05/12/2013

ശ്രീനാരായണഗുരുദേവന്റെ മഹാസമാധി

(വിവിധ ശിഷ്യഗണങ്ങളുടെ അനുഭവക്കുറിപ്പികളില്‍നിന്ന്‌ എടുത്തത്‌)

മഹാസമാധിയെ മുന്നില്‍കണ്ടുകൊണ്ട്‌ അത്യന്തം ബ്രഹ്മാനന്ദ തുന്ദിലനായാണ്‌ ഗുരു കാണപ്പെട്ടത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനസഞ്ചയം ശിവഗിരിയിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടേയും ശിഷ്യഗണങ്ങളുടേയും കര്‍ശനമായ നിയന്ത്രണത്തില്‍ ഭക്തജനത്തിന്‌ തെല്ലകലെനിന്നുമാത്രമേ സ്വാമികളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന്‌ സൗഖ്യമുണ്ടാകണം എന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും മറ്റ്‌ ഗുരുമന്ദിരങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍ നടത്തി. ഗുരുദേവന്‍ സര്‍വ്വവും പരംപൊരുളില്‍ അര്‍പ്പിച്ച്‌ തിരശ്ശീലയ്‌ക്കുള്ളിലേയ്‌ക്ക്‌ മടങ്ങുവാന്‍ തയ്യാറെടുക്കുകയായിരുന്നു.

ഒരിക്കല്‍ അവിടുന്ന്‌ അരുളിച്ചേയ്‌തു.

"മരണത്തെപ്പറ്റി ആരും മുന്‍കൂട്ടി പറയരുത്‌. ഇന്നപ്പോള്‍ മരിക്കുമെന്ന്‌ മുന്‍കൂട്ടി പറഞ്ഞാല്‍ മരിക്കുന്നതിനുമുമ്പായി ജനങ്ങളെല്ലാം അവിടെ വന്നുകൂടും. പല വിഷമതകളും ബഹളങ്ങളും അവിടെ നടക്കും. അതുകൊണ്ട്‌ മുന്‍കൂട്ടി ആരും മരണത്തെപ്പറ്റി പറയാതിരിക്കുന്നതാണ്‌ നല്ലത്‌."

ഗുരുദേവന്‍ ആഹാരത്തിന്റെ മാത്ര കുറച്ചു. പോഷകാംശമുള്ള ആഹാരങ്ങള്‍ ഉപേക്ഷിച്ചു. ചൂടാക്കിയ വെള്ളവും ജീരകവെള്ളവും മാത്രം മതിയെന്ന്‌ കല്‌പിച്ചു. ഈ അവസരത്തില്‍ മുഖത്ത്‌ സാധാരണയില്‍ കവിഞ്ഞ രോമം വളര്‍ന്നതിനാല്‍ ഷേവുചെയ്യാന്‍ അവിടുന്ന്‌ ആവശ്യപ്പെട്ടു. കൊല്ലത്തുനിന്നും ഉടനെ നല്ലൊരു കത്തിവാങ്ങി ക്ഷുരകനെക്കൊണ്ട്‌ അതു നിര്‍വഹിപ്പിച്ചു. ആ കത്തി അവനുതന്നെ കൊടുക്കാന്‍ ഗുരു കല്‌പിക്കുകയും ചെയ്‌തു. കത്തി സൂക്ഷിച്ചാല്‍ ഇനിയും ഉപയോഗിക്കാം എന്ന്‌ ആരോ പറഞ്ഞപ്പോള്‍ "ഇനി അതിന്റെ ആവശ്യമില്ല. അത്‌ അവനുതന്നെകൊടുത്തേയ്‌ക്കുക" എന്ന്‌ ഗുരു കല്‌പിച്ചു.

ദിവസങ്ങള്‍ കഴിയുന്തോറും ഗുരുസ്വാമി കൂടുതല്‍ മൗനിയായും ദിവ്യസ്വരൂപനായും കാണപ്പെട്ടു. ഒരുസമയം അവിടുന്ന്‌ മൊഴിഞ്ഞു. "നാമിവിടെ പുതിയ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിബന്ധങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവര്‍ത്തിച്ചുകൊള്ളൂം. നമുക്ക്‌ നല്ല തൃപ്‌തി തൊന്നുന്നു. വ്യാഴഹോരയ്‌ക്ക്‌ പുറപ്പെടാന്‍ പറ്റിയ സമയമാണ്‌. മരണത്തില്‍ ആരും ദുഃഖിക്കരുത്‌. കന്നി അഞ്ച്‌ നല്ല ദിവസമാണ്‌. അന്ന്‌ എല്ലാവര്‍ക്കും ആഹാരം കൊടുക്കണം". എന്ന്‌ അരുളിച്ചെയ്‌തു. (ഗുരുവിന്റെ മഹാസമാധിക്കുശേഷം അന്നുമുതല്‍ ഇന്നും മഹാസമാധിപ്രസാദവിതരണം തുടരുന്നുണ്ട്‌.)

അങ്ങനെ കന്നി 5 വന്നെത്തി. മഹാസമാധിദിനം അവിടുന്ന്‌ കൃത്യമായി പറഞ്ഞില്ല എങ്കിലും ഒരു സൂചന നേരത്തെ നല്‍കിയിരുന്നു. ആകാശത്ത്‌ മേഘങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. അന്ന്‌ ഒരു ചാറ്റല്‍മഴയുള്ള ദിവസമായിരുന്നു. ഉച്ചയായപ്പോഴേയ്‌ക്കും മാനം നല്ലവണ്ണം തെളിഞ്ഞുനിന്നു. തൃപ്പാദങ്ങള്‍ കല്‌പിച്ചപോലെ അന്ന്‌ ഏവര്‍ക്കും ഭക്ഷണം നല്‍കി. സമയം മുന്നേകാല്‍ മണിയോടടുത്തു. ആ സമയം മാമ്പലം വിദ്യാനന്ദസ്വാമികള്‍ തൃപ്പാദസന്നിധിയില്‍ യോഗാവാസിഷ്‌ഠം ജീവന്മുക്തി പ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. "നമുക്ക്‌ നല്ല ശാന്തി അനുഭവപ്പെടുന്നു" എന്ന്‌ ഗുരുദേവന്‍ മൊഴിഞ്ഞു. കിടക്കയില്‍ എഴുന്നേറ്റിരിക്കുവാന്‍ അവിടുന്ന്‌ ആഗ്യം കാണിച്ചു. ശിഷ്യനായ അച്യുതാനന്ദസ്വാമികള്‍ മെല്ലെ താങ്ങിപ്പിടിച്ച്‌ എഴുന്നേല്‌പിച്ചു. ശരീരം പദ്‌മാസനത്തില്‍ ബന്ധിച്ചിരുത്തി.

കിടക്കയില്‍ പദ്‌മാസനത്തില്‍ ഇരിക്കുന്ന ഗുരുവിന്റെ മഹാസന്നിധിയില്‍ ഉണ്ടായിരുന്ന ശിഷ്യഗണങ്ങള്‍ ഉപനിഷത്‌ സാരസര്‍വ്വസ്വമായ ദൈവദശകം ആലാപനം ചെയ്‌തുതുടങ്ങി. ഗുരുകല്‌പനപ്രകാരം പലപ്പോഴം വിശ്രമവേളകളില്‍ ഭക്തന്മാര്‍ ആ പ്രാര്‍ത്ഥന ചൊല്ലാറുണ്ടായിരുന്നു.

ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

എന്ന അവസാനത്തെ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ 72 വര്‍ഷക്കാലം ലോകജനതയെ മുഴുവന്‍ കാരുണ്യവര്‍ഷം തൂകി അനുഗ്രഹിച്ചുകൊണ്ടിരുന്ന ഭഗവാന്‍ ശ്രീനാരായണഗുരുദേവന്റെ തൃക്കണ്ണുകള്‍ സാവധാനം അടഞ്ഞു. ഭഗവാന്‍ മഹാസമാധിസ്ഥനായി.

1928 സെപ്‌തംബര്‍ 20ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30ന്‌ ഗുരുദേവന്‍ മഹാസമാധിഅടഞ്ഞ വിവരം കാട്ടുതീപോലെ പരന്നതോടെ ജനങ്ങള്‍ ശിവഗിരിയിലേയ്‌ക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യശാന്തിക്കായി പ്രത്യേക പൂജകള്‍ നടന്നു. അന്നേ ദിവസം സന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാര്‍ത്ഥനയും ആരാധനയും നടത്തി. പിറ്റേദിവസം കാലത്ത്‌ വൈദികമഠത്തില്‍വച്ച്‌ ഫോട്ടോ എടുത്തു. ഒരുമണിക്ക്‌ അഭിഷേകം നടത്തി. പുഷ്‌പങ്ങള്‍കൊണ്ട്‌ അലങ്കരിച്ച മഞ്ചത്തില്‍ ഇരുത്തി എഴുന്നെള്ളിച്ച്‌ വനജാക്ഷിമണ്ഡപത്തില്‍ ഇരുത്തി. അഞ്ചുമണിക്ക്‌ ശിവഗിരിക്കുന്നിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത്‌ സമാധിവിധിപ്രകാരമുളള കര്‍മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്‌ച ബ്രാഹ്മമുഹൂര്‍ത്തത്തില്‍ മൂടിക്കല്ല്‌ സ്ഥാപിച്ചു.

No comments: