13/09/2014

സിദ്ധാര്‍ത്ഥനും യശോധരയും ശ്രീ ബുദ്ധനും

യശോധര: "ഈ നീണ്ട പന്ത്രണ്ടുവര്‍ഷം സഹനത്തിന്റേതായിരുന്നു. അങ്ങ് പോയതിലല്ല, എന്നോട് പറയാതെ പോയതിലാണ് എനിക്ക് വിഷമം. സത്യം അന്വേഷിച്ചുള്ള യാത്രയിലാണെന്ന് എന്നോടു പറഞ്ഞിരുന്നെങ്കില്‍ അങ്ങ് കരുതുന്നുണ്ടോ ഞാന്‍ തടയുമായിരുന്നെന്ന്? അങ്ങ് എന്നെ വളരെ മോശമായ രീതിയില്‍ അപമാനിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന മുറിവാണിത്. ഞാനും ക്ഷത്രിയരക്തത്തില്‍ പിറന്നവളാണ്. അങ്ങ് കരുതുന്നുണ്ടോ കരഞ്ഞും അലറിവിളിച്ചും ഞാന്‍ അങ്ങയെ തടയുമെന്ന്? അങ്ങ് എന്നെ വിശ്വസിച്ചില്ല എന്നതുമാത്രമാണ് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷവും എന്നെ വേദനിപ്പിച്ചത്. ഞാന്‍ അങ്ങയെ പോകാന്‍ അനുവദിക്കുമായിരുന്നു, താങ്കള്‍ക്ക് വിടപറയാന്‍ സാഹചര്യമൊരുക്കുമായിരുന്നു, യാത്രപറയാന്‍ രഥത്തിനരികെ എത്തുമായിരുന്നു.

തീര്‍ച്ചയായും ഇക്കാലംകൊണ്ട് അങ്ങ് എന്തെല്ലാമോ നേടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇവിടം വിട്ടുപോയ ആ പഴയ ആളേയല്ല അങ്ങിപ്പോള്‍. അങ്ങയുടെ മുഖം ഇപ്പോള്‍ ജ്വലിക്കുന്നു. അങ്ങയുടെ സാന്നിധ്യം പുതുമയും സന്തോഷവും പകരുന്നു, അങ്ങയുടെ കണ്ണുകള്‍ കാര്‍മേഘമൊഴിഞ്ഞ നീലവാനം പോലെ, അങ്ങ് അതിസുന്ദരനായിരിക്കുന്നു. അങ്ങ് എന്നും സുന്ദരനായിരുന്നു, എന്നാല്‍ ഈ സൗന്ദര്യം മറ്റേതോ ലോകത്തിലേതുപോലെ തോന്നിക്കുന്നു. മറ്റെന്തോ തേജസ്സ് അങ്ങയെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്നും അങ്ങേക്ക് സ്വായത്താമാക്കാമായിരുന്നില്ലേ? ഈ കൊട്ടാരം ആ സത്യത്തെ മറയ്ക്കുമായിരുന്നോ?''

ഭഗവാന്‍ ബുദ്ധന്‍: ''ഇതെനിക്ക് ഇവിടെയിരുന്നും കൈവരിക്കാവുന്നതേയുള്ളായിരുന്നു. അന്ന് അതേക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. പര്‍വതങ്ങളിലേക്കോ മറ്റെവിടേക്കെങ്കിലുമുള്ള യാത്ര അനിവാര്യമേ അല്ല. ഞാന്‍ എന്റെ ഉള്ളിലേക്കുതന്നെയാണ് യാത്ര നടത്തിയത്. ഇവിടെയിരുന്നും എനിക്കത് സാധ്യമായിരുന്നു. ഈ കൊട്ടാരവും മറ്റെവിടെയും പോലെ നല്ലതാണ്. എന്നാല്‍ അന്നു ഞാനത് തിരിച്ചറിഞ്ഞില്ല എന്നുമാത്രം. അതിനാല്‍ നീയെനിക്ക് മാപ്പുതരണം. ഞാന്‍ നിന്നെയോ നിന്റെ ധൈര്യത്തെയോ വിശ്വസിക്കാതിരുന്നതല്ല. എനിക്ക് എന്നെത്തന്നെ സംശയമായിരുന്നു. നീ ഉണര്‍ന്നിരുന്നെങ്കില്‍, കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ഞാന്‍ എന്നോടുതന്നെ പറഞ്ഞെന്നിരിക്കാം. 'ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നത്? തന്നെ മാത്രം ധ്യാനിച്ച് സ്‌നേഹിച്ചുകഴിയുന്ന സുന്ദരിയായ ഭാര്യയെയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച്.... ഉപേക്ഷിക്കാനായിരുന്നെങ്കില്‍ എന്തിന് അവന് ജന്മം നല്‍കി? ഞാന്‍ എന്റെ കടമകളില്‍നിന്ന് ഒളിച്ചോടുകയാണ്.' പ്രായമായ അച്ഛന്‍ എഴുന്നേറ്റിരുന്നെങ്കില്‍ ആ യാത്ര എനിക്ക് അസാധ്യമായേനെ. ഞാന്‍ നിന്നെ അവിശ്വസിച്ചതുകൊണ്ടല്ല. ഞാന്‍ എന്നെത്തന്നെ അവിശ്വസിച്ചതിനാലാണ്... എന്റെയുള്ളില്‍ ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു. എന്റെ മനസ്സിന്റെ ഒരു ഭാഗം എപ്പോഴും ഞാന്‍ എന്താണുചെയ്യുന്നതെന്ന് എന്നോടു ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഇതുതന്നെയാണ് സമയമെന്നും ഇപ്പോള്‍ ശ്രമിച്ചില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നും മനസ്സിന്റെ മറുഭാഗം പറയുന്നുണ്ടായിരുന്നു. അച്ഛന്‍ എന്നെ രാജ്യഭാരമേല്‍പ്പിക്കാനൊരുങ്ങുന്ന സമയമായിരുന്നു. ഒരിക്കല്‍ രാജാവായാല്‍ ഈ ഉദ്യമം കൂടുതല്‍ ദുഷ്‌കരമാവുമെന്നും മനസ്സ് പറഞ്ഞു.''

യശോധര: ''എനിക്കിതുമാത്രമേ അങ്ങയോടു ചോദിക്കാനായി ഉണ്ടായിരുന്നുള്ളു. ഞാനിപ്പോള്‍ തികച്ചും സന്തോഷവതിയാണ്. സത്യം ഇവിടെയും എവിടെയും വെച്ച് കരസ്ഥമാക്കാമെന്നുള്ള അങ്ങയുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു."

കടപ്പാട് സുധീഷ്‌ നമശ്ശിവായ 

No comments: