25/10/2013

നിലയ്ക്കല്‍ പ്രക്ഷോഭം


1983 മാര്‍ച്ച് 24ന് ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലയ്ക്കല്‍ പ്രദേശത്ത് ആരോ കുരിശുവെച്ചിരിക്കുന്നുവെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് നാട്ടിലെങ്ങും വ്യാപിച്ചത്. കുരിശുകൂട്ടി തയ്യാറാക്കിയ പ്രചണ്ഡമായ പ്രചരണപരിപാടികള്‍ വളരെ ആസൂത്രിതമായി ക്രൈസ്തവ സഭാനേതൃത്വം ആരംഭിച്ചു. പ്രമുഖ ദിനപത്രങ്ങളായ മലയാളമനോരമ, മാതൃഭൂമി, ദീപിക തുടങ്ങിയ നിലയ്ക്കലില്‍ ഏ.ഡ.52ലെ കുരുശ് കണ്ടെടുത്തുവെന്ന് ഫ്‌ളാഷ് ന്യൂസുകള്‍ പുറത്തുവിട്ടു.

സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളിയായ നിലയ്ക്കല്‍ പള്ളി കണ്ടെടുത്തതിലുള്ള ആഹ്ലാദാരവങ്ങള്‍ നാടെങ്ങും മുഴങ്ങി. ക്രൈസ്തവ വിശ്വാസികളുടെ ശക്തമായ പ്രവാഹമായിരുന്നു പിന്നീട് നിലയ്ക്കലേയ്ക്ക്. ഹൈന്ദവസമൂഹം എന്തു ചെയ്യണമെന്ന് അറിയാതെ അല്പമൊന്നു പതറി. കുരിശിനുവേണ്ടി പത്രങ്ങളില്‍ മുഖപ്രസംഗങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും വന്നതോടെ പ്രചാരണത്തില്‍ ക്രൈസ്തവവിഭാഗം മേല്‍കൈ നേടി. നിലയക്കല്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്‌റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്‍ഡുകള്‍ ഉയര്‍ന്നു. ശബരിമല റോഡില്‍ നിലയ്ക്കല്‍ ജംഗ്ഷനില്‍ വലിയൊരു കമാനമുയര്‍ത്തി ഗ്ലീബാനഗര്‍.

ഹിന്ദുക്കളെ നിലയ്ക്കലേക്ക് പോകാന്‍ പോലീസും സഭാ വിശ്വാസികളും അനുവദിച്ചില്ല. സമീപ സ്ഥലങ്ങളായ നാറാണംതോട്, അട്ടത്തോട്, മീലക്കയം, പമ്പാവാലി തുടങ്ങിയ സ്ഥലങ്ങളിലെ ഹിന്ദുക്കള്‍ എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലും മനോവേദനകളിലുമായി.

ഞാന്‍ പൂജ്യസ്വാമി തിരുവടികളെ കിട്ടിയ വിവരങ്ങള്‍ ധരിപ്പിച്ചു. മാര്‍ച്ച് 27-ാം തീയതി രാവിലെ ആശ്രമത്തിലെത്തി ഭാവി പരിപാടികളെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു ഉടനെ നിലയ്ക്കലേയ്ക്ക് പോകണമെന്നായി സ്വാമിജി. ഞാന്‍ തടഞ്ഞു. വിവരങ്ങള്‍ ആദ്യം മനസ്സിലാക്കണമെന്നും അതിനുശേഷം കാര്യങ്ങള്‍ ചിന്തിക്കാനുമുള്ള സ്വാമിജിയുടെ മാര്‍ഗ്ഗോപദേശം അനുസരിച്ച് നിലയ്ക്കലേക്ക് ആദ്യത്തെ ഹിന്ദു നേതൃ സംഘം യാത്രയായി. യാത്ര തിരിക്കുമ്പോള്‍ ഒരു കാര്യം തൃപ്പാദങ്ങള്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആ കുരിശു വച്ചവര്‍ തന്നെ എടുത്തു കൊണ്ടു പൊയ്‌ക്കോളും അതു വച്ചവനും കൂട്ടു നിന്നവനും അനുഭവിക്കുകയും ചെയ്യും ആ വാക്കുകള്‍ ഞങ്ങള്‍ക്ക് എല്ലാം ആത്മവിശ്വാസം പകര്‍ന്നു. പത്തനംതിട്ട ജില്ലാ. ആര്‍. എസ്സ്.എസ്സ്. പ്രചാരക് എം.എം കൃഷ്‌ണേട്ടനും മുതിര്‍ന്ന കാര്യകര്‍ത്താക്കളും അടങ്ങുന്ന വലിയ ഒരു സംഘം പ്രവര്‍ത്തകര്‍ മൂന്നു ജീപ്പുകളിലായി നിലയ്ക്കലെത്തി. മാരകായുധങ്ങളുമായി എന്തിനും തയ്യാറായി നില്‍ക്കുന്ന വാടകഗുണ്ടകളുടെ നടുവിലേക്കാണ് ഞങ്ങള്‍ ചെന്നിറങ്ങിയത്. കാവിക്കൊടിവച്ച ജീപ്പ് കണ്ടപ്പോള്‍ തന്നെ അവര്‍ മുറുമുറുത്തു തുടങ്ങി. ഞങ്ങള്‍ വാഹനങ്ങള്‍ നിലയ്ക്കല്‍ ക്ഷേത്ര സമീപം നിര്‍ത്തിയിട്ട ശേഷം മെല്ലെ നടന്നു. ഗുണ്ടകള്‍ ഓടിക്കൂടി. ഡി.വൈ.എസ്.പിയും കൂട്ടരും ഞങ്ങളുടെ ആഗമനോദ്ദേശ്യം എന്തെന്ന് ആരാഞ്ഞു. ക്ഷേത്രം രക്ഷിക്കാനെത്തിയതാണെന്ന് മറുപടി. അതിന് ഞങ്ങളുണ്ടല്ലോ എന്നായി പോലീസ്. ഉടനെ മടങ്ങണമെന്ന് മേലുദ്ദ്യോഗസ്ഥന്‍ ഉത്തരവിട്ടു. ക്ഷേത്ര ദര്‍ശനം തങ്ങളുടെ ജന്മാവകാശമാണെന്ന് പറഞ്ഞുകൊണ്ട് പ്രവര്‍ത്തകരെല്ലാം ശരണം വിളിച്ചുകൊണ്ട് ക്ഷേത്രമുറ്റത്തേക്കു കുതിച്ചു. പിന്നാലെ പോലീസും.

ക്ഷേത്രപരിസരം കൈയ്യേറി കുരിശുവെച്ച സ്ഥലത്തേക്ക് പോകുന്നത് പോലീസ് തടഞ്ഞു. ഫാമിംഗ് കോര്‍പ്പറേഷന്‍ വക 108 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് നിലയ്ക്കല്‍ പ്രദേശം. പാവപ്പെട്ട തൊഴിലാളികളായ ഹിന്ദുക്കള്‍ ഞങ്ങളെ കണ്ട് ഓടിക്കൂടി. ഏതാണ്ട് അന്‍പതോളം പേര്‍. അവര്‍ കുരിശുകണ്ടെടുത്തതിനുപിന്നാലെ കള്ളക്കളികളും വെട്ടിപ്പും തുറന്നുപറഞ്ഞു. അങ്ങനെ നിലയ്ക്കല്‍ സെന്റ് തോമസ് സ്ഥാപിച്ച കുരിശിന്റെ മുഴുവന്‍ വസ്തുക്കളും ശേഖരിച്ചു മടങ്ങി.

നേരെ വന്നത് ചേങ്കോട്ടുകോണം ആശ്രമത്തിലാണ്. വിവരങ്ങള്‍ വിശദമായി സ്വാമിജിയെ ധരിപ്പിച്ചു. സുസംഘടിതവും ആസൂത്രിതവും വ്യാപകവുമായ പ്രക്ഷോഭപരിപാടികള്‍ ആവശ്യമാണെന്ന് സ്വാമിജി വ്യക്തമാക്കി. ഏപ്രില്‍ 14ന് നിലയ്ക്കലേക്ക് നാമജപയാത്ര നടത്തി. സ്വാമിജിയുടെ സൗകര്യമനുസരിച്ച് കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടേയും നേതാക്കളുടെ യോഗം ഏപ്രില്‍ 22ന് കൂടാന്‍ നിശ്ചയിച്ചു.

തിരുവനന്തപുരം പൂര്‍ണ്ണ ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2.30ന് യോഗം കൂടി. ശ്രീ.പി. കേരളവര്‍മ്മ രാജാവായിരുന്നു അധ്യക്ഷന്‍. പൂജ്യ സ്വാമി തിരുവടികള്‍ വ്യക്തമായ മാര്‍ഗ്ഗദര്‍ശനം നല്‍കി. വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മാന്യ ശ്രീ.പരമേശ്വര്‍ജി പ്രമേയം അവതരിപ്പിച്ചു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, ജെ.ശിശുപാലന്‍, എന്‍.എസ്സ്.എസ്സ്. ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, അയ്യപ്പസേവാസംഘം പ്രസിഡന്റ് ഡി.ദാമോദരന്‍പോറ്റി. എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറി അഡ്വ.സാംബശിവന്‍, വെള്ളാള മഹാസഭാപ്രസിഡന്റ് പി.ആര്‍.രാജഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 27 ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സംബന്ധിച്ചു. നിലയ്ക്കല്‍ നിന്നും കുരിശുമാറ്റുന്നതുവരെ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുവാനും നിശ്ചയിച്ചു പൂജ്യ സ്വാമിജി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ.ശിശുപാലന്‍ കണ്‍വീനറുമായി 31പേര്‍ അടങ്ങുന്ന നിലയ്ക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു.

ശബരിമാല പൂങ്കാവനത്തില്‍ ഒരിടത്തു കുരിശു വയ്ക്കാന്‍ ഹൈന്ദവ ജനത സമ്മതിക്കില്ലെന്നും കുരിശ് ഉടനെ നീക്കം ചെയ്യണമെന്നും തുടര്‍ന്നു നടന്ന പത്രസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സ്വാമി തൃപ്പാദങ്ങള്‍ വെട്ടിത്തുറന്നടിച്ചു സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നത് കെട്ടുകഥ. ശബരിമല പൂങ്കാവനം എന്നുള്ളത് സത്യം. സത്യം അംഗീകരിക്കുക കെട്ടുകഥ തള്ളിക്കളയുക സ്വാമിജി വ്യക്തമാക്കി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പത്ര സമ്മേളനത്തില്‍ ഇടിനാദം പോലെ ഉതിര്‍ന്നു വീണ വാക്കുകള്‍ പത്രക്കാരുടെ കാതുകള്‍ക്ക് ഒരു പ്രത്യേക പുതുമയാര്‍ന്ന അനുഭവം പകര്‍ന്നു. സര്‍ക്കാരിന്റെ സ്ഥലത്ത് അനുമതിയോടെ ക്രിസ്ത്യാനികള്‍ പള്ളി സ്ഥാപിച്ചാല്‍ അയ്യപ്പന് എന്ത് കുഴപ്പം ആണ് വരിക എന്ന പരിഹാസ്യ ചുവയോടുള്ള ചോദ്യത്തിന് സ്വാമിജി നല്‍കിയ മറുപടി ഇതായിരുന്നു. സര്‍ക്കാര്‍ വരുന്നതിനും മുമ്പ് ശബരിമലയും പൂങ്കാവനവും ഉണ്ടായിരുന്നു. 18 മല ഉള്‍ക്കൊള്ളുന്ന പൂങ്കാവനം അയ്യപ്പ ഭക്തരുടെ വിശ്വാസമാണ് ചരിത്രപരമായി പൂങ്കാവനം ക്ഷേത്രം വക ആയിരുന്നു എന്നതിന് രേഖകളുണ്ട്. ദേവസ്വം ഭൂമി നോക്കാന്‍ മാത്രം കേണല്‍ മണ്‍ട്രോ സായിപ്പ് സര്‍ക്കാരിനെ ഏല്‍പ്പിച്ചു. പാട്ടക്കാരനായി വന്ന സര്‍ക്കാര്‍ ഉടമസ്ഥരായ ക്ഷേത്ര വിശ്വാസികളെ ഇപ്പോള്‍ അടിച്ച് പുറത്താക്കുകയാണ്. ഏ.ഡി.52ല്‍ നിലയ്ക്കല്‍ എങ്ങനെ സെന്റ് തോമസ് വന്നു അന്ന് സെന്റ് തോമസ് പോലും ഉപയോഗിച്ചിട്ടില്ലാത്ത കുരിശ് നലയ്ക്കലില്‍ എങ്ങനെ വന്നു ഇതെല്ലാം കെട്ടുകഥകള്‍, പച്ച നുണകള്‍, പക്ഷേ പൂങ്കാവനം ചരിത്ര സത്യമാണ് അതിനുവേണ്ടി ഹിന്ദുക്കള്‍ മരിക്കും വരെ സമരം ചെയ്യും.

പത്രക്കാര്‍ എന്നിട്ടും വെറുതേ വിട്ടില്ല. സ്വാമിജി തൊട്ടടുത്ത് ഉണ്ടായിരുന്നു. മാന്യ പരമേശ്വര്‍ജിയോടു വിവരങ്ങള്‍ വിശദമാക്കാന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വന്നിട്ടില്ലാത്ത സെന്റ് തോമസ്സിന്റെ പേരില്‍ സ്ഥാപിച്ചിട്ടില്ലാത്ത പള്ളിക്ക് വേണ്ടി മുറവിളികൂട്ടുന്നവരുടെ കപട മുഖം തിരിച്ചറിയണമെന്ന് പരമേശ്വര്‍ജി തുറന്നടിച്ചു.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചു. ജില്ലാ താലൂക്ക്, പഞ്ചായത്ത് തല സമിതികള്‍ രൂപീകരിച്ചു സമരം ശക്തിപ്പെടുത്തി.

ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ ആദ്യത്തെ നിവേദനം 1983ഏപ്രില്‍ 24ന് മുഖ്യമന്ത്രി കരുണാകരന് നല്‍കി. ഹിന്ദുക്കള്‍ക്ക് ഒരു നേതാവുണ്ടോ, ഒരു സംഘടന ഉണ്ടോ ഹിന്ദുക്കളില്‍ ആരുമായി ഞാനീ പ്രശ്‌നം ചര്‍ച്ചചെയ്യും മുഖ്യമന്ത്രി പരിഹാസത്തോടെ ചോദ്യശരങ്ങള്‍ ഓരോന്നായി ഹിന്ദുനേതാക്കളുടെനേരെ തൊടുത്തുവിട്ടു. ആക്ഷന്‍ കൗണ്‍സില്‍ ഹിന്ദുക്കളുടെ ഏകീകൃത നേതൃസമിതിയാണെന്ന നേതാക്കളുടെ വാദങ്ങളൊന്നും അദ്ദേഹം ചെവിക്കൊണ്ടില്ല.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ആദ്യയോഗം ചെങ്ങന്നൂരില്‍ ഏപ്രില്‍ 28-ന് ചേര്‍ന്നു. സ്വാമിജി അദ്ധ്യക്ഷപ്രസംഗത്തില്‍ കരുണാകരനെതിരെ ആഞ്ഞടിച്ചു. ഹിന്ദുക്കള്‍ക്ക് നേതാവുണ്ടോ എന്ന് സ്വാമി അയ്യപ്പന്‍ കരുണാകരനെ കാണിച്ചുതരും അധികസമയം വേണ്ട. കരഘോഷങ്ങള്‍ക്കിടയില്‍ സ്വാമിജി തുടര്‍ന്നു അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് പ്രക്ഷോഭത്തെ തളര്‍ത്താനും തകര്‍ക്കാനോ ശ്രമിച്ചാല്‍ തകരുന്നതും തളരുന്നതും കരുണാകരനായിരിക്കും. അയ്യപ്പനോട് കളിക്കരുത്. ഉച്ചയ്ക്ക് ശേഷം ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നിലയ്ക്കല്‍ സന്ദര്‍ശിച്ചു. മഹാദേവക്ഷേത്രത്തിനു മുന്നില്‍ എല്ലാവരും ധ്യാനനിരതരായി ഇരുന്നു സ്വാമി ചൊല്ലിയ മന്ത്രങ്ങള്‍ ഏറ്റുചൊല്ലി. ഒരു വലിയ പ്രക്ഷോഭത്തിന് കരുത്താര്‍ജ്ജിച്ച് സമരാവേശത്തിന്റെയും ആദര്‍ശത്തിന്റെയും നെരിപ്പോട് നെഞ്ചിലേറ്റിയ നേതാക്കള്‍ വിജയം വരെ പൊരുതണമെന്ന് ശപഥം ചെയ്ത് മടങ്ങി. നിലയ്ക്കലില്‍ കുരിശു സ്ഥാപിച്ച സ്ഥലത്ത് മുന്നേക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ്ട് കരുണാകര സര്‍ക്കാര്‍ ഉത്തരവിട്ട വാര്‍ത്തയാണ് പിറ്റേദവസത്തെ പത്രങ്ങളില്‍ വന്നത് ഇത് ഹിന്ദു സമൂഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതില്‍ പ്രതിഷേധാഗ്നി പടര്‍ന്നു ഇതിനെതിരെ ഏപ്രില്‍ 30ന് നിലയ്ക്കല്‍ ദിനമായി ആചരിച്ചു. പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും നടന്നു. തിരുവനന്തപുരം ഗാന്ധീപാര്‍ക്ക് മൈതാനിയില്‍ നടന്ന നിലയ്ക്കല്‍ ദിനയോഗത്തില്‍ സ്വാമിജി പ്രസംഗിച്ചു. എന്തു ത്യാഗം സഹിച്ചും അന്തിമ വിജയം നേടുന്നതുവരെ സഹനസമരം തുടരുവാന്‍ സ്വാമിജി ആഹ്വാനം ചെയ്തു. ശക്തമായ സമ്മര്‍ദ്ദം പ്രക്ഷോഭഫലമായി ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് തിരുത്തി. നിലയ്ക്കല്‍ പള്ളിക്ക് വേണ്ടി മറ്റൊരിടത്ത് എവിടെയെങ്കിലും സ്ഥലം കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ ഹോം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 11ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി അതിനനുസരിച്ച് മെയ് 28ന് നിലയ്ക്കല്‍ കൈയേറ്റസ്ഥലത്ത് നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 300മീറ്റര്‍ അകലെ കുരിശു മാറ്റി സ്ഥാപിച്ചു.

നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ അടിയന്തരയോഗം ജൂണ്‍ 1ന് കോട്ടയത്ത് ചേര്‍ന്നു പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്‍ ഒരിടത്തും പള്ളിസ്ഥാപിക്കരുതെന്നും അസന്നിഗ്ദ്ധമായ ഭാഷയില്‍ സമ്മേളനം വ്യക്തമാക്കി. പ്രക്ഷോഭം ശക്തിപ്പെടുത്താനും പ്രത്യക്ഷ നടപടികള്‍ സ്വീകരിക്കാനും നിശ്ചയിച്ചു. അതിന്‍പ്രകാരം ജൂണ്‍ 4ന് നിലയ്ക്കലില്‍ പുതിയ സ്ഥലത്തേക്ക് മാര്‍ച്ച് നടന്നു. 36 സന്യാസി ശ്രേഷ്ഠന്‍മാരും 3000 ത്തോളം അയ്യപ്പ ഭക്തന്മാരും മാര്‍ച്ചില്‍ പങ്കെടുത്തു പുതിയ പള്ളി സ്ഥലത്തേക്ക് ശരണം വിളിയോടെ നീങ്ങി. ട്രൈയര്‍ ഗ്യാസ്, ലാത്തി തുടങ്ങിയവ ഉപയോഗിച്ചു മാര്‍ച്ചിനെ പോലീസ് നേരിട്ടെങ്കിലും ഫലമുണ്ടായില്ല. അവസാനം വെടിവെയ്പ്പ് നടത്തി മൂന്നു സന്യാസിമാര്‍ ഉള്‍പ്പെടെ 100-ഓളം പേര്‍ക്ക് പരിക്കേറ്റു. 250പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6ന് നിലയ്ക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു പ്രകടനങ്ങളും പൊതുയോഗങ്ങളും പോലീസ് അനുവദിച്ചില്ല. നിരോധന ഉത്തരവ് ലംഘിച്ച 6000ല്‍പരം പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായി. 1000 കണക്കിന് ഹിന്ദുക്കള്‍ ജയിലില്‍ ആകുകയും ചെയ്തു. പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാന്തരീക്ഷം സംജാതമായി. സര്‍വ്വോദയ നേതാവ് എം.ജി.മന്മഥന്‍ മദ്ധ്യസ്ഥ ശ്രമങ്ങളുമായി സ്വാമിജിയെ സമീപിച്ചു. യാതൊരു വിധ ഉപാധികളുമില്ലാതെ ചര്‍ച്ചചെയ്യുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് കൂടിയാലോചനയ്ക്ക് കളമൊരുക്കി.

ജൂണ്‍ 27ന് മന്മഥന്‍ സാറിന്റെ മദ്ധ്യസ്ഥതയില്‍ ആദ്യയോഗം തിരുവനന്തപുരം ഗാന്ധിഭവനില്‍ ചേര്‍ന്നു. ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ശ്രീമദ് സ്വാമി സത്യാനന്ദസരസ്വതി, ജെ.ശിശുപാലന്‍, രാജശേഖരന്‍, ഡി.ദാമോദരന്‍പോറ്റി, പി.പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ എം.ഡി.ജോസഫ്, ഫാദര്‍ ആന്റണി നിരപ്പേല്‍ ജോണ്‍ മടക്കക്കുഴി, കെ.യു.ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശ്രീ.എം.പി.മന്മഥന്‍ സാറിന്റെ ആമുഖ ഭാഷണത്തോടെ ആദ്യ ചര്‍ച്ചായോഗം ആരംഭിച്ചു. സ്വാമിജിയുടെ ഊഴമായിരുന്നു അടുത്തത്. നിലയ്ക്കല്‍ പ്രദേശത്ത് ഏ.ഡി.52ലെ പള്ളിയുടെ അവശിഷ്ടമെന്തെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ഞാനീ കാഷായവസ്ത്രം ഊരാന്‍ തയ്യാര്‍ ഇല്ലാത്ത ചരിത്രം വരാത്ത സെന്റ് തോമസ് കൃത്രിമമായി ഉണ്ടാക്കിയ കുരിശ് ഇതെല്ലാം കപടമാണെന്ന് തെളിഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് പള്ളി വേണമെങ്കില്‍ പറയൂ ഹിന്ദുക്കള്‍ സ്ഥലം തരാം പണിതും തരാം പക്ഷേ, മാന്യതയും സത്യസന്ധതയും സുതാര്യതയുമാണ് ഹിന്ദുക്കളുടെ മുഖമുദ്ര. അവ പണയം വച്ചിട്ട് ഒരു ഒത്തുതീര്‍പ്പ് വേണ്ട. അതു കൊണ്ട് കൂടിയാലോചിച്ചു ഉചിതമായ ഒരു സ്ഥലത്ത് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് കണ്ടെത്താം.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് സംസാരിച്ചത് ഫാ.ആന്റണി നിരപ്പേല്‍ ആയിരുന്നു. അദ്ദേഹം പറഞ്ഞു നിലയ്ക്കല്‍ 108 ഹെക്ടര്‍ വരുന്ന ഭൂമിയിലൊരിടത്തും പള്ളിക്ക് സ്ഥലം വേണ്ട അവിടെനിന്നും മാറ്റാന്‍ തയ്യാര്‍ പക്ഷേ അതിനുപുറത്ത് സ്ഥലം കണ്ടെത്തുന്നതിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വിട്ടുതരണം.

ഈ നിര്‍ദ്ദേശത്തെ ശ്രീ.ജെ.ശിശുപാലന്‍ ശക്തിപൂര്‍വ്വം എതിര്‍ത്തു ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും പള്ളിവയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോടെ ചര്‍ച്ച വഴിമുട്ടി മധ്യസ്ഥനായ ശ്രീ.എം.പി.മന്മഥന്‍ സാര്‍ കൈകൂപ്പിക്കൊണ്ട് സ്വാമിജിയോടു പറഞ്ഞു. ഞാന്‍ എം.ജി.കോളേജില്‍ അദ്ധ്യാപകനായ കാലത്ത് സ്വാമിജി ഒരു വിദ്യാര്‍ത്ഥി ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി പറയട്ടെ. പൊന്നു സ്വാമിജി നമുക്ക് രമ്യമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കണം. തെറ്റിപ്പിരിഞ്ഞ് പകോരുത്. എങ്ങും തൊടാതെ ചര്‍ച്ചപോയാല്‍ പഴയസ്ഥലത്തു തന്നെ നില്‍ക്കും. അതുകൊണ്ട് കാര്യങ്ങളില്‍ ഒരു പുരോഗതി ഉണ്ടായില്ലെങ്കില്‍ പുറത്ത് ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി രക്തം ചൊരിയുന്ന സ്ഥിതി വരും. സ്വാമിജി സഹായിക്കണം.

സ്വാമിജി :- ഏതായാലും കാര്യങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. നിലയ്ക്കല്‍ നിന്നും കുരുശുമാറ്റാമെന്ന് ക്രൈസ്തവവിഭാഗം സമ്മതിച്ചു കഴിഞ്ഞു. അത് വലിയൊരു മാറ്റമാണ്. ഇനി എവിടെ കുരിശു വെക്കണമെന്നതിലേ തര്‍ക്കമുള്ളൂ. കുരിശ് എവിടേക്ക് മാറ്റണമെന്ന കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കപ്പെട്ടിട്ടില്ല. ചര്‍ച്ചായോഗം അങ്ങനെ പിരിഞ്ഞു. നമുക്ക് പിന്നീട് അക്കാര്യം ചര്‍ച്ചചെയ്യാം.

ക്രൈസ്തവസഭാ നേതാക്കള്‍ ജൂലൈ 5ന് ചേങ്കോട്ടുകോണം ആശ്രമത്തിലെത്തി. സ്വാമിജിയുമായി ചര്‍ച്ച ആരംഭിക്കുമ്പോഴേക്കും മന്മഥന്‍ സാറും വന്നു. ക്രൈസ്തവ വിഭാഗത്തിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍ എന്തെന്ന് വിശദീകരിച്ചു. പള്ളിക്ക് വേണ്ടി നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങള്‍ നേരില്‍ കാണുന്നതിന് സഭാനേതാക്കള്‍ ഹിന്ദുനേതാക്കളെ ക്ഷണിച്ചു.

ആഗസ്റ്റ് ആദ്യവാരം ക്രൈസ്തവ ഹൈന്ദവ നേതാക്കള്‍ നിലക്കലിന് സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഫാദര്‍ ആന്റണി നിരപ്പേല്‍ പ്ലാപള്ളിക്ക് സമീപം നിലക്കല്‍ ചാലക്കയം റോഡില്‍ ഇടത് വശത്തു വലതുവശത്തും വനത്തിനുള്ളില്‍ രണ്ട സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി. സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു.

വനത്തിനുള്ളില്‍ സ്ഥലം നേരില്‍ കണ്ടശേഷം മടങ്ങി വന്ന് പമ്പാ റോഡില്‍ കിടന്ന കാറില്‍ സ്വാമിജിയും മറ്റ് ഹിന്ദുനേതാക്കളും കയറി. പെട്ടെന്ന് കുറെപ്പേര്‍ കാറിന് മുമ്പില്‍ വന്ന് വാക്കേറ്റവും തമ്മിലടിയും ഉന്തും തള്ളും ബഹളവും തുടങ്ങി. ഇങ്ങനെയൊരു സംഭവം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. കാറിന്റെ വാതില്‍തുറന്ന് സ്വാമിജി യാതൊരു കൂസലും കൂടാതെ അവരുടെ മുന്നിലേക്ക് നടന്ന് അടുത്തു. കല്ലും വടിയുമായി ആക്രോശിച്ചുകൊണ്ട് ഉറഞ്ഞുതുള്ളിയവര്‍ നിശ്ശബ്ദരായി. എന്താ നിങ്ങള്‍ക്ക് വേണ്ടത്. അടിയും വഴക്കും ഭീഷണിയും കണ്ടാല്‍ ഓടിപ്പോകുന്നവരൊന്നുമല്ല ഞങ്ങള്‍. വേഷമിറക്കാതെ കാര്യം പറയൂ.

പൂര്‍ണ്ണ നിശബ്ദത. പലരുടേയും കല്ലും വടിയും താഴെ വീണു. സമീപപ്രദേശങ്ങളായ നാറാണം തോട്, മൂലക്കയംഭാഗങ്ങളില്‍നിന്നും ആസൂത്രിതമായി അവിടെ തമ്പടിച്ച് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ എത്തിയവരായിരുന്നു അവര്‍. പള്ളിക്ക് വേണ്ടി വനത്തില്‍ കണ്ട സ്ഥലങ്ങള്‍ ഹിന്ദുക്കളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ച ഭീഷണി പ്രയോഗമായിരുന്നു. മുമ്പ് കണ്ട പ്രകടനം സ്വാമിജിക്ക് അത് മനസ്സിലായി. കൈയിലിരിക്കുന്ന വടിയും അരിവാളും മറ്റും താഴെയിടാന്‍ സ്വാമിജി ആവശ്യപ്പെട്ടു. സ്വാമിജിയെയും കൂടെയുള്ള ഹിന്ദു നേതാക്കളെയും ഭയപ്പെടുത്തി കാര്യം കാണാനുള്ളതന്ത്രം അങ്ങനെ പാളിപ്പോയി. അടികണ്ട് പേടിക്കുന്നവരല്ല തങ്ങളെന്ന് സ്വാമിജി പറഞ്ഞു. ശബരിമലയോട് കളിച്ചിട്ടുള്ളവരുടെ ഗതിയെന്തായെന്ന് കാഞ്ഞിരപ്പള്ളിക്കാരോട് പോയി ചോദിക്ക്. ധര്‍മ്മത്തിനും സത്യത്തിനും മുന്നില്‍ നിങ്ങളുടെ കുറുവടിക്കും കല്ലിനും ആക്രോശങ്ങള്‍ക്കും എന്തു ചെയ്യാനാവും. സ്വാമിജി ഇത്രയും പറഞ്ഞപ്പോഴേക്കും ക്രൈസ്തവ പുരോഹിതന്മാര്‍ ഓടി വന്നു. സ്ഥിതി വഷളാകുമെന്ന് മനസ്സിലായി. അവിടെ ഉണ്ടായിരുന്ന കുഞ്ഞാടുകളെ വിരട്ടി ഓടിച്ചു. അതൊരു വിരട്ടല്‍ നാടകമായിരുന്നു.

സംഭവമെല്ലാം കഴിഞ്ഞ് ഫാദര്‍ ആന്റണി നിരപ്പോലും എം.ഡി.ജോസഫും സ്വാമിജിയുടെ കാറിനടുത്തെത്തി. അവര്‍ ഹിന്ദുനേതാക്കളുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്ത യോഗത്തോടെ ഒരു തീരുമാനമാകണമെന്ന നിര്‍ദ്ദേശമായിരുന്നു പൊതുവേ ഉണ്ടായത്. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ വെച്ചാകാം അടുത്തയോഗം എന്ന് ഫാദറിന്റെ അഭിപ്രായം എല്ലാവരും സ്വീകരിച്ചു.

ആഗസ്റ്റിന് ശബരിമല പൂങ്കാവനത്തിന്റെ സ്‌കെച്ചും പ്ലാനും സ്വാമിജി എം.പി.മന്മഥന് കൈമാറി. പൂങ്കാവനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പള്ളി പണിയുന്നതിന് സമ്മതിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ചര്‍ച്ചയ്ക്കും ഇല്ലെന്ന വിവരവും സ്വാമിജി ധരിപ്പിച്ചു.

ആഗസ്റ്റ് 12-ന് കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ഇരുവിഭാഗം നേതാക്കളും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തി. വൈകുന്നേരം 5.30ന് സ്വാമിജിയും ആക്ഷ്ന്‍ കൗണ്‍സില്‍ നേതാക്കളും സെമിനാരി ഹാളില്‍ പ്രവേശിക്കുമ്പോള്‍ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എം.പി.മന്മഥനും ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പും കാത്തിരിപ്പുണ്ടായിരുന്നു. ക്രൈസ്തവ നേതാക്കളും ഉപവിഷ്ടരായി. ബിഷപ്പ് പവ്വത്തില്‍ മാത്രം വന്നില്ല. ബിഷപ്പ് ഉണ്ടെങ്കിലേ ചര്‍ച്ച ആവശ്യമുള്ളൂ എന്ന് സ്വാമിജി ആദ്യം തന്നെ പറഞ്ഞു. അപ്പോഴേക്കും ഒരു ക്രൈസ്തവ പുരോഹിതന്‍ ഏതോ ഒരു പഴയ പുസ്തകം വായിക്കാന്‍ തുടങ്ങി. താളുകള്‍ കീറിപ്പറഞ്ഞ പുസ്തകം നോക്കി പഴയകാല അയ്യപ്പകഥകള്‍ വിവരിച്ചു. ഒരിടത്തും പൂങ്കാവനത്തെപ്പറ്റി പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദഗതി. ഇതുപോലെ കീറിപ്പറിഞ്ഞു പഴയ പുസ്തകങ്ങള്‍ എത്രവേണമെങ്കിലും ഹാജരാക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയുമെന്നും ഈ ഗീര്‍വാണം കേള്‍ക്കാനല്ല ഞങ്ങള്‍ വന്നതെന്നും സ്വാമിജി ഗൗരവത്തില്‍ പറഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി. ബിഷപ്പ് എവിടെ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ഉടനെ വരുമെന്ന് ഫാദര്‍ നിരപ്പേല്‍ ഉത്തരം നല്‍കി. വിളിച്ചുവരുത്തി അപമാനിക്കാനാണ് ഭാവമെങ്കില്‍ ചര്‍ച്ചയും വേണ്ട ഒത്തുതീര്‍പ്പും വേണ്ട. ഞങ്ങള്‍ ഇതാ പോകുന്നു. സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃ സംഘം ഹാള്‍വിട്ടു. അപ്പോഴേക്കും കാഞ്ഞിരപ്പള്ളി ബിഷപ്പ്, ഡോ.സെബാസ്റ്റ്യന്‍ മങ്കുഴിക്കരി തുടങ്ങിയവര്‍ എത്തി സ്വാമിജിയുടെ അടുത്തേക്ക് വന്നു. കാത്തിരുന്നു വൈകി. ഇനി ഞങ്ങള്‍ മടങ്ങട്ടെ – സ്വാമിജി കോപാകുലനായി നോക്കി അവരോട് പറഞ്ഞപ്പോള്‍ മറ്റൊന്നും മറുപടി പറയാനുണ്ടായിരുന്നില്ല. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എം.പി.മന്മഥനും താഴെ റോഡില്‍ കാറിന് സമീപം വന്ന് സ്വാമിജിയോട് മാപ്പ് ചോദിച്ചു. യാതൊന്നും വകവക്കാതെ സ്വാമിജി കാറില്‍ കയറി യാത്രയായി. കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ രാത്രി 9 മണിക്ക് സ്വാമിജിയുടെ അധ്യക്ഷതയില്‍ നിലയ്ക്കല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ആഗസ്റ്റ് 26-ന് ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കിക്കൊണ്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനായിരുന്നു സമ്മേളന തീരുമാനം.

ഹിന്ദുനേതാക്കളോട് ബിഷപ്പുമാര്‍ കാണിച്ച അവഹേളനത്തില്‍ പ്രതിഷേധിച്ച് തിരുവോണദിവസം (ആഗസ്റ്റ് 28) ഉപവസിക്കാന്‍ സ്വാമിജി നിശ്ചയിച്ചു പത്രങ്ങളിലൂടെ വാര്‍ത്ത പരന്നതോടെ എങ്ങും ബിഷപ്പുമാര്‍ സ്വാമിജിയുമായി നേരിട്ട് സംസാരിച്ചു. ഉണ്ടായ സംഭവത്തില്‍ അവര്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനാല്‍ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു.

ക്രൈസ്തവ നേതൃ നിരയില്‍ അങ്കലാപ്പും ആശയക്കുഴപ്പവും പ്രകടമായി. പടവാളര്‍ സെമിനാരിയില്‍ 7 ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാര്‍ യോഗം ചേര്‍ന്ന് ഹിന്ദുവികാരം മാനിച്ചുകൊണ്ടേ പള്ളിപണിയാവൂ എന്ന് വ്യക്തമാക്കുകയുണ്ടായി. ആ യോഗം നിയോഗിച്ച ബിഷപ്പുമാരുടെ ഉന്നത നേതൃ സമിതി കൊല്ലത്ത് ആഗസ്റ്റ് 19-ന് യോഗം ചേര്‍ന്നു. നിലയ്ക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ അതിര്‍ത്തി നിര്‍ണ്ണയ പ്ലാന്‍ അനുസരിച്ച് കുരിശുമാറ്റി സ്ഥാപിക്കാന്‍ ബിഷപ്പുമാരുടെ നേതൃയോഗം തീരുമാനിച്ചു. ഈ യോഗത്തില്‍ 9 വിവിധസഭാ മേലദ്ധ്യക്ഷന്മാരുടെ സഭാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ഇതോടെ 6 മാസമായി പുകഞ്ഞു കൊണ്ടിരുന്ന നിലയ്ക്കല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.

കൂട്ടായ തീരുമാനത്തിനും, നടപടിക്രമങ്ങള്‍ക്കും വേണ്ടി ഇരുവിഭാഗം പ്രതിനിധികളും പുതിയ സ്ഥലം സന്ദര്‍ശിക്കുന്നതിനായി സെപ്തംബര്‍ 23-ന് രാവിലെ പെരിങ്ങാട് ശാസ്താപിള്ളയുടെ വീട്ടിലെത്തി. അവിടെ നിന്നും എല്ലാവരും ഒരുമിച്ച് സ്വാമിജിയുടെയും നിലക്കല്‍ ചര്‍ച്ച് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നിയുക്ത കാതോലിക്കാബാവ മാത്യൂസ് മാര്‍കൂറിലോസിന്റെയും നേതൃത്വത്തില്‍ ആങ്ങാമുഴി വനത്തിലേക്ക് യാത്രയായി. പൂങ്കാവനത്തിന്റെ പരിധിക്ക് പുറത്ത് മറ്റൊരു സ്ഥലം സമവായത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എം.പി.മന്മഥന്‍സാര്‍ സ്‌കെച്ചും പ്ലാനും ഉയര്‍ത്തിപ്പിടിച്ച് ഇരുവരുടേയും അഭിപ്രായങ്ങള്‍ യാത്രക്കിടയില്‍ തേടുന്നുണ്ടായിരുന്നു. പ്ലാപ്പള്ളിയില്‍ നിന്നും 8കി.മീറ്റര്‍ വലത്തോട്ട് മൂഴിയാര്‍ റോഡില്‍ ആങ്ങാമൂഴിയില്‍ 11മണിക്ക് എത്തി. ഉള്‍വനത്തിലേക്ക് യാത്ര തിരിച്ചു. അവിടെ ബഥനി വക ചാപ്പല്‍പ്പള്ളി ഉണ്ട്. അതിന് പിന്നാലെ 2 കിലോമീറ്റര്‍ മലയുടെ സമീപമുള്ള തേവര്‍മലയുടെ പുറത്തുകൂടി ഒഴുകുന്ന ഈ നീര്‍ച്ചാലാണ് പൂങ്കാവനത്തിന്റെ അതിരായതിനാല്‍ അതിന് പുറത്തുള്ള ഏതെങ്കിലും സ്ഥലം ചൂണ്ടിക്കാണിക്കാന്‍ സ്വാമിജി ബിഷപ്പിനോട് ആവശ്യപ്പെട്ടു. മലയുടെ ഉള്‍വാരത്തിലേക്ക് 1.കി.മീറ്റര്‍ നടന്നപ്പോള്‍ വലിയ ഒരു പാറയും നിരപ്പായ സ്ഥലവും കണ്ടെത്തി. ബിഷപ്പിന് അത് ഇഷ്ടപ്പെട്ടു. അതു തന്നെയാവട്ടെ പള്ളിക്കുള്ള പുതിയസ്ഥലമെന്ന തീരുമാനത്തോടെ എല്ലാവരും പിരിഞ്ഞു.

ക്രൈസ്തവ – ഹിന്ദുനേതാക്കള്‍ പരസ്പരം ആലിംഗന ബദ്ധരായി. കഴിഞ്ഞ കാലത്ത് സംഭവിച്ച പാകപ്പിഴകള്‍, കുറ്റപ്പെടുത്തലുകള്‍ എല്ലാം നല്ല അര്‍ത്ഥത്തില്‍ കണ്ട് പൊറുത്തും ക്ഷമിച്ചും ഒരുമിച്ച് കഴിയാമെന്ന് എല്ലാവരും ഏറ്റു പറഞ്ഞു. സ്വാമിജി ചൊല്ലിയ ശാന്തിമന്ത്രം ഏറ്റുചൊല്ലി. ഓം പൂര്‍ണ്ണമിദം, പൂര്‍ണ്ണമിദം, പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യുതേ, പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണമേവാവശിഷ്യതേ. ഓം.ശാന്തി ശാന്തി ശാന്തി!

വരും കാലങ്ങളില്‍ കേരളത്തില്‍ വന്‍ വിസ്‌ഫോടനം ഉണ്ടാക്കിയേക്കാവുന്ന ഭീതിദമാംവിധം കോളിളക്കം സൃഷ്ടിച്ച വലിയൊരു പ്രശ്‌നം ധീരരോദാത്തവും അഭിമാനകരവുമായ ഇടപെടലുകളിലൂടെ, ഉറച്ച കാല്‍വയ്പുകളിലൂടെ സ്വാമിതൃപ്പാദങ്ങളിലേക്ക് ജനസമൂഹത്തിന്റെ വിശ്വാസമാര്‍ജ്ജിച്ചു മുന്നേറാന്‍ കഴിഞ്ഞതാണ് പ്രശ്‌നത്തിന്റെ വിജയരഹസ്യം.

അതുകൊണ്ടും സ്വാമിജി തൃപ്തനായില്ല. നവം.14,15,16 തീയതികളില്‍ നിലയ്ക്കലില്‍ ലക്ഷാര്‍ച്ചന അദ്ദേഹം നടത്തി. പൂക്കള്‍ പുറത്തുനിന്നു ചാക്കിന്‍പടി കൊണ്ടുവന്നും ടെന്റുകള്‍ കെട്ടിയും വിപുലമായ സജ്ജീകരണങ്ങള്‍ നടത്തി.

പോലീസിന്റെയും കുരിശു ഗുണ്ടകളുടെയും തേര്‍വാഴ്ചമൂലം എത്തിനോക്കാന്‍ കഴിയാതിരുന്ന ഹിന്ദുസഹോദരങ്ങള്‍ അഭിമാനത്തോടെ നിര്‍ഭയമായി നിലയ്ക്കലില്‍ വന്ന് – ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്ത് വലിയൊരു അനുഭവമായിരുന്നു.

15ന് നിലക്ക്ല്‍ ശ്രീകോവിലില്‍ 18 കുടുംബങ്ങളിലെ പമ്പാതീര്‍ത്ഥം ശിവലിംഗ പ്രതിഷ്ഠയില്‍ സ്വാമിജി അഭിഷേകം നടത്തുമ്പോള്‍, പഞ്ചവാദ്യമേളം ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോള്‍, ശംഖുനാദം കൊണ്ട് അന്തരീക്ഷമുഖരിതമായപ്പോള്‍ ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഇടമുറിയാതെ നമഃശിവായ മന്ത്രം ഒഴുകിയപ്പോള്‍ ആരുടെ ശ്രദ്ധയിലും പെടാതെ ഒരു ലോറി നിലയ്ക്കല്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി നിശബ്ദമായി കടന്നുപോയി. 6-7 മാസം കേരളത്തില്‍ വര്‍ഗ്ഗീയ വിഷം വമിച്ച് ജനമനസ്സുകളെ കുത്തിനോവിച്ച എ.ഡി.52-ലെ സെന്റ് തോമസ്സിന്റെ കുരിശ് ആ ലോറിയിലിട്ട് ഒരു വിലാപ യാത്രപോലെ ആരോരുമറിയാതെ കടന്നുപോയി. പക്ഷേ സ്വാമിജി അത് മുന്‍കൂട്ടി കണ്ടിരുന്നു. ലക്ഷാര്‍ച്ചന തുടങ്ങും മുമ്പ് പറഞ്ഞു. ബ്രഹ്മകലശം ആടുമ്പോള്‍, അതിന്റെ മൂട് ഇളകും. പിന്നെ പൊടിപോലുമുണ്ടാവില്ല

നിലക്കല്‍ ....

No comments: