ശന്തനു മഹാരാജാവിനു ഗംഗാദേവിയില്‍ പിറന്ന പുത്രനാണ് ദേവവ്രതന്‍. ദേവവ്രതനു മുന്പ് ഏഴു പുത്രന്മാര്‍കൂടി ജനിക്കുകയുണ്ടായി. പക്ഷേ, എല്ലാത്തിനെയും അമ്മ ഗംഗയിലേക്കെറിഞ്ഞു കൊന്നു. ഭാര്യ എന്തു പ്രവര്‍ത്തിച്ചാലും എതിരു പറയുകയില്ല എന്നതായിരുന്നു ഗംഗാദേവിക്കു കൊടുത്ത വാക്ക്. ഈ വ്യവസ്ഥ ലംഘിച്ചാല്‍ ഗംഗാദേവി ഭര്‍ത്താവിനെ വിട്ടുപോവുകയും ചെയ്‌യും. ഒടുവില്‍ എട്ടാമത്തെ കുഞ്ഞിനെ ഗംഗയിലെറിയാന്‍ തുനിഞ്ഞപ്പോള്‍ ശന്തനു പ്രിയതമയോടു ദയനീയമായി പറഞ്ഞു: “അരുത്, ഈ കുഞ്ഞിനെയെങ്കിലും ജീവിക്കാന്‍ അനുവദിക്കൂ.”
ഈ അപേക്ഷ സ്വീകരിച്ച ഗംഗാദേവി അതിനു തയാറായെങ്കിലും അതോടെ ശന്തനുവിനെ ഉപേക്ഷിച്ചു കുട്ടിയെക്കൊണ്ടു പുറപ്പെട്ടുകളഞ്ഞു. സകല വേദശാസ്ത്രങ്ങളും പഠിച്ചുകഴിഞ്ഞ ദേവവ്രതന്‍ എന്ന ആ ബാലനെ ഗംഗാദേവി ശന്തനു മഹാരാജാവിന്‍റെ കൈകളില്‍ ഏല്‍പിച്ചു. ശന്തനു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവവ്രതനെ യുവരാജാവായി അഭിഷേകം ചെയ്തു.
ഒരു ദിവസം ശന്തനു മഹാരാജാവ് നായാട്ടിനായി യമുനാതീരത്തുള്ള ഒരു വനപ്രദേശത്ത് എത്തിച്ചേര്‍ന്നു. ദിവ്യമായ ഒരു സൗരഭ്യം മഹാരാജാവിനെ വല്ലാതെ വശീകരിച്ചു. യമുനയിലെ കടത്തുകാരി പെണ്‍കുട്ടിയില്‍നിന്നാണ് ഈ സുഗന്ധം പുറപ്പെടുന്നതെന്നു തിരിച്ചറിഞ്ഞു.
അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ശന്തനുവിന്‍റെ മനസ്സില്‍ ഉദിച്ചു. പെണ്‍കുട്ടിയോടു കാര്യങ്ങള്‍ തിരക്കിയ ശന്തനു മഹാരാജാവ് അവളുടെ അച്ഛനായ ദാശരാജാവിനെ ചെന്നു കണ്ടു. കാളിയെ (മത്സ്യഗന്ധിയെ) തനിക്കു വിവാഹം കഴിച്ചു തരണമെന്ന് അറിയിച്ചപ്പോള്‍ ആ മുക്കുവ രാജാവ് ഒരു വ്യവസ്ഥ വച്ചു. മകളെ ധര്‍മപത്നിയായി സ്വീകരിക്കുകയും അവളിലുണ്ടാകുന്ന പുത്രനെ രാജാവായി വാഴിക്കുകയും വേണം. ദേവവ്രതനെ അകറ്റി നിര്‍ത്തിയിട്ടു മറ്റൊരാളെ രാജാവായി വാഴിക്കാന്‍ അദ്ദേഹത്തിനു സമ്മതമില്ലായിരുന്നു. നിരാശനായിട്ടാണു രാജാവ് മടങ്ങിയത്.
രാജാവിന്‍റെ ചിന്ത കാളിയെക്കുറിച്ചു മാത്രമായി. ഊണും ഉറക്കവുമില്ലാതെയായി. ശരീരം ക്ഷീണിച്ചു. രാജാവിന്‍റെ മനോവേദനയുടെ കാരണം ദേവവ്രതന്‍ അറിഞ്ഞു. കാളിയുടെ അച്ഛനായ ആ മുക്കുവ രാജാവിനെ ചെന്നു കാണാന്‍തന്നെ ദേവവ്രതന്‍ തീരുമാനിച്ചു. കാളിയില്‍ ജനിക്കുന്ന പുത്രനു രാജഭരണം നല്‍കാന്‍ താനൊരുക്കമാണെന്നും രാജ്യാവകാശം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും വാക്കു കൊടുത്തു.
ദേവവ്രതനു പുത്രനുണ്ടായാലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ സംശയം. ദേവവ്രതന്‍ മറ്റൊരു പ്രതിജ്ഞകൂടി ചെയ്തു.
“ഞാന്‍ രാജ്യം ആദ്യമേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്നു മുതല്‍ ഞാന്‍ നിത്യബ്രഹ്മചാരിയായി ജീവിച്ചുകൊള്ളും.”
ഈ ഭീഷ്മശപഥം (ഭയങ്കരമായ പ്രതിജ്ഞ) കേട്ടുനിന്നവരാകെ അമ്പരന്നു. സ്വര്‍ഗത്തുനിന്നു പുഷ്പവൃഷ്ടിയും ഒപ്പം ഒരു അശരീരിയുമുണ്ടായി. “ഇത്ര ഉറപ്പോടുകൂടി സര്‍വസ്വവും ത്യജിച്ചു സത്യം ചെയ്യാന്‍ തയാറായ ഇവന്‍ ഭീഷ്മപ്രതിജ്ഞയാണു ചെയ്തിരിക്കുന്നത്. മേലില്‍ ഇവന്‍ ഭീഷ്മര്‍ എന്ന പേരില്‍ അറിയപ്പെടും.”
ഭീഷ്മര്‍ കാളിയെ തേരില്‍ കയറ്റി രാജധാനിയില്‍ കൊണ്ടുചെന്നു. ശന്തനു മഹാരാജാവ് സന്തോഷിച്ചു. അദ്ദേഹം പുത്രനെ സ്വേച്ഛമൃത്യു എന്ന വരം നല്‍കി അനുഗ്രഹിച്ചു: “എന്‍റെ പ്രിയ പുത്രാ, നിന്‍റെ അനുവാദം കൂടാതെ മൃത്യുവിനുപോലും നിന്നെ തൊടാന്‍ കഴിയില്ല. നീ ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരണം നിനക്കു സാധ്യമാകൂ.”
No comments:
Post a Comment