29/10/2013

ചാതുര്‍വര്‍ണ്യം - ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി


മനുഷ്യസംസ്‌കാരത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട്‌ അഭംഗുരം നിലനില്‌ക്കുന്ന ഉത്‌കൃഷ്‌ടദര്‍ശനമാണു ഭാരതത്തിനുള്ളത്‌. നാനാത്വങ്ങളെ ഉള്‍ക്കൊള്ളുകയും കോര്‍ത്തിണക്കുകയും ചെയ്യുന്ന അമൂല്യസിദ്ധാന്തമാണ്‌ ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. നാനാത്വങ്ങള്‍ ഏകത്വമായും, ഏകത്വം നാനാത്വമായും തീരുന്ന അത്ഭുതപ്രതിഭാസം വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ ശാസ്‌ത്രരീത്യാ ചര്‍ച്ച ചെയ്‌തുറപ്പിച്ചിട്ടുണ്ട്‌. നാനാത്വങ്ങളില്‍ ഏകത്വം ദര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യം ബുദ്ധിക്കും യുക്തിക്കും ഇണങ്ങുന്നവണ്ണം വിശകലനം ചെയ്യാനുള്ള വിശാലത, ഭാരതസംസ്‌കാരത്തെ, ഘര്‍ഷണം ചെയ്‌ത രത്‌നം പോലെ കറയറ്റതാക്കുന്നു. നന്മതിന്മകള്‍ വിവേചിച്ചറിയുന്നതില്‍നിന്നു വ്യക്തികളെ മാറ്റി നിര്‍ത്തുന്ന അതിര്‍ത്തിവരമ്പുകള്‍ മുറിച്ചെറിയുവാനുള്ള ശക്തമായ ആഹ്വാനമാണ്‌ ഭാരതത്തിന്റെ ജീവിതസന്ദേശം. പരിമിതികളെ അതിലംഘിച്ച്‌ പാരമ്യതയിലേക്കു വളരുവാനുള്ള മാര്‍ഗനിര്‍ദേശം ഏകത്വത്തെ മാനിച്ചു വളര്‍ന്നു വന്നതാണ്‌. ഉത്‌പത്തി-സ്ഥിതി-ലയങ്ങളെ ശാസ്‌ത്രീയമായി വീക്ഷിച്ചുകൊണ്ടാണു സനാതന ധാര്‍മികമൂല്യം പ്രഖ്യാപിതമായത്‌. രൂപം, നാമം, ഗുണം എന്നിവയെ ആസ്‌പദമാക്കിയുള്ള നാനാത്വം പ്രകൃതിയുടെ സവിശേഷതയാണ്‌. നാനാത്വത്തിന്റെ സവിശേഷതകളും സാമാന്യതയും ഒന്നൊന്നായി വിശദമാക്കുകയും അതിലൂടെ ഏകത്വത്തിലേയ്‌ക്കുള്ള മാര്‍ഗം നിര്‍ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.

നശ്വരതയും അനശ്വരതയും വിവേചിക്കുവാനുള്ള മാര്‍ഗനിര്‍ദേശം വൈജാത്യങ്ങളെ സ്വരൂപിക്കുന്നതിനും ഏകത്വം ദര്‍ശിക്കുന്നതിനുമുള്ള ശാസ്‌ത്രമായി വളര്‍ന്നിട്ടുണ്ട്‌. വൈരുധ്യാത്മകചിന്തയിലൂടെ ശാന്തിയും സമാധാനവും നഷ്‌ടപ്പെടാതിരിക്കുവാനുള്ള വിദഗ്‌ദ്ധമായ സന്ദേശമാണു നമ്മുടെ സംസ്‌കാരത്തിന്റെ സവിശേഷത. മൂല്യശോഷണം സംഭവിക്കാത്ത സമൂഹസൃഷ്‌ടി എങ്ങനെ എന്ന ചിന്തയ്‌ക്കു ശാശ്വതപരിഹാരം ലഭിക്കുന്നത്‌ ഭാരതീയ തത്ത്വശാസ്‌ത്രത്തിലൂടെയാണ്‌. രാഷ്‌ട്രമീമാംസ ഒറ്റപ്പെട്ട വര്‍ഗചിന്തയായി അധഃപതിക്കാന്‍ ഇടയാകാത്തവണ്ണം ജീവിതമൂല്യങ്ങളെ കോര്‍ത്തിണക്കിയിരുന്നു. ജീവിതത്തിന്റെ സമഗ്രഭാവനയെ താറുമാറാക്കുന്ന വൈകാരികാവേശം രാഷ്‌ട്രസങ്കല്‌പത്തില്‍ ഉടലെടുത്തിരുന്നില്ല. വ്യക്‌തിയെയും പ്രപഞ്ചത്തെയും അഭിന്നമായി കാണുന്ന ദര്‍ശനസൗന്ദര്യം ഇതിലേറെ മറ്റൊരിടത്തും പ്രകടമല്ല. അണുവില്‍ നിന്നു മഹത്തിലേക്കും, മഹത്തില്‍നിന്ന്‌ അണുവിലേക്കും എത്തി നില്‌ക്കുന്ന സമാനചിന്ത ഏകത്വത്തെ സമര്‍ഥിക്കുന്നു. മനുഷ്യമനസ്സിന്റെ ആസുരഭാവത്തേയും ദൈവീകഭാവത്തെയും തിരിച്ചറിഞ്ഞ്‌ തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യം ഭാരതീയ തത്ത്വചിന്തയിലൂടെ ലഭിക്കുന്നു. ധര്‍മാര്‍ഥകാമമോക്ഷങ്ങളെ പരിചിന്തനം ചെയ്‌തു സൈ്വരവും സ്വസ്ഥവുമായ സാമൂഹ്യജീവിതം നിലനിര്‍ത്തുന്നതിനുള്ള പ്രാഗത്ഭ്യം ഭാരതീയ ചിന്താമണ്ഡലത്തില്‍നിന്നു ലഭിക്കുന്നു.

ജാതിചിന്തയ്‌ക്കതീതമായ ഒരു ഏകലോകദര്‍ശനം എന്തിന്‌, എങ്ങനെ എന്നുള്ള ചോദ്യങ്ങള്‍ക്കു മതിയായ ഉത്തരവും പ്രായോഗികജീവിതത്തിലൂടെ കാണിച്ചു കൊടുത്തിട്ടുണ്ട്‌. ഗുണവ്യത്യാസമനുസരിച്ച്‌ വേര്‍തിരിക്കപ്പെട്ട പ്രത്യേകതകള്‍ ശ്രദ്ധാപൂര്‍വം പഠിക്കുവാന്‍ തയ്യാറാകാതെ വിമര്‍ശിക്കുന്നതു ശരിയല്ലെന്ന വാദത്തിനു വേണ്ടത്ര പ്രാധാന്യം നല്‌കിയേ തീരൂ. ഗുണവ്യത്യാസത്തെ ജാതിയാക്കി മാറ്റിയ പരമ്പരാഗതവൈരുദ്ധ്യം തുടച്ചു മാറ്റേണ്ട കാലം അതിക്രമിച്ചു.

ചാതുര്‍വര്‍ണ്യസിദ്ധാന്തങ്ങള്‍ പൗരാണികഭാരത ദര്‍ശനങ്ങളുടെ പക്ഷപാതമനോഭാവത്തെയാണു സൂചിപ്പിക്കുന്നതെന്ന തെറ്റിദ്ധാരണയ്‌ക്കെതിരെയുള്ള ഒരു ചിന്താമണ്‌ഡലം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ഭാരതീയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിത്തന്നെ ഇക്കാര്യം വിജയപ്രദമായി നിര്‍വഹിക്കാവുന്നതാണ്‌. കാലപരിധിക്കപ്പുറമുള്ള തത്ത്വങ്ങളെ ആശ്രയിച്ചുകൊണ്ട്‌ കാലാനുസൃതമായ മാറ്റങ്ങളെ അംഗീകരിക്കുവാനുള്ള ക്രമീകരണപദ്ധതിയില്‍ വന്ന വൈകല്യങ്ങള്‍ സാംഗോപാംഗം ചര്‍ച്ച ചെയ്‌തു സമര്‍ഥിക്കുവാനുള്ള അവസരവും അര്‍ഹതയും ഇന്നോളം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

വര്‍ണങ്ങള്‍ ജന്മങ്ങളിലൂടെ കെട്ടുപെട്ടുകിടക്കുന്ന ജാതിവ്യവസ്ഥയല്ല. എന്നാലും അതിനെ ജാതിയാക്കിത്തന്നെ ചിത്രീകരിക്കുവാനുള്ള ദുഷ്‌ടചിന്ത ഇന്നും ശക്തമായി നിലനില്‌ക്കുന്നു. സമൂഹത്തിന്റെ സത്യദര്‍ശന വാഞ്‌ഛ വര്‍ധിച്ചു വരുന്നതനുസരിച്ചു ഇത്തരം ദുഷ്‌ടചിന്തകള്‍ ദുര്‍ബലങ്ങളായിത്തീരും. കാലദേശ പരിമിതികളെ വ്യക്തമാക്കുന്ന വര്‍ണനകളും, കാലദേശങ്ങള്‍ക്കപ്പുറമെത്തുന്ന ആത്‌മാവിഷ്‌കരണവും എത്രകണ്ടു ശാസ്‌ത്രീയമാണെന്ന്‌ എടുത്തു പറയേണ്ടതില്ല. കാലത്തിന്റെ ഉപാധിയായി ചലനവും ദേശത്തിന്റെ ഉപാധിയായി ചലനത്തിനു വിധേയമായ വസ്‌തുവും കാലദേശസൃഷ്‌ടികള്‍ക്കു ഘടകങ്ങളായിരിക്കുന്നു. Life is motion and atom is matter. Hence atom + motion = Promotion എന്നിങ്ങനെ പ്രകൃതിയെ സൃഷ്‌ടിച്ചും ലയിപ്പിച്ചും ഇരിക്കുന്ന ചലനവും (കാലവും) കാലാതീതാവസ്ഥയും, ആത്മവൃത്തിയും ആത്മാവുമാക്കി വര്‍ണിച്ചിരിക്കുന്നതിന്റെ ശാസ്‌ത്രീയത സത്യദര്‍ശനത്തിന്റെ ആഴത്തിലേക്കു നമ്മെ നയിക്കുന്നു. കാലനിര്‍ണയം ചെയ്‌തു പ്രകൃതിയേയും, കാലാതീതസങ്കല്‌പത്തിലൂടെ ആത്മാവിനേയും അറിയിക്കുന്നു. വൈവിധ്യത്തില്‍ നിന്ന്‌ ഏകത്വത്തിലേയ്‌ക്കുള്ള പ്രയാണവും ദര്‍ശനവും ശാസ്‌ത്രാടിസ്ഥാനത്തിലും അധ്യാത്മചിന്തയിലും അധിഷ്‌ഠിതമായിരിക്കുന്നു.

`കാലസ്യ തേ പ്രകൃതിപുരുഷയോഃ പരസ്യ
ശം നസ്‌തനോതു ചരണഃ പുരുഷോത്തമസ്യ’

പ്രകൃതിപുരുഷയോഃ = പ്രകൃതിപുരുഷന്മാര്‍ക്ക്‌
പരസ്യ = പരനായിരിക്കുന്ന
കാലസ്യ = കാലസ്വരൂപനായ
പുരുഷോത്തമസ്യ = പുരുഷോത്തമനായിരിക്കുന്ന
തേ ചരണഃ = അങ്ങയുടെ ചരണം
നഃ = ഞങ്ങള്‍ക്ക്‌
ശം = മംഗളത്തെ
തനോതു = ചെയ്യട്ടെ

`കാലസ്‌തു ഹേതുഃ സുഖ ദുഃഖയോശ്ചേത്‌
കിമാത്‌മനസ്‌തത്ര തദാത്മകോ�സൗ’

തദാത്മകഃ = തദാത്മകം (ബ്രഹ്മസ്വരൂപം) ആയിരിക്കുന്ന
അസൗ = ഈ
കാലഃ = കാലം
തു = ആകട്ടെ
സുഖദുഃഖയോഃ = സുഖദുഃഖങ്ങള്‍ക്ക്‌
ഹേതുഃ ചേത്‌ = ഹേതുവായി ഭവിക്കുമെങ്കില്‍
തത്ര = അവിടെ
ആത്മനഃ = ആത്മാവിനെ സംബന്ധിച്ച്‌
കിം = എന്താണ്‌ ? (ആത്മാവിനെ ഇതു ബാധിക്കുന്നില്ല)

ചാതുര്‍വര്‍ണ്യത്തെപ്പറ്റി പറയുന്നിടത്ത്‌ കാലത്തെ പ്രതിപാദിച്ചതെന്തിനെന്നുള്ള സംശയം വേണ്ടാ. ഭൗതികശാസ്‌ത്രചിന്തയ്‌ക്കനുസരിച്ചും പ്രകൃതിയുടെ ഏകത്വത്തെ സമര്‍ഥിക്കാന്‍ വേണ്ടിയാണ്‌ ഒരു സൂചനയായി മാത്രം കാലത്തെപ്പറ്റി പറഞ്ഞത്‌.

അധ്യാത്മശാസ്‌ത്രഗ്രന്ഥങ്ങളില്‍ ഒന്നുപോലും ആത്മാവിനെപ്പറ്റി പ്രസ്‌താവിക്കാതെ കടന്നു പോകുന്നില്ല. പ്രതീകങ്ങളെ ആസ്‌പദമാക്കിയുള്ള എല്ലാ വര്‍ണനകളും വൈവിധ്യത്തില്‍ നിന്നും ഏകത്വത്തിലേക്കെത്തിച്ചേരുന്ന വഴികാട്ടികളായിത്തീര്‍ന്നിട്ടുണ്ട്‌. ശരീരം, ജീവന്‍ എന്നീ രണ്ടു തത്ത്വങ്ങളെ ആസ്‌പദമാക്കിയുള്ള ചര്‍ച്ചയാണു മേല്‌പറഞ്ഞ മഹാഗ്രന്ഥങ്ങളില്‍ നടത്തിയിരിക്കുന്നത്‌. ജീവനെ പ്രതിപാദിക്കുമ്പോഴും ശരീരത്തെ പ്രതിപാദിക്കുമ്പോഴും മനുഷ്യശരീരമെന്നോ മനുഷ്യജീവനെന്നോ മാത്രം ചിന്തിക്കാനാവില്ല. പ്രപഞ്ചപരിധിവരെ എത്തുന്ന നാനാത്വവും അതിനപ്പുറത്തേയ്‌ക്കു പോകുന്ന ഏകത്വവും ഭാരതീയ തത്ത്വചിന്തയുടെ അടിസ്ഥാനമായിരിക്കേ മേല്‌പറഞ്ഞ പരിമിതിക്കു ന്യായങ്ങളില്ല. `സഹസ്രശീര്‍ഷഃ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്‌’ എന്നാരംഭിക്കുന്ന ഋഗ്വേദവാക്യം (പുരുഷസൂക്തം) സമസ്‌തചരാചരങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഏകവ്യക്തിത്വത്തെയാണു പുരുഷനായി വര്‍ണിച്ചിരിക്കുന്നത്‌. `അഹം ബ്രഹ്മാസ്‌മി’ എന്നുള്ള അനുഭൂതിമണ്ഡലത്തിലെത്തുന്ന വ്യക്തിക്കും ഈ സര്‍വവ്യാപകത്വം നിഷേധിക്കാനാവില്ല.

`യസ്‌തു സര്‍വാണി ഭൂതാനി ആത്മന്യേവാനുപശ്യതി’ എന്നു തുടങ്ങുന്ന ശ്രുതി വാക്യത്തിലും ആത്മാവിന്റെ ഏകത്വം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

`യുജ്ഞി ബ്രധ്‌നമരുഷം ചരന്തം
പരിതസ്ഥുഷഃ രോചന്തേ രോചനാ ദിവി’

(ഋഗ്വേദം 1-1-1-6)

പരിതസ്ഥുഷഃ = പരിതസ്ഥുഷനായി
(പരിതസ്ഥുഷമാകും വണ്ണം)
യുജ്ഞി = യോജിപ്പിക്കുന്നു
ചരന്തം = ചരന്നായി (ചലനാത്മകനായി)
അരുഷം = അരുഷമായി (കോപാദികള്‍, ഹിംസാദികള്‍ ഇവയ്‌ക്കതീതമായി)
ബ്രധ്‌നം = ബ്രധ്‌നമായി (ബൃഹത്തായ ജ്ഞാനം, യോഗം ഇവയോടെ)
രോചനാ = രോചിസായി
(തേജസ്സുള്ളവനായി)
ദിവി = ദ്യോവില്‍
രോചന്തേ = പ്രകാശിക്കുന്നു.

മേല്‌പറഞ്ഞ മന്ത്രഭാഗത്തില്‍ `അരുഷം’ എന്ന വാക്ക്‌ ഹിംസയ്‌ക്കു വിപരീതമാണ്‌. കോപം, ഹിംസ എന്നിവയ്‌ക്കതീതമായി എന്നര്‍ഥമെടുക്കുമ്പോള്‍ യുജ്ഞി എന്ന വാക്കിന്‌ യോജിപ്പിക്കുന്നു എന്നും അര്‍ഥമാകുന്നു. സമസ്‌തചരാചരങ്ങളേയും തേജസ്സുകൊണ്ടു കൂട്ടിയിണക്കുന്നവനായും അഹിംസാസ്വരൂപനായും ചൈതന്യമാത്രനായും പ്രകാശിക്കുമ്പോള്‍ തന്നില്‍ നിന്നും അന്യമായൊന്നുമില്ലെന്നു വരുന്നു.

`പ്രാണോ ഹ്യേഷ യഃ സര്‍വഭൂതൈര്‍വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതേ നാതിവാദീ.’

(മുണ്‌ഡകോപനിഷത്ത്‌ മൂന്നാം മുണ്‌ഡകം ഒന്നാംഖണ്‌ഡം നാലാം മന്ത്രം)

പ്രാണന്റെ പ്രാണനായ ആത്മാവു തന്നെയാണ്‌ സര്‍വഭൂതങ്ങളിലും സ്ഥിതിചെയ്‌തുകൊണ്ടു പ്രകാശിക്കുന്നത്‌. അതറിയുന്നവന്‍ വിദ്വാനായി ഭവിക്കുന്നു. അമിതവാദി ആകുന്നില്ല (മറ്റൊന്നുമുണ്ടെന്നു പറയുന്നവനായി
ഭവിക്കുന്നില്ല).

മേല്‌പറഞ്ഞ ശ്രുതിമന്ത്രത്തിലും ഈശ്വരന്റെ സര്‍വാധിപത്യം നിഷേധിക്കാനാവില്ല.

`പ്രാണം ദേവാ അനുപ്രാണന്തി
മനുഷ്യാഃ പശവശ്ച യേ
പ്രാണോ ഹി ഭൂതാനാമായുഃ
തസ്‌മാത്‌ സര്‍വായുഷമുച്യതേ’

(തൈത്തിരീയോപനിഷത്ത്‌ രണ്ടാമധ്യായം ബ്രഹ്മാനന്ദവല്ലി മൂന്നാമനുവാകം)

ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍ തുടങ്ങി സര്‍വജീവികളും പ്രാണന്റെ സഹായത്താല്‍ ജീവിക്കുന്നു. സര്‍വഭൂതങ്ങളുടെയും ആയുസ്സും പ്രാണന്‍ തന്നെയാണ്‌. അതുകൊണ്ട്‌ പ്രാണനെ സര്‍വായുസ്സ്‌ എന്നു പറയുന്നു.

`ഏകോ ദേവഃ സര്‍വഭൂതേഷു ഗൂഢഃ
സര്‍വവ്യാപീ സര്‍വഭൂതാന്തരാത്മാ
കര്‍മാധ്യക്ഷഃ സര്‍വഭൂതാധിവാസ
സാക്ഷീ ചേതാഃ കേവലാ നിര്‍ഗുണശ്ച’ 
(ശ്വേതാശ്വതര ഉപനിഷത്ത്‌ ആറാമധ്യായംപതിനൊന്നാം ശ്ലോകം)

ഏകനായ പരമാത്മാവ്‌ സര്‍വഭൂതങ്ങളിലും നിഗൂഢനും സര്‍വവ്യാപിയും സര്‍വഭൂതങ്ങളിലും വസിക്കുന്നവനും സര്‍വസാക്ഷിയും സര്‍വാത്മകനും നിര്‍ഗുണനും ആകുന്നു.

മേല്‌പറഞ്ഞ ശ്രുതിവാക്യങ്ങളിലെല്ലാം അന്തര്യാമിയും ബഹിര്യാമിയുമായ ബ്രഹ്മഭാവത്തെയാണു വര്‍ണിച്ചിരിക്കുന്നത്‌.സര്‍വശരീരിയും സര്‍വാത്മാവുമായ ഈശ്വരനില്‍ നിന്ന്‌ അന്യമായി മറ്റൊന്നുമില്ലെന്നാണ്‌ ശ്രുതിവാക്യങ്ങളില്‍നിന്നും മനസ്സിലാകുന്നത്‌. പുരാണേതിഹാസങ്ങളും ഈ തത്ത്വത്തെ തന്നെയാണു പ്രതീകാത്മകമായി വര്‍ണിച്ചിട്ടുള്ളത്‌. ആത്മാവിന്റെ സര്‍വവ്യാപിത്വം പ്രപഞ്ചശരീരത്തിലെ അണുജീവി മുതലുള്ള പിണ്ഡാണ്ഡങ്ങളെ മുഴുവന്‍ തന്റെ ശരീരാംശങ്ങളാക്കി തീര്‍ത്തിരിക്കുന്നു. വിരാട്‌സ്വരൂപ സങ്കല്‌പത്തിലും ഈ തത്ത്വം തന്നെയാണു സ്‌പഷ്‌ടമായിട്ടുള്ളത്‌. അങ്ങനെയുള്ള വിരാട്‌പുരുഷന്റെ മുഖത്തുനിന്നു ബ്രാഹ്മണനും ഭുജങ്ങളില്‍നിന്നു ക്ഷത്രിയനും തുടയില്‍നിന്നു വൈശ്യനും പാദങ്ങളില്‍നിന്നു ശൂദ്രനും ഉണ്ടായതായിട്ടാണ്‌ വേദവാക്യം.

No comments: