18/11/2014

ആയുര്‍വേദത്തിലൂടെ കിഡ്‌നി സ്റ്റോണ്‍ തടയാം

അസഹനീയമായ വേദന ഉളവാക്കുന്നതും എന്നാല്‍ അല്പ്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതുമായ ഒരു രോഗമാണ് കിഡ്‌നി സ്റ്റോണ്‍ അഥവാ വൃക്ക അശ്മരി. ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ ലവണാംശം അടങ്ങിയ ഭക്ഷണമാണ് നാം അകത്താക്കുന്നത്. ഇങ്ങനെ അധികം വരുന്നവ രക്തത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട് മൂത്രത്തിലൂടെ പുറത്തേയ്ക്ക് പോകുന്നു. എന്നാല്‍ ശരീരം പുറന്തള്ളുന്ന ഈ ധാതു അവശിഷ്ടങ്ങള്‍ മൂത്രത്തിലൂടെ പുറത്തു പോകാതെ കിഡ്‌നിയിലും അനുബന്ധ അവയവങ്ങളിലും അടിഞ്ഞു കൂടി പരലുകളായി രൂപാന്തരം പ്രാപിക്കുന്ന അവസ്ഥയാണ് കിഡ്‌നി സ്റ്റോണ്‍ എന്ന് പറയുന്നത്.

കഠിനമായ വയറുവേദന, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനി, ഓക്കാനം എന്നിവ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍

കിഡ്‌നി സ്റ്റോണ്‍ വരാനുള്ള സാദ്ധ്യതകള്‍

1. എന്തെങ്കിലും രോഗങ്ങള്‍ കൊണ്ടോ വെള്ളം കുടിക്കാത്തത് കൊണ്ടോ ശരിയായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയില്‍ കിഡ്‌നി സ്റ്റോണ്‍ രൂപപ്പെടാം
2. അമിതമായി വിയര്‍ത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നവരില്‍ ഇതിനുള്ള സാധ്യതയുണ്ട്
3. പാരമ്പര്യ ഘടകങ്ങളുടെ സ്വാധീനം
4. ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ശരീരോഷ്മാവ് ഉയരുന്നത് കൊണ്ട് സ്റ്റോണ്‍ ഉണ്ടായേക്കാം
5. ഗൗട്ടി ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിച്ചു പരലുകള്‍ രൂപപ്പെടാം
6. കാത്സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരില്‍ ഉണ്ടാകാം
7. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറു കൊണ്ട് സംഭവിക്കാം.

വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

1. ധാരാളം വെള്ളം കുടിക്കുക
2. വിരുധാഹാരം പാടില്ല
3. അമ്‌ള രസ പ്രധാനമായ ആഹാരങ്ങള്‍ ഒഴിവാക്കുക
4. മദ്യപാനം, അത്യധ്വാനം എന്നിവ ഒഴിവാക്കുക
5. മൂത്രം , ശുക്ലം എന്നിവ തടഞ്ഞു വയ്ക്കാതിരിക്കുക
6. അതി മിഥുനം ഒഴിവാക്കുക
7. ക്രമരഹിതമായ ഉറക്കം പാടില്ല

കിഡ്‌നി സ്റ്റോണ്‍ ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണപാനീയങ്ങള്‍

നാരങ്ങ, കരിക്കിന്‍ വെള്ളം., തണ്ണിമത്തന്‍, ചോളം , ക്യാരറ്റ്, പാവയ്ക്ക, വാഴപ്പഴം , ബാരലി, മുതിര , വെള്ളരിക്ക, ചീര, നെയ്യ് , മോര്, പാല്‍, പഞ്ചസാര, യവം, കുമ്പളങ്ങ, ഗോതമ്പ്, ഇഞ്ചി, പഴകിയ ചെന്നെല്ല്, ഈന്തപ്പഴം.

നിലക്കടല, ബീറ്റ് റൂട്ട്,കറുത്ത മുന്തിരി, കോളിഫ്‌ലവര്‍, ബീന്‍സ്, പാല്‍ക്കട്ടി, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കേണ്ടതാണ്.

സ്റ്റോണിന് ആയുര്‍വേദ ഒറ്റമൂലികള്‍

1. ഏലത്തരി അരച്ചു ഇളനീരില്‍ ചേര്‍ത്ത് കഴിക്കുക
2. കല്ലുരുക്കി അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുക
3. കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, പേരയില, മുതിര എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
4. മുരിങ്ങവേരിന്റെ തൊലി കഷായമാക്കി ചൂടോടെ സേവിക്കുക

വൃക്ക, മൂത്രസഞ്ചി, മൂത്രക്കുഴല്‍ എന്നിവിടങ്ങളില്‍ കല്ലുകള്‍ രൂപപ്പെടാം. എന്നാല്‍ കൂടുതലും വൃക്കയിലാണ് കാണപ്പെടുക. രോഗത്തിന്റെ പ്രാരംഭ ദശയിലുള്ളതും വലുപ്പം കുറഞ്ഞതുമായ പരലുകള്‍ മരുന്ന് കൊണ്ട് അലിയിപ്പിച്ചു കളയാം. എന്നാല്‍ വലുപ്പമുള്ള കല്ലുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരും എന്ന് ഓര്‍മ്മിക്കുക. അതുകൊണ്ട് കിഡ്‌നി സ്റ്റോണ് അത്ര നിസ്സാരമായി കാണുകയുമരുത്.

No comments: