27/01/2015

ഒരു ജന്മദിനം കൂടി സമാഗതമായി..

ഒരു ജന്മദിനം കൂടി സമാഗതമായി..

ജീവിതത്തില്‍ ഉണ്ടായ പല മാറ്റങ്ങളും എന്നെ അദ്ഭുതപ്പെടുത്തുന്നു..

2013 ഡിസംബറില്‍ ഗുരുകുല കണ്‍വന്ഷ ന് ചെന്നനേരം ഒരു സംഭവം ഉണ്ടായി. എന്റെണ പ്രിയപ്പെട്ട സ്വാമി ആണ് സ്വാമി തന്മയ. അദ്ദേഹം  നിരന്തരം എന്നെ നിരീക്ഷിച്ചു നേര്‍വഴിക്ക് നടത്തുവാന്‍ ശ്രദ്ധിക്കുന്ന ഒരു സന്യാസിവര്യനാണ്. ഞാന്‍ കുറച്ചു ഹിന്ദു തീവ്ര ചിന്ത കൊണ്ടുനടക്കുന്ന സമയവും. സ്വാമി ഈ കാര്യം എന്റെക ഗുരു മുനി നാരായണ പ്രസാദിന്റെ ശ്രദ്ധയില്‍ നേരത്തെ കൊണ്ടു വന്നിരുന്നു. കണ്‍വന്ഷസന് ചെന്ന നേരം വിശേഷങ്ങള്‍ എല്ലാം അന്വേഷിച്ചറിഞ്ഞതിനു ശേഷം സ്വാമി നേരെ എന്നെ വിളിച്ച് കൊണ്ടുപോയി. ഒരുമിച്ച് വെറുതെ ഗുരുകുലത്തിലെ വഴികളിലൂടെ നടന്നു. നടന്ന് ചെല്ലവേ തൊട്ടു മുന്നില്‍ ഗുരു. ഞാന്‍ ഗുരുവിനെ നമസ്കരിച്ചു. ഗുരുവിനെ കണ്ട ഉടനെ സ്വാമി നേരെത്തെ തീരുമാനിച്ചു വച്ചപോലെ എന്‍റെ തീവ്ര ചിന്തയെ കുറിച്ച് ഗുരുവിനെ ഓര്‍മ്മിപ്പിച്ചു. ലെഫ്റ്റ് ആന്ഡ് റൈറ്റ് ഗുരു കൈകാര്യം ചെയ്തു. 

ഗുരു എന്നോട് ചോദിച്ചു “നീ നാരായണ ഗുരുവിനെ സ്നേഹിക്കുന്നുണ്ടോ ? 
ഞാന്‍ പറഞ്ഞു ഉണ്ട് ഗുരോ. 
ഗുരു- അന്ഗീകരിക്കുന്നുണ്ടോ?. 
ഞാന്‍ -ഉണ്ട് ഗുരോ ? 
ഗുരു- എന്നിട്ട് നീ ഇപ്പോള്‍  പിന്തുടരുന്നത് ഗുരുവിന്‍റെ മാര്‍ഗ്ഗമാണോ ?. 
ഞാന്‍- അല്ല ഗുരോ. 
ഗുരു- അപ്പോള്‍ പിന്നെ നിനക്കെങ്ങനെ നാരായണ ഗുരുവിന്റെ ആളാണ്‌ എന്ന് പറയാന്‍ കഴിയും ?

എനിക്ക് മറുപടി ഇല്ലായിരുന്നു. ഞാന്‍ ഒന്നും പറയാനാവാതെ നിന്നു. 

അപ്പോള്‍ ഗുരു പറഞ്ഞു. “നീ ലോകത്തെ ഒന്നും നന്നാക്കാന്‍ നടക്കേണ്ട. സ്വയം നന്നാവാന്‍ ശ്രമിക്കുക.  നാരായണ ഗുരു ലോകത്തെ നന്നാക്കാന്‍ കരാറെടുത്തു നടന്ന ആളല്ല. ഗുരു തന്റെ  ആത്മ സത്യത്തിന്‍റെ നിര്‍വൃതിയില്‍ മുഴുകി ഈ ഭൂമിയില്‍ ജീവിച്ചു. അപ്പോള്‍ ഗുരുവിന്‍റെ നിറ സാന്നിദ്ധ്യത്താല്‍ ഈ ലോകം അവര്പോലും അറിയാതെ മാറ്റപ്പെട്ടു. ഗുരു തന്‍റെ ഭൌതിക ദേഹം ഉപേക്ഷിച്ചതിനു ശേഷവും ഈ ലോകം ആ ഗുരുവിന്‍റെ ആത്മീയ പ്രഭാവത്താല്‍ മാറ്റപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. അതാണ്‌ “നടുനില” (ന്യുട്രല്‍ എക്സിസ്റെന്സ്) എന്ന് ഗുരു പറയുന്നത്. അതായിരിക്കണം നമ്മുടെ മാര്‍ഗ്ഗവും".

“ആളുകള്‍ മത തീവ്രവാദം നടത്തുന്നത് അവര്‍ക്ക് അറിവില്ലാത്തതുകൊണ്ടാണ്  അതിനു പോംവഴി ബദല്‍ തീവ്രവാദമല്ല. അവര്‍ക്ക്  അറിവുണ്ടാകാനുള്ള വഴി കാണിച്ചു കൊടുക്കുക. ഗുരുവിനെ സ്നേഹിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്യുന്നവര്‍ അതാണ്‌ ചെയ്യേണ്ടത്. “ഒരുമതവും പോരുതാല്‍ ഒടുങ്ങുവീല” എന്നല്ലേ ഗുരു പറഞ്ഞത്. അതുകൊണ്ട് അതൊക്കെ നിര്‍ത്തി ഗൌരവത്തോടെ പഠനം തുടരുക. തീവ്രവാദം ഒക്കെ നടത്താന്‍ ധാരാളം ആളുകള്‍ ഉണ്ടാകും. പക്ഷെ ഗുരുവിന്‍റെ  സത്യ ദര്‍ശനം അറിയാനും അറിയിക്കാനും ആളുകള്‍ ഇല്ല. നീ അത് ചെയ്‌താല്‍ മതി. നാരായണ ഗുരുവിന് ആരുമില്ല എന്നത് മറക്കേണ്ടാ".

ഇത്രയും പറഞ്ഞു ഗുരു നടന്നകന്നു.. തന്മയ സ്വാമി എന്‍റെ മുഖത്ത്‌ നോക്കി, വളരെ ഗൌരവത്തോടെ. ഞാന്‍ ഗുരു നാരായണന്‍റെ ഗൌരവം ആ മുഖത്ത്‌ കണ്ടു. പിന്നീട് സ്വാമി വളരെ നിഷ്കളങ്കമായി ചിരിച്ചു. എന്നിട്ട് പറഞ്ഞു. ഇപ്പൊള്‍ മനസ്സിലായല്ലോ എന്താണ് ഇനി വേണ്ടതെന്ന്?.  ഗുരു പറഞ്ഞതൊന്നും മറക്കരുത്. എന്‍റെ കുട്ടികള്‍ ഒന്നും മോശപ്പെട്ടു പോകേണ്ടവര്‍ അല്ല. നല്ലവരാകുക. അങ്ങനെ ലോകം നന്നാകട്ടെ. അങ്ങനെ മതി. എല്ലാം നേരെ ആകും..

മനസ്സില്‍ വിസ്ഫോടനങ്ങള്‍ ഉണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. അതുവരെ മനസ്സില്‍ ഇരുണ്ടുകൂടി നിന്ന പല ചിന്തകളും ചീട്ടു കൊട്ടാരം പോലെ തകരാന്‍ തുടങ്ങി. കരുണാമയനായ ഗുരു മനസ്സില്‍ കാരുണ്യത്തിന്‍റെ നീരുറവ തെളിച്ചുതന്നതുപോലെ അനുഭവപ്പെട്ടു. ചിന്തകള്‍ പുതിയ വഴികള്‍ തേടി. മനസ്സില്‍ നിന്നും വിവേചനങ്ങള്‍ തൂത്തെറിയപ്പെട്ടു തുടങ്ങി. അതുവരെ വന്ന വഴി മാറി പുതിയ വഴികള്‍ തേടി.. പഠനത്തിനു പുതിയ മാനം കൈവന്നു.

ആദ്യം ചെയ്തത് തീവ്ര നിലപാടുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കം  ഇല്ലാതാക്കുക എന്നതായിരുന്നു. അതിന്റെ ഭാഗമായി ആ ആളുകളുടെ ഫേസ് ബുക്ക്‌ സൗഹൃദം ഒഴിവാക്കി. അവരെ മാറ്റി. ചിലരെ ബ്ലോക്ക് ചെയ്തു. അത് ഏറെ കുറെ വിജയിച്ചു. നെഗറ്റീവ് ചിന്തകള്‍ ഉള്ളവരെയും മറ്റും ഒഴിവാക്കി. കുറച്ചു നല്ല പുതിയ സുഹൃത്തുക്കളെ ആ കണ്ടെത്തി ഫ്രെണ്ട്സ് ആക്കി. നല്ലവരായ ധാരാളം മനുഷ്യര്‍ ലോകത്ത് ഉണ്ടെന്നു തിരിച്ചറിഞ്ഞു.

ഇപ്പോള്‍ മനസ്സിലായി പ്രശ്നം ലോകത്തിനല്ല എനിക്കായിരുന്നു എന്ന്. ഇങ്ങനെ പ്രശ്നം മനസ്സില്‍ വച്ചുകൊണ്ട് ഇരിക്കുന്നവന്മാരാണ് ലോകത്തിനു തന്നെ പ്രശ്നമായി മാറുന്നതെന്നും മനസ്സിലാക്കി. അതുകൊണ്ടു പ്രശ്നകാരികള്‍ സ്വയം മാറിയാല്‍ ലോകം രക്ഷപെട്ടു. ഒരു കസബും, ബിന്‍ ലാദനും ഗോറിയും ഗസ്നിയും ഒവൈസിയും മദനിയും പ്രജ്ഞാസിങ്ങും ഒന്നും ഉണ്ടാകില്ല.  അതോടെ പരിഹാരം കണ്ടെത്തിയ സംതൃപ്തി ഉണ്ടായി.  അങ്ങനെ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു തന്നതിന്റെ പൊരുള്‍ എനിക്ക് ബോധ്യം വന്നു.. സമാധാനവും. എല്ലാവരെയും സ്നേഹിക്കാനും എല്ലാ ചിന്താധാരകളെയും കുറിച്ച് അറിയാനും ഉള്ള മനസ്സുണ്ടായി. ഇതിനൊക്കെ കാരണഭൂതനായ് നിലകൊള്ളുന്ന മഹാ ഗുരുവിനും ആ ഗുരുവിന്‍റെ പരമ്പരക്കും നന്ദി പറയുന്നത്‌ തെറ്റാണെന്ന് അറിയാം എനിക്ക്. അതുകൊണ്ട് ആ പുണ്ണ്യ പാദാരവിന്ദങ്ങളില്‍ ഞാന്‍ എന്നെ സ്വയം സമര്‍പ്പിക്കുന്നു... 

കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ-
മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി
തെളുതെളെ വീശിവിളങ്ങി ദേവലോക-
ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ!  - ശിവശതകം 100

No comments: