“ഞാന്‍ പലരെയും സഹായിക്കാറുണ്ട്. പക്ഷെ അവസരം നോക്കിയിരുന്ന് അവരെന്നെ ദ്രോഹിക്കാറുണ്ട്; പലപ്പോഴും അവരെ സഹായിച്ചുവെന്ന കാരണത്താല്‍ത്തന്നെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാറുമുണ്ട്. ചിലരെ ആദ്യമാദ്യം സഹായിക്കുമ്പോള്‍, തുടര്‍ന്നും അവര്‍ക്ക് സഹായം നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ കണക്കാക്കുകയും നമ്മളില്‍നിന്നും സ്ഥിരം സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതൊക്കെക്കണ്ട് എനിക്കാകെ മടുപ്പായി. ഞാനിനി യാതൊന്നിനുമില്ല.”
ഇങ്ങനെ പരാതിപ്പെടുന്ന പലരെയും നാം കാണാറുണ്ട്. അവര്‍ക്ക് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ താഴെ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ വഴികാട്ടിയാകട്ടെ.
"എനിക്കു കര്‍മ്മം ചെയ്യണം, ഒരാള്‍ക്കു നന്മ ചെയ്യണം എന്നുണ്ട്; പക്ഷേ ഞാന്‍ ആരെ സഹായിക്കുന്നുവോ അയാള്‍ കൃതഘ്‌നനായും എനിക്കു വിരോധിയായും ആയിത്തീരുന്നു. തൊണ്ണൂറുശതമാനവും അങ്ങനെയാണ്. അതുനിമിത്തം എനിക്കു ദുഃഖമുണ്ടാകുന്നു. ഈ അവസ്ഥ മനുഷ്യരെ കര്‍മ്മവിമുഖന്‍മാരുക്കുകയും ഈ ദുഃഖത്തെക്കുറിച്ചുള്ള ഭയം മനുഷ്യരുടെ കര്‍മ്മത്തിന്റെയും ശക്തിയുടെയും അധികഭാഗത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കര്‍മ്മയോഗം നമ്മെ നിഷ്‌കാമമായും, നിസ്സംഗമായും, ‘ആരെ സഹായിക്കുന്നു, എന്തിനുവേണ്ടി സഹായിക്കുന്നു’ എന്നുള്ള ചിന്ത കൂടാതേയും കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നു പഠിപ്പിക്കുന്നു. കര്‍മ്മം ചെയ്യുന്നത് തന്റെ പ്രകൃതിയായതുകൊണ്ടും, അതു നന്മയാണെന്നു തോന്നുന്നതുകൊണ്ടും, അതിനപ്പുറം ഒന്നും ഗണിക്കാതെ കര്‍മ്മയോഗി കര്‍മ്മം ചെയ്യുന്നു. ഒരു ദാതാവിന്റെ നിലയാകുന്നു കര്‍മ്മയോഗിക്കുള്ളത്. ഒരിക്കലും ഒന്നും വാങ്ങുന്നവന്റേതല്ല. താന്‍ ദാനം ചെയ്യുന്നവനാണെന്ന് കര്‍മ്മയോഗിക്ക് അറിയാം. ഒന്നും പകരം ആവശ്യപ്പെടാത്തതുകൊണ്ട് അയാള്‍ ദുഃഖത്തിന്റെ പിടിയില്‍നിന്നു വഴുതിപ്പോകുന്നു. ദുഃഖം എപ്പോഴുണ്ടാകുന്നതായാലും അതു ആസക്തിയുടെ പ്രത്യാഘാതഫലമായിട്ടാണുണ്ടാകുന്നത്.”
- വിവേകാനന്ദ സ്വാമികള്‍.
No comments:
Post a Comment