29/11/2014

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

പഴമയും,പാരമ്പര്യത്തെയുംകുറിച്ച് അഭിമാനംകൊള്ളുന്നവര്‍ക്കുവേണ്ടി malayal.am online magazine വന്ന ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.

'നമ്പൂതിരിമാരുടെ വക ശ്രീശങ്കരാചാര്യര്‍' എന്ന പത്രം 1917 ഓഗസ്റ്റില്‍ അധികാരികള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കി:

"ഈ മാസം 15൹ പകല്‍ നാലു മണിക്ക് ചെങ്ങന്നൂര്‍ എച്ച്ജി സ്ക്കൂളില്‍ പഠിക്കുന്ന ഏതാനും ഈഴവ വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ വിട്ടുവരുമ്പോള്‍ തങ്ങള്‍ക്കു പബ്ളിക്ക് റോഡില്‍ക്കൂടി നടക്കാന്‍ അവകാശമുണ്ടെന്നും മറ്റും വീരവാദം പറഞ്ഞുകൊണ്ട് ചെങ്ങന്നൂര്‍ മഹാക്ഷേത്രത്തിന്റെ കിഴക്കുപുറത്തെ മതിലിനരികില്‍ക്കൂടി പോയി ക്ഷേത്രം തീണ്ടി തൊടാന്‍ ഭാവിക്കയും അതിന്നു ചിലര്‍ തടസ്ഥം പറയുകയും ചെയ്തതായി അവിടെ നിന്നും ഒരു ലേഖകന്‍ ഞങ്ങള്‍ക്കെഴുതിയിരിക്കുന്നു. തീണ്ടലുളള ജാതിക്കാര്‍ക്ക് പബ്ളിക് റോഡില്‍ക്കൂടി നടക്കാന്‍ ഗവര്‍മ്മെണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രം തീണ്ടത്തക്കവണ്ണം ക്ഷേത്രത്തോട് സമീപിക്കുന്നതിന് ഗവര്‍മ്മെണ്ടനുവാദമില്ലെന്നുള്ളത് ഈ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിട്ടില്ലായിരിക്കാം. ജാതിഭ്രാന്തു പിടിച്ചു മര്യാദയും വകതിരിവും ഇല്ലാതെ നടക്കുന്ന ഈ കൂട്ടരെ മര്യാദ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നു അധികൃതന്മാരെ അറിയിച്ചു കൊള്ളുന്നു".

'ജാതിഭ്രാന്തി'നു പകരം 'കാമഭ്രാന്ത്' എന്ന് അവസാനവാചകം തിരുത്തിയാല്‍, 'സദാചാര' പൊലീസുകാരെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രനും എം ടി രമേശും കെ. സുരേന്ദ്രനുമൊക്കെ അവതരിപ്പിക്കുന്ന വാദങ്ങളുടെ തിരക്കഥയാകും. പവിത്രമായി കരുതി പരിപാലിച്ചുപോന്ന ആചാരങ്ങളെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ മേല്‍പറഞ്ഞ പത്രം പുലര്‍ത്തിയ അസഹിഷ്ണുതയാണ് നാഗ്പൂര്‍ ആചാര്യന്മാരുടെ 'മോഡിഫൈഡ്' ഭൂതഗണങ്ങളും പങ്കുവെയ്ക്കുന്നത്.

കായികശക്തി യഥേഷ്ടം ഉപയോഗിച്ച് ആചാരങ്ങള്‍ അണുവിട തെറ്റാതെ പുലര്‍ത്തിപ്പോന്ന കാലം മാറിയതിന്റെ സൂചനയും മേലുദ്ധരണിയിലുണ്ട്. മര്യാദയും വകതിരിവും പഠിപ്പിക്കാനുളള ചുമതല അധികൃതരെയാണ് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. അതൊരു സാമൂഹ്യമാറ്റത്തിന്റെ ദൃഷ്ടാന്തമാണ്. ആ മാറ്റം സാധ്യമാക്കിയ ചരിത്രവീഥികളിലൂടെ പുതിയ തലമുറ കണ്ണു തുറന്നു നടക്കണം. അത്യാവശ്യം പരിചയപ്പെട്ടിരിക്കേണ്ട ഒരുപാടു മുഖങ്ങള്‍ ആ വഴിയില്‍ കാണാം. ഉഴുതുമ്മല്‍ കിട്ടന്‍, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍ എന്നിവരെ പരിചയപ്പെടുമ്പോള്‍ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവിനെ മുഖാമുഖം കാണാം. ആരായിരുന്നു അവരെന്നല്ലേ?

നവോത്ഥാന കേരളം - കായികമായ പ്രത്യാക്രമണങ്ങളുടെ സൃഷ്ടി

പശുക്കറവയുടെ ചരിത്രം

തന്റെ ആത്മകഥയില്‍ (എന്റെ സ്മരണകള്‍) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഇങ്ങനെ പറയുന്നു...

"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുള്ളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു"
'രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍' എന്ന പുസ്തകത്തില്‍ കെ സി കുട്ടനും ഇക്കാര്യം വിവരിക്കുന്നുണ്ട്.

"പശുക്കളെ ആര്‍ക്കും വളര്‍ത്താം. പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

ഇതായിരുന്നു 1900കളില്‍ നിലനിന്ന 'സദാചാരം'. അതു നിലിര്‍ത്തിയതോ, കൈയൂക്കിന്റെ പ്രയോഗത്തിലും. നൂറു കണക്കിനുണ്ട് അത്തരം ആചാരങ്ങള്‍. പശുവിനെ വളര്‍ത്തിയാല്‍ മതി, കറക്കരുത് എന്ന ചിട്ട അവര്‍ണന്‍ തെറ്റിച്ചാല്‍ മര്‍ദ്ദനമായിരുന്നു ശിക്ഷ. ഈ 'സദാചാരം' കെട്ടുകെട്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ പ്രമുഖനായിരുന്നു ചേര്‍ത്തലയില്‍ ജീവിച്ചിരുന്ന ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യപരിഷ്കര്‍ത്താവ്.

പശുക്കറവയ്ക്ക് അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ ചങ്കൂറ്റവും മെയ്ക്കരുത്തുമുള്ളവരെ അദ്ദേഹം സംഘടിപ്പിച്ചു. ഈഴവനായ അയല്‍ക്കാരന്റെ പശു പ്രസവിച്ചപ്പോള്‍ പാലു കറക്കാന്‍ ധൈര്യം നല്‍കി. പൂവാലിപ്പശുവിന്റെ തീണ്ടിയശുദ്ധമാക്കാത്ത പൈമ്പാലും കാത്തിരുന്ന സവര്‍ണപ്രമാണി കോപാകുലനായതു സ്വാഭാവികം. ഏതാനും ഗുണ്ടകളെയും കൊണ്ട് 'ഗോപാലകനെ' തല്ലാനെത്തിയ പ്രമാണിയെ കാത്തിരുന്നത് പത്തറുപതു മല്ലന്മാരുടെ മറ്റൊരു സംഘം. തല്ലിയാല്‍ തല്ലുന്നവരുടെ എല്ലു നുറുങ്ങുമെന്നു മനസിലാക്കി പിന്‍വാങ്ങിയ ആ സവര്‍ണ പ്രമാണിയുടെ പേര്, ഞര്‍ക്കുരു കുട്ടിപ്പണിക്കര്‍.

പുലയന്മാരുടെ തിരിച്ചടികള്‍

ഇനി ഗോപാലദാസിനെ പരിചയപ്പെടാം. പുലയസ്ത്രീകള്‍ കല്ലുമാല ധരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന കാലം. അപരിഷ്കൃതമായ ആചാരമാണിതെന്നും മാല വലിച്ചെറിയണമെന്നും ഉദ്‍ബോധിപ്പിച്ച് പുലയര്‍ക്കിടയില്‍ സാമുദായിക പരിഷ്കരണത്തിനിറങ്ങിയ പുരോഗമനവാദിയായിരുന്നു ഗോപാലദാസ്. അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് ഫലമുണ്ടായി. പുലയസ്ത്രീകള്‍ കല്ലുമാല വലിച്ചെറിയാന്‍ തുടങ്ങി. ഇതിനോട് സവര്‍ണരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് 'ചങ്ങനാശേരി' എന്ന പുസ്തകത്തില്‍ സി. നാരായണ പിള്ള ഇങ്ങനെ പറയുന്നു:
"പുലയസ്ത്രീകളുടെ നിര്‍ദ്ദോഷമായ ഈ ആഭരണപരിത്യാഗം ആഭിജാത്യമുളള ചില നായര്‍ പ്രമാണിമാരെ ക്ഷോഭിപ്പിച്ചു. അവര്‍ പുലയസ്ത്രീകളെ വീണ്ടും കല്ലുമാലകള്‍ അണിയുവാന്‍ പ്രേരിപ്പിക്കുന്നതിന് എതിര്‍പ്രക്ഷോഭണം തുടങ്ങി. അവിവേകിയായ ഒരു നായര്‍ കല്ലുമാല പ്രക്ഷോഭണം നടന്നുകൊണ്ടിരുന്ന ഒരു പുലയമഹായോഗത്തില്‍ കടന്നു ചെന്ന് അവരുടെ നേതാവിനെ നിര്‍ദ്ദയം പ്രഹരിക്കാന്‍ കൂടി മടി കാണിച്ചില്ല. ഈ സംഭവമാണ് പുലയര്‍ ലഹളയ്ക്കു കാരണമായത്".

മേലാളന്മാരുടെ അസഹിഷ്ണുതയുടെ അര്‍ത്ഥശൂന്യത 'നിര്‍ദ്ദോഷമായ ആഭരണപരിത്യാഗം' എന്ന പ്രയോഗത്തിലൂടെ നാരായണപിള്ള വരച്ചിടുന്നു. നിര്‍ദ്ദോഷമെന്ന് ഒറ്റവാക്കില്‍ വിലയിരുത്താവുന്ന പ്രവര്‍ത്തനങ്ങളെ കൊടിയ അസഹിഷ്ണുതയോടെ ആയുധങ്ങളും കൈക്കരുത്തുമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സവര്‍ണഭീകരതയെ ചരിത്രത്തിലുടനീളം നമുക്കു കാണാം. മറൈന്‍ ഡ്രൈവില്‍ കണ്ടതും മറ്റൊന്നല്ല.

ഗോപാലദാസിനെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ യോഗസ്ഥലത്തേയ്ക്ക് അതിക്രമിച്ചു കയറിയ ആയുധധാരികളായ ചട്ടമ്പിമാരെ സംഘടിതരായ പുലയര്‍ തിരിച്ചടിക്കുകയും ചട്ടമ്പിമാരില്‍ ഒരാളിന്റെ വീടിനു തീവെയ്ക്കുകയും ചെയ്ത സംഭവം നസ്രാണി ദീപികയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

രണ്ടാം പുലയലഹള

നെയ്യാറ്റിന്‍കര ഊരൂട്ടമ്പലത്ത് പെണ്‍പള്ളിക്കൂടത്തില്‍ കുട്ടികളെ ചേര്‍ക്കാനെത്തിയ പുലയരെ നായന്മാര്‍ ചേര്‍ന്നു തല്ലിയതാണ് രണ്ടാം പുലയലഹളയ്ക്കു കാരണമായത്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപ്രസിദ്ധീകരണമായ വിവേകോദയം ദ്വൈമാസികയുടെ 1914 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

"...പുലയര്‍ക്കെതിരെയായി ഇപ്പോള്‍ ലഹള നടത്തുന്ന ആളുകളുടെ താങ്ങായി നില്‍ക്കുന്നത് സ്ഥലത്തെ ചില നായര്‍ ഗൃഹസ്ഥന്മാരാണെന്നും അവരുടെ ചാര്‍ച്ചയും വേഴ്ചയും പ്രേരണയും വര്‍ഗസ്നേഹവും ജാത്യസൂയയും കൊണ്ട് മജിസ്ട്രേറ്റ്, പൊലീസുകാര്‍, മുതലായ എല്ലാ സര്‍ക്കാരുദ്യോഗസ്ഥന്മാരും പുലയര്‍ക്കു വിരോധമായി നീചമായി പ്രവര്‍ത്തിച്ചു വരുന്നതായും പുലയരുടെ നീതിക്കായിട്ടുള്ള നിലവിളി മിക്കവാറും വനരോദനമായിത്തീരുന്നതായും കേള്‍ക്കുന്നതും ശരിയാണെങ്കില്‍ ഈ അരാജകത്വത്തെപ്പറ്റി ഞങ്ങള്‍ ആശങ്കപ്പെടുന്നു. ഗൃഹസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായി സ്ഥലത്തുളള നായന്മാരുടെ പ്രേരണയാലും അവരുടെ പ്രീതിയ്ക്കു വേണ്ടിയും ചുരുക്കം ചില വിവരമില്ലാത്ത ഈഴവരും മുഹമ്മദീയര്‍ മുതലായ പലവര്‍ഗക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേള്‍ക്കുന്നു".

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് എന്ന കാരണം പറഞ്ഞ് ലോവര്‍ സെക്കന്ററി ഗേള്‍സ് സ്ക്കൂളില്‍ ഈഴവപ്പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച കാലമാണിത് എന്നോര്‍ക്കണം. Admission of Ezhava girls into the LSGS Crangannore is out of question എന്നെഴുതിയാണ് അപേക്ഷകള്‍ നിരസിച്ചിരുന്നത്. വിശദീകരണങ്ങള്‍ക്കൊന്നും പഴുതില്ലാത്ത ഉഗ്രശാസനം. ഈ ശാസനയ്ക്ക് ഇരയാണെങ്കിലും പുലയന്റെ കാര്യം വരുമ്പോള്‍ ഈഴവരും സദാചാരപ്പൊലീസാകും. തനിക്കു താഴെയുള്ളവരെ അടിച്ചമര്‍ത്തി ആധിപത്യം സ്ഥാപിക്കാനുള്ള വകുപ്പും ചട്ടവും ജാതിവ്യവസ്ഥയുടെ ആണിക്കല്ലായിരുന്നു.
ക്ഷേത്രത്തില്‍ നിന്നിറങ്ങിവരവെ വഴിയരികില്‍ നിന്ന ഈഴവസ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ച നമ്പൂതിരിയും, ആധാരത്തില്‍ 'താന്‍' എന്നെഴുതിയതില്‍ പ്രകോപിതനായി പാലക്കാട് സബ് കോടതിയില്‍ കേസിനുപോയ ധര്‍മ്മോത്തു പണിക്കരും, തീയനാണെന്നു തെറ്റിദ്ധരിച്ച് ചാവക്കാട്ടെ നായര്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ചവരും, കൊടുങ്ങല്ലൂര്‍ കാവിനു സമീപമുള്ള പൊതുവഴിയില്‍ക്കൂടി നടന്ന അയ്യപ്പനുണ്ണിയെ തല്ലിച്ചതച്ച നാരായണക്കൈമളും, ഇടപ്പള്ളിയിലൊരു നായരുടെ ചായക്കടയില്‍ ചെന്ന് ചായ ചോദിച്ച ഈഴവനില്‍ നിന്ന് ഒരു രൂപ പിഴയും ഇടപ്പള്ളി ഗണപതിയ്ക്കുളള വിളക്കിനും അപ്പത്തിനും കൂടി നാലണയും പിടുങ്ങിയ പൊലീസുകാരും "പൂര്‍വാചാരങ്ങളെ ദ്വേഷിക്കാതെ അവരവരുടെ കൃത്യങ്ങളെ ശരിയായി അനുഷ്ഠിക്കുന്നിടത്തോളം ഗുണമായ നില മറ്റൊന്നും തന്നെ ഇല്ലെ"ന്ന് മുഖപ്രസംഗത്തിലൂടെ ഉദ്ഘോഷിച്ച വിദ്യാഭിവര്‍ദ്ധിനിയെന്ന പ്രസിദ്ധീകരണവുമൊക്കെ ചരിത്രത്തിലെ പല വഴികളിലും നിന്ന് സദാചാരപ്പൊലീസു കളിച്ചവരാണ്. ക്ഷേത്രോത്സവത്തിനിടെ തേരിന്റെ കയറില്‍ തൊട്ടെന്നാരോപിച്ച് ഈഴവരെ സംഘം ചേര്‍ന്നു തല്ലിയ കല്‍പ്പാത്തിയിലെ പട്ടന്മാരും കളിച്ചത് അതേ കളി തന്നെ. അവര്‍ണരുടെ ക്ഷേത്രപ്രവേശം എന്ന ആവശ്യത്തെ നല്ലൊരു വിഭാഗം സവര്‍ണരുള്‍പ്പെടെ അനുകൂലിച്ച കാലത്ത് കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച 'സ്വരാജ്യം' പത്രത്തിന്റെ വെല്ലുവിളി ഇങ്ങനെയായിരുന്നു:

"ഈഴവര്‍ക്കു കൊടുക്കണം; ക്ഷേത്രപ്രവേശനമല്ല. അടികൊടുക്കണം".

ചോര വീണ മണ്ണില്‍ പടര്‍ന്നത് മാറ്റത്തിന്റെ വേരുകള്‍

ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പി. കൃഷ്ണപിളളയും എകെജിയും ഈ അടി ഏറ്റുവാങ്ങിയിട്ടുണ്ട്. അയിത്തത്തിനും തീണ്ടലിനുമെതിരെ സമരം ചെയ്യണമെന്ന കെപിസിസി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ സത്യഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. പ്രമേയം അവതരിപ്പിച്ചത് കെ. കേളപ്പന്‍. ഈ പ്രവര്‍ത്തനങ്ങളൊന്നും സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി കണക്കാക്കാന്‍ പറ്റില്ല എന്നു വാദിച്ച് സമരത്തെ എതിര്‍ക്കാന്‍ കെപിസിസിയിലെ ഒരു വിഭാഗം സവര്‍ണഹിന്ദുക്കള്‍ ശ്രമിച്ചിരുന്നു.

സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന ഭീഷണിയാണ് ഗുരുവായൂര്‍ സത്യഗ്രഹത്തിനെതിരെ അണിനിരന്ന യാഥാസ്ഥികരും മുഴക്കിയത്. മറൈന്‍ഡ്രൈവില്‍ തടിച്ചുകൂടിയ സദാചാരഗുണ്ടകളുടെ പഴയ പതിപ്പ്. സത്യഗ്രഹികളെ തടയാന്‍ അമ്പലത്തിനു ചുറ്റും അവര്‍ മുള്ളുവേലിയും കെട്ടി. ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അമ്പലത്തില്‍ ചാടിക്കയറി പി. കൃഷ്ണപിള്ള ശ്രീകോവിലിനു മുന്നിലെ മണിയടിച്ചത്. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നീട് എകെജിയ്ക്കും മര്‍ദ്ദനമേറ്റു. അതോടെ ക്ഷേത്രമുറ്റം സംഘര്‍ഷക്കളമായി. മുള്ളുവേലി സമരക്കാര്‍ പിഴുതെറിഞ്ഞു. ഒരു പ്രതിബന്ധവുമില്ലാതെ ആര്‍ക്കും ഗോപുരനടയിലെത്താമെന്ന അവസ്ഥ വന്നതോടെ അധികൃതര്‍ അമ്പലം അടച്ചിട്ടു.

ദുരാചാരങ്ങളെ പ്രവൃത്തികൊണ്ടു നേരിട്ടവരും റാഡിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന സമരമുറകള്‍ സ്വീകരിച്ചവരും അതതുകാലത്തെ സദാചാരഗുണ്ടകളുടെ തല്ല് യഥേഷ്ടം കൊണ്ടിട്ടുണ്ട്. ആരും തല്ലു ഭയന്ന് ഓടിയില്ല. ചെയ്യാന്‍ തീരുമാനിച്ചത് ചെയ്യാതിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ സമരം ചെയ്യാനെത്തിയവരെ, നവോത്ഥാനപ്പോരാളികളായി അടയാളപ്പെടുത്തുന്നതിനു കാരണവും മറ്റൊന്നല്ല.

മറ്റൊന്നു കൂടി പറയണം. റാഡിക്കല്‍ സമരമുറകളെ ഉള്‍ക്കൊളളാന്‍ വിമുഖത കാട്ടിയ സാമൂഹ്യപരിഷ്കര്‍ത്താക്കളും ചരിത്രത്തിലുണ്ട്. ചെറായി കടപ്പുറത്ത് അയ്യാരു എന്ന പുലയക്കുട്ടി വിളമ്പിയ പായസം കഴിച്ച്, നവോത്ഥാനപ്രക്ഷോഭത്തിന്റെ പുതിയ മുഖം തുറക്കാനൊരുങ്ങിയ കെ. അയ്യപ്പനെ ഉപദേശിക്കാന്‍ "മാറ്റുവിന്‍ ചട്ടങ്ങളെ" എന്ന് പില്‍ക്കാലത്ത് ഗര്‍ജിച്ച സാക്ഷാല്‍ കുമാരനാശാന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. "അഭിപ്രായക്കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് പ്രവൃത്തി ലോകത്തിലേയ്ക്ക് കിഴുക്കാംതൂക്കായി ചാടി ആത്മാശം ചെയ്യരുത്" എന്നായിരുന്നു വിവേകോദയത്തിലെഴുതിയ ലേഖത്തില്‍ അദ്ദേഹം "ചെറുമക്കാരോട് ഉപദേശി"ച്ചത്. ആദരണീയനായ കുമാരനാശാന്റെ ഉപദേശം അര്‍ഹിക്കുന്ന ബഹുമാനത്തോടെ തള്ളിക്കളഞ്ഞ് അയ്യപ്പനും സംഘവും സമരവുമായി മുന്നോട്ടു പോയി.

കൈയൂക്കു കൊണ്ട് നിലനിര്‍ത്താന്‍ ശ്രമിച്ച ഒരു ആചാരവും ഇന്ന് പൊതുമണ്ഡലത്തില്‍ പാലിക്കപ്പെടുന്നില്ല. ചരിത്രപുസ്തകങ്ങളിലേയ്ക്കും അപൂര്‍വം ചിലരുടെ മനസുകളിലേയ്ക്കുമായി അവ ഒതുങ്ങിപ്പോയി. പക്ഷേ, ആ കൈയൂക്കിനെ നയിച്ച ആധിപത്യവാഞ്ച പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്

കടപ്പാട് : വിനു പണിക്കർ

No comments: