടരുമാത്രമാണ്. ഒരു ജൈവ വ്യൂഹത്തിന്റെ വിലാപമാണ്, പുല്‍മേടുകളുടെ ബലിത്തറയാണ്. വിഷലിപ്തമനുകളുടെ കണ്‍മറമാത്രമാണ്. ഈ പച്ചയില്‍ ഒരുപാടു ചോരക്കഥകള്‍ മൂടിവെച്ചിട്ടുണ്ട്. കഴിഞ്ഞ തലമുറ ചെയ്തു എന്നതിനാല്‍ മാത്രം അവ പരിസ്ഥിതിക്കു സ്വീകാര്യമാകുന്നില്ല. തേയിലത്തോട്ടങ്ങള്‍ ലാഭം തരുന്ന വ്യവസായമാകിലും കുളിരു പെയ്യുന്ന വനങ്ങളുടെ ബലിസാര്‍ത്ഥകമാകുന്നില്ല. പര്‍വ്വത ശിരുകളെ മഴക്കാടുകളെ സജൈവമായിരുന്ന പുല്‍മേടുകളെ തനിയേ വിടുക, അവ ജീവന്റെ ക്ഷേത്രമാണ്. പാദസ്പര്‍ശത്താല്‍ സര്‍വ്വതും കരിച്ചുകളയുന്ന മനുഷ്യര്‍ അവിടെ കയറിവരാതിരിക്കുക. വ്യഭിചരിക്കാത്തൊരു വിശുദ്ധ ജീവാലയമായി സര്‍വ്വജീവനുമഭയാരണ്യകങ്ങളായി സഹ്യാദ്രി ശൈലങ്ങള്‍ താഴ് വരകള്‍ക്കു കാവല്‍ നില്‍ക്കട്ടെ, തുണയേകട്ടെ!

വായനക്കാര്‍ക്കുവേണ്ടി പ്രതിവിധിയും എഴുതേണ്ടിവരുന്നു. സ്വന്തം ശരീരത്തേയും കാടുകളേയും ആരോഗ്യവത്തായി നിലനിര്‍ത്താന്‍ ചായകുടി ഉപേക്ഷിക്കുക. പകരം ജാപ്പിയോ തുളസിച്ചായയോ, കേരളത്തില്‍ പച്ചവെള്ളം കുടിക്കാവുന്ന ഇടത്താണു വാസമെങ്കില്‍ അതുതന്നെ അമൃതം! പോരാ ചായ കുടിച്ചാലേ മതിയാകൂ എന്നാകില്‍ ഒരു ചായച്ചെടിതന്നെ മുറ്റത്തു നട്ടുവളര്‍ത്തുക. കറിവേപ്പില പോലെ എവിടേയും വളര്‍ത്താവുന്നൊരു ചെറിയമരം മാത്രമാണ് തേയില. ദൗര്‍ദാഗ്യവശാല്‍ അതിന്റെ കുത്തക തോട്ടങ്ങള്‍ക്കുമാത്രമായി എന്നതു നാം കാണാതെ പോകുന്നു. കാപ്പിച്ചെടിയുടെ കാര്യവും ഏതാണ്ടിതുതന്നെയാണ്. ഒരു മിക്‌സിയുണ്ടെങ്കില്‍ മുറ്റത്തൊരു കാപ്പിമരമുണ്ടെങ്കില്‍ മറികടക്കാവുന്നതേയുള്ളു ഈ ആര്‍ജ്ജിത ദുശ്ശീലങ്ങളെല്ലാം.

സായിപ്പും, കണ്ണന്‍ദേവനും, ടാറ്റയും മാത്രമല്ല കാടുവെട്ടി തേയില നട്ട കൊള്ളക്കാര്‍, താഴെ സമതലത്തിലിരുന്ന് ഒരാവശ്യവുമില്ലാതെ ചായയും കുടിച്ച് ഉത്തേജനം പോരാഞ്ഞ് ബീഡിയും വലിച്ച്, ലഹരിപോരാഞ്ഞ് മദ്യവും കഴിച്ച് നടക്കുന്ന നമ്മളും ഈ കേസില്‍ ഒന്നാം പ്രതിയാണ്. മൂന്നാറില്‍ കുടിയിറക്കേണ്ടത് ദുരമൂത്ത മനുഷ്യരെ മാത്രമല്ല ടാറ്റയെകൂടിയുമാണ്. ഡാമുകളേക്കാളധികം കാടും മരവും നശിപ്പിച്ചത് തേയില വ്യവസായമാണ്. ആയതിനാല്‍ ഒരു ചായക്കോപ്പയ്ക്കു ചുറ്റുമിരുന്ന് കാടുവെട്ടരുത്, കയ്യേറരുത് എന്നൊക്കെ പറയാന്‍ സമതല വാസികളായ നമ്മള്‍ക്ക് ധാര്‍മ്മികാവകാശമില്ല. ഇനിയെങ്കിലും ഒരിക്കലെങ്കിലും ചായകുടിക്കാതിരിക്കുക. ശരീരത്തിന്റെ ശുദ്ധസംവേദനം ആസ്വദിക്കുക. ലഹരിയിലാറാടാതെ ചിന്തിക്കുക. നേര്‍ക്കണ്ണിനാല്‍ കാണുക. അവിടെയാണ് നമ്മളിലെ വിപ്ലവം തുടങ്ങുന്നത്. നമ്മള്‍ മയക്കം വിട്ടുണരുന്നത്. ചായ നല്‍കുന്നത് കൃത്രിമ ഉണര്‍വ്വാകുന്നു. ഒരു മരം വളരട്ടെ, ഒരു കാടുതന്നെ വളരട്ടെ, ഒരു പുഴ ഒഴുകട്ടെ, വിവിധതരം ജീവികള്‍ അധിവസിക്കട്ടെ.
- ജ്യോതി കോഴിക്കോട്‌
- http://naturalhygiene.in/

No comments: