കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന് കൃത്യമായ ചിട്ടകളുണ്ട്.
രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ് പ്രമാണം.
നമ്മുടെ പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ് ഈ മഹത്‌ഗ്രന്ഥം.
അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് പാരായണത്തിന് ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളികഴിഞ്ഞ് വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച് മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ.
ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ് സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന് ആദ്യം നിശ്ചയിക്കണം. പിന്നീട് കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.
ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട് അഭിമുഖമായിരുന്ന് പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത് ഒരുമിച്ചിരുന്ന് അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത് ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.
ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.
കടപ്പാട് - ഏകലവ്യന്‍
No comments:
Post a Comment