30/10/2014

അഗ്നിച്ചിറകില്‍ അബ്ദുള്‍ കലാം

അഗ്നിചിറകുകളിലൂടെ ഭാരതീയ യുവത്വത്തെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച വ്യക്തിത്വം, ഭാരതത്തിന്‍റെ മിസൈല്‍ പുത്രന്‍, മുന്‍ രാഷ്ട്രപതി,എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് എ പി ജെ അബ്ദുള്‍ കലാം എന്ന അവുള്‍ പക്കിര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാമിന്. ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ കലാം രാജ്യത്തിന് നല്‍കിയിട്ടുളള സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. ഇന്ന് എണ്‍പത്തിമൂന്ന്‍ വയസ്സ് തികയുന്ന അബ്ദുള്‍ കലാമിന്‍റെ കടന്നു പോയ ജീവിതം സംഭവ ബഹുലമാണ്.

1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരം ജില്ലയില്‍ രാമനാഥപുരം എന്ന ഗ്രാമത്തിലാണ് കലാമിന്‍റെ ജനനം. അച്ഛന്‍ ജൈനുലബ്ദിന്‍ കടത്തുവളളം തുഴച്ചില്‍ക്കാ രനായിരുന്നു. നന്നേ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് കലാമിന്‍റെ ബാല്യം കടന്നുപോയത്. അതിനാല്‍ തീരെ ചെറുപ്പത്തില്‍ തന്നെ പത്രം വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടെണ്ടി വന്നു. ഇടയ്ക്കിടെ അച്ഛനെ സഹായിക്കുവാന്‍ കടത്തു വളളവും തുഴഞ്ഞിരുന്നു ആ കൊച്ചു ബാലന്‍.

ഗ്രാമത്തിലെ സ്കുളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കലാം സെന്റ് ജോസഫ്സ് കോളേജ് തിരുച്ചിറപ്പളളി, മദ്രാസ് യുണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഉന്നതബിരുദം കരസ്ഥമാക്കി. 1960-ല്‍ ഡി ആര്‍ ഡി ഒ-ല്‍ ചേര്‍ന്നതാണ് കലാമിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. ആ കരിയരിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ആര്‍മിക്കായി ഒരു ചെറിയ ഹെലികോപ്ടര്‍ ഡിസൈന്‍ ചെയ്ത് ഈ യുവാവ്‌ ജനശ്രദ്ധ നേടിയിരുന്നു. 1970 ല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ. എസ്. ആര്‍. ഒ യില്‍ കാലെടുത്തു വച്ചു. ഐ. എസ്. ആര്‍. ഒ യുടെ പ്രധാന പദ്ധതികളായ രോഹിണി-1, പ്രൊജക്റ്റ്‌ വാലിയന്റ് എന്നീ പദ്ധതികളില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. ഇന്ത്യയുടെ യുദ്ധ ആവശ്യമിസൈലുകളായ അഗ്നി, പ്രിഥ്വി എന്നിവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ കലാം ലോക ശ്രദ്ധ നേടി.

ശാസ്ത്ര സാങ്കേതിക രംഗത്ത് ഭാരതത്തിനു എണ്ണിയാല്‍ തീരാത്ത സംഭാവനകള്‍ സമ്മാനിച്ച കലാം, 2002 ജൂലൈ 25 നു ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റു. അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി. ജെ. പി ആണ് അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം നല്‍കിയത്. കോണ്ഗ്രസ് ആദ്യം എതിര്‍ത്തെങ്കിലും പിന്നീട്‌ പിന്തുണ നല്‍കി. രാജ്യത്തെ ഇടതു പാര്‍ട്ടികള്‍ മലയാളി കൂടിയായ ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ഥി. ആക്കിയങ്കിലും കൊളീജിയം സംവിധാനത്തിലുടെ നടന്ന തിരഞ്ഞെടുപ്പില്‍ കലാം വന്‍ ഭുരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുളള അഞ്ചു വര്‍ഷക്കാലം രാജ്യം കണ്ടത് കര്‍മ്മ നിരതനായ ഒരു രാഷ്ടപതിയെയായിരുന്നു.

യുവാക്കളെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിലും, മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും കിട്ടിയ അവസരം കലാം നന്നായി വിനയോഗിച്ചു. ഇന്ത്യയില്‍ രാഷ്‌ട്രപതി എന്നത് വെറും ഒരു റബ്ബര്‍ സ്റ്റാമ്പ്‌ പദവിയാണന്നു പ്രസംഗിച്ചു നടന്നവര്‍ക്ക് താക്കീതു നല്കുന്നതായിരുന്നു ആ അഞ്ചു വര്‍ഷക്കാലം. 2007 ല്‍ കാലാവധി അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരവസരം കു‌ടി നല്കണമെന്ന് അന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. ദൌര്‍ഭാഗ്യവശാല്‍ അന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ ചേക്കേറിയിരുന്ന സോണിയാഗാന്ധിയുടെ നേതൃ ത്വത്തിലുള്ള കോണ്ഗ്രസ്സ് അതിനു തയാറായില്ല. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്ക്കുന്ന തല്‍പ്പരകക്ഷികളെ രാഷ്ട്രപതി ഭവന്‍റെ താക്കോല്‍ ഏല്പ്പിക്കാനായിരുന്നു ഭരണകൂത്തിനു താത്പര്യം. രാഷ്ട്രപതി സ്ഥാനത്ത്‌നിന്ന് വിരമിച്ച ശേഷവും രാഷ്ട്ര സേവന പ്രവര്‍ത്തനങ്ങളില്‍ കലാംജി നിറഞ്ഞു നില്ക്കുന്നു.

2020 ല്‍ ഇന്ത്യയെ ലോകോത്തര രാഷ്ട്രമാക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുവാനുളള ശ്രമത്തിലാണ് 83 കാരനായ കലാം. ഇതങ്ങനെ യഥാ ര്ത്ഥ്യം ആക്കുവാന്‍ കഴിയും എന്ന് ‘ഇന്ത്യ 2002’ എന്ന തന്‍റെ പുസ്തകത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കലാമിന്‍റെ ജീവിതകഥ വിവരിക്കുന്ന ‘അഗ്നിച്ചിറകുകള്‍’ എന്ന പുസ്തകം ലോക ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്‍റെ നന്മക്കായി കുടുംബ ജീവിതം പോലും ഉഴിഞ്ഞുവച്ച് അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത അനശ്വര വ്യക്തിത്വത്തിന് ഈ പിറന്നാള്‍ ദിനത്തില്‍ ദീര്‍ഘായുസ് നേരാം.

No comments: