10/10/2013

വേദശബ്ദങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുന്നു! പി.വി ശങ്കരനാരായണന്‍-വിമര്‍ശനം



സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ച 'മാനവഐക്യവും ഏകദൈവവിശ്വാസവും' എന്ന ലേഖനത്തില്‍ ആര്യന്‍മാര്‍ അതിക്രമിച്ചു വന്നവരാണെന്നും ഭാരതത്തിന്റെ പൂര്‍വചരിത്രം ലജ്ജാവഹമാണെന്നും മറ്റും എം.എം. അക്ബര്‍ പരാമര്‍ശിച്ചിരുന്നു. ആയതിനെയെല്ലാം ഉദാഹരണസഹിതം ഞാന്‍ ഖണ്ഡിച്ചിരുന്നു. പ്രസ്തുത ലേഖനത്തില്‍ കഠോപനിഷത്തിലെ ഒരു മന്ത്രം വ്യാഖ്യാനിച്ചതിലെ തെറ്റിനെ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ആശയം സ്ഥാപിക്കാന്‍, അക്ബര്‍ നടത്തിയ ഈ തെറ്റിനെ ന്യായീകരിക്കാന്‍ പ്രിംറോസ് വീണ്ടും ദുര്‍ബലശ്രമങ്ങള്‍ നടത്തുകയുണ്ടായി. 

കഠോപനിഷത്തിലെ മന്ത്രം അക്ബര്‍ എങ്ങനെ തെറ്റായി വ്യാഖ്യാനിച്ചു എന്നും ആ തെറ്റിനെ ന്യായീകരിക്കാന്‍ പ്രിംറോസ് എങ്ങിനെ ശ്രമിച്ചു എന്നും വീണ്ടും പരിശോധിക്കാം. 

"അശരീരം ശരീരേഷ്വന വസ്ഥേഷ്യ വസ്ഥിതം
മഹാന്തം വിഭുമാത്മാനം മത്വാ ധീരോ നശോചതി''

ഇതിന്റെ യഥാര്‍ഥ സാരം: നാശമുള്ള ശരീരങ്ങളില്‍ സ്ഥിതി ചെയ്തുകൊണ്ടിരിക്കുന്നവനും (സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളാകുന്ന മൂന്നുവിധ) ശരീരങ്ങളില്ലാത്തവനും മഹത്തമനും, സര്‍വവ്യാപി (വിഭുവു)മായ ആത്മാവിനെ, മനനംകൊണ്ട് സാക്ഷാത്കരിച്ച ധീരന് പിന്നീട് ദുഖം വിട്ടൊഴിയുന്നു'' ഇത് ഖുറാനിലെ അല്ലാഹുവിന്റെ അസ്ഥിത്വത്തിന് വിരുദ്ധമാണ് അതിനാല്‍ തന്റെ മതം സ്ഥാപിക്കാന്‍ ഇതില്‍ അക്ബര്‍ ചെയ്ത കൈകടത്തല്‍ ഒന്നു പരിശോധിക്കാം. 

അക്ബര്‍ നല്‍കിയ സാരം: 'ആ പരമാത്മാവ് അസ്ഥിരനും ശരീരമുണ്ടെങ്കിലും വിദേഹനും അചഞ്ചലനും, മഹാനുമാകുന്നു, ആ മഹാത്മാവിനെ അറിയുന്ന ജ്ഞാനി ഒരിക്കലും ശോകാതുരനാകുന്നില്ല'. ഇവിടെ മന്ത്രത്തിലെ ആശയത്തിലെ വൈരുധ്യമല്ല ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ഉദ്ദേശിക്കുന്നത്, പ്രസ്തുത മന്ത്രത്തിന് എം. എം. അക്ബര്‍ നല്‍കിയ വ്യാഖ്യാനം ആ മന്ത്രത്തിന്റെ വ്യാകരണത്തിനും, പദങ്ങളുടെ സാരങ്ങള്‍ക്കുമാണ് വിരുദ്ധമായിട്ടുള്ളത്. അതായത് അക്ബര്‍ ചെയ്തത് ആ മന്ത്രത്തിന്റെ അന്വയത്തിനെ മലയാളത്തിലേക്ക് മാറ്റിയപ്പോള്‍ ആ തര്‍ജമയിലാണ് കൃത്രിമം നടത്തിയത്. ഈ കൃത്രിമത്തെ ന്യായീകരിക്കാന്‍ പ്രിംറോസ് ചെയ്തത് സത്യത്തില്‍ അതിനെ കൂടുതല്‍ വെളിപ്പെടുത്താനാണ് ഉതകിയത്. പ്രിംറോസിന്റെ ന്യായീകരണം ഒന്നു പരിശോധിക്കാം. എന്റെ പരമാര്‍ശങ്ങളെ ഖണ്ഡിക്കാനും എം.എം. അക്ബറിനെ ന്യായീകരിക്കാനും വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നം ഇങ്ങനെയാണ്-'ആ പരമാത്മാവ് അസ്ഥിരനും ശരീരമുണ്ടെങ്കിലും വിദേഹനുമാണ്.' എന്നെഴുതിയതിനെ കണക്കിന് കളിയാക്കുന്നുണ്ട് ലേഖകന്‍. ശരീരമുള്ളവന്‍ ദേഹമില്ലാത്തവനാണെന്ന മേല്‍വാദം അബദ്ധജഡിലവും ദുര്‍വ്യാഖ്യാനവുമാണത്രെ. മുമ്പ് സൂചിപ്പിച്ചതുപോലെ അത് സ്നേഹസംവാദം ലേഖകരുടെ പ്രയോഗങ്ങളല്ല മറിച്ച് കേരളത്തിലെ അറിയപ്പെട്ട സംസ്കൃത പണ്ഡിതനായ ഭാസ്കരന്‍ നായരുടെ വ്യാഖ്യാനമാണ്. അത് അന്വയാര്‍ഥത്തിന് വിപരീതമാണോ? 

ഹൈന്ദവ ഗ്രന്ഥങ്ങളേയും അതിലെ ദൈവവിശേഷണങ്ങളേയും അല്‍പമെങ്കിലും പരിശോധനാവിധേയമാക്കിയവര്‍ക്കറിയാം ദൈവത്തിന്റെ ഗുണങ്ങളെ വിശദീകരിക്കാനുപയോഗിക്കുന്ന അതിന്റെ ഭാഷാരീതി. കഠോപനിഷത്തിലെ ദ്വിതീയവല്ലിയില്‍ തന്നെ പരമാത്മാവിനെ കുറിക്കുന്നിടത്ത് 'ആസീനോ ദൂരം വ്രജതി' (ഇരിക്കവേ തന്നെ ബഹുദൂരം പോകുന്നു) 'ശയാനോ യാതി സര്‍വതഃ' (ശയിക്കുമ്പോള്‍ തന്നെ എല്ലാ ഭാഗത്തും പോകുന്നു) എന്നാണ് എഴുതിയിരിക്കുന്നത്...'

ഇവിടെ പ്രിംറോസ് ഉദ്ധരിച്ച ഉപനിഷത് വ്യാഖ്യാനം മന്ത്രത്തിലെ ആശയത്തിന്റെയും അന്വയത്തിന്റെയും യഥാര്‍ഥമായ വിവര്‍ത്തനം തന്നെയാണ്, മന്ത്രത്തിന്റെ ആശയത്തിനു മാത്രമാണ് സാമാന്യദൃഷ്ടിയില്‍ വൈരുധ്യം കാണുന്നത്. മന്ത്രത്തിന്റെ അന്വയത്തിനും സാരത്തിനും യാതൊരു മാറ്റവും വരുത്താതെയാണ് പ്രിംറോസ് അതിന്റെ വിവര്‍ത്തനം നടത്തിയിരിക്കുന്നത്. ഇതെങ്ങനെയാണ് അക്ബര്‍ നല്‍കിയ ആശയത്തിന് ഉദാഹരണമാവുക?

മന്ത്രത്തിന്റെ ആശയത്തിനും വ്യാകരണത്തിനും മന്ത്രത്തിലെ വാക്കുകളുടെ സാരത്തിനും വൈരുധ്യമായാണ് വിവര്‍ത്തനത്തില്‍ അക്ബര്‍ കൃത്രിമം നടത്തിയത്. അതിനെ ന്യായീകരിക്കാന്‍ പ്രിംറോസ് ചെയ്തത, ബ്രഹ്മത്തിന്റെ വ്യാപകത്വം പ്രകടിപ്പിക്കാന്‍ ആശയത്തില്‍ വൈരുധ്യം സമന്വയിപ്പിച്ച ഒരു മന്ത്രത്തിന്റെ യഥാതഥമായി വിവര്‍ത്തനം നിര്‍വഹിക്കുകയാണ്. അതില്‍ മന്ത്രത്തിന്റെ ആശയത്തിനും വ്യാകരണത്തിനും ഒരു യാതൊരു മാറ്റവും പ്രിംറോസ് നടത്തിയിട്ടില്ല. അതിനാല്‍ ആവര്‍ത്തിച്ച് ചോദിക്കട്ടെ, ഇതെങ്ങനെയാണ്, വ്യാകരണത്തിലും തന്‍മൂലം മന്ത്രത്തിന്റെ ആശയത്തിനും വൈരുധ്യമായി വിവര്‍ത്തനം നടത്തിയ അക്ബറിന്റെ ശ്രമത്തിന് ന്യായീകരണമാവുക. 

പുരാണങ്ങളിലും വൈരുധ്യമായി തോന്നാവുന്ന ശാസ്ത്രസത്യങ്ങളുണ്ട്. അതെല്ലാം അക്ബറിന്റെ വിവര്‍ത്തനത്തിന് ന്യായീകരണമാവുമോ.. നോക്കുക. "പ്രേക്ഷയിത്വാ ഭൂവോഗോളം പത്നൈ...''( ഭാഗവതം 3:23:43) കര്‍മപ്രജാപതി വിമാനയാത്രാ സമയത്ത് പത്നിക്ക് ഭൂഗോളത്തെ കാണിച്ചതാണ് ശ്ളോകസാരം. വിമാനമില്ലാത്ത കാലത്ത്, ഒരാള്‍ ആകാശയാത്ര നടത്തിയാല്‍ ഭൂമിയുടെ ഗോളാകൃതി മനസ്സിലാക്കാമെന്ന് വ്യാസഭഗവാന് ഭാഗവത രചനാസമയത്ത് എങ്ങനെയാണ് ഉള്‍ക്കാഴ്ച കിട്ടിയത് എന്ന് ചിന്തിക്കൂ, ഭൂമി ഗോളമാണെന്ന് ഇന്ന് മനുഷ്യന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ വ്യാസഭഗവാന്‍ അജ്ഞാനിയാണെന്ന് ഇവര്‍ പറയും. 

ഹൈന്ദവ ഗ്രന്ഥങ്ങളിലെ ആശയം അപക്വമായും കൃത്രിമത്തിലൂടെ മാറ്റം വരുത്തിയും മാത്രമേ തങ്ങളുടെ മതത്തിന് പ്രചരണം സാധ്യമാവൂ എന്ന് തോന്നിക്കുന്ന രീതിയിലാണ് സെമിറ്റിക് മതപ്രബോധകരുടെ പ്രബോധന കോലാഹലം. അതിന് ഉദാഹരണമാണ് ഹൈന്ദവ ഗ്രന്ഥങ്ങളിലെ അന്തിമാചാര്യന്‍ എന്ന സ്നേഹജാന്റെ പുസ്തകം. ഇതിലെ ഒന്നാം പാഠത്തിലെ ശീര്‍ഷകം സാമവേദത്തിലെ അഹമിധി എന്നാണ്. മന്ത്രം ഇതാണ്: "അഹമിധി പിതു: പരിമേധാ മൃതസ്യജഗ്രഹ, അഹം സൂര്യ ഇവാ ജനി (അഹമിധിന് പിതാവില്‍നിന്ന് വേദജ്ഞാനം ലഭിച്ചു)''(ഋഗ്വേദം 6:6:10). മുഹമ്മദ് നബിയെ ഈ മന്ത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ മന്ത്രത്തിന്റെ ആദ്യ പദത്തില്‍തന്നെ ഇവര്‍ കൈവെച്ചിരിക്കുന്നു. "അഹമിദ്ധി'' എന്ന പദം അഹമിധിയാക്കി മാറ്റി ഈ പ്രബോധകന്‍. 

അഹം+ഇല്‍ ആണ് വ്യാകരണ നിയമപ്രകാരം 'അഹമിദ്ധി'യായത്. ഇതില്‍ എവിടെയും 'അഹമിധി' വരുന്നില്ല എന്നതാണ് സത്യം. വ്യാകരണവും സത്യവും ഉപേക്ഷിച്ചാലേ വേദങ്ങളില്‍ നബിക്ക് പ്രതിഷ്ഠയുണ്ടാവൂ.
ഇനി ഈ പുസ്തകത്തിലെ നാലാമധ്യായത്തിലെ 6 മുതല്‍ 8 വരെയുള്ള ശ്ളോകം ആദ്യം പരിശോധിക്കാം. ഇതില്‍ ഭോജരാജാവ് മുഹമ്മദ് നബിയെ ശുശ്രൂഷ ചെയ്ത് ശരണമടഞ്ഞു എന്നാണ് പ്രബോധന വ്യാഖ്യാനം. ശ്ളോകം നോക്കാം. 

"നൃപാശ്ചേവ മഹാദേവ മരുസ്ഥല നിവാസിനം
ഗംഗാജലൈശ്ച സംസ്നാപ്യം പഞ്ച ഗവ്യ സമന്വിതൈഃ
ചന്ദനാദിഭിരഭ്യര്‍ ച്യതുഷ്ടു വമനസാഹരം
ഭോജരാജ ഉവാച-സമസ്തെ ഗിരിജാനാഥാ
മരുസ്ഥല നിവാസിനേ
ത്രിപുരാസുരനാശായബഹുമായാ പ്രവര്‍ത്തിനം
മ്ളേഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രുചിണൈ
ത്വം മാംഹി കിങ്കരം വിദ്ധി ശരണാര്‍ഥം മുപാഗതം'' 

ഭോജരാജാവ് ഗംഗാജലം കൊണ്ടും പഞ്ചഗവ്യംകൊണ്ടും അദ്ദേഹത്തെ സ്നാനം ചെയ്യിച്ച് മരുഭൂനിവാസിയായ ആ മഹാ ദൈവദൂതന് നിഷ്കളങ്ക ഭക്തിയാകുന്ന പാരിതോഷികങ്ങള്‍ അടിയറ വെയ്ക്കുകയും ഏറ്റവും വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും, "അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറേബ്യ നിവാസി! അങ്ങയെ ഞാന്‍ വന്ദിക്കുന്നു. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചിട്ടുണ്ട്. മ്ളേച്ഛന്‍മാരായ ശത്രുക്കളില്‍നിന്നെല്ലാം അങ്ങ് സുരക്ഷിതനായിരിക്കുന്നല്ലോ. അല്ലയോ സച്ചിദാനന്ദ സ്വരൂപമേ ഞാന്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ കിടക്കുന്ന ഒരുവനായി ഈയുള്ളവനെ സ്വീകരിച്ചാലും''

ശിവ ഭഗവാനെ മുഹമ്മദ് നബിയാക്കാന്‍ ഇതിന്റെ വ്യാഖ്യാനത്തില്‍ നടത്തിയ കൃത്രിമം എങ്ങനെയെന്ന് പരിശോധിച്ചാല്‍ തന്നെ ഈ പ്രബോധകരുടെ ശൈലി വ്യക്തമാവും. അതെല്ലാം പരിശോധിക്കാം. 

1. 'ആ മഹാ ദൈവദൂതന്'-മഹാ ദൈവദൂതന്‍ എന്ന ഒരു വാക്കേ ഈ ശ്ളോകത്തിലില്ല. 

2. 'വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും' നോക്കണേ തട്ടിപ്പിന്റെ വിലാസം. 'ഭോജരാജ ഉവാച' എന്നാണ്. ശ്ളോകത്തില്‍ ഉവാച എന്നാല്‍ പറഞ്ഞു എന്നാണ്. ശ്ളോകം നബിക്കും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതാണ്. അതില്‍ 'പറഞ്ഞു' എന്ന ഭൂതകാല ക്രിയ പ്രയോഗിച്ചാല്‍ ശേഷം ജനിച്ച നബിയെ കൊള്ളിക്കാനാവില്ല. അതിനാല്‍ 'ഉവാച' (പറഞ്ഞു) എന്ന ഭൂതകാലക്രിയ വിവര്‍ത്തനത്തില്‍ 'പറയും' എന്ന ഭാവികാല ക്രിയാപദമാക്കി. പ്രബോധക കൌശലത്തിന് വേറെ ഉദാഹരണം വേണോ. പറയും എന്നാക്കിയാല്‍ അതില്‍ നബിയെയും ഉള്‍പ്പെടുത്താം. 'നബിയോട് പറയും' എന്നാക്കിയാല്‍ വൈരുധ്യമില്ല. 

3. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് ഒരു മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചിട്ടുണ്ട്- ശ്ളോകം 6 മുതല്‍ 8 വരെ പിശാച് എന്ന വാക്കുതന്നെയില്ല. 

4. മനുഷ്യരാശിയുടെ അഭിമാനമേ-ഇത് ശ്ളോകത്തിലില്ല കൂട്ടിച്ചേര്‍ത്തതാണ്. 

5. അറേബ്യാനിവാസി-ഇത് ശ്ളോകത്തിലില്ല

ഇനി ഈ ശ്ളോകത്തില്‍ ഉള്ളതും മറച്ചുവച്ചതുമായ വസ്തുത നോക്കാം. 

1. 'മഹാദേവ' - 'മഹാദേവന്‍' എന്നത് 'പരമശിവനെ' സംബോധന ചെയ്യുന്ന ദിവ്യനാമമാണ്. 

2. ഗിരിജാനാഥാ - ഗിരിജാനാഥന്‍, 'ശിവനാണണ്. ഗിരിജ=ഗിരി+ജ, ഗിരി-പര്‍വതം, ജ=പുത്രി. ഗിരിജ=പര്‍വതപുത്രി=പാര്‍വതി.
ഗിരിജാനാഥന്‍ - പാര്‍വതീപതി. അത് മഹാദേവനാണെന്ന് സ്നേഹജാനും അറിയാത്തതല്ലല്ലോ.

3. മരുസ്ഥല നിവാസി-മരുസ്ഥലം=പര്‍വതപ്രദേശം (മരുഭൂമി എന്നും വിജനഭൂമി എന്നും അര്‍ഥമുണ്ട് എങ്കിലും മഹാദേവന്‍ കൈലാസപര്‍വത നിവാസിയായതിനാല്‍ ഭാരതത്തില്‍ മരുഭൂമിയുണ്ടെങ്കില്‍ തന്നേയും പര്‍വതമെന്ന അര്‍ഥമാണ് ഉദ്ദേശിച്ചിരിക്കുന്നത്. മരുസ്ഥലം എന്നതിന് ശ്മശാനം എന്നും അര്‍ഥമുണ്ട്. ശിവന്‍ ചുടല ഭസ്മധാരിയായതിനാല്‍ അതും യോജ്യമാണ്. എങ്കിലും പാര്‍വതീപത്നിയായി സംബോധന ചെയ്തതിനാല്‍ പര്‍വതവാസിതന്നെ.

4. ത്രിപുരാസുരനാശായ = ത്രിപുരാസുരന്‍മാരുടെ നാശ കര്‍ത്താവിനായിക്കൊണ്ട്. മഹാദേവനാണ് ത്രിപുരാസുരന്‍മാരെ ഹനിച്ചത്. അതിനാല്‍ മഹാദേവനെ ത്രിപുരാസുരനാശനന്‍ എന്നും ത്രിപുരാന്തകന്‍ എന്നും പറയും.

5. മ്ളേച്ഛൈഗുപ്തായ ശുദ്ധായ = മ്ളേച്ഛന്‍മാര്‍ക്ക്, അജ്ഞാനികള്‍ക്ക് അപ്രാപ്യനായ ശുദ്ധ സ്വരൂപന്‍ (മ്ളേച്ഛാചാര്യനായാണ് തുടക്കത്തില്‍ (ശ്ളോകം 5ല്‍) നബിയെ അവതരിപ്പിക്കുന്നത്-വിവര്‍ത്തകന്‍)(അപ്പോള്‍ ഈ ശ്ളോകം 'മുഹമ്മദീയര്‍ക്ക്' പ്രാപിക്കാനാവാത്ത ദേവനായാണ് ശിവനെ പറയുന്നത്.)

ഹൈന്ദവ പുരാണങ്ങളെ സ്നേഹസംവാദത്തില്‍ മുമ്പ് പലപ്പോഴായി സ്നേഹജാന്‍, തമസ്കരിക്കാനായിട്ടാണെങ്കില്‍ പോലും, വിശകലനം ചെയ്തിട്ടുണ്ട്. അതായത് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭവിഷ്യപുരാണത്തിലെ പ്രതിസര്‍ഗപര്‍വം മൂന്നാം ഖണ്ഡത്തിലെ അധ്യായം മൂന്നിലെ 5 മുതല്‍ 8 വരെയുള്ള ശ്ളോകം പരമശിവനെയാണെന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടുതന്നെയാണ് യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് ഏതോ ഗവേഷകരുടെ പേരില്‍ മുഹമ്മദ് നബിയെ പുരാണത്തിലും വേദത്തിലുമൊക്കെ പ്രതിഷ്ഠിക്കാന്‍ വേണ്ടി ഇങ്ങനെയൊരു ഗ്രന്ഥപ്രസാധനത്തിന് ഒരുങ്ങിയത്. അക്ബറിന്റെയും പ്രിംറോസിന്റെയും ലേഖനങ്ങളെ പരാമര്‍ശിക്കുന്നതിനിടയ്ക്ക് സ്നേഹജാന്റെ ഗ്രന്ഥം കൂടി വിശകലനം ചെയ്തത് ഹൈന്ദവ ഗ്രന്ഥങ്ങളെ പരാമര്‍ശിക്കുകയും ഉദ്ധരിക്കുകയും ചെയ്യുന്നിടത്തൊക്കെ ഇവര്‍ യാതൊരു മടിയുമില്ലാതെ കൃത്രിമം നടത്തുന്നു എന്ന് വ്യക്തമാക്കാനാണ്. 

ഭവിഷ്യപുരാണത്തില്‍ യേശുവിനെയും വിക്ടോറിയ രാജ്ഞിയേയുമൊക്കെ പരാമര്‍ശിക്കുന്നുണ്ട്. അവരുടെ മഹത്വം നോക്കിയല്ല വരാനുള്ളതിന്റെ സൂചന മാത്രമാണ്.

പന്നിമാംസമടക്കം ഭക്ഷിക്കുന്നവരും (സര്‍വഭക്ഷി) സത്തുക്കളെ ദുഷിക്കുന്നവരും (സദുഷക) ധര്‍മത്തെ ദുഷിക്കുന്നവരും (ധര്‍മദുഷക) സൌമ്യമല്ലാതെ സംസാരിക്കുന്നവരും (ഉച്ഛാലാപി) ആയ ഒരു ജനത വരാന്‍ പോകുന്നതിനെ ഭവിഷ്യപുരാണത്തില്‍ പറയുന്നുണ്ട്. (ഭവിഷ്യം: പ്രതിസര്‍ഗപര്‍വം 3:3:25) സ്നേഹജാന്റെ പുസ്തകത്തില്‍ ഇത് മുസ്ലിംകളാണെന്ന് പറയുന്നു. (പേജ് 23,24) അത് ഇസ്ലാം സമുദായമാണോയെന്ന് സത്തുക്കളും ധര്‍മിഷ്ടരുമായ ഇസ്ലാം പണ്ഡിതര്‍ തീരുമാനിക്കട്ടെ.

ഈ പുസ്തകത്തില്‍ 27-ാമത്തെ പേജില്‍ പറയുന്നു കല്‍ക്കി അവസാനത്തെ അവതാരണമാണെന്നും കലിയുഗത്തിന്റെ പാരമ്യത്തിലാണ് ജനിക്കുക എന്നും അതിനാല്‍ നബി അവസാനത്തെ പ്രവാചകനാണെന്നും കലിയുഗം ആരംഭിക്കുന്നത് ബി.സി 3102ലായതിനാല്‍ നബി ജനിച്ചത് കലിയുഗ പാരമ്യത്തിലാണെന്നും അതുകൊണ്ട് തന്നെ കല്‍ക്കിയും നബിയും ഒന്നാണെന്നുമാണ് വാദം. ഇതിലെത്രത്തോളം യാഥാര്‍ഥ്യമുണ്ട്.

കലിയുഗം 432000 വര്‍ഷമാണ്. കലിയുഗം ആരംഭിച്ച് ഇന്ന് വരേക്കും 5125 വര്‍ഷമേ ആയിട്ടുള്ളു. അതായത് കലിയുഗത്തിന്റെ നാലില്‍ ഒരു ഭാഗം പോലും ആയിട്ടില്ല. അപ്പോള്‍ എങ്ങനെയാണ് വരാന്‍ പോകുന്ന കല്‍ക്കിയും 1400 വര്‍ഷം മുമ്പ് ദിവംഗതനായ നബിയും ഒന്നാകുന്നത്. 

പിന്നീട്, നബിയുടെ മാതാവിന്റെ നാമമായ 'ആമിന'യുടെ 'വിശ്വസ്ത' എന്ന അര്‍ഥവും കല്‍ക്കിയുടെ മാതാവിന്റെ നാമമായ 'സുമതി'യുടെ നാമത്തിന്റെ അര്‍ഥവും ഒന്നായതിനാല്‍ ആമിനയും സുമതിയും ഒന്നാണെന്നാണ്. 'സുമതി' എന്നതിന്റെ അര്‍ഥം 'സല്‍ബുദ്ധി' എന്നാണ്. 'ശാന്തി' എന്ന ധാതുവില്‍നിന്നല്ല അതിന്റെ ഉത്ഭവം. 'ശാന്തി' എന്ന ധാതുവിനുതന്നെ 'വിശ്വസ്ത' എന്ന 'ആമിന'യുടെ അര്‍ഥമല്ല. 

ഇനി കല്‍ക്കിയുടെ പിതാവിന്റെ 'അബ്ദുല്ല' അഥവാ ദൈവദാസന്‍ എന്ന അര്‍ഥം തന്നെയാണ് കല്‍ക്കിയുടെ പിതാവിന്റെ 'വിഷ്ണുഭഗത്' എന്ന പേരിന്റെയും അര്‍ഥമെന്നാണ് 'ഗവേഷക' വാദം. ഭഗത് എന്നാല്‍ ദാസനാണത്രെ. സംസ്കൃതത്തിലും മലയാളത്തിലും ഇന്ത്യന്‍ ഭാഷകളിലൊന്നിലും ഇത്തരമൊരര്‍ഥം 'ഭഗതി'നില്ല. ഭഗത് എന്നാല്‍ ഐശ്വര്യം എന്നാണര്‍ഥം. 

ഇനി ഈ കാപട്യമെല്ലാം തുറന്നുകാട്ടിയാലും ഇവരുടെ തടിക്ക് ഇതൊന്നും ഏശാതിരിക്കാന്‍ സ്ഥിരമായ ഒരു അടവുണ്ട്, ഇതൊന്നും തങ്ങളുടെ അഭിപ്രായമല്ല. മറ്റുള്ളവര്‍ എഴുതിയതിനെ ഉദ്ധരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന്. അതായത് തങ്ങള്‍ ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങളിലെ വസ്തുതകളുടെ നിജസ്ഥിതി അറിയാമായിരിക്കെ തന്നെ അത് തങ്ങള്‍ക്കുതകുന്നതാണെങ്കില്‍, എത്ര വാസ്തവ വിരുദ്ധമായാലും അവ തങ്ങളുടെ ആശയപ്രചരണത്തിനും ഹിന്ദുമത തമസ്കരണത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ യാതൊരു ധാര്‍മികചിന്തയും കൂടാതെ അവയെല്ലാം ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് ഈ തെറ്റുകളെല്ലാം ഗവേഷകരുടെയും മറ്റും ചെലവില്‍ ന്യായീകരിക്കാന്‍ വീണ്ടും വീണ്ടും ശ്രമിക്കുന്നതില്‍നിന്നും മനസ്സിലാവുന്നത്. 

ഋഗ്വേദത്തില്‍ 'നരാശംസ'നെന്ന് അഗ്നിയെ പലപാട് സംബോധന ചെയ്യുന്നു. 5:5:2, 7:2:2, 1:19:9 മുതലായ ഋക്കുകളിലെല്ലാം അഗ്നിയുടെ നാമം നരാശംസനെന്നാണെന്ന് പറയുന്നു. ഈ 'നരാശംസന്‍' നബിയാണെന്ന് സ്നേഹജാന്റെ ഗ്രന്ഥത്തിലെ വാദം.

ഇനി അടുത്ത വിഷയത്തിലേക്ക് ചെല്ലാം. ഖുറാനിലെ അടിമ സമ്പ്രദായത്തെ പരാമര്‍ശിച്ച് അടിമസ്ത്രീക്ക് താല്‍പര്യമില്ലാഞ്ഞിട്ടും അതിന് നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ ശേഷം താന്‍ പൊറുത്തുകൊടുത്തോളാമെന്ന് അല്ലാഹു പറഞ്ഞതിന്റെ ന്യായത്തെ വിമര്‍ശിച്ചിരുന്നു ഞാന്‍.

'ഉടമയ്ക്ക് പൊറുത്തുകൊടുത്തോളാമെന്നാണ് ഞാന്‍ പറഞ്ഞതെന്നും അബദ്ധം മനസ്സിലായിട്ടും പിടിച്ചുനില്‍ക്കാന്‍വേണ്ടി അടിമസ്ത്രീക്ക് പൊറുത്തുകൊടുത്തോളാമെന്ന് വാദിച്ചതാണെന്നും അതിനാല്‍ ഞാന്‍ ഖുറാനിലെ പ്രസ്തുത ആയത്തില്‍ 24:33 ദുര്‍വ്യാഖ്യാനം നടത്തിയെന്നാ'ണ് പ്രിംറോസിന്റെ ആക്ഷേപം. എന്നാല്‍ പിന്നീട് 'അടിമസ്ത്രീയെ വ്യഭിചരിപ്പിച്ച ഉടമയ്ക്ക് യാതൊരു ശിക്ഷയും നിര്‍ദേശിക്കുന്നില്ല' എന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിമസ്ത്രീക്ക് പൊറുത്തുകൊടുക്കാമെന്ന് പറയുന്നതിലെ ധര്‍മബോധത്തെ വെളിപ്പെടുത്താനാണ് അതിലൂടെ ഉദ്ദേശിച്ചത്. 

എന്നാലും ഞാന്‍ എന്റെ സംശയം ആവര്‍ത്തിക്കുകയാണ്. എന്തെന്നാല്‍ മനസ്സുകൊണ്ട് വ്യഭിചാരം ആഗ്രഹിക്കാത്ത അടിമസ്ത്രീയെ തെറ്റിന് നിര്‍ബന്ധിക്കുന്ന നിഷ്ഠൂരനായ ഉടമയ്ക്ക്-സര്‍വകാരുണികനും സര്‍വശക്തനും ന്യായം വിധിക്കുന്നവനും, തെറ്റു ചെയ്തതായി പറയുന്ന ലൂത്തിന്റെയും നൂഹിന്റെയും ജനതകളെയും, മറ്റു പല സമൂഹങ്ങളെയും ആബാലവൃദ്ധം ഒരു രാത്രികൊണ്ടോ പകലുകൊണ്ടോ അഗ്നിയാലും പ്രളയത്താലും കൊടുങ്കാറ്റാലും ഭൂകമ്പത്താലും നിഷ്കരുണം കൊന്നൊടുക്കിയവനും ആയ അല്ലാഹു ഏതെങ്കിലും തരത്തിലുള്ള ഒരു ശാസന പോലും നല്‍കാന്‍ നബിയോട് പറയുന്നില്ല. മാത്രമല്ല നിഷ്ഠൂരനായ ഉടമയുടെ അധീശത്തിനാല്‍ വ്യഭിചരിപ്പിക്കപ്പെട്ട അവശവിഭാഗമായ ചാരിത്യ്രം ആഗ്രഹിക്കുന്ന അടിമസ്ത്രീക്ക് താന്‍ പൊറുത്തുകൊടുത്തോളാമെന്ന് സര്‍വശക്തന്‍ വാഗ്ദാനം ചെയ്യുന്നതിലെ സാംഗത്യം ക്രൂരമായ തമാശ മാത്രമാണ്. തെറ്റിന് വിധേയമാക്കപ്പെട്ട പരിശുദ്ധി ആഗ്രഹിക്കുന്ന ഇരയ്ക്ക് പൊറുത്തുകൊടുക്കാമെന്ന് പറയുന്നതിലെ ധര്‍മബോധം, ന്യായബോധം വല്ലാത്തതാണ്. 

അടുത്ത വിഷയം ആര്യനാക്രമണ വാദമാണ്. വേദങ്ങളിലെ യുദ്ധ വര്‍ണനകളെ വക്രീകരിച്ച് ആര്യന്‍മാര്‍ ദസ്യുക്കളെ ആക്രമിച്ചതിന്റെ ചരിത്രവര്‍ണനകളായാണ് അക്ബറും പ്രിംറോസും ശഠിച്ച് വാദിക്കുന്നത്. ഹിന്ദുവിന്റെ പൂര്‍വികര്‍ ഇവിടുത്തെ ആദിമനിവാസികളെ ആക്രമിച്ച് കുടിയേറിയവരായതിനാല്‍, സെമറ്റിക് മതങ്ങള്‍ക്കും ഹൈന്ദവസമൂഹത്തിന്റേതുപോലെ ഇവിടുത്തെ മണ്ണില്‍ അധിനിവേശത്തിന്റെ ജാള്യതയില്ലാതെ നിവര്‍ന്നുനില്‍ക്കണം എന്ന തോന്നലിന്റെ അണിയറയിലെ കൌശലമാണ്, മുമ്പ് ഏറെക്കാലം ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച് ഒടുവില്‍ നിഷ്പ്രഭമായി പോയ ആര്യനാക്രമണ സിദ്ധാന്തം. 

മറ്റു രാഷ്ട്രങ്ങളെ ആക്രമിച്ച് കീഴടക്കുന്ന സ്വഭാവം ഭാരതീയര്‍ക്കില്ലായിരുന്നു. പുരാതനകാലത്തും ആധുനികകാലത്തും. എന്നാല്‍ ചരിത്രസത്യങ്ങളെയും വേദവര്‍ണനകളിലെ യാഥാര്‍ഥ്യത്തേയും മറച്ചുവച്ച് തങ്ങളുടേതായ വ്യാഖ്യാനം നടത്തി ഇതാണ് വേദങ്ങളിലെ യാഥാര്‍ഥ്യം എന്ന് ഈ പ്രബോധകര്‍ ഉച്ഛൈസ്ഥരം ഘോഷിക്കുമ്പോള്‍ വേദങ്ങള്‍ സ്വയം പ്രകാശിച്ച് ഈ കാപട്യത്തെ ഇല്ലായ്മ ചെയ്യും. ഋഗ്വേദ മന്ത്രങ്ങള്‍ ഇന്ദ്രനെ ആദിത്യരൂപനായി 1:6:3ല്‍ പറയുന്നു. ആദിത്യരൂപത്തില്‍ അവസ്ഥിതനും അഗ്നിരൂപത്തില്‍ വര്‍ത്തിക്കുന്നവനും വായുരൂപത്തില്‍ പ്രസരിക്കുന്നവനുമായ ഇന്ദ്രനെ ലോകത്രയങ്ങളിലെമ്പാടുമുള്ള പ്രാണികള്‍ സ്വകര്‍മങ്ങളില്‍ ദേവത്വാത്മകമായി ബന്ധിപ്പിക്കുന്നു (1:6:1)

1:10:8ല്‍ ഇന്ദ്രാ, ജലത്തെ അയച്ചാലും എന്നു പറയുന്നു. ഇന്ദ്രന്‍ പന്ത്രണ്ട് ആദിത്യന്‍മാരില്‍ ഒരാളാണ്. ആദിത്യന്‍ അഗ്നിയാണെന്ന് 10:8:4ല്‍ പറയുന്നു. തന്റെ തേജസ്സാല്‍ അഗ്നി ആദിത്യനെ സ്തംഭിപ്പിച്ച് നന്നായി പ്രകാശിപ്പിക്കുന്നതിനായി 10:3:2ല്‍ പറയുന്നു. തന്റെ മൂന്നു ശിരസ്സും ഇന്ദ്രന്‍ വെട്ടിയിട്ടതായി പറയുന്ന ത്രിശിരസ്സ് ഇന്ദ്രനെ സത്രക്ഷകനായി സ്തുതിക്കുന്നു. 10:9:9ല്‍ ത്രിശിരസ്സും ഇന്ദ്രനും അതിനാല്‍ മനുഷ്യരല്ലല്ലോ. 

ഇതുപോലെ തന്നെയാണ് മറ്റസുരന്‍മാരുടെ ചുമലു വെട്ടിയതായും കൈകള്‍ വെട്ടിയതായും പറയുന്നതും അപ്പോഴെല്ലാം ചോരയല്ല ജലങ്ങളാണ് വര്‍ഷിക്കപ്പെടുന്നത്. അതിനാല്‍ മേഘങ്ങള്‍ തന്നെയാണ് ആ അസുരാദികളും ദസ്യുക്കളുമെല്ലാം പല പല രൂപങ്ങള്‍ ധരിച്ചാണ് ഇന്ദ്രന്‍ പ്രാണികള്‍ക്ക് ഉപകാര പ്രധാനനായി ഋഗ്വേദ വര്‍ണനകളില്‍ പ്രകടമാവുന്നത്. (6:47:18) ലോകത്തെ മറയ്ക്കുന്ന വൃത്രനെ (മേഘത്തെ) ബലത്താല്‍ ഇന്ദ്രന്‍ കൊന്നപ്പോള്‍ മനുഷ്യവധത്തിലെന്ന പോലെ രക്തമല്ല ജലങ്ങളാണ് വര്‍ഷിക്കപ്പെട്ടത് (4:17:1), ഇന്ദ്രന്റെ കുതിരകള്‍ മന്ത്രത്താലാണ് പൂട്ടപ്പെടുന്നത് (3:35:5). അഗ്നിയും വൃത്രഹന്താവാണ് (3:16:1).

ഇനി ഗ്രഹണസമയത്ത് രാഹു സൂര്യനെ വിഴുങ്ങുന്നു എന്നാണ് ഭാരതീയര്‍ ധരിച്ചിരിക്കുന്നത് എന്ന് അക്ബര്‍ തന്റെ ലേഖനത്തില്‍ പറയുന്നു. വാസ്തവം എന്താണെന്ന് നോക്കാം. 'ജഗത്തെല്ലാം ഇരുളിലാഴ്ത്തി ആദിത്യനു താഴെ (വിഴുങ്ങി എന്നല്ല) വര്‍ത്തിച്ച അസുരനായ സ്വര്‍ഭാനുവിന്റെ മായകളെ ഇന്ദ്രന്‍ തകര്‍ത്തു. മറഞ്ഞ സൂര്യനെ നാലാമത്തെ മന്ത്രത്താല്‍ അത്രി നേടി (നാലു മന്ത്രം ഉച്ചരിക്കുന്ന തുച്ഛമായ സമയംകൊണ്ടുതന്നെ ഗ്രഹണം ഇല്ലാതായി എന്നര്‍ഥം). എന്ന് 5:40:8ല്‍ പറയുന്നു. സൂര്യനും ഭൂമിക്കും ഇടയില്‍ സ്വര്‍ഭാനു വരുന്നതിനാലാണ് ഗ്രഹണം എന്ന് അന്നേ ഋഷികള്‍ക്കറിയാമായിരുന്നു.

പ്രപഞ്ചയാഥാര്‍ഥ്യം അറിയാവുന്നതിനാലാണല്ലോ സൂര്യന്‍ അഗ്നിയാണെന്ന് പറയുന്നത് 10:8:4. അഗ്നിയുടെ പ്രഭാവത്താലാണ് സൂര്യന്‍ ചലിക്കാതെ നില്‍ക്കുന്നത് 10:8:4. അന്തരീക്ഷ ജലത്തില്‍ ശയിക്കുന്നവനായ വൃത്രന്‍ കൊന്നു (5:32:2). അഗ്നിയാലാണ് ദ്യോവും ഭൂവും ചലിക്കുന്നത് (3:7:1). സൂര്യന്റെ ഏഴു കുതിരകള്‍ രശ്മികളാണ് നോക്കുക-രശ്മികളാലാണ് സൂര്യന്റെ തേരിനെ യോജിപ്പിക്കുന്നത് (6:44:24). ഏഴ് നാമങ്ങളുള്ള ഒരു അശ്വമാണ് സൂര്യരഥം വഹിക്കുന്നത്. ഈ സൂര്യരഥത്തിന് ഒരു ചക്രമേയുള്ളു (ഇതു കാലചക്രമാണ്), ശാസ്ത്രം വര്‍ണനകളാലാണ് നിഗൂഢമായി മന്ത്രങ്ങളില്‍ ഋഷികള്‍ സമന്വയിപ്പിക്കുന്നത്. അതായത് വേദമന്ത്രങ്ങള്‍ നിഗൂഢമാക്കിവെച്ച ശാസ്ത്രസത്യങ്ങളാണ്. നോക്കുക: ആദിത്യ-രശ്മികള്‍ ജലരൂപമായ ഗര്‍ഭധാരണത്താല്‍ സ്ത്രീകളായും രശ്മികളാല്‍ തന്നെ സേചനം ചെയ്യപ്പെടുന്നതിനാല്‍ പുരുഷന്‍മാരായും പറയുന്നു (1:164:16) ജലത്തെ സൂര്യരശ്മി വഹിക്കുന്നതായി 10:136:1ല്‍ പറയുന്നു. സൂര്യാത്മാവായ ഇന്ദ്രന്‍, സ്വതേജസ്സുറ്റ ചക്രത്തെ ഇരുട്ടകറ്റാനും അസുര ജയത്തിനുമായി ആഞ്ഞെറിഞ്ഞു.

സൂര്യന്റെ യാഥാര്‍ഥ്യം ഋഷികള്‍ അറിഞ്ഞിരുന്നു. ഇന്ദ്രന്റെ വ്യാപകത്വമാണ് പ്രപഞ്ചം. 'കാലും കയ്യുമറ്റ' വൃത്രന്റെ ചുമലില്‍ ഇന്ദ്രന്‍ വജ്രായുധം ക്ഷേപിച്ചു (1:32:8), പുത്രമാതാവിനെയും (1:32:9) പുത്രന്റെ അനുചരന്‍മാരെയും (1:33:6) ഇന്ദ്രന്‍ വധിച്ചതിനാലും, ഇവരെല്ലാം ഇന്ദ്രന്റെ സാകാരശത്രുക്കളാണെന്നാണ് പ്രിംറോസിന്റെ വാദം. 

വേദത്തില്‍ ഒരു ഭാഗത്ത് ഒരു സംഭവം പറയുന്നു. അതായത് വസിഷ്ഠന്റെ നൂറ് പുത്രന്മാരെ ഒരു രാക്ഷസന്‍ വധിക്കുകയും അവന്‍ വസിഷ്ഠന്റെ രൂപം ധരിച്ച് താനാണ് വസിഷ്ഠനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോള്‍ യഥാര്‍ഥ വസിഷ്ഠന്‍ പറയുന്നു സത്യം ഈശ്വരനാല്‍ രക്ഷിക്കപ്പെടുമെന്ന്. ഇവിടെ ഋഗ്വേദ മന്ത്രങ്ങളുടെ വാസ്തവം കുഴിച്ചുമൂടി തങ്ങള്‍ തട്ടിക്കൂട്ടിയ കൌശലം വേദമന്ത്രങ്ങളുടെ പുറത്തൊട്ടിക്കുകയാണ് ഇവര്‍. സത്യപ്രകാശങ്ങളായ വേദമന്ത്രങ്ങള്‍ പക്ഷെ ഉരുക്കിക്കളയുന്നു എന്നുമാത്രം. ത്രിശിരസ്സ് തന്റെ തലയറുത്ത ഇന്ദ്രനെ പിന്നീട് സ്തുതിക്കുന്ന ഋക്ക് ഞാന്‍ മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ശിരസ്സ്, കാല്, മൂക്ക് ഇവയൊക്കെ ഉപമകളും അലങ്കാരവര്‍ണനകളുമാണ് അതിനാലാണ് മേഘത്തിന്റെ ശിരസ്സറുത്തു (10:67:12) എന്നൊക്കെയുള്ള കല്‍പനകള്‍. ജലം വഹിക്കുന്നതിനാല്‍ രശ്മികളെ ഗര്‍ഭവതികളായി വര്‍ണിക്കുന്നതിനെ, അന്നത്തെ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളെ 'രശ്മി'കള്‍ എന്നായിരിക്കും വിളിച്ചിരുന്നത് എന്നും മറ്റുമൊക്കെ ഈ പ്രബോധകര്‍ പറഞ്ഞുകളയുമോ ആവോ?

ഖുറാനില്‍ ഭൂമി തൊട്ടിലെന്നു പറയുന്നതിനെ ഭൂമിയുടെ ഭ്രമണമാണ് ഉദ്ദേശിച്ചതെന്ന് ഇവര്‍ പറയുന്നു. അതങ്ങനെ അല്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ തൊട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടുക മാത്രമേ ചെയ്യുന്നുള്ളു. എന്നാല്‍ ഭൂമിയെ ഒരു ചക്രത്തോടാണ് ഖുറാന്‍ പറഞ്ഞതെങ്കില്‍ കൂടുതല്‍ ഉചിതമായേനെ. 

ആര്യനാക്രമണമെന്ന കെട്ടുകഥ പറഞ്ഞുനടക്കുന്ന ഇവര്‍ ഒരു കാര്യം മറച്ചുവക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ബുദ്ധമതക്കാര്‍ മാത്രമായിരുന്ന ഒരു കാലത്ത് അവരെയെല്ലാം നിഷ്കരുണം നാമാവശേഷമാക്കിയാണ് ഇന്നത് ഇസ്ലാമികരാഷ്ട്രമായത്. അവശേഷിച്ചിരുന്ന ബുദ്ധപ്രതിമകളും അവര്‍ അരിശത്തോടെ തകര്‍ത്തുകളഞ്ഞു. ഈശ്വരനെ പ്രീതിപ്പെടുത്താനാണ് ഇവര്‍ ഇതൊക്കെ ചെയ്യുന്നത്. ഈ അധിനിവേശ സംസ്കാരത്തിന്റെ ഇളമുറക്കാരാണ് ഭാരതത്തില്‍ ആര്യന്‍ ഷോവനിസത്തിന്റെ ഇരകളാണ് തങ്ങളെന്ന് പറഞ്ഞ് ആട്ടിന്‍തോലണിഞ്ഞ് മുറവിളി കൂട്ടുന്നത്. 

ഈശ്വരന്‍ സര്‍വചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സര്‍വചരാചരങ്ങളും ഈശ്വരനിലാണ് വസിക്കുന്നത് (ഈശാവാസ്യം). മനുഷ്യന് ഭയക്കേണ്ടതില്ലാത്ത ഒരേ ഒരു ആശ്രയം ഈശ്വരനാണ്. നിങ്ങള്‍ ഈശ്വരനെ നിന്ദിച്ചാലും, തള്ളിപ്പറഞ്ഞാലും, നിഷേധിച്ചാലും ഈശ്വരന്‍ നിങ്ങളെ കൈവിടില്ല. ഒരു നരകത്തിനും ഈശ്വരന്‍ നിങ്ങളെ വിട്ടുകൊടുക്കില്ല. കാരണം ഈശ്വരന്‍ രക്ഷകനാണ്, ഈശ്വരന്‍ സര്‍വജ്ഞനാണ്. അല്പജ്ഞാനികളാണ് നിങ്ങളെ എന്നേക്കുമായി വെറുക്കുക. ഈ തത്ത്വമറിയാത്തതുകൊണ്ടാണ് പ്രവാചകന്റെ അനുചരന്‍മാര്‍ വിശുദ്ധഗ്രന്ഥം നിവര്‍ത്തിവെച്ച് പരസ്പരം കൊന്നൊടുക്കുന്നതും മറ്റു സമുദായങ്ങളെ അവാസ്തവമായി നിന്ദിക്കുന്നതും.

ഈ പ്രബോധകര്‍ എത്രതന്നെ ഹൈന്ദവ ഗ്രന്ഥങ്ങളെയും ഭാരതത്തെയും നിന്ദിച്ചാലും പക്ഷേ ഇവരുടെ ആത്മാര്‍ഥതയില്‍ ശങ്ക തോന്നേണ്ട കാര്യമില്ല. കാരണം തങ്ങള്‍ പരമലക്ഷ്യമായി കാണുന്ന സ്വര്‍ഗത്തിലേക്ക് ഹിന്ദുക്കളായ സഹോദരങ്ങളും പ്രവേശിക്കണമെന്നും അവരാരും നരകത്തില്‍ പോവാന്‍ പാടില്ലെന്നുമുള്ള നിസ്വാര്‍ഥ സ്നേഹബുദ്ധിയാലാണ്, മറ്റ് ദര്‍ശനങ്ങളുടെ ആഴമറിയാതെ അവയിലെ ആശയങ്ങളെ തമസ്കരിച്ചും മറ്റും തങ്ങള്‍ക്ക് പറ്റാവുന്ന വിധത്തില്‍ അവരെ തങ്ങളോടൊപ്പം ചേര്‍ക്കാനായി വേണ്ടിവന്നാല്‍ സത്യവും ന്യായവും കൂടി ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാവുന്നത്. അങ്ങനെ തങ്ങളോടൊപ്പം ചേര്‍ത്തുകഴിഞ്ഞാല്‍ തങ്ങള്‍ ചെയ്യുന്നപോലെ ചേരിതിരിഞ്ഞ് പരസ്പരം നരകാവകാശികള്‍ എന്ന് സുന്നിയായും ശിയാക്കളായും മുജാഹിദീനായും പോരടിക്കുന്നതും തങ്ങള്‍ മാത്രം സ്വര്‍ഗാവകാശികള്‍ അതിന് മറ്റുള്ളവരും തങ്ങളുടെ ആശയത്തോടൊപ്പം ചേര്‍ന്ന് അവരേയും സ്വര്‍ഗാവകാശികളാക്കണം എന്ന് മേല്‍പറഞ്ഞപോലെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിനാലാണ്. ആയതിനാല്‍ ഈ പ്രബോധകരില്‍ പ്രത്യക്ഷത്തില്‍ ദുഷ്ടത കാണാമെങ്കിലും അതിന്റെ പിന്നിലുള്ള ശുദ്ധതയോര്‍ത്ത് ഇവരോട് സ്നേഹം മാത്രമാണുള്ളത്. 

ഈശ്വരന്‍ കൊടിയ ദുഷ്ടനേയും പരമപവിത്രനേയും ഒരുപോലെ പരമരക്ഷ നല്‍കുന്നു. വിശ്വസിക്കുക. ഈശ്വരന്‍ തെറ്റുചെയ്തവനെ കാരുണ്യപൂര്‍വം ശിക്ഷണത്തിലൂടെ ശുദ്ധീകരിക്കും, ജന്മാന്തരങ്ങളിലൂടെ. ഓരോരുത്തരേയും എപ്രകാരവും ശുദ്ധീകരിക്കാന്‍ അറിയാവുന്നത് ഈശ്വരനാണ്, കാരണം ഈശ്വരന്‍ സര്‍വജ്ഞനും സര്‍വശക്തനും കാരുണ്യവാനുമാണ്. ഒരു ജന്മം പാപം ചെയ്തവനെ നിത്യനരകത്തിലുപേക്ഷിക്കാന്‍ തക്കവണ്ണം അജ്ഞാനിയല്ല ആ സര്‍വജ്ഞന്‍. ഇതറിയുന്നത് വരെ ഈ ശുദ്ധന്‍മാരായ പ്രബോധകര്‍ ഹൈന്ദവഗ്രന്ഥങ്ങളില്‍ ഇരുട്ടുമൂടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും; നിഷ്ഫലമാണെന്ന് അറിഞ്ഞിട്ടുതന്നെയും. എന്നാല്‍ ഇവര്‍ സ്വാര്‍ഥതക്കായി വേദഗ്രന്ഥങ്ങളെ ഉപകരണമാക്കുന്ന പുരോഹിതരേക്കാള്‍ കോടിമടങ്ങ് ഉയര്‍ന്നവരാണ്. കാരണം ഇവര്‍ നിസ്വാര്‍ഥരാണ്.

കുറിപ്പുകള്‍:
1. ഭാഗവതം 3:23:43
2. ഋഗ്വേദം 6:6:10
3. സ്നേഹജാന്‍: ഹൈന്ദവ ഗ്രന്ഥങ്ങളിലെ അന്തിമാചാര്യന്‍ പേജ് 23
4. ഭവിഷ്യം: പ്രതിസര്‍ഗപര്‍വം 3:3:25
5. സ്നേഹജാന്‍: ഹൈന്ദവ ഗ്രന്ഥങ്ങളിലെ അന്തിമാചാര്യന്‍ പേജ് പേജ് 23,24
6. ഋഗ്വേദം 1:6:1
7. ഋഗ്വേദം 6:47:18
8. ഋഗ്വേദം 4:17:1
9. ഋഗ്വേദം 3:35:5
10. ഋഗ്വേദം 3:16:1
11. ഋഗ്വേദം 5:32:2
12. ഋഗ്വേദം 3:7:1
13. ഋഗ്വേദം 6:44:24
14. ഋഗ്വേദം 1:164:16
15. ഋഗ്വേദം 1:32:8
16. ഋഗ്വേദം 1:32:9
17. ഋഗ്വേദം 1:33:6
18. ഋഗ്വേദം 10:67:12

No comments: