14/10/2013

ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ വിപ്ലവം - അമ്മ അമൃതാനന്ദമയി

ശ്രീനാരായണഗുരുദേവന്‍  വാക്കുകൊണ്ട് വിശദീകരിക്കേണ്ട ഒരു വിഷയവുമില്ല. അനുഭവിച്ചറിയേണ്ട ഒരു പ്രതിഭാസമാണ്.

അനുഭവിച്ചാല്‍പ്പിന്നെ നമുക്ക് പറയാന്‍ അധികമുണ്ടാകില്ല. സത്യത്തെ അസത്യമായും ധര്‍മ്മത്തെ അധര്‍മ്മമായും കരുതുമ്പോഴാണ് സമൂഹം വഴിതെറ്റിപ്പോകുന്നത്. അങ്ങനെ വഴിതെറ്റാന്‍ തുടങ്ങിയ സമൂഹത്തെ മുഴുവന്‍ രക്ഷിച്ച മഹാത്മാവാണ് ഗുരുദേവന്‍.

ഗുരുദേവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഓര്‍മവരുന്നത് ഒരു തീര്‍ഥാടകന്റെ കഥയാണ്. ഒരിക്കല്‍ ഒരു തീര്‍ഥാടകന്‍ നടന്നു പോവുമ്പോള്‍ അനേകം ശില്‍പികല്‍ ഇരുന്ന് ശില്പ്പങ്ങള്‍ കൊത്തുന്നത് കാണാനിടയായി. 

ആദ്യം കണ്ട ശില്പിയോട് ആ തീര്‍ഥാടകന്‍ ചോദിച്ചു. ‘നിങ്ങളെന്താണ് ചെയ്യുന്നത്?’

അദ്ദേഹം മുഖം പോലും ഉയര്‍ത്താതെ വലിയ ഗൗരവത്തില്‍ ദേഷ്യഭാവത്തോടെ പറഞ്ഞു.’നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാവില്ലേ? ശല്യപ്പെടുത്താതെ ഇവിടെ നിന്ന് പോവുക’. ആ തീര്‍ഥാടകന്‍ മുന്നോട്ടുപോയി. അടുത്തുകണ്ട വേരൊരു ശില്പിയോട് ചോദിച്ചു. ‘നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ അപ്പോള്‍ ആ ശില്പി അലസഭാവത്തില്‍ എഴുന്നേറ്റ് ഉളിയും കൊട്ടുവടിയുമൊക്കെ താഴെയിട്ടിട്ട്, ആ തീര്‍ഥാടകന്റെ മുഖത്തേക്ക് ഉറ്റുനോക്കി. ദീര്‍ഘശ്വാസം വിട്ടുകൊണ്ടു  പറഞ്ഞു: ’എന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യുകയാണെന്നു കണ്ടാല്‍
മനസ്സിലാവില്ലേ?’ 

തീര്‍ഥാടകന്‍ ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി.

അവിടെ മറ്റൊരു ശില്പി പാട്ടും പാടിക്കൊണ്ട് വിഗ്രഹം കൊത്തുകയാണ്. തീര്‍ഥാടകന്‍ ചോദിച്ചു :’നിങ്ങള്‍ എന്താണ് ചെയ്യുന്നത്?’ 
ആ ശില്പി പുഞ്ചിരിതൂകിക്കൊണ്ട് വിനയഭാവത്തില്‍ പറഞ്ഞു:’വിഗ്രഹം കൊത്തുകയാണ്’. അദ്ദേഹം പാട്ടും പാടി വീണ്ടും ശില്പംകൊത്താന്‍ തുടങ്ങി. 

ഇവിടെ മൂന്നുപേരും ഒരേ ജോലിയാണ് ചെയ്യുന്നത്. പക്ഷേ, അവരുടെ മനോഭാവം വ്യത്യസ്തമായിരുന്നു.

ആദ്യത്തെയാള്‍ ശപിച്ചുകൊണ്ട് ജോലിചെയ്യുകയാണ്. രണ്ടാമത്തെയാള്‍ വയറ്റിപ്പിഴപ്പിന് വേണ്ടി ജോലിചെയ്യുകയാണ്. മൂന്നാമത്തെയാള്‍ ആ കര്‍മം സന്തോഷത്തോടെ ഒരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.

ഗുരുദേവന്‍ നിസ്സംഗനായിരുന്നു. അതുകൊണ്ട് ആത്മീയവിപ്ലവത്തിലൂടെ ഒരു
ശുദ്ധികലശം നടത്താനും അതിലൂടെ സാമൂഹ്യപ്രവര്‍ത്തനത്തിനു തുടക്കം കുറിക്കാനും സാധിച്ചു. ഗുരുദേവനെപ്പോലെയുള്ള കര്‍മയോഗികള്‍ക്ക് മാത്രമേ സമൂഹത്തില്‍ യഥാര്‍ഥ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ.

വാസ്തവത്തില്‍ മറ്റൊരു കുരുക്ഷേത്രയുദ്ധമായിരുന്നു ഗുരുദേവന്‍ നയിച്ചത്. പക്ഷേ, ആയുധം കൊണ്ടുള്ള യുദ്ധമായിരുന്നില്ല അത്. ധര്‍മനിഷ്ടയും സദാചാരബോധവുമായിരുന്നു അദ്ദേഹം ആയുധമാക്കിയത്. അതില്‍ ഉറച്ചുനിന്ന് നിശ്ചയാദാര്‍ഢ്യത്തോടെ തന്നെ അദ്ദേഹം അധര്‍മത്തോടും അനാചാരത്തോടും സമരം ചെയ്തു. 

ആധ്യാത്മികമായ ശക്തിയും കര്‍മധീരതയും പാണ്ഡിത്യവും തികഞ്ഞ വ്യക്തിയായിരുന്നു ‍ഗുരുദേവന്‍. ഗുരുദേവന്‍ ബാല്യത്തിലേ വ്യത്യസ്തനായിരുന്നു. ഏകാന്തതയിലിരുന്ന് ജീവിതവൈരുദ്ധ്യങ്ങളുടെ ആഴത്തെക്കുറിച്ച് ചിന്തിച്ചു. അവധൂതനായി നടക്കുന്ന സമയത്ത് കേരളത്തിലെ അവര്‍ണരുടെ ദയനീയാവസ്ഥ നേരിട്ട് കണ്ടറിഞ്ഞു. അതിനുശേഷം മുറികെപ്പിടിച്ചിരുന്ന അദ്വൈതമായിരുന്ന ആത്മീയശക്തി ഉപയോഗിച്ച് സ്വാര്‍ത്ഥ താപര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അധര്‍മചാരികളോടുള്ള ധര്‍മയുദ്ധമായിരുന്നു. ധര്‍ത്തെ രക്ഷിച്ചാല്‍ ധര്‍മം നമ്മളെ രക്ഷിക്കുമെന്നുള്ള ശ്രുതിവാക്യത്തെ സത്യമാക്കിത്തരുന്നു ഗുരുദേവന്‍.

സന്ന്യാസിമാര്‍ സമൂഹസേവനം വ്രതമായി സ്വീരിക്കണം എന്നതായിരുന്നു
ഗുരുവിന്റെ മതം. സന്ന്യാസത്തെക്കുറിച്ചും സന്ന്യാസിമാര്‍ക്ക് സമൂഹത്തോടുള്ള കടമകളെക്കുറ്ച്ചും ഗുരുദേവന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

സന്ന്യാസിമാരെക്കുറിച്ച് അമ്മയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. സംന്യാസിമാര്‍ മമതയില്ലാതെ കര്‍മം ചെയ്യണം. സമര്‍പ്പണംകൊണ്ടു മാത്രമേ അതു സാധിക്കുകയുള്ളൂ. ഹൃദയംനിറഞ്ഞ കാരുണ്യവും ത്യാഗവും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി സ്വയം സുഖം ത്യജിച്ചുകൊണ്ടുള്ള സന്തോഷവുമാണ് സംന്യാസത്തെ വ്യത്യസ്തവും അതുല്യവുമാക്കുന്നത്. യഥാര്‍ഥ സംന്യാസിക്കു മാത്രമേ യഥാര്‍ഥ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ. സംന്യാസി എന്നു പറയുമ്പോള്‍ കാഷായവസ്ത്രം ധരിക്കുക മാത്രമല്ല, എല്ലാവരെയും സകല ചരാചാരങ്ങളെയും സ്നേഹിക്കുകയും വേണം. അവരുടെ സന്തോഷത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. അതായത് ലോകത്തെയാകെ സ്നേഹിക്കാന്‍ കഴിയണം എന്നര്‍ഥം.

അനാചാരം, അജ്ഞത, അലസത എന്നിവയോട് പടപൊരുതുമ്പോള്‍ ഗുരുദേവന് നിസ്സംഗതയും കരുണയും ഉണ്ടായിരുന്നു. അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്പോഴും അതിനെ അവഗണിച്ചവരെയും അദ്ദേഹം സ്നേഹത്തോടെ പരിഗണിച്ചിരുന്നു.

സമൂഹത്തില്‍ നിയമം കൊണ്ടു വരാന്‍ അധികാരവും പദവിയും വേണം പക്ഷേ, ആ അധികാരവും പദവിയും മമതയില്ലാതെ ഉപയോഗിക്കാന്‍ പഠിക്കണം. അതാണ് ഗുരുദേവന്‍

ലോകത്തിന് കാട്ടിതന്ന ഉപദേശവും മാതൃകയും. ഗുരുദേവനെപ്പോലെയുള്ള മഹാത്മാക്കളുടെ വാക്കുകളും പ്രവൃത്തികളുമാണ് മക്കള്‍ ചൂണ്ടു പലകയായി ജീവിതത്തില്‍ സ്വീകരിക്കേണ്ടത്.

കടപ്പാട്: മാതൃഭുമി

1 comment:

MANOJ KUMAR B said...

comment is requested