29/03/2016

ഗുരുതരമായ ഒരു കുറ്റകൃത്യത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണിത്

കേരളത്തിലിന്നു നടക്കുന്ന ഗുരുതരമായ ഒരു കുറ്റകൃത്യത്തേക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. വ്യക്തമായ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള സംശയങ്ങളും, ഊഹങ്ങളും ഇതിലുൾപ്പെടുമെങ്കിലും ജാഗ്രത പാലിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

ഈയിടെ (3 ആഴ്ച്ചകൾക്കു മുൻപേ) ഞാൻ ഒരു സിം കാർഡ് വാങ്ങുകയുണ്ടായി. ഫോട്ടോയും, ഒപ്പം അഡ്രസ് പ്രൂഫ് ആയി എന്റെ ഫോട്ടോ പതിച്ച എസ് എസ് എൽ സി ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുമാണ്‌ കൊടുത്തത്. എന്നാൽ ഒരാഴ്ചയോളമായിട്ടും ആക്ടിവേഷൻ ലഭിക്കാതിരുന്നപ്പോൾ റീടെയിലറുമായി ബന്ധപ്പെട്ടു. അവർ പറഞ്ഞത്, ഞാൻ നൽകിയ അഡ്രസ് പ്രൂഫ് ക്ലിയർ അല്ലെന്നും, അതു കൊണ്ട് അതു റിജക്ട് ചെയ്തു, പകരം മറ്റേതെങ്കിലും അഡ്രസ് പ്രൂഫ് കൊടുക്കണമെന്നുമാണ്‌. എസ് എസ് എൽ സി ബുക്കിന്റെ തന്നെ ഇനിയും വ്യക്തമായ കോപ്പി പോരേ എന്നു ചോദിച്ചപ്പോൾ, അത് ഒരിക്കൽ റിജക്ട് ചെയ്തതു കൊണ്ട് വീണ്ടും അതു തന്നെ കൊടുക്കാൻ പറ്റില്ല വേറേ ഐ ഡി പ്രൂഫ് വേണമെന്നാണ്‌ അവരുടെ ആവശ്യം. എന്നാൽ ഞാൻ വോഡഫോണിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു ചോദിച്ചപ്പോൾ, അവർ പറഞ്ഞത്, ആദ്യം കൊടുത്ത രേഖ വ്യക്തമല്ലെങ്കിൽ, അതേ രേഖ തന്നെ വ്യക്തമായതു കൊടുത്താൽ മതി, മറ്റൊരു ഐ ഡി യുടെ ആവശ്യമില്ല എന്നാണ്‌.

കൂടുതൽ വ്യക്തതയോടെ എസ് എസ് എൽ സി ബുക്കിന്റെ തന്നെ മറ്റൊരു കോപ്പിയെടുത്ത് നൽകി വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പൊഴും, റിജക്ട് ചെയ്തു ഇനിയും മറ്റൊരു ഐ ഡി പ്രൂഫ് ഒപ്പിട്ടു നൽകാനാണ്‌ ഏജന്റിന്റെ ആവശ്യം!

ഞാൻ പറഞ്ഞു, എനിക്ക് കണക്ഷൻ ആവശ്യമില്ല. ഞാൻ നൽകിയ രേഖകൾ മടക്കി നൽകിയാൽ മതിയാകുമെന്ന്. അപ്പോഴുണ്ട്, ആദ്യമേ കൊടുത്ത രണ്ടു ഡോക്യുമെന്റ്സും നിരസിച്ചു എന്നല്ലാതെ, അവ തിരികെയെത്തിയിട്ടില്ലെന്നും, അത് എവിടെയാണെന്നറിയില്ലെന്നുമാണുത്തരം. ഞാൻ പറഞ്ഞു ശരി, ഞാനിതാ ഇരുപത്തിനാലു മണിക്കൂർ സമയം തരുന്നു. അതിനുള്ളിൽ ഞാൻ നൽകിയ മുഴുവൻ രേഖകളും മടക്കി നൽകാത്ത പക്ഷം ഇരുപത്തിയഞ്ചാം മണിക്കൂറിൽ ഇവിടുത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു കൊണ്ട് ഞാനെന്റെ പണി തുടങ്ങുമെന്ന്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, “എവിടെയാണെന്ന് അറിയില്ല” എന്നു പറഞ്ഞ മുഴുവൻ രേഖകളും, വോഡഫോണിന്റെ എറണാകുളം ഓഫീസിലാണെന്ന്‌ അവകാശപ്പെട്ട രജിസ്ട്രേഷൻ ഫോം അടക്കം അവരെനിക്കു മടക്കി നൽകി!

ഇത് ആസൂത്രിതമായ ഒരു പദ്ധതിയാണ്‌. സാധാരണഗതിയിൽ, ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകുന്ന ഒരു അഡ്രസ് പ്രൂഫ് നിരാകരിച്ചു എന്നു പറഞ്ഞാൽ നാം സ്വാഭാവികമായും മറ്റൊന്നു നൽകി കണക്ഷൻ സ്വന്തമാക്കാനേ ശ്രമിക്കുള്ളൂ. ആദ്യം കൊടുത്ത രേഖകൾ തിരികെ വാങ്ങാൻ പലരും മിനക്കെടാറില്ല. എന്നാൽ നാം കയ്യൊപ്പിട്ട ഇത്തരം രേഖകൾ എങ്ങോട്ടാണ്‌ പോകുന്നത്? അവ എന്തിനാണ്‌ ഉപയോഗിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

ഇന്നു കേരളത്തിൽ എത്ര ലക്ഷം അന്യസംസ്ഥാനക്കാർ കൃത്യമായ മേൽവിലാസമില്ലാതെ താമസിക്കുന്നുണ്ട്? സർക്കാരിന്റെ കയ്യിലെങ്കിലും കണക്കുണ്ടോ? എന്നാൽ ഇവരെല്ലാവരും സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. മിക്കതും കേരളത്തിലെ കണക്ഷനുകൾ തന്നെ. കേരളത്തിൽ മേൽവിലാസമില്ലാത്തവർക്ക് ഈ കണക്ഷനുകൾ എങ്ങനെ ലഭിക്കുന്നു? എന്താണതിന്റെ മാനദണ്ഡം?

ഇത്തരത്തിൽ, ഒരു കണക്ഷനു വേണ്ടി ഒന്നിലധികം രേഖകൾ വാങ്ങുന്ന ഇടനിലക്കാർ, അധികമായി വാങ്ങിയ രേഖ ഉപയോഗിച്ച് മറ്റു സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ന്യായമായും സംശയിക്കാം. ഒരു ഫോട്ടോയിൽ നിന്നും എത്ര കോപ്പി വേണമെങ്കിലും എടുക്കാം. എന്നാൽ കയ്യൊപ്പിട്ട അഡ്രസ് പ്രൂഫ് ലഭിക്കില്ല. അതിനു വേണ്ടിയാണ്‌ വീണ്ടും വീണ്ടും ഇവർ അധിക രേഖകൾ വാങ്ങുന്നത്. ഇത്തരത്തിൽ എടുക്കുന്ന സിം കാർഡുകൾ, സാധാരണ ഗതിയിൽ ഒരു സിം കാർഡിന്‌ 100 രൂപ വിലയുള്ളപ്പോൾ പല മടങ്ങു വിലയ്ക്ക് ആവശ്യക്കാർക്ക് വിൽക്കുകയാകും ഇവരുടെ ലക്ഷ്യം. എന്നാൽ ഈ പ്രവർത്തിയുടെ പ്രത്യാഘാതം വളരെ വലുതാണ്‌.

മതിപ്പു വില നൽകി ഇത്തരം വ്യാജ സിം കാർഡുകൾ സ്വന്തമാക്കുന്നവർ, ഇവിടെ വിലാസമില്ലാത്ത, ജോലി ചെയ്തു ജീവിക്കാൻ വരുന്ന ബംഗാളികളെപ്പോലെ സാധാരണക്കാർ മാത്രമാവില്ല എന്നതാണ്‌ അപകടം.

നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന സിം കാർഡുകൾ, ദേശവിരുദ്ധശക്തികളുടെയോ, തീവ്രവാദികളുടെയോ, കൊടും ക്രിമിനലുകളുടെയോ, കള്ളക്കടത്തുകാരുടെയോ കയ്യിലും എത്തിപ്പെടാം. ആ സിം ഉപയോഗിച്ച് അവർ നടത്തുന്ന സർവ്വ ഇടപാടുകൾക്കും നാം ഉത്തരം നൽകേണ്ട അവസ്ഥയുണ്ടാവാം. ഒരു ക്രൈം നടന്നു കഴിയുമ്പോൾ മാത്രമാവും, നാം ഇതറിയുന്നതു തന്നെ. ഇടനിലക്കാർ ലാഭക്കൊതി മൂത്ത് ചെയ്യുന്ന ഈ പ്രവർത്തിയുടെ വ്യാപ്തി വളരെ വലുതാണ്‌. അതു നമ്മെ കുരുക്കിലാക്കുക മാത്രമല്ല, നാട്ടിലെ ക്രമസമാധാനത്തെ ബാധിക്കുകയും, അവയെ നിയന്ത്രിക്കുന്ന പോലീസ് പോലെയുള്ള സംവിധാനങ്ങൾക്ക് അനൽപ്പമായ തലവേദന സൃഷ്ടിക്കുകയും ചെയ്യും.

കഴിവതും, പുതിയ മൊബൈൽ കണക്ഷനുകൾക്കായി ഏറ്റവും വ്യക്തമായ ഒരേയൊരു അഡ്രസ് പ്രൂഫ് തന്നെ നൽകുക. രണ്ടാമതൊന്ന് ഏജന്റ് ആവശ്യപ്പെട്ടാൽ അതിന്റെ കാര്യകാരണങ്ങൾ തിരക്കാൻ ഉപഭോക്താവിന്‌ അവകാശമുണ്ട്. അവ ബോദ്ധ്യപ്പെട്ടാൽ, ആദ്യം നൽകിയ രേഖ നിർബന്ധമായും തിരികെ വാങ്ങിയ ശേഷം മാത്രം അടുത്തതു നൽകുക. അവരതു തിരികെ നൽകാൻ കൂട്ടാക്കാത്ത പക്ഷം തീർച്ചയായും, രേഖാമൂലം പോലീസിൽ പരാതിപ്പെടുക. ഇതു നാം നമ്മുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, രാജ്യത്തെയും, പോലീസിനെയും സഹായിക്കുക കൂടിയാണ്‌ ചെയ്യുന്നത്.

അറിഞ്ഞോ അറിയാതെയോ നമ്മുടെ നാട്ടിൽ ഒരു കുറ്റകൃത്യം നടക്കാൻ നാം കാരണക്കാരാവരുത്. ഈ വിഷയം ഞാൻ വോഡഫോൺ മേലധികാരികളെ ധരിപ്പിച്ചിട്ടുണ്ട്. അവർ, ഇത്തരത്തിൽ വ്യാജ സിം കാർഡുകൾ എടുക്കപ്പെടുന്നതായി അറിയുന്നു എന്നു സമ്മതിക്കുകയും, ഈ വിഷയത്തിൽ ഏതു രീതിയിലുള്ള സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതു പോലെയുള്ള വിഷയങ്ങളിൽ, രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളും, മാധ്യമങ്ങളും, പൗരന്മാരും ഒരേപോലെ ജാഗരൂകരാകണം. ശ്രദ്ധിക്കുക, ഒരു ചെറിയ കരുതൽ, വലിയ അപകടങ്ങളെ അകറ്റി നിർത്തും...

Courtesy- Ethnic Health Court

No comments: