അരുവിപ്പുറത്ത് ഒരു ആരാധനാലയം എന്ന ആശയം ഗുരു തന്റെ പല ഭക്തന്മാരുമായി ചർച്ച ചെയ്തിരുന്നു. എല്ലാവരും അത് ആഗ്രഹിക്കുന്നു എന്ന് ഗുരുവിനു മനസിലാക്കാൻ കഴിഞ്ഞു. അതുപ്രകാരമാണ് 1 8 8 8 -ലെ ശിവരാത്രി ദിവസം പ്രതിഷ്ഠ ആകാം എന്ന് ഗുരു കൽപ്പിച്ചത്. നദിക്കു അഭിമുഖമായൊരു പാറ ചൂണ്ടി ക്കാണിച്ചു ഇവിടെയാകാം എന്ന് പറഞ്ഞതല്ലാതെ എന്ത് എങ്ങനെ എപ്പോൾ എന്നൊന്നും ശിവരാത്രി വ്രതത്തിനായി അവിടെ വന്നുകൂടിയവരോട് ഗുരു പറഞ്ഞിരുന്നില്ല. ഗുരുവിനു സഹായികളായി അന്ന് അവിടെ ഉണ്ടായിരുന്നത് ശിവലിംഗ ദാസ സ്വാമികളും നാണിയാശാനും ഭൈരവൻ ശാന്തിയും ആയിരുന്നു. അവരോടുപോലും താൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് ഗുരു പറഞ്ഞിരുന്നില്ല. എങ്കിലും തങ്ങളാൽ കഴിയുന്ന ഒരുക്കങ്ങളൊക്കെ അവിടെ കൂടിയ ഭക്തജനങ്ങൾ ചെയ്തിരുന്നു.ഗുരു പീഠമായി നിർദ്ദേ ശിച്ചിരുന്ന പാറയ്ക്കു ചുറ്റും ചെത്തി വെടിപ്പാക്കി കുരുത്തോലയും മാവിലയും ചേർത്ത് തോരണം ചാര്ത്തിയ ഒരു പന്തൽ ആ പാറയ്ക്ക് മീതെ കെട്ടി ഉയർത്തി. മരോട്ടിക്കായകൾ നടുവേ മുറിച്ച് അതിൽ എണ്ണ യൊഴിച്ചു തിരികളിട്ടു. നിരക്കെ നാട്ടിയ ഓലമടലുകളിൽ ആ വിളക്കുകൾ ഉറപ്പിച്ചു. നാദസ്വര വായനയും ഏർപ്പാടാക്കി. വിഗ്രഹ പ്രതിഷ്ഠ യ്ക്കുള്ള അഷ്ടബന്ധം വൈദ്യന്മാർ ഏർപ്പാടു ചെയ്തു.
അന്ന് മുഴുവൻ ഘന ഗംഭീരമായ ഒരു മൌനത്തിൽ ആയിരുന്നു ഗുരുദേവൻ. പർണ്ണശാല യ്ക്കടുത്ത് ധ്യാനത്തിലിരിക്കുന്ന സ്വർണ്ണ വിഗ്രഹം പോലെ തേജോമയനായ ഗുരുവിന്റെ മുഖത്തേക്ക് നോക്കാൻ പോലും അന്ന് ആര്ക്കും ധൈര്യമുണ്ടായിരുന്നില്ല.
സന്ധ്യയോടെ വിളക്കുകളെല്ലാം തെളിയിച്ചു. ഭക്തജനങ്ങൾ പഞ്ചാക്ഷരീ മന്ത്രം ജപിക്കാൻ തുടങ്ങി. നേരം പാതിരാവായി. വിഷം പാനം ചെയ്ത ശിവനു വേണ്ടി ഭക്തർ ഉറങ്ങാതെ കാവലിരിക്കുന്ന രാത്രി. ധ്യാനത്തിൽ നിന്ന് ഉണർന്ന ഗുരു പർണ്ണശാലയിൽ നിന്നും പുറത്തേക്കിറങ്ങി. ഉദിച്ചു വരുന്ന സൂര്യനെപ്പൊലെ. ഗുര നേരെ പുഴയിലേക്കിറങ്ങി. നെയ്യാറിൽ അവിടെ ഒരു കയം ഉണ്ട് "ശങ്കരൻകുഴി". പാഞ്ഞു വരുന്ന പുഴ അവിടെയൊന്നു വട്ടം കറങ്ങി യിട്ടേ മുന്നോട്ട് ഒഴുകൂ. ആ കയത്തിൽ പെട്ട യാതൊന്നും പിന്നീട് ഉയർന്നു വരാറില്ലത്രേ! ജനങ്ങൾ വീർപ്പടക്കി നില്ക്കെ ഗുരു ആ കയത്തിൽ മുങ്ങി. സമയം കടന്നു പോകുന്നു. മാറത്തു കൈ ചേർത്ത് ഒന്ന് മിണ്ടാൻ പോലുമാകാതെ ആളുകൾ തരിച്ചു നിൽക്കുകയാണ്. പുഴയുടെ മന്ത്ര ജപം മാത്രം അപ്പോഴും മുഴങ്ങി കേൾക്കാം. അപ്പോൾ അതാ ആ കയത്തിൽ നിന്നും ഗുരു പൊങ്ങി വരുന്നു. വലതു കയ്യിൽ ശിവലിംഗ രൂപത്തിലുള്ള ശില ഉയർത്തി പിടിച്ച് ഇടതു കൈ കൊണ്ട് പാറയിൽ ഒരു അഭ്യാസിയെപ്പോലെ പിടിച്ച് കയറി വരുന്നു. നേരെ നടന്നു അദ്ദേഹം പ്രതിഷ്ഠിക്കാനുദ്ദേശി ച്ചിരുന്ന പാറയുടെ അരികിൽ എത്തി. ആ ശിലാ ഖണ്ഡത്തെ നെഞ്ചോടു ചേർത്തു പിടിച്ച് ധ്യാനലീനനായി നിന്നു കരുണാർദ്രമായ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. മണിക്കൂറുകളോളം ധ്യാന നിലയിൽ തന്നെ നിന്നു. ആകാശത്തു നിന്നും ഒരു കാന്തി പ്രസരം അന്തരീക്ഷത്തിലൂടെ പാഞ്ഞുവന്ന് ഗുരുവിന്റെ കയ്യിലെ ശിലയിൽ തൊട്ടു. അദ്ദേഹം ആ ഉരുണ്ട ശിലാഖണ്ഡത്തെ പരന്ന ശിലയിൽ വച്ചു. ശില ശിലയോട് ഉരുകിചേർന്നു. അഷ്ടബന്ധം കാച്ചിക്കൊണ്ടു നിന്ന വൈദ്യന്മാർ ഗുരുവിനോടു ചോദിച്ചു "അഷ്ടബന്ധം ഒഴിക്കെണ്ടയോ ?" മൌന മുദ്രിതമായിരുന്ന ഗുരുവിന്റെ ചുണ്ടുകള അന്ന് ആദ്യമായി ഉച്ചരിച്ചു. "വേണ്ട. അതുറച്ചു പോയല്ലോ!"
സ്വന്തം തപ:ശക്തിയുടെ അഷ്ടബന്ധത്തിൽ അന്ന് ഉറപ്പിച്ച ആ ശിലയ്ക്ക് ഇന്നോളവും ഒരിളക്കവും സംഭവിച്ചിട്ടില്ല. ദൈവം പോലും സ്വന്തമായിട്ട് ഇല്ലാതിരുന്ന പതിതരായ ജനങ്ങൾക്കു വേണ്ടിയാണ് ഗുരു അന്നു കരഞ്ഞത്. ഗംഗജല ത്തേക്കാൾ പരിശുദ്ധമായ കണ്ണുനീരിൽ അഭിഷേകം ചെയ്ത് ഗുരു പ്രതിഷ്ഠിച്ച ആ ശിലയ്ക്ക് ഇന്നോളം മറ്റൊരു അഷ്ടബന്ധം വേണ്ടി വന്നിട്ടില്ല.
ലേഖനം കടപ്പാട് ശ്രീമതി സുകുമാരി ദേവിപ്രഭ
No comments:
Post a Comment