04/07/2019

അഹൈതുകീഭക്തി

അനിശ്ചിതത്വത്തെ അറിയാതെ, തനിക്കറിയാമെന്ന് വിചാരിക്കരുത്. അങ്ങനെ വിചാരിക്കുമ്പോഴാകും അറിയാതെ അടി വരുന്നത്.

വീഴാന്‍ പാകത്തിന് ഉണങ്ങിയ തേങ്ങയോ മടലോ തെങ്ങിലില്ല എന്ന് ഉറപ്പിച്ചിട്ട്‌ തെങ്ങിന്‍റെ കീഴേ നിന്ന് പുളയുമ്പോഴാവും തേങ്ങാ തലയില്‍ വീഴുന്നത്!

ഉണക്കത്തേങ്ങയില്ല, മടലും ഇല്ല. ഉടയതമ്പുരാന്‍ തീരുമാനിച്ചാല്‍ എന്താണ് നടക്കാത്തത്? ഏതു തേങ്ങയാണ് വീഴാത്തത്? ഇല്ലാത്ത തെങ്ങിലെ ഇല്ലാത്ത തേങ്ങ വരെ വീഴും. പിന്നെയാണോ?

"കര്‍ത്തും അകര്‍ത്തും അന്യഥാ കര്‍ത്തും സമര്‍ത്ഥഃ ഈശ്വരഃ"

ഈശ്വരനിര്‍വ്വചനം അതാണ്‌.

കര്‍ത്തും സമര്‍ത്ഥഃ - ചെയ്യാന്‍ സമര്‍ത്ഥന്‍.
അകര്‍ത്തും സമര്‍ത്ഥഃ - ചെയ്യാതിരിക്കാന്‍ സമര്‍ത്ഥന്‍.
അന്യഥാ കര്‍ത്തും സമര്‍ത്ഥഃ - വേറൊന്നായി ചെയ്യാന്‍ സമര്‍ത്ഥന്‍.

ആതുകൊണ്ട് ഒരേയൊരു പണിയേ പറ്റൂ.

"അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ 
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം" 

എന്നറിഞ്ഞ് 

"സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ 
അഹം ത്വാം സർവപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ"

യാതൊരു ജനങ്ങള്‍ അന്യചിന്ത കൂടാതെ എന്നെ ധ്യാനിച്ച്‌ എന്നെത്തന്നെ ഉപാസിക്കുന്നുവോ സദാ മനസ്സ് എന്നില്‍ ഉറപ്പിച്ചവരായ അവരുടെ യോഗക്ഷേമങ്ങളെ ഞാന്‍ വഹിക്കുന്നു എന്നറിഞ്ഞ് സകല ധര്‍മ്മങ്ങളെയും ഉപേക്ഷിച്ചിട്ട് നീ എന്നെത്തന്നെ ശരണം പ്രാപിക്കുക, ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കാം, നീ വ്യസനിക്കേണ്ട!.

നിഷ്കാമവും നിഷ്കളങ്കവും നിര്‍വ്വികല്‍പ്പവുമായ ഭക്തി. അഹൈതുകീഭക്തി. മറ്റൊന്നു കൊണ്ടും രക്ഷപ്പെടില്ല.

"ഭഗവാനേ, നിന്നിലുള്ള അഹൈതുകീഭക്തി, അത് എന്നില്‍ നിന്ന് എടുത്തു കളയാതിരിക്കണം. ഈ ലോകത്തു നിന്നിലുള്ള ഭക്തി ഒന്നു മാത്രം മതി എനിക്ക്, മറ്റൊന്നും എനിക്ക് ആവശ്യമില്ല" എന്നു പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ പൊരുളായി. അരുളുമായി.

പൊരുളില്ലെങ്കില്‍ അരുളില്ല

അതാണ്‌ ഗീതയുടെ മര്‍മ്മരം.

അതാണ്‌ സുവിദിതമായ യജ്ഞസങ്കല്‍പ്പം.

[യോഗഃ അപ്രാപ്തസ്യ പ്രാപണം; ക്ഷേമഃ തദ്രക്ഷണം. പ്രാപിക്കാത്ത വസ്തുവിന്‍റെ പ്രാപ്തിയാണ് യോഗം. പ്രാപിച്ച വസ്തുവിന്‍റെ രക്ഷണം ക്ഷേമം]

22/12/2018

പുലയും വാലായ്മയും

മരിച്ചയളിന്ടെ ഉറ്റബന്ധുക്കളും പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കളും പാലിക്കുന്ന ആശുദ്ധിയാണ് പുലവാലായ്മകള്‍. പ്രസവിച്ച സ്ത്രീയുടെ ഉറ്റബന്ധുക്കള്‍ പതിനൊന്നുദിവസത്തേക്ക് ക്ഷേത്രദര്‍ശനം പാടില്ല. നാലമ്പലത്തില്‍ കടക്കരുതെന്നാണ് നിബന്ധന. പതിനോന്നുരാത്രിക്ക് ശേഷം കുളിച്ച് ശുദ്ധമായി നാലമ്പലത്തില്‍ കടന്നു ദേവ ദര്‍ശനം നടത്താം. ഈ ആശുദ്ധിക്ക് ചില സ്ഥലങ്ങളില്‍ പെറ്റപുലയെന്നും ചില സ്ഥലങ്ങളില്‍ വാലായ്മയെന്നും പറയും. വര്‍ണഭേദമനുസരിച്ച് ഉറ്റബന്ധുക്കളുടെ പട്ടികയ്ക്ക് വ്യത്യാസമുണ്ട്.ഒരാള്‍ മരിച്ചാല്‍ ഉറ്റബന്ധുക്കള്‍ പാലിക്കുന്ന ആശുദ്ധിക്കു പുല എന്നു പറയുന്നു. പതിനഞ്ചുദിവസം മരണാനന്തരകര്‍മങ്ങള്‍ കഴിച്ച് പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാള്‍ പിതൃവിനെ സ്വര്‍ഗലോകത്തെക്ക് ഉദ്വസിച്ചശേഷമേ ക്ഷേത്രദര്‍ശനം പാടുള്ളൂ. പതിനാറുരാത്രി കഴിഞ്ഞാല്‍ പുലവീടും. ദേഹത്തില്‍നിന്നു വേര്‍പെടുന്ന ജീവാത്മാവ് സൂക്ഷ്മശരീരിയാണ്. ഷോഡശപിണ്ഡദാനംകൊണ്ട് പരേതാല്‍മാവിനു അവയവ പൂര്‍ത്തിവരുത്തിയാണ് സ്വര്‍ഗലോകത്തെക്ക് ഉദ്വസിക്കുന്നത് എന്നു വിധി. പിതൃഗതി വരുത്തിന്നു എന്നും ഇതിനു പറയും. യഥാവിധി പിതൃഗതി വരുത്തുന്നില്ലെങ്കില്‍ പരേതാത്മാവ് ഗതികിട്ടാതെ പ്രേതമായി അലയുമെന്നും അനുശാസിക്കുന്നു.

ഗൃഹശുദ്ധി

പുലവാലായ്മകള്‍ കഴിഞ്ഞാല്‍ പുണ്യാഹം തളിച്ച് ഗൃഹത്തില്‍ ശുദ്ധിവരുത്തെണ്ടാതാണ്. പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ശേഷമേ പുണ്യ സ്ഥാനങ്ങളില്‍ കടക്കാവു.

ഇതുകൂടാതെയും നിത്യേനയുള്ള ഗൃഹശുദ്ധി ആവശ്യമാണ്‌. ഉദയത്തിനു മുന്‍പ് മുറ്റം അടിച്ച് വെള്ളം തളിച്ച് ശുദ്ധമാക്കണം. രാവിലെ മുറ്റമടിച്ച് വാരിക്കൂട്ടുന്ന ചപ്പുചവറുകള്‍ മുട്ടത്തു കൂട്ടിയിടാതെ അപ്പോള്‍ത്തന്നെ വാരിക്കളയണം.ഗൃഹത്തിനുള്ളിലും രാവിലെ തൂത്തു വൃത്തിയാക്കി വെള്ളം തളിക്കുകയും ഉമ്മറപ്പടി കഴുകുകയും വേണം. ചില വടക്കന്‍ ജില്ലകളില്‍ ഉമ്മറപ്പടി കഴുകാതെ ആരും യാത്രപോകില്ല.വൈകുന്നേരവും ഗൃഹവും മുറ്റവും തൂത്തു വൃത്തിയാക്കി വെള്ളം തളിക്കണം. വൈകുന്നേരം മുറ്റമടിച്ചു വാരികൂട്ടുന്ന ചപ്പുചവറുകള്‍ മുറ്റത്തിന്ടെ മൂലയില്‍ കൂട്ടിവയ്ക്കുകയോ ചെയ്യാവു. വാരികളയരുത്. സന്ധ്യക്കു മുന്‍ബായിട്ടു വേണം ഇതു ചെയ്യുവാന്‍. ഈ സമയം വീടിനു മുന്‍വശമുള്ള മുറ്റം മാത്രമാണ് തൂക്കുക. കുറ്റിചൂലുകൊണ്ടാണ് മുറ്റം തൂക്കെണ്ടത്.രാവിലെ കിഴക്കോട്ടും വൈക്കുന്നേരം പടിഞ്ഞാട്ടും സൂര്യന് അഭിമുഖമായി മുറ്റമടിക്കരുത്. മുറ്റമടിച്ച ശേഷം കാലും മുഖവും കൈകളും കഴുകിയിട്ടെ ഗൃഹത്തില്‍ കടക്കാവു.

AUTHOR UNKNOWN

ഹിന്ദു ദിനചര്യകള്‍

1. രാത്രിയിലെ ഒടുവിലത്തെ യാമത്തിന്റെ മൂന്നാമത്തെ മുഹൂര്‍ത്തത്തിനു ബ്രാഹ്മ മുഹൂര്‍ത്തമെന്നു പേരാകുന്നു ( ഉദയത്തിനു രണ്ടു മണിക്കൂര്‍ മുന്‍പേ) ഈ സമയത്ത് എഴുന്നേല്‍ക്കണം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞ്ഞെഴുന്നേല്‍ക്കണം. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിർത്തുവാൻ ഇത് നന്ന്.

രാത്രേ: പശ്ചിമയാമസ്യമുഹൂര്‍ത്തോ യസ്തൃതീയക:
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിത: സ ച ബോധനേ

2. ഏഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിയ്ക്കണം

കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം

കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.

3. എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം

സമുദ്രവസനേ ദേവി
പര്‍‌വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ

സമുദ്രത്തെ വസ്ത്രമാക്കി അണിയുകയും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കി വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിയ്ക്കുന്നതു മായ അമ്മേ എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

4. മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., പഴുത്തമാവിലയും ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം. എണ്ണ തേച്ചുള്ള മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം., അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം.

5. പിന്നെ ചെന്ന് പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .

6. ജഗത്പിതാവാം സർവ്വേശ്വരന്റെ പാദത്തില് പ്രണമിക്കണം.

7. വിശ്വത്തിനു ഊര്ജ്ജം നല്കും സൂര്യദേവനെ വണങ്ങണം.

8. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. . പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌..

9. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.

10. അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ. വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്‌. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌. ആഭരണം ധരിക്കാതിരിക്കരുത്‌. ,മുടി അഴിച്ചിട്ട്‌ നടക്കരുത്‌ ,തലമുണ്ഡനം ചെയ്യരുത്‌, പൂജിക്കാത്ത പുഷ്പങ്ങള്‍ ചൂടരുത്.

11. വിവാഹിതകള്‍ സിന്ദൂരം ധരിക്കാതിരിക്കരുത്‌. തലമുടി ചീപ്പില്‍ കെട്ടികിടക്കരുത്‌., തലമുടി ചീകുമ്പോള്‍ മുടിതാഴെ വീണുകിടക്കാന്‍ പാടില്ല. ഇടത്തോട്ട്‌ മുണ്ട്‌ ഉടുക്കരുത്‌, വെളിയില്‍ ലുങ്കിധരിച്ച്‌ പോകരുത്‌..

12. ചിന്തയും വാക്കും ശുദ്ധമാക്കാൻ ഇപ്പോഴും ശ്രമിക്കേണം

13. അടുത്തുള്ള അമ്പലത്തിൽ ദർശനം പതിവാക്കണം.

14. ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് കരിഞ്ഞ്‌ നിന്ന് തൊഴണം ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കാതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.

15. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്‌..

16. ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ.അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശില്‍ വെക്കുക.

17. ക്ഷേത്ര പ്രദിക്ഷണം കഴിഞ്ഞു അൽപസമയം ക്ഷേത്രത്തിൽ ഇരിക്കണം

18. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമാണു. ,ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലം പിരി ശംഖ്‌, ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കരുതിവരുന്നു.

19. പഠിക്കുന്ന കുട്ടികൾ ഗൃഹപാഠങ്ങൾ നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീർക്കേണ്ടത് അന്നന്ന് തന്നെ തീർക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.

20. പാഠശാലയിലെത്താൻ വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം മാതാ പിതാക്കളെ . ഗുരുപാദവും വണങ്ങേണം.

21. സ്നേഹിക്കേണം മുതിർന്നവരെ , കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.

22. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലെങ്കിൽ ജീവിതം ദുഃഖ പൂര്ണ്ണമായിടും.

23. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.

24. ത്യാഗ ബുദ്ധി വളർത്തണം . ത്യാഗം ആനന്ദമേകീടും.

25. പറന്നു പോയ കിളികളെപിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.

26. ആരോടും ദേഷ്യത്തോടെ സംസാരിക്കരുത്. ദുഷ്ടൻ ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.

27. ആർഷ ധർമ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം. 
ഞാനെന്ന ഭാവമില്ലാതെ ഞാനാരെന്ന് തിരക്കണം.

28. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള ശ്രദ്ധിച്ച് കേൾക്കണം . 
അതുപോലെ ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കണം.

29. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കർമ്മങ്ങളാൽ ജീവിതം ധന്യമാക്കണം.

30. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.

31. വീട്ടിൽ സന്ധ്യാദീപം കൊളുത്തേണം. ശുദ്ധമായ് ചേർന്നിരുന്നു ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ ആ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.., ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക. സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

32. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.

33. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.

34. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാൻ കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം –

“തന്മേ മന: ശിവസങ്കല്പമസ്തു”

[ അർത്ഥം – എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ]

35. നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍ , മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.