02/09/2014

ശ്രീപത്മനാഭസ്വാമി ക്ഷേത്രം:-

തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ.ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭസ്വാമിയുടെ ഭക്തനായ തിരുവിതാംകൂർ മാർത്താണ്ഡ വർമ്മ മഹാരാജാവ് രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടിരുന്നു.

ദണ്ഡകാരണ്യത്തിൽ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന പുണ്ഡരീകൻ, വ്യാസൻ, ശുകൻ, ശുനകൻ, വസിഷ്ഠൻ, വാത്മീകി തുടങ്ങിയ ഋഷിമാരെ നാരദൻ സന്ദർശിച്ചപ്പോൾ ലോകത്തിലെ ഏറ്റവും പുണ്യ-പുരാതനമായ ക്ഷേത്രം ഏതെന്ന്‌ ആരാഞ്ഞിരുന്നത്രേ. അതിന്‌ നാരദൻ നൽകിയ മറുപടി “അനന്തപുരിയിൽ ശയനം കൊള്ളുന്ന ശ്രീപദ്മനാഭന്റെ ക്ഷേത്രം” ആണെന്നായിരുന്നത്രേ. അനന്തപുരിക്ക്‌ ഭൂലോക വൈകുണ്ഠമെന്ന വിശേഷണത്തിനു പിന്നിലെ ഐതിഹ്യം ഇതാവാം.

ദിവാകരമുനിയും അനന്തദർശനവും:

മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌..ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു.

പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു

വില്വമംഗലവും അനന്തൻകാടും:

ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്.ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

പുലയസ്ത്രീയുടെ സഹായം:

ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക്‌ വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.മുനി പിന്നീട്‌ ഭഗവദ്‌ ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഭഗവത്‌ സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലുപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയത് എന്നു ഐതിഹ്യം. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു.

പ്രതിഷ്ഠാ മൂർത്തികൾ:
ശ്രീപത്മനാഭസ്വാമി
ശ്രീ നരസിംഹസ്വാമി
തിരുവമ്പാടി കൃഷ്ണൻ

ഉപദേവ പ്രതിഷ്ഠകൾ:
ഗണപതി
അയ്യപ്പൻ
നാഗങ്ങൽ
ക്ഷേത്രപാലൻ
ഹനുമാൻ

ക്ഷേത്ര നിർമ്മിതി:

108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.

ഗോപുരങ്ങൾ:

തഞ്ചാവൂർ മാതൃകയിൽ നൂറ്‌ അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളിൽ ഏഴ്‌ സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്‌.

പത്മനാഭ പ്രതിഷ്ഠ:

അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന പതിനെട്ടടി നീളമുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ.വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു

കടുശർക്കര യോഗപ്രതിഷ്ഠ:

പന്തീരായിരത്തി എട്ട്‌ സാളഗ്രാമങ്ങൾ അടുക്കി വച്ചുള്ള രൂപകൽപനയ്ക്കു ശേഷം ഏതാണ്ട്‌ അഷ്ടബന്ധത്തിന്‌ തുല്യമായ കടുംശർക്കര കൂട്ടുണ്ടാക്കി അത്‌ പുറമെ പൂശി ശരീര തുല്യമാക്കി തീർത്ത്‌ അതിൽ ജീവാവാഹനം ചെയ്തതാണ്‌ ഇവിടുത്തെ “കടുംശർക്കര യോഗ വിഗ്രഹം”. കടുശർക്കരയോഗമായതിനാൽ മൂലബിംബത്തിൽ അഭിഷേകം പതിവില്ല. ഇതിനുപകരം അലങ്കാര വിഗ്രഹത്തിലാണ് നിത്യേന അഭിഷേകം നടത്താറുള്ളത്.

ഏതാണ്ട്‌ മൂന്ന്‌ ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.


112 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശം... മഹാരാജാവ് 6 കുതിരകൾ വലിക്കുന്ന രഥത്തില്‍ എഴുന്നള്ളുന്നു.

(It captures the grandeur of the Travancore Maharaja's royal carriage in front of Sree Padmanamaswamy Temple, Trivandrum. Photograph taken about 1900 by the Government photographer, Zacharias D'Cruz)

No comments: