07/03/2016

സൂക്ഷിക്കുക, പാരസെറ്റമോള്‍ നിങ്ങളുടെ കരള്‍ തകര്‍ക്കും

ഒരാള്‍ കരള്‍ രോഗം വന്ന്‌ മരിച്ചാല്‍ ഉടന്‍ പരക്കുന്ന കിംവദന്തി എന്തായിരിക്കുമെന്നോ? അയാള്‍ ഒരു മദ്യപാനി ആണെന്നായിരിക്കും. ശരിയാണ്‌, കരള്‍ രോഗത്തിന്‌ മുഖ്യകാരണം മദ്യപാനമാണെന്ന ധാരണ നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍ ജീവിതത്തില്‍ ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ലാത്തവര്‍ക്കും കരള്‍ രോഗം വരുന്നത്‌ നിത്യ സംഭവമായിട്ടുണ്ട്‌. ഇപ്പോഴിതാ പാരസെറ്റമോള്‍ അടങ്ങിയ ഗുളികകളുടെ കവറില്‍ ഒരു മുന്നറിയിപ്പ്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്നതിലധികം ഡോസ്‌ പാരസെറ്റമോള്‍ കഴിച്ചാല്‍, ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമത്രെ. പാരസെറ്റമോള്‍ ഉള്‍പ്പെടുന്ന പുതിയ മരുന്നുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കേണ്ടതില്ലന്നാണ്‌ ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കിയിരിക്കുന്നത്‌. ഒരു ദിവസം 325 എം ജിയില്‍ കൂടുതല്‍ പാരസെറ്റമോള്‍ കഴിക്കുന്നത്‌ അപകടകരമാണെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എന്നാല്‍ കേരളത്തില്‍ 500 എംജി, 600 എംജി പാരസെറ്റമോള്‍ മൂന്നുനേരം കഴിക്കുന്നവരാണ്‌ കൂടുതലും. അതേസമയം പാരസെറ്റമോളില്‍ അടങ്ങിയിരിക്കുന്ന അസെറ്റാമിനോഫിന്‍ ഗുരുതരമായ കരള്‍ രോഗത്തിന്‌ കാരണമാകുമെന്ന മുന്നറിയിപ്പ്‌ അമേരിക്കയില്‍ ഈ വര്‍ഷമാദ്യം തന്നെ നല്‍കിയിട്ടുണ്ട്‌.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ്‌ മരുന്ന്‌ കമ്പനികള്‍ ലൈസന്‍സ്‌ പുതുക്കുന്നത്‌. എന്നാല്‍ പാരസെറ്റമോള്‍ ഗുരുതരമായ കരള്‍ രോഗത്തിനും അലര്‍ജി പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന മുന്നറിയിപ്പ്‌ നല്‍കണമെന്ന വ്യവസ്ഥയോടെ മാത്രമാണ്‌ ഇപ്പോള്‍ ലൈസന്‍സ്‌ പുതുക്കി നല്‍കുന്നത്‌. പുതിയതായി അപേക്ഷിക്കുന്ന ആര്‍ക്കും ലൈസന്‍സ്‌ നല്‍കേണ്ടതില്ലെന്നും ഡ്രഗ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ ഓര്‍ഗനൈസേഷനാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌.

No comments: