12/10/2013

കടല്‍കടത്തിയ യോഗിനിയുടെ മടങ്ങിവരവ്‌




ബ്രിട്ടനിലെ പ്രശസ്‌തമായ ഒരു മ്യൂസിയത്തിന്റെ വെബ്‌സെറ്റ്‌ തുറന്നശേഷം ഏതെങ്കിലും രാജവംശത്തിന്റെ പേര്‌ പറയാന്‍ നാഷണല്‍ മ്യൂസിയം ഡയറക്‌ടര്‍ ജനറല്‍ ഡോ. വേണു പറഞ്ഞു. എന്തുകൊണ്ടാണെന്നറിയില്ല, 'ചോളരാജവംശം' എന്ന പേരാണ്‌ മനസിലേക്ക്‌ ഓടിവന്നത്‌. സൈറ്റിന്റെ സെര്‍ച്ച്‌കോളത്തില്‍ 'ചോള' എന്ന്‌ ടൈപ്പ്‌ ചെയ്‌തപ്പോള്‍ ചോളകാലഘട്ടത്തിലെ വിവിധ ശില്‍പങ്ങളുടെ ഫോട്ടോകളാല്‍ കമ്പ്യൂട്ടര്‍ നിറഞ്ഞു. തെക്കേ ഇന്ത്യയുടെ ശില്‍പചാതുര്യം നിറഞ്ഞുതുളുമ്പുന്ന ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്ക്‌ അവകാശപ്പെടാന്‍പോലും കഴിയില്ല. കാരണം ഇതെല്ലാം ബ്രിട്ടീഷ്‌ മ്യൂസിയത്തിന്റെ സ്വന്തം സ്വത്തായി മാറിക്കഴിഞ്ഞു.

സൗന്ദര്യം കവിഞ്ഞൊഴുകുന്ന ശില്‍പങ്ങള്‍ ബ്രീട്ടീഷ്‌ ഭരണകാലത്തുതന്നെ കടല്‍കടത്തിയിരുന്നു. സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ്‌ കടത്തിയതൊന്നും കള്ളക്കടത്തല്ലെന്നു നിയമം കൂടിയുണ്ടാക്കിയതോടെ സ്വന്തം പൈതൃകം പോലും അവകാശപ്പെടാന്‍ ഇന്ത്യക്കാര്‍ക്ക്‌ അര്‍ഹതയില്ലാതായി. മയൂരസിംഹാസം മാത്രമല്ല കോടിക്കണക്കിനു രൂപയുടെ വിലമതിക്കുന്നവയും വില ഇനിയും ഗണിച്ചെടുക്കാന്‍ കഴിയാത്തതുമായ നിരവധി അമൂല്യവസ്‌തുക്കളാണ്‌ രാജ്യത്തിനു പുറത്ത്‌ വിവിധ മ്യൂസിയങ്ങളില്‍ കാഴ്‌ചവസ്‌തുക്കളായിരിക്കുന്നത്‌. പുറത്തേക്കു പോയതെന്നും രാജ്യത്തിലേക്കു വരില്ലെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ 1100 വര്‍ഷത്തെ പഴക്കമുള്ള യോഗിനി പ്രതിമ ഫ്രാന്‍സില്‍നിന്നു മടങ്ങിവരുന്നത്‌.

പാരീസില്‍ പുരാവസ്‌തു ശേഖരം സ്വന്തമായിട്ടുണ്ടായിരുന്ന സ്‌ക്രിംഫ്‌ മരിക്കുന്നതിനുമുമ്പേ ഭാര്യയെ ഒരു കാര്യം പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു. തന്റെ ശേഖരണശാലയില്‍നിന്ന്‌ എരുമയുടെ തലയും സ്‌ത്രീ ശരീരവുമുള്ള സുന്ദരിയായ പ്രതിമയെ ഇന്ത്യക്ക്‌ തിരിച്ചുകൊടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അമ്മ ദൈവങ്ങള്‍

സിന്ധു നദീതടസംസ്‌കാരം മുതലക്കേ ഇന്ത്യയില്‍ അമ്മദൈവം സംസ്‌കാരമുണ്ട്‌. സപ്‌തമാതാക്കളായും അഷ്‌ടമാതാക്കളായും മാറിയ അമ്മദൈവത്തെ പിന്നീട്‌ 64 രൂപത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി. ഇവരെ യോഗിനിമാര്‍ എന്നു വിശ്വാസികള്‍ വിളിക്കാന്‍ തുടങ്ങി. ഉപാസിക്കുന്നവര്‍ക്കു മന്ത്രശക്‌തിയും സിദ്ധിയും ലഭിക്കുമെന്നു പ്രചരിച്ചതോടെ 64 യോഗിനിമാര്‍ക്കും ക്ഷേത്രങ്ങളായി. മുയല്‍, ആട്‌, കരടി, എരുമ, പന്നി എന്നിങ്ങനെ ഓരോ മൃഗങ്ങളുടെ തലയും സുന്ദരമായ സ്‌ത്രീശരീരവുമാണ്‌ യോഗിനിശില്‍പങ്ങളുടെ പ്രത്യേകത. ഉത്തര്‍പ്രദേശ്‌ മുതല്‍ തമിഴ്‌നാട്‌ വരെയുള്ള സ്‌ഥലങ്ങളിലാണ്‌ യോഗിനി ക്ഷേത്രങ്ങളുണ്ടായിരുന്നത്‌.

വന്‍വിലയ്‌ക്ക് യോഗിനി ശില്‍പങ്ങള്‍ ഏറ്റുവാങ്ങാന്‍ വിദേശികള്‍ തയാറായതോടെ ക്ഷേത്രം തകര്‍ത്തായാലും പ്രതിമകള്‍ കടത്താന്‍ശ്രമം തുടങ്ങി. അങ്ങനെ ഉത്തര്‍പ്രദേശിലെ ബാന്‌ഡ ജില്ലയിലെ ലോകാരി യോഗിനി ക്ഷേത്രത്തില്‍നിന്ന്‌ യോഗിനി വിഗ്രഹങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങി. അങ്ങനെയാണ്‌ നാലര അടി ഉയരവും നാന്നൂറു കിലോയിലധികം ഭാരവുമുള്ള യോഗിനി പ്രതിമ കറങ്ങിത്തിരിഞ്ഞ്‌ സ്‌ക്രിംഫിന്റെ ശേഖരത്തിലെത്തുന്നത്‌. സ്‌ക്രിംഫിന്റെ മരണശേഷം എരുമയുടെ തലയുള്ള വൃഷാനന യോഗിനിയെ മിസിസിസ്‌ സ്‌ക്രിംഫ്‌ 2008 ല്‍ പാരീസിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. യോഗിനിയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ അന്നുമുതല്‍ എംബസി കത്ത്‌ അയയ്‌ക്കാറുണ്ടെങ്കിലും മ്യൂസിയം അധികൃതര്‍ കണ്ട ഭാവം പോലും നടിച്ചില്ല.

ഈ വര്‍ഷം തുടക്കത്തില്‍ ഡയറക്‌ടര്‍ ജനറലായി ചുമതലയേറ്റ വേണു പഴയ ഫയലുകള്‍ പരതിയപ്പോഴാണ്‌ എംബസിയുടെ ഗോഡൗണില്‍ ശ്വാസംമുട്ടുന്ന യോഗിനിയുടെ വിളി കേട്ടത്‌. യുനസ്‌കോയുടെ പരിപാടിക്കായി കേന്ദ്രസാംസ്‌കാരിക മന്ത്രി ചന്ദ്രേഷ്‌ കുമാരി കട്ടോച്ച്‌ പാരീസിലേക്കു പുറപ്പെടുന്ന സമയമായിരുന്നു. യോഗിനിയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യം അഭ്യര്‍ഥനാരൂപത്തില്‍ അവതരിപ്പിച്ചു. പാരീസ്‌ ഇന്ത്യന്‍ എംബസിയിലെത്തിയ ശേഷം യോഗിനിയെ കണ്ടകാര്യം മന്ത്രി വേണുവിനെ വിളിച്ചറിയിച്ചു. യോഗിനിയെ തിരിച്ചുകൊണ്ടുവരണമെന്നു മന്ത്രിക്കും താല്‍പര്യമായി.

ഇന്ത്യന്‍ എംബസിയിലാണ്‌ ഇരിക്കുന്നതെങ്കിലും കൊണ്ടുപോകുന്നതിനായി ഇന്ത്യയുടേതാണെന്നു തെളിയിക്കുന്ന രേഖകള്‍ വേണമെന്നായി ഫ്രാന്‍സ്‌. രേഖകളുമായി ക്യൂറേറ്റര്‍ ഡോ. ദോഷന്‍, കണ്‍സര്‍വേഷന്‍ വിദഗ്‌ധന്‍ ഡോ. ജയിന്‍ എന്നിവര്‍ ഫ്രാന്‍സിലേക്കു തിരിച്ചു. യോഗിനിമാരെക്കുറിച്ച്‌ പ്രതിപാദിച്ച്‌ 1986ല്‍ വിദ്യാ ദഹീജ എഴുതിയ പുസ്‌തകമായിരുന്നു പ്രധാന തെളിവ്‌.
1986 ല്‍ ലോഖാരിയില്‍ പോയി എടുത്ത ഫോട്ടോ പുസ്‌തകത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. കള്ളക്കടത്ത്‌ നടത്തിയത്‌ 25 വര്‍ഷത്തിനുള്ളിലാണെന്നതിന്റെ സംസാരിക്കുന്ന തെളിവായിരുന്നു ആ ചിത്രം. പുസ്‌തകം കണ്ടതോടെ മറ്റൊരു സംശയവും ബാക്കിയുണ്ടായില്ല. പാതിയടച്ച കണ്ണുകളുമായി ഇന്ത്യയിലേക്കുള്ള മടക്കം കാത്തിരിക്കുന്നത്‌ പോലെ ക്യുറേറ്റര്‍മാര്‍ക്ക്‌ തോന്നി.

ഇടംകൈയില്‍ ആയുധവും വലംകൈയില്‍ ബില്വപഴവും പിടിച്ച്‌ അരയന്നത്തിന്റെ പുറത്തിരിക്കുന്ന വൃഷാനന യോഗിയെ ഇന്ത്യക്ക്‌ വിട്ടുകൊടുക്കാന്‍ ഫ്രാന്‍സ്‌ തീരുമാനിച്ചു. അപേക്ഷ വാങ്ങി മണിക്കൂറുകള്‍കള്‍ക്കുള്ളില്‍ അനുമതിയായി. ശില്‍പങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്ന ഏജന്‍സിയെ ഏല്‍പിച്ചെങ്കിലും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ഞെഞ്ചിടിപ്പു മാറിയില്ലെന്നു ഡോ. ദോഷന്‍ പറയുന്നു. 1100 വര്‍ഷം പഴക്കമുള്ള മോഷണമുതലാണ്‌ തിരിച്ച്‌ മാതൃസ്‌ഥാനത്തെത്തുന്നത്‌. ഓഗസ്‌റ്റില്‍ എത്തിയ ശില്‍പം കഴിഞ്ഞമാസം മുതല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്‌ വച്ചിരിക്കുകയാണ്‌. 54 വര്‍ഷം മുമ്പ്‌ ആരംഭിച്ച ഈ മ്യുസിയത്തിലാണ്‌ അയ്യായിരം വര്‍ഷത്തിലധികം വരുന്ന സംസ്‌കാരത്തിന്റെ തിരുശേഷിപ്പിപ്പുകള്‍ ഉള്ളത്‌.

രാജകീയമായ രീതിയില്‍ വൃഷാനനയോഗിയെ മാത്രമായിട്ടാണ്‌ ഇപ്പോള്‍ പ്രദര്‍ശനം. രാജ്യത്ത്‌ ആദ്യമായിട്ടാണ്‌ ഒരു പ്രതിമ മാത്രമായി പ്രദര്‍ശനം നടത്തുന്നത്‌. യോഗിനിയുടെ മടങ്ങിവരവ്‌ (റിട്ടേണ്‍ ഓഫ്‌ യോഗിനി) എന്നാണ്‌ സോളോ പ്രദര്‍ശനത്തിനു പേരു നല്‍കിയിരിക്കുന്നത്‌.
രാജ്യത്തെ ഏറ്റവും വലിയ മ്യൂസിയമായ നാഷണല്‍ മ്യൂസിയത്തില്‍ ആഘോഷപൂര്‍വം നടക്കുന്ന പ്രദര്‍ശനത്തിന്‌ ഇന്നു തിരശീല വീഴും. എക്‌സിബിഷന്‍ കഴിഞ്ഞാലും മ്യൂസിയത്തിലെ പ്രധാനഭാഗത്ത്‌ യോഗിനി ഉണ്ടാകും. എക്‌സിബിഷന്‍ ചുവരുകളില്‍ യോഗിനി ഇരുന്ന പഴയ ലോഖാരി ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയും ചിത്രീകരിച്ചിട്ടുണ്ട്‌. പല യോഗിനിമാരുടേയും തലയും കൈയുമെല്ലാം മോഷണശ്രമത്തില്‍ വേര്‍പെട്ട്‌ പല കഷ്‌ണങ്ങളായി. ക്ഷേത്രത്തിന്റെ ചുവരുകള്‍ തകര്‍ന്നു.
പ്രദര്‍ശനം കണ്ടിറങ്ങുമ്പോള്‍ മനസില്‍ ഒരു തരം വിങ്ങലാണ്‌. ഏതായാലും ശില്‍പങ്ങള്‍ പലതും വിദേശ മ്യൂസിയത്തിലായത്‌ നന്നായെന്ന്‌ ഇടയ്‌ക്ക് ഓര്‍ത്തു. അവിടെയങ്കിലും അവ സുരക്ഷിതമായിരിക്കുമല്ലോ. കൈയും കാലും വേര്‍തിരിഞ്ഞ്‌ മണ്ണില്‍ പൂണ്ടു കിടക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ കടലിനക്കരെ അതേ രൂപത്തിലിരിക്കുന്നത്‌.


ഡി. ധനസുമോദ്‌

Story Dated: Sunday, October 6, 2013 02:16

No comments: