18/11/2014

ജര്‍മനി കേരളത്തില്‍ ഒരു കാട് വളര്‍ത്തുന്നു - വോള്‍ഫ് ഗാങ്ങ്

വയനാട്ടിലേക്കുള്ള ദീര്‍ഘയാത്ര ഏതാണ്ടു ഗാഢമായ വനപ്രകൃതിയെ കടന്നുപോകുന്നു. വലിയ ഉയര്‍ച്ചകള്‍ തുടങ്ങും മുന്‍പ് ഞങ്ങള്‍ അടിവാരത്തില്‍ അപൂര്‍വ സസ്യജാലങ്ങളുടെ ഒരു ശേഖരം സന്ദര്‍ശിച്ചു. പേരിയയില്‍ താമസമാക്കിയ ജര്‍മന്‍ പ്രകൃതി ഉപാസകനായ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമമാണിത്. കുറെ വര്‍ഷമായി ഈ വന്യതയില്‍ തന്‍റെ ലതാപുഷ്പങ്ങളെ ലാളിച്ചും സ്‌നേഹിച്ചും വോള്‍ഫ് ഗാങ് കഴിഞ്ഞുപോരുന്നു. സസ്യങ്ങളുടെയും ഒൌഷധചെ്ചടികളുടെയും പരിലാളനത്തിനുപുറമെ നഷ്ടപ്പെട്ട ധാന്യവിത്തുകള്‍ ശേഖരിച്ച്, പരിരക്ഷിച്ചു പുനര്‍വ്യാപനം നടത്തുകയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു പദ്ധതി. വോള്‍ഫ് ഗാങ്ങിന് പേരിയക്കാരിയായ ഭാര്യയുണ്ട്. ആശ്രമപ്രാന്തത്തിലെ തെളിനീര്‍ ചോലയില്‍ ഒരു മുങ്ങിക്കുളി... കൊടിയവേനലില്‍ വലിയ ക്ഷീണശാന്തിയായി...(എന്‍റെ കേരളം_ രവീന്ദ്രന്‍)അന്തരിച്ച സാഹിത്യകാരന്‍ രവീന്ദ്രന്‍റെ യാത്രയായ എന്‍റെ കേരളത്തില്‍ വയനാട്ടിലെ സായ്പിനെക്കുറിച്ചു വായിച്ച്, ചുരം കയറുന്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. വനങ്ങള്‍ നശിച്ചെങ്കിലും വയനാടന്‍ പ്രകൃതിക്ക് ഇപ്പൊഴും കാര്യമായ മാറ്റം വന്നിട്ടില്ല. പ്രഭാതമേറെ കഴിഞ്ഞിട്ടും കോടമഞ്ഞിനുപോലും മടങ്ങാന്‍ മനസ്സുവരുന്നിലെ്ലന്നു തോന്നും. പേരിയ ടൗണിലെത്തുന്പോള്‍ തോന്നില്ല, ഇത്രവലിയൊരു നിധികുംഭം ഒളിപ്പിച്ചുവച്ചാണ് ഈ ചെറുപട്ടണം കഴിയുന്നതെന്ന്. ഇരുപത്തിമൂന്നാം വയസ്സില്‍ ബര്‍ലിന്‍ മതില്‍ കടന്ന് വോള്‍ഫ് ഗാങ്, വയനാടന്‍ ചുരംകയറിയെത്തിയത് ഇവിടത്തെ വനസന്പത്ത് വിദേശത്തേക്കു കടത്താനായിരുന്നില്ല. ഗുരുകുലത്തിലേക്ക് സ്വാഗതം ചെയ്തുള്ള ബോര്‍ഡ് കാണാം. ഒരുനിമിഷം _ ഇവിടെ അനുഭവപ്പെടുന്ന പ്രശാന്തിയും കുളിര്‍മയും സൂക്ഷ്മാല്‍ സൂക്ഷ്മമായ ഒരുതുണ്ടു മഴക്കാടിന്‍റേതാണ്. മഴക്കാട്... കരയിലെ ഏറ്റവും പഴക്കമുള്ള, ഏറ്റവും സന്പന്നമായ, ഏറ്റവും വൈവിധ്യമുള്ള, ഏറ്റവും സങ്കീര്‍ണമായ ജൈവസമൂഹം. ഇതിലെ സസ്യ_ജന്തുജാലങ്ങളെ ആശ്രയിച്ചാണ് ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പും ക്ഷേമവും. ഈ ചെടികളോടും മൃഗങ്ങളോടും സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ക്കിവിടേക്കു സ്വാഗതം. 

പ്രവേശനകവാടത്തില്‍ തന്നെ ആശ്രമത്തിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുകുലം... ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തില്‍ താല്‍പര്യം തോന്നി നാല്‍പതു വര്‍ഷംമുന്‍പ് വോള്‍ഫ് ഗാങ് സ്ഥാപിച്ചതാണ് ഈ ആശ്രമം. അന്‍പതേക്കര്‍ കാടിനുള്ളില്‍ ചെറുതായ നാലഞ്ച് ഓടുമേഞ്ഞ കെട്ടിടങ്ങള്‍. നാരായണഗുരുവിന്‍റെ ശിഷ്യരായിരുന്ന നടരാജ ഗുരുവിന്‍റെ ശിഷ്യനായാണ് വോള്‍ഫ് ഗാങ് ഇവിടെയെത്തുന്നത്. ഏഴ് ഏക്കറില്‍ തുടങ്ങി ഇപ്പോള്‍ തപോവനം അന്‍പതേക്കറിലേക്കുവളര്‍ന്നു. അന്‍പതേക്കറിലേക്കു വളര്‍ന്നത് ശരിക്കും കാടാണ്. തരിശായി കിടന്നിരുന്ന സ്ഥലത്ത് സ്വാഭാവികവനം വളരാന്‍ അനുവദിക്കുകയാണ് ഇദ്ദേഹം ചെയ്തത്. ബര്‍ലിന്‍ മതില്‍ കടന്ന് പേരിയയില്‍ ജര്‍മനിയിലെ ബര്‍ലിനില്‍ ഡോക്ടറായിരുന്ന കാള്‍ എഡ്‌വര്‍ത്തിന്‍റെ മൂത്ത മകനായിരുന്ന വോള്‍ഫ് ഗാങ്ങിന് സുവോളജി ബിരുദ കോഴ്സിനു പഠിക്കുന്പോഴാണ് ലോകമൊന്നു ചുറ്റിയടിക്കാന്‍ താല്‍പര്യം തോന്നിയത്. ആദ്യം എത്തിയത് ഇന്ത്യയിലായിരുന്നു. ഉത്തരേന്ത്യയില്‍ ഒരുമാസം കഴിഞ്ഞപ്പൊഴേക്കും ഇവിടങ്ങ് ശരിക്കുപിടിച്ചു. ഡല്‍ഹിയിലെ ജീവിതമാണ് ഇന്ത്യ വിട്ടുപോകാതിരിക്കാന്‍ വോള്‍ഫ് ഗാങ്ങിനെ പ്രേരിപ്പിച്ചത്. ഒരുവര്‍ഷത്തെ അവധികഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനോട് ആദ്യം പറഞ്ഞത് ഞാന്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കുകയാണെന്നാണ്. നാലുമക്കളുടെ അച്ഛനായ എഡ്‌വേഡിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. അമ്മ ഹിസ്ഗാഥും മകനെ ആവുന്നത്ര പിന്തിരിപ്പിക്കാന്‍ നോക്കി. കാരണം മൂത്തമകനാണ് അറിയാത്തൊരു നാട്ടിലേക്ക് ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുപോകുന്നത്. പഠനം പൂര്‍ത്തിയാക്കാതെ വോള്‍ഫ് ഗാങ് യാത്രതിരിച്ചു. പോരാന്‍നേരം അച്ഛന്‍ പറഞ്ഞു, പണത്തിനു വേണ്ടി ഇങ്ങോട്ടു വിളിക്കേണ്ടെന്ന്. പക്ഷേ, ഇന്ത്യയില്‍ ജീവിക്കാനുള്ള ഒരു വരുമാനമാര്‍ഗം വോള്‍ഫ് ഗാങ് കണ്ടുവച്ചിരുന്നു.വോള്‍ഫ് ഗാങ്ങിന്‍റെ ബന്ധുവിനു പശ്ചിമ ജര്‍മനിയില്‍ ആര്‍ട് ഗ്യാലറിയുണ്ടായിരുന്നു. കോഫി ഷോപ്പിനോടനുബന്ധിച്ചുള്ള ഈ ഗ്യാലറിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ കയറ്റിയയക്കാനുള്ള കരാര്‍ തയാറാക്കിയാണ് വോള്‍ഫ് ഗാങ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. കച്ചവടം പൊടിപൊടിച്ചപ്പോള്‍ ബന്ധു കാലുമാറി. അങ്ങോട്ടയയ്ക്കുന്നതു മാത്രമേയുണ്ടായുള്ളൂ. തിരിച്ച് പണമൊന്നും വരാതായി. അതോടെ കച്ചവടം ഉപേക്ഷിച്ചു. 

കൈയിലുണ്ടായിരുന്ന പണവും കൊണ്ട് ദക്ഷിണേന്ത്യയിലേക്കു തിരിച്ചു. ആദ്യമെത്തിയത് ബാംഗ്ളൂര്‍. ബാംഗ്ളൂരില്‍ നിന്നു പരിചയപ്പെട്ട ഒരാള്‍ വോള്‍ഫ് ഗാങ്ങിനെ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിലെത്തിച്ചു. അവിടുത്തെ ജീവിതരീതിയോട് ആദ്യം പൊരുത്തപ്പെടാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു ശാന്തി കിട്ടിത്തുടങ്ങി. 

ആശ്രമത്തിലെത്തിയ ഒരു സ്വാമി ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പറഞ്ഞുകൊടുത്തു. നാരായണഗുരുവിന്‍റെ ശിഷ്യനായ നടരാജഗുരുവിന്‍റെ ശിഷ്യനായിരുന്നു ആ സ്വാമി. അദ്ദേഹത്തോടൊപ്പം വര്‍ക്കലയിലേക്കു പുറപ്പെട്ടു. നടരാജഗുരു ചോദിച്ചു: ‘കൂടെ നില്‍ക്കാന്‍ താല്‍പര്യമുണ്ടോ? അങ്ങനെ ആശ്രമവാസിയായി. നടരാജ ഗുരു ശിഷ്യന്‍മാരെ നാനാഭാഗത്തേക്കും പറഞ്ഞയയ്ക്കുന്ന സമയമായിരുന്നു അത്. വയനാട്ടില്‍ ചുമതല വോള്‍ഫ് ഗാങ്ങിനായിരുന്നു. പേരിയയില്‍ കുടിയേറ്റം നടക്കുന്ന കാലമാണത്. തോര്‍ത്തുമുണ്ടുടുത്ത് കുറെപ്പേര്‍ മണ്‍വെട്ടിയും വെട്ടുകത്തിയുമായി മണ്ണിനോടു മല്ലിടുന്നതാണ് അദ്ദേഹം ഇവിടെ എത്തുമ്പോള്‍ കാണുന്നത്. 

ഗുരുവിന്‍റെ പേരില്‍ ഏഴ് ഏക്കര്‍ സ്ഥലം വാങ്ങി. ആദിവാസികളെ കൂടെക്കൂട്ടി ആശ്രമത്തിന്‍റെ പണി തുടങ്ങി; മണ്‍കട്ടകൊണ്ട്. പുല്ലുമേഞ്ഞ് വീട്. സമീപത്തുള്ളവരെല്ലാം കാടുവെട്ടിത്തെളിച്ചപ്പോള്‍ വോള്‍ഫ് ഗാങ് കാടറിയാതെ അവിടെ താമസിക്കുകയായിരുന്നു. ഉണങ്ങിവീണ മരം കൊണ്ടാണ് എല്ലാമുണ്ടാക്കിയത്. കുടിയേറ്റക്കാര്‍ കപ്പയും പുല്‍ത്തൈലവും വിറ്റുകിട്ടുന്ന പണം കൊണ്ടു ജീവിതം പുഷ്ടിപ്പെടുത്തിയപ്പോള്‍ വോള്‍ഫ് ഗാങ്ങിന്‍റെ ആശ്രമത്തിനു ചുറ്റും കാടു വളരുകയായിരുന്നു. ഇപ്പോള്‍ 50 ഏക്കര്‍ സ്ഥലമാണ് ഗുരുകുലത്തിനുള്ളത്. പ്രകൃതിയുടെ മടിത്തട്ടിലെ ആശ്രമം എന്ന പുരാണസങ്കല്‍പ്പം യാഥാര്‍ഥ്യമായിരിക്കുകയാണ് ഇവിടെ. അന്തേവാസികളായി കുറച്ചു മനുഷ്യര്‍ മാത്രമേയുള്ളൂവെങ്കിലും ആയിരക്കണക്കിനു ജീവികള്‍ വേറെയുണ്ട്. പാമ്പില്‍ രാജവെമ്പാല വരെ ഈ പറമ്പില്‍ ഇഴഞ്ഞുനീങ്ങുന്നത് ഇവിടുള്ളവര്‍ കാണാറുണ്ട്. സ്വാമി തന്നെ പലതവണ കണ്ടിട്ടുണ്ട്. കാടുവളര്‍ന്നതോടെ പക്ഷി, പൂമ്പാറ്റകളുടെ എണ്ണം കൂടി. കാട്ടുമൃഗങ്ങളും ധാരാളം. 

വയനാട്ടിലെ കാടിന്‍റെ വിസ്തൃതി കുറയാന്‍ തുടങ്ങിയതോടെ പലതും തപോവനത്തിലേക്കു കുടിയേറി. കാട്ടില്‍ ഭക്ഷണം കിട്ടാതെയാകുമ്പോള്‍ ആന കൂട്ടത്തോടെയിറങ്ങും. മുന്‍പ് വൈദ്യുതി വേലിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നുമില്ല. കൃഷിയെല്ലാം ആന നശിപ്പിക്കുമ്പോഴും സ്വാമി ഒന്നും പറയില്ല. അതുപോലെയാണു കുരങ്ങന്‍മാരും. അപൂര്‍വ സസ്യങ്ങളുടെ തോട്ടത്തിലേക്കു കടക്കുമ്പോള്‍ മാത്രമേ കുരങ്ങിനെ ഓടിക്കുകയുള്ളൂ. വിശക്കുന്നതുകൊണ്ടാണ് അവ ചെടിതിന്നാന്‍ വരുന്നതെന്ന് സ്വാമിക്ക് ഉറപ്പ്. അവധിദിവസമൊഴികെ ആര്‍ക്കും ഇവിടേക്കു കടന്നുവരാം. വിലക്കോ പ്രവേശന ഫീസോ ഇല്ല. കാടിന്‍റെ ശാന്തതയ്ക്കു തടസ്സമുണ്ടാക്കരുതെന്നു മാത്രം. വിനോദ സഞ്ചാരത്തിന് നാട്ടിലെത്തുന്നതു പോലെയുള്ള വേഷത്തിലല്ല വോള്‍ഫ് ഗാങ്ങുള്ളത്. പച്ച തോര്‍ത്തുടുത്ത്, പരുത്തിയുടെ കുപ്പായമിട്ട സാധാരണക്കാരനൊരാള്‍. നാല്‍പതു വര്‍ഷം കൊണ്ട് മലയാളം എഴുതാനും വായിക്കാനും അതിലും ഭംഗിയായി സംസാരിക്കാനും പഠിച്ചിരിക്കുന്നു. വിവാഹംകഴിച്ചത് ഇവിടെ നിന്നു തന്നെയാണ്; ലീലാമ്മ. കോട്ടയംകാരിയാണ്. കുടുംബസമേതം വയനാട്ടില്‍ വന്നു. നല്ലോരു കഥാപ്രസംഗക്കാരിയായിരുന്നു. കഥാപ്രസംഗം പരിശീലിക്കാന്‍ സ്ഥലംതേടിയാണ് ആശ്രമത്തില്‍ വന്നത്. പിന്നെ ഇവിടത്തെ ആളായി. മുപ്പതുവര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്‍റെ ഭാര്യയുമായി. രണ്ടുമക്കള്‍. സാന്തിയ, അന്ന. സാന്തിയ ബാംഗ്ളൂരില്‍ അധ്യാപകനാണ്. അന്ന സൈക്കോളജി അധ്യാപികയാണ്. ബാംഗ്ളൂരിലാണു ജോലി. ബുദ്ധിവികാസം വരാത്ത കുട്ടികള്‍ക്കായി വയനാട്ടിലെവിടെയെങ്കിലും സ്കൂള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണവര്‍. 

ശ്രീനാരായണ ഗുരുവിന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന വിശ്വാസം മാത്രമേ ഇവിടെയുള്ളൂ. 30 വര്‍ഷം മുന്‍പ് അദ്ദേഹം ഇന്ത്യന്‍ പൗരത്വമെടുത്തു. എല്ലാ മാസവും ശ്രീനാരായണഗുരുവിന്‍റെ അര്‍ച്ചനയുണ്ടാകും. അതിനായി മറ്റ് ആശ്രമത്തില്‍ നിന്നുള്ളവരും വരും. കുറച്ചു മുന്‍പ് ഗുരു മുനി നാരായണ പ്രസാദ് ഇവിടെ വന്നു തങ്ങിയിരുന്നു. കുറെ ദിവസങ്ങള്‍ക്കുശേഷമാണു പോയത്. വയനാടന്‍ കാടുകളില്‍ പോലും അപ്രത്യക്ഷമായ ആയിരക്കണക്കിന് ഔഷധസസ്യങ്ങള്‍ നല്ല പച്ചപ്പോടെയാണ് ഇവിടെ വളരുന്നത്. എല്ലാറ്റിനു മുകളിലും പേരും ശാസ്ത്രീയ നാമവുമുണ്ട്. സുവോളജിയും ബോട്ടണിയും പഠിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ എന്നും ഇവിടെ വരാറുണ്ട്. ചിലര്‍ ഏറെനാള്‍ തങ്ങിയ ശേഷമേ മടങ്ങൂ. അതിഥിയായി എത്തുന്നവര്‍ക്കു താമസിക്കാന്‍ ചെറുവീട് മൂന്നെണ്ണമുണ്ട്. ഒന്നിന്‍റെ പണി പൂര്‍ത്തിയാകുന്നേയുള്ളൂ. നടരാജഗുരുവിന്‍റെ ശിഷ്യന്‍മാര്‍ ഇടയ്ക്കു താമസിക്കാന്‍ വരും. സന്നദ്ധ സേവനത്തിനാണ് അവരിവിടെ വരുന്നത്. പ്രകൃതിയെ അറിയാന്‍ ഒരു കോഴ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണു ഗുരുകുലം. കോഴ്സിനു ചേരുന്നവര്‍ സ്വന്തമായി ആശ്രമം നിര്‍മിച്ച്, ഭക്ഷണമെല്ലാം പാചകംചെയ്തു താമസിക്കേണ്ടി വരും. ഭൂമിയെക്കുറിച്ചു പഠിക്കുകയെന്ന കോഴ്സില്‍ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ കോഴ്സ് തുടങ്ങാന്‍ സാധിക്കുമെന്നാണ് സ്വാമിയുടെ പ്രതീക്ഷ. 

എന്തിനീ ഉദ്യാനം ഓരോ സെക്കന്‍ഡിലും മൂന്നേക്കര്‍ മഴക്കാട് മനുഷ്യന്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുമിനിറ്റ് കടന്നുപോകുമ്പോള്‍ ഒരു സസ്യമോ മൃഗമോ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലെ അപൂര്‍വ സസ്യങ്ങളില്‍ കുറച്ചെങ്കിലും ഭാവി തലമുറയ്ക്കായി നിലനിര്‍ത്താനുള്ള ഒരെളിയ ശ്രമമാണ് ഈ സസ്യോദ്യാനം. വിദേശത്തു നിന്നു വന്ന് സ്വദേശിയായ ഒരാള്‍ക്ക് ഈ സത്യം മനസ്സിലായിട്ടും നാം അതിന്‍റെ ഗൗരവം അറിയുന്നുണ്ടോ? ഒരുമരം വെട്ടാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍, അതിനു മുന്‍പ് ഇവിടെ വരണം. എന്നിട്ടു തീരുമാനിക്കൂ... ആ മരം വേരോടെ പിഴുതെറിയണോ എന്ന്.

No comments: