06/12/2013

ചെമ്പഴന്തിയിൽ നിന്നൊരാൾ എഴുന്നേറ്റ് നടക്കുന്നത് ഇപ്പോൾ കാണാനാവുന്നുണ്ട്


നിലാവുള്ള രാത്രിയിൽ വെളിച്ചംതേടി നടക്കണം -സജീവ് കൃഷ്ണൻ

"എഴുന്നേറ്റു നടക്കുന്നു, ചെമ്പഴന്തിയിൽനിന്നൊരാൾ

ചിങ്ങത്തിൽച്ചതയത്തിൻനാൾ, ചിരിചൂടിയ പുണ്യമായ്'

കാവാലം ശ്രീകുമാറിന്റെ ചിരപുരാതനത്വം നിറഞ്ഞ സ്വരമാധുരിയിലൂടെ ഒഴുകിപ്പരക്കുകയാണ് അനുഗൃഹീതകവി എസ്. രമേശൻ നായർ എഴുതിയ "ഗുരുപൗർണമി' എന്ന കാവ്യം.

പൗർണമിരാവിൽ ഈ കാവ്യം കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ് ഗുരുസാഗരത്തിന്റെ തീരത്ത് അനന്തവിഭൂതിയിൽ ലയിച്ചുപോയി. വാക്കുകളുടെ ഗഹനതയിൽ നിന്ന് ഗുരുസ്വരൂപം പ്രപഞ്ചംമുഴുവൻ നിറഞ്ഞുനിൽക്കുന്നതറിഞ്ഞ് ഉടലാകെ കോരിപ്പെരുത്തു. ഒരു ചെറുചില്ലയെപ്പോലും ചലിപ്പിക്കാതെ വായുമണ്ഡലം മൗനത്തിലമർന്നിട്ടും എവിടെ നിന്നാണ് ഇളംകാറ്റുവന്ന് നെറുകയിൽ തലോടുന്നത്? ആത്മാവിന്റെ ആഴങ്ങളിൽ സത്യബോധം ചിറകടിച്ചുയരുമ്പോൾ അന്തരംഗത്തിലുണ്ടാകുന്ന ചെറുചലനമാവാം കാറ്റായി വന്ന് കുളിർപ്പിക്കുന്നത്. ആ കാറ്റിന്റെ നിർവൃതിയിൽ മനസ് കാവ്യത്തെയും ആലാപനസൗന്ദര്യത്തെയും വിട്ട് വെൺപിറാവിനെപ്പോലെ ഗുരുസന്നിധിയിലേക്ക് സഞ്ചരിക്കുകയാണ്.

ലോകം ഉറങ്ങിക്കിടന്ന രാവിൽ ചെമ്പഴന്തിയിൽ നിന്നൊരാൾ എഴുന്നേറ്റ് നടക്കുന്നത് ഇപ്പോൾ കാണാനാവുന്നുണ്ട്. മഞ്ഞും നിലാവും ചേർന്ന് മറകെട്ടിയ അന്തരീക്ഷത്തിലൂടെ എല്ലാം സ്പഷ്ടമാക്കുന്ന വെളിച്ചം തേടി സഞ്ചരിക്കുകയാണ് ആ മഹാനുഭാവൻ. എന്തൊക്കെയാവും ആ വഴിയാത്രയിൽ അദ്ദേഹം കണ്ടിട്ടുണ്ടാവുക? അഴുക്കും മെഴുക്കും കലർന്ന ജനജീവിതം, മാന്യതയും ആഢ്യത്വവും നടിക്കുന്ന ആഡംബരപ്രേമികൾ, മനുഷ്യത്വം ലവലേശമില്ലാത്ത നാടുവാഴികൾ, കാളകൾക്കുപകരം നുകം വലിച്ച് ജീവിതം ചെളിയിൽ പുതഞ്ഞുപോയ മണ്ണിന്റെമക്കൾ, അയിത്തം ഭയന്ന് ഹൊയ്‌ വിളിച്ച് മഞ്ചലേറിപ്പോകുന്ന അകത്തമ്മമാർ, കന്നിൻകുട്ടികൾക്കൊപ്പം ചെളിയിൽ പുളയ്ക്കുന്ന ബാലന്മാർ, പട്ടിണികൊണ്ട് ഒട്ടിവരണ്ട വയറുകളും വിളറിപ്പോയ മുഖങ്ങളുമുള്ള മനുഷ്യക്കോലങ്ങൾ, അന്തിക്ക് മദ്യം മോന്തി കാലുറയ്ക്കാതെ പുലമ്പുന്ന പണിയാളർ... ഈ ലോകം ഭിന്നത നിറഞ്ഞതാണ്, എല്ലാം ഭിന്നമാണ്... ഒന്നല്ല, ഒന്നല്ല എന്ന് ഓരോ അണുജീവിയെക്കൊണ്ടുപോലും പുലമ്പിക്കുന്ന പ്രകൃതിശക്തിയെ ആ സഞ്ചാരി തിരിച്ചറിഞ്ഞു. അവൾ മായയാണ്. നിലാവും മഞ്ഞും മൂടിയ കാഴ്ചകളെല്ലാം അവൾ കാട്ടുന്നതാണ്. `ഇവയിലൊന്നും ഭ്രമിച്ചിടാതെ എല്ലാം ഒന്നുതന്നെയാണ്, ഭിന്നമല്ല എന്ന തത്വം വിളയുന്ന മറുകരകാട്ടണേ ജഗദ്പിതാവേ' എന്നുമാത്രം ആ മഹാതേജസ്വി ഉള്ളിൽ ഇടമുറിയാതെ ജപിച്ചുകൊണ്ടിരുന്നു.

ഈ യാത്ര പുറപ്പെടുംമുമ്പേ ചില നിഷേധങ്ങൾ ആ യാത്രികൻ നടത്തിയിരുന്നു. തീണ്ടരുതെന്നു പറഞ്ഞതിലൊക്കെ ചെന്നു തൊട്ടുനോക്കി. വിലക്കുകൾ ഏർപ്പെടുത്തിയവർ അതുകണ്ട് കോപത്താൽ പുകഞ്ഞു. പക്ഷേ, ആ കരസ്പർശം ഏൽക്കാൻ ഭാഗ്യം സിദ്ധിച്ച തീണ്ടാജന്മങ്ങൾക്ക് അത് അഹല്യാമോക്ഷം പോലെയായിരുന്നു.

"കാണാത്ത ദൈവത്തിനെക്കാൾ
കരുണാമയനായവൻ
ഇതാ മർത്ത്യൻ, കരംകൂപ്പും
സുഖദുഃഖമറിഞ്ഞവൻ' 

എന്ന് ലോകം തിരിച്ചറിയുന്നുവോ? നയിക്കാൻ ഒരു നേതാവും നയിക്കപ്പെടാൻ ഒരു ജനതയും എന്ന വിശ്വമാനവന്റെ എക്കാലത്തേയും സ്വപ്നം പൂവണിയുകയായിരുന്നു ആ വിശുദ്ധയാത്രയിലെന്ന് "ഗുരുപൗർണമി' എന്ന കാവ്യം സ്പഷ്ടമാക്കുന്നു.

മഹദ്ഗ്രന്ഥങ്ങളും വിശുദ്ധകാവ്യങ്ങളും മനുഷ്യനിർമ്മിത തത്വശാസ്ത്രങ്ങളുമെല്ലാം പ്രതീക്ഷാപൂർവം പങ്കുവയ്ക്കുന്ന ഒരു സങ്കല്പമാണ് സത്യത്തെ അറിഞ്ഞ് ലോകത്തെ നയിക്കുന്ന ഒരു നേതാവും അവനാൽ നയിക്കപ്പെടുന്ന ഒരു ജനതയും എന്നത്. ലോകത്തിന് എക്കാലത്തേക്കും ഒരു നേതാവിനെ വേണം. വഴിതെറ്റുമ്പോൾ കൈപിടിച്ച് ശരിയിലേക്ക് നയിക്കാൻ, വയറുവിശക്കുമ്പോൾ അന്നംനൽകി തൃപ്തിവരുത്താൻ, അറിവുനൽകി ജീവിതത്തിന്റെ ധന്യതയെ ഉറപ്പുവരുത്താനെല്ലാം ഒരു വഴികാട്ടിയുണ്ടാവണം. ശിശുവിന് ആ നേതാവ് അമ്മയാണ്, പിന്നെ പിതാവും ഗുരുവും ആ സ്ഥാനത്തുവരുന്നു. സമൂഹത്തിന് അത് മതപരമോ രാഷ്ട്രീമോ ആയ ഭരണാധിപന്മാരാണ്. ഇക്കാര്യങ്ങളിലൊന്നും ആർക്കും ഒരു തർക്കവുമില്ല. അതിനപ്പുറത്തേക്ക്, ഈ വഴികാട്ടികൾക്കൊക്കെയും വെളിച്ചമായി നിറഞ്ഞുനില്ക്കുന്ന പൂർണസ്വരൂപത്തെക്കുറിച്ചാണ് മാനവർക്കിടയിൽ എക്കാലത്തും തർക്കം നിലനിൽക്കുന്നത്. അത് ദൈവമാണെന്ന് ഒരുകൂട്ടർ, പ്രകൃതിയാണെന്ന് രണ്ടാമതൊരു കൂട്ടർ, ചില സ്വാഭാവികമായ പ്രതിഭാസങ്ങൾ മാത്രമാണെന്ന് മറ്റൊരുകൂട്ടർ, മുപ്പത്തിമുക്കോടി ദേവകളാണെന്ന് വിഗ്രഹവിശ്വാസികൾ... ഇങ്ങനെ നിലാവുള്ള രാത്രിയിൽ കാണുന്നതുപോലെ അവ്യക്തരൂപങ്ങളെ ശരിയെന്നു വിശ്വസിച്ച് ജീവിക്കുകയാണ് ഭൂലോകവാസികൾ. അവർക്കിടയിലൂടെ ശരിയായ വെളിച്ചം തേടി എഴുന്നേറ്റ് നടക്കാറുണ്ട് യുഗങ്ങൾക്കിടയിൽ ചില വിശുദ്ധജന്മങ്ങൾ. അവരിൽ ചിലർമാത്രം പൂർണവെളിച്ചത്തെ പ്രാപിക്കുന്നു. ചിലർ നിലാവിന്റെ യാമത്തിനൊടുവിൽ തെളിയുന്ന പ്രഭാതനക്ഷത്രങ്ങളെക്കണ്ട് യാത്ര അവസാനിപ്പിക്കും. അങ്ങനെ യാത്രനിറുത്തുന്നവരെ സൂക്ഷിക്കണം. അവർ നിലാവിൽ കുളിച്ചുകിടക്കുന്ന അല്പജ്ഞാനികളേക്കാളും അമാവാസിയിൽ മൂടിപ്പുതച്ചുറങ്ങുന്ന അജ്ഞാനികളേക്കാളും അപകടകാരികളാണ്. വളരെപ്പെട്ടെന്ന് ചിദാകാശത്ത് മിന്നിമറഞ്ഞുപോകുന്ന മുപ്പത്തിമുക്കോടി നക്ഷത്രങ്ങളാണ് സത്യത്തിന്റെ വഴികാട്ടികൾ എന്നവർ നമ്മെ ഉപദേശിക്കും. അങ്ങനെയുള്ളവരുടെ എണ്ണം ഈ ലോകത്ത് വർദ്ധിച്ചുവരികയാണ്. അവർ പാട്ടും മേളവും പഞ്ചവാദ്യവുമായി ഭക്തിയുടെയും ആദർശവിപ്ലവത്തിന്റെയുമൊക്കെ അരങ്ങുകൊഴുപ്പിക്കുകയാണ്. അതിലൊക്കെ ഭ്രമിച്ച് ജീവിക്കുന്നവർ ഇതിനപ്പുറം ഒരു സത്യമില്ലെന്നു വിശ്വസിച്ച് നിലാവിൽ നനഞ്ഞുകുതിരുന്നു.

അജ്ഞാനത്തിന്റെ അമാവാസിയിൽനിന്ന് നടന്നാൽ ജ്ഞാനത്തിന്റെ പൗർണമിയിലെത്താം. വീണ്ടും നടന്നാൽ അറിവിന്റെ വിവേകോദയം കാണാം. വെളിച്ചത്തിന്റെ പ്രഭാപൂരമാണത്. അതാണ് സത്യം. ചന്ദ്രക്കലയിൽനിന്നാണ് പൗർണമി ഉണ്ടാകുന്നത്. അത് മനുഷ്യജീവിതം പോലെതന്നെയാണ്. ചന്ദ്രക്കലപോലെ അമ്മയുടെ ഗർഭപാത്രത്തിൽ വളഞ്ഞുകിടക്കുന്ന ശിശു ബുദ്ധിയുറയ്ക്കുമ്പോൾ പൗർണമിച്ചന്ദ്രനാവും. അവൻ മങ്ങിയ കാഴ്ചകൾക്കപ്പുറം തെളിഞ്ഞ കാഴ്ചയെത്തേടി സഞ്ചരിക്കുന്നതിനെയാണ് വിദ്യാഭ്യാസം എന്നുവളിക്കുന്നത്. ശരിയായവിദ്യ വിവേകോദയത്തിൽ എത്തിക്കും. അവിടെ ഗുരുവിന്റെ പൂർണസ്വരൂപത്തെ അറിയാം. അതായത് അവൻ ശരിയായ നേതാവിനെ കണ്ടെത്തി എന്നു സാരം. പിന്നെ ഗുരുവിനൊപ്പം വെളിച്ചത്തിൽനിന്ന് വെളിച്ചത്തിലേക്ക് നടക്കാം. സാക്ഷാത്കാരത്തിലെത്തിയാൽ പിന്നെ ഗുരുവെന്നോ വെളിച്ചമെന്നോ വേർതിരിക്കാനാവില്ല. അവിടെ രണ്ടും ഒന്നാണ്. അതാണ് ഗുരുവിലൂടെ ലഭിക്കുന്ന ദൈവാനുഭവം എന്നു പറയുന്നത്.

ചെമ്പഴന്തിയിൽ നിന്ന് എഴുന്നേറ്റു നടന്നയാൾ പൂർണവെളിച്ചത്തെ അറിഞ്ഞിട്ട് എല്ലാവരെയും അതിലേക്ക് കൈപിടിച്ചുകൊണ്ടുപോകാൻ ഓരോ മാനവന്റെയും ഹൃത്തടത്തിലെ നിലാവുള്ള രാത്രികളിൽ വന്നു കാത്തുനിൽക്കാറുണ്ട്. അതുതിരിച്ചറിയാതെ മങ്ങിയകാഴ്ചകൾ കണ്ടുഭ്രമിച്ച് ഉഴലുകയാണ് ലോകം.

"ഗുരുപൗർണമി' എന്ന കാവ്യം കേൾക്കണം. എന്നിട്ട് നിലാവുള്ള രാത്രിയിൽ എഴുന്നേറ്റ് നടക്കാൻ ശ്രമിക്കണം. വഴികാട്ടിയായി ഗുരുസ്വാമിയുണ്ടാവും. എത്തേണ്ടിടത്തുതന്നെ നമ്മെ എത്തിച്ചിട്ട് സ്വാമി അതേ സത്യത്തിൽ അന്തർലീനമാകുന്നത് അനുഭവംകൊണ്ടറിയുമ്പോൾ മാത്രം ആ മഹത്വത്തെ നമുക്ക് ദൈവമായി ബോദ്ധ്യപ്പെടും.

No comments: