‘കാഷായ വസ്ത്രത്തെ ഒരു ചക്രവര്‍ത്തിയുടെ വിജയ വൈജയന്തിയേക്കാള്‍ മഹത്വമേറിയതായിട്ടാണ് ഭാരതീയര്‍ ഒരു കാലത്ത് പരിഗണിച്ചിരുന്നത്. ഇന്നും അങ്ങനെ പരിഗണിക്കുന്നവരും ധാരാളം ഉണ്ട്. പക്ഷേ, കാഷായവസ്ത്രം കാപട്യത്തെ മറച്ചുവയ്ക്കാനുള്ള ഒരു മൂടുപടമാക്കി ദുരുപയോഗപ്പെടുത്താന്‍ ഒരു കൂട്ടമാളുകള്‍ സന്നദ്ധരായപ്പോള്‍ മുതലാണ് അത് അപഹാസാസ്പദമായിത്തീര്‍ന്നത്.
അഭിനവപരിഷ്‌ക്കാരതിമിരബാധ പിടിപെട്ട ‘നാടന്‍ സായ്പന്മാ’ര്‍ക്ക് കാഷായത്തെക്കുറിച്ച് വളരെ പുച്ഛമായിരുന്നു. എന്നാല്‍, ആ തെറ്റിദ്ധാരണ നീക്കിയത് ശ്രീമദ് വിവേകാനന്ദസ്വാമികളാണ്. പ്രാചീന ഭാരതീയസംസ്‌കാരത്തിന്റേയും ശാന്തിയുടേയും സന്ദേശമാണ് കാഷായവസ്ത്രത്തില്‍ക്കൂടി ലോകത്തിന് സംഭാവന ചെയ്യുന്നതെന്നുള്ള തത്വം അദ്ദേഹം ചിക്കാഗോയില്‍വച്ച് ആദ്യമായി ലോകത്തിന് വെളിപ്പെടുത്തി കൊടുത്തു. പാശ്ചാത്യര്‍ അത് ശിരസ്സ് നമിച്ചുകൊണ്ട് സമ്മതിക്കയും അതിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ അതേറ്റുപാടാന്‍ നമ്മുടെ ‘പരിഷ്‌ക്കാരികളും’ തയ്യാറായി.
ഭാരതസംസ്‌ക്കാരത്തിന്റെ ചിഹ്നമാണ് കാഷായവസ്ത്രം. അതുകൊണ്ടാണ് ഹിന്ദുസാമ്രാജ്യസ്ഥാപകനായ ശിവജി മഹാരാജാവ് തന്റെ സാമ്രാജ്യത്തിലെ ദേശീയപതാകയായി കാഷായത്തെ സ്വീകരിച്ചത്. കാഷായവസ്ത്രം ആത്മജ്ഞാനത്തിന്റെ പ്രതീകമാണ്. ഒരുകാലത്തു ശവത്തെ ആച്ഛാദനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് കാഷായവസ്ത്രമായിരുന്നു. ആത്മപിണ്ഡം വയ്ക്കുക എന്നത് സംന്യാസത്തിനുള്ള ചടങ്ങുകളില്‍ ഒന്നാണല്ലോ. അതിന്റെ അര്‍ത്ഥം ജഡമായ ഈ ശരീരത്തില്‍ ഞാന്‍ എന്നുള്ള അഭിമാനത്തെ ഉപേക്ഷിക്കുന്നു എന്നാണ്. താന്‍ മരിക്കുന്നു എന്നു സാരം. പിന്നീടുള്ള ദേഹം ശവമായിട്ടാണ് സംന്യാസി കരുതേണ്ടത്. സച്ചിദാനന്ദസ്വരൂപമായ ആത്മാവാണു താനെന്നറിഞ്ഞ് ഉണര്‍ന്നിരിക്കുന്ന സംന്യാസിയുടെ ആദ്ധ്യാത്മിക ജീവിതത്തെ പ്രഖ്യാപനം ചെയ്യുന്ന ഒരു ചിഹ്നമാണ് പരിപാവനമായ ഈ കാവിവസ്ത്രം. അത് സ്വീകരിച്ച് സംന്യാസാശ്രമത്തില്‍ പ്രവേശിച്ചാല്‍ പിന്നെ പൂര്‍വ്വാശ്രമബന്ധങ്ങളൊന്നുംതന്നെ ആ സംന്യാസിയെ സ്പര്‍ശിക്കാന്‍ പാടില്ല. അതിന് തെളിവാണ്,
നാമഗോത്രാദിചരണം, ദേശം, വാസം, ശ്രുതം, കുലം,
വയോ, വൃത്തം, വ്രതം, ശീലം, ഖ്യാപയേന്നൈവ സദ്യതി:
(പഴയ പേര്, ഗോത്രം, സൂത്രം, പ്രവരം, ദേശം, വാസസ്ഥലം, കുടുംബം, വയസ്സ്, ആചാരം, വ്രതം, അനുഷ്ഠാനക്രമങ്ങള്‍ മുതലായവ സംന്യാസി ആരോടും പറയരുത്) എന്നുള്ള യതിധര്‍മ്മാനുശാസനം.
സംന്യാസ സമ്പ്രദായം ഇന്നും ഇന്നലെയും ഉണ്ടായതല്ല. അതിപുരാതനകാലം മുതല്‍ ഭാരതവര്‍ഷത്തില്‍ ഈ സമ്പ്രദായം നിലനിന്നുപോന്നിരുന്നതാണ്. ബുദ്ധഭിക്ഷുക്കളില്‍നിന്നാണ് ഹിന്ദുക്കള്‍ സംന്യാസ സമ്പ്രാദായം സ്വീകരിച്ചതെന്നുള്ള നവീനവാദം ഒരിക്കലും അംഗീകാര്യമല്ല. സര്‍വ്വശക്തനായ ജഗദീശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിനുശേഷം ഇതിന്റെ നിലനില്പിനുവേണ്ടി മരീച്യാദികളായ പ്രജാപതികളെ സൃഷ്ടിച്ച് പ്രവൃത്തിരൂപമായ ധര്‍മ്മത്തേയും സനകാദിയോഗികളെ സൃഷ്ടിച്ച് നിവൃത്തിരൂപമായ ധര്‍മ്മത്തേയും ഉപദേശിച്ചുകൊടുത്തു എന്ന് ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളില്‍ ഭംഗിയാംവണ്ണം വിവരിച്ചിട്ടുണ്ട്.
"യദിദം വേദവചനം കുരു കര്‍മ്മ ത്യജേതി ച" (കര്‍മ്മം ചെയ്യണം; കര്‍മ്മം ഉപേക്ഷിക്കണം എന്നിങ്ങനെ രണ്ടുവിധത്തില്‍ വേദവിധികളുണ്ട്. (കര്‍മ്മത്യാഗം സംന്യാസം)
"ദ്വാവിമാവഥ പന്ഥാനൗ യസ്മിന്‍ വേദഃ പ്രതിഷ്ഠിതഃ
പ്രവൃത്തിലക്ഷണോ ധര്‍മ്മോ നിവൃത്തിശ്ച വിഭാഷിതഃ" (പ്രവൃത്തിപരമെന്നും നിവൃത്തിപരമെന്നും രണ്ടുമാര്‍ഗ്ഗങ്ങള്‍ വേദത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.) എന്ന് മഹാഭാരതത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നതും മുകളില്‍ പറഞ്ഞതിനു തെളിവാണ്.
"ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, ഈ ആശ്രമങ്ങള്‍ മൂന്നും പ്രവൃത്തിപ്രധാനവും സംന്യാസാശ്രമം നിവൃത്തിപ്രധാനവുമാകുന്നു.
"സംന്യാസി എപ്പോഴും ആത്മവിചാരത്തോടുകൂടി വര്‍ത്തിക്കേണ്ടതാണ്. ഒരു സാധാരണമനുഷ്യനു ദേഹാഭിമാനമുള്ളതുപോലെ, സംന്യാസിക്ക് ‘ആത്മാഭിമാനം’ (ഞാന്‍ ആത്മാവാണെന്നുള്ള ബുദ്ധി ഉണ്ടായിരിക്കണം.)
"പരമാത്മനി യോ രക്തോ വിരക്തോƒപരമാത്മനി
സര്‍വ്വൈഷണാവിനിര്‍മ്മുക്തഃ സ ഭൈക്ഷം ഭോക്തുമര്‍ഹതി"
(ആത്മാവല്ലാതെയുള്ള ദൃശ്യവസ്തുക്കളില്‍ പറ്റുമാനമരുത്. എപ്പോഴും പരമാത്മാവില്‍ത്തന്നെ ത്‌ലപരനായിരിക്കണം. ദാരൈഷണ, പുത്രൈഷണ, വിത്തൈഷണ എന്നിവയില്‍നിന്ന് വേറിട്ട് നില്‌ക്കേണ്ടതാണ്. അങ്ങനെയുള്ള ഒരുവനുമാത്രമേ സംന്യാസിക്കാനധികാരമുള്ളു.)
"വേദാന്തവാക്യേഷു സദാ രമന്തോ
ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ"
ഇതാണ് ഒരു സംന്യാസിയുടെ യഥാര്‍ത്ഥലക്ഷണം. അതായത് അവന്‍ എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്‍ത്ഥചിന്തനത്തില്‍ രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നംകൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്‍ശമില്ലാതെ അന്തര്‍മ്മുഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്‍.
‘ഇന്നത്തെ സംന്യാസിമാര്‍ മിക്കവാറും ഈ ലക്ഷണത്തിന് നേരെ വിപരീതമായിട്ടാണ് കാണപ്പെടുന്നത്. വേദാന്തചിന്ത അവരെ തീണ്ടിയിട്ടേയില്ല. വേദാന്തനിഷ്ഠന്മാര്‍ അവരുടെ ദൃഷ്ടിയില്‍ ഭ്രഷ്ടന്മാരാണ്. കിട്ടുന്ന ഭക്ഷണംകൊണ്ട് സന്തോഷിക്കുക, യദൃച്ഛാലാഭസന്തുഷ്ടനായിരിക്കുക, എന്നാണ് ഭിക്ഷാന്നതുഷ്ടന്‍ എന്നതിന്റെ അര്‍ത്ഥം. പക്ഷേ, ഇന്നത്തെ സംന്യാസി അത് വകവച്ചുകൊടുക്കയില്ല. ബകനൊരുക്കുന്നതു പോലെ വേണം അവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കേണ്ടത്. യഥാകാലം ലഭിച്ചില്ലെങ്കില്‍ പാവങ്ങളായ ശിഷ്യന്മാരെ ശപിച്ച് ഭസ്മസാല്‍ക്കരിക്കാന്‍തന്നെ ഒരുങ്ങുന്ന സംന്യാസവേഷധാരികളും ഒട്ടും കുറവല്ല. കഞ്ചാവുകൂടി പിടിച്ചാല്‍ കഥ പറയുകയും വേണ്ട. ഒരു ശോകച്ഛായ എപ്പോഴും വിക്ഷിപ്തചിത്തന്മാരായ ഇന്നത്തെ സംന്യാസിമാരുടെ മുഖത്തു സ്ഫുരിക്കുന്നത് കാണാം. ഇതിന് കാരണം അവര്‍ യഥാര്‍ത്ഥ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ കഴിഞ്ഞുകൂടുകയോ, ശാസ്ത്രബോധം സമ്പാദിക്കയോ, ശമദമാദിസാധനകള്‍ അനുഷ്ഠിക്കുകയോ, ഈശ്വരവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയോ, ചെയ്യാതെ സ്വയം കാവിവസ്ത്രവും ധരിച്ച് ലോകരംഗത്തിറങ്ങിയതാണ്.’
"അജിഹ്വഃ ഷണ്ഡകഃ പംഗുരന്ധോ ബധിര ഏവ ച
മുഗ്ദ്ധശ്ച മുച്യതേ ഭിക്ഷുഃ ഷഡ്ഭിരേതൈര്‍ന്ന സംശയഃ"
എന്ന സ്മൃതിയനുസരിച്ച് സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില്‍ മാത്രമേ മുക്തനാകയുള്ളു."
രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്‍. ഷഡ്‌രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.
ഇന്നുണ്ടായ പെണ്‍കുട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന്‍ കഴിയുന്നവനാണ് ഷണ്ഡകന്‍ (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം.
മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കും ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില്‍ കവിയാത്ത ദൂരത്തില്‍ സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന്‍ മുടന്തന്‍ (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്‍ത്ഥം.
നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന്‍ കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന്‍ (കുരുടന്‍) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം.
ലൗകികോല്‍ക്കര്‍ഷത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള്‍ കേട്ടാലും കേള്‍ക്കാത്തവണ്ണം തജ്ജന്യമായ വികാരങ്ങള്‍ ആരെയാണോ സ്പര്‍ശിക്കാത്തത്, അവന്‍ ബധിരന്‍ (പൊട്ടന്‍) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില്‍ പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.
എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്‍ഷകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില്‍ വര്‍ത്തിക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല്‍ ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്‍.
സംന്യാസി സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ആരെയും നിന്ദിക്കയോ സ്തുതിക്കയോ അരുത്. പുണ്യകര്‍മ്മങ്ങളിലും പാപകര്‍മ്മങ്ങളിലും ലേശംപോലും പറ്റുമാനമരുത്. വിതണ്ഡാവാദം മുതലായവ ചെയ്യരുത്. എല്ലാക്കാര്യങ്ങളിലും ഒരു സാക്ഷിയെപ്പോലെ തുല്യനിലയില്‍ വര്‍ത്തിക്കണം.
ദുര്‍വ്വാസനകളെ ഉത്തേജിപ്പിക്കുന്ന ഒരു കര്‍മ്മകലാപങ്ങളിലും സംന്യാസികള്‍ ചെന്നു കുരുങ്ങരുത്.
"ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ,
ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്"
ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്‍ക്കുന്നവയാണ്. അതിനാല്‍, ഇവയില്‍നിന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആസനം: ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില്‍ മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്‍, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്‍ബ്ബന്ധബുദ്ധിക്കാണ് ‘ആസനം’ എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്‍ക്കു മഠങ്ങളില്ലായിരുന്നു. അവര്‍ ഒരു ഗ്രാമത്തില്‍ ഒരു ദിവസവും ഒരു പട്ടണത്തില്‍ അഞ്ചുദിവസവും മാത്രമേ താമസിക്കാവൂ എന്നായിരുന്നു അന്നത്തെ നിയമം. മഴക്കാലത്തുമാത്രം ഒരു സ്ഥലത്തു നാലുമാസക്കാലം താമസിക്കാന്‍ വിധിയുണ്ട്. അന്നു ധ്യാനജപാദികളിലും സ്വാദ്ധ്യായത്തിലും മാത്രം മുഴുകിയിരിക്കണമെന്നാണു നിയമം. ഇന്നു സംന്യാസികള്‍ക്കു മഠങ്ങളുണ്ടല്ലോ? ഗുരുക്കന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഏതു മഠങ്ങളിലും താമസിക്കാന്‍ സംന്യാസികള്‍ സന്നദ്ധരായിരിക്കണം.
രണ്ടാമത്തേത് ‘പാത്രലോപ‘മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്‍മ്മത്തെ ഉദ്‌ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന്‍ അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് ‘പാത്രലോപം’. അതു വരാതെയിരിക്കാന്‍ സംന്യാസിമാര്‍ പ്രത്യേകം സൂക്ഷിക്കണം.
‘സഞ്ചയ‘മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്‍ത്ഥം പറയാം. അത്യാവശ്യസാധനങ്ങള്‍ കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള്‍ വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള്‍ രണ്ടു ജലപാത്രങ്ങള്‍കൂടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില്‍ പൊതുവേ ചില നിയമങ്ങള്‍ ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്‍വ്വസാമാന്യമായ ഒരു നിയമം ഉള്ളപ്പോള്‍ അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള്‍ ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്‍നിന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്‍ക്കുവേണ്ടി ധനധാന്യാദികള്‍ സമ്പാദിക്കുന്നു എങ്കില്‍ അത് സഞ്ചയമാണ്.
അടുത്തത് ‘ശിഷ്യസംഗ്രഹ‘മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്‍ക്കും വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് ‘ശിഷ്യസംഗ്രഹ’മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാന്‍ അര്‍ഹതയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്‍ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില്‍ കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര്‍ ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്‍ക്കുമാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന്‍ തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?
"ശുശ്രൂഷാലാഭപൂജാര്‍ത്ഥം യശോര്‍ത്ഥം വാ പരിഗ്രഹഃ
ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ"
(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്‍, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്‍നിന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.
അടുത്തത് ‘ദിവാസ്വാപ‘ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്‍ത്ഥം. സംന്യാസികള്‍ പകലുറങ്ങാന്‍ പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.
"വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ
വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ"
വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് ‘പകല്‍’ എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് ‘രാത്രി’ എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില്‍ ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്‍ഷിമാര്‍ സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്‍, വിദ്യയില്‍ - ആത്മവിദ്യയില്‍ - സംന്യാസിമാര്‍ യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില്‍ ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.
ആറാമത്തേത് ‘വൃഥാലാപ‘മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന്‍ സംസാരിക്കുവാന്‍. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്‍ജ്ജിക്കേണ്ടതാണ്."
"പ്രാചീനകാലത്ത് സംന്യാസികള്‍ നിവൃത്തിപ്രധാനന്മാര്‍ മാത്രമായിരുന്നു. ആത്മാരാമന്മാരായ ആ സാധുക്കള്‍ മഠങ്ങളോ, മഠാധിപത്യമോ, അദ്ധ്യാപനമോ പോലുമില്ലാതെ അന്തഃകരണത്തെ അന്തര്‍മ്മുഖമാക്കി ബ്രഹ്മനിഷ്ഠരായിത്തന്നെ കഴിഞ്ഞുകൂടിയിരുന്നു. പക്ഷെ, അവര്‍ ഒരു സര്‍വ്വകലാശാലയേക്കാള്‍ കൂടുതല്‍ വിജ്ഞാനവിതരണം ചെയ്തിട്ടുള്ളവരാണ്. അവരുടെ ഒരു വാക്കോ നോക്കോ മതി, സകലവിധമായ അന്ധകാരത്തേയും മാറ്റാന്‍. ഭാഗവതം ഏകാദശത്തില്‍ വിവരിച്ചുകാണുന്ന അവധൂതബ്രാഹ്മണന്‍ അതുപോലെയുള്ള ഒരു വ്യക്തി ആയിരുന്നു. ദത്താത്രേയന്‍, സംവര്‍ത്തന്‍, ജഡഭരതന്‍ മുതലായവരുടെ ചരിത്രം ലോകത്തിന് എത്രമാത്രം വിജ്ഞാനത്തേയാണ് വിതരണം ചെയ്തിരിക്കുന്നത്. അവരെല്ലാം അതിവര്‍ണ്ണാശ്രമികളായിരുന്നു. ദക്ഷിണ ഇന്‍ഡ്യയിലെ സിദ്ധപരമ്പരയില്‍ ഇന്നും അതിവര്‍ണ്ണാശ്രമികളാണ് അപൂര്‍വ്വമായിട്ടുള്ളത്. പക്ഷെ, ഈ അത്യാശ്രമികളെ അനുകരിക്കുന്നതിനും അവരുടെ മഹത്വം വേണ്ടവണ്ണം ഗ്രഹിക്കുന്നതിനും സാമാന്യമനുഷ്യര്‍ക്കു സാദ്ധ്യമല്ല. വിധിനിഷേധങ്ങളെ പരിഗണിക്കാതെ സ്വച്ഛന്ദം വിഹരിച്ചുകൊണ്ടിരിക്കുന്ന ആത്മാരാമന്മാരില്‍ പലരും സാധാരണദൃഷ്ടിയില്‍ ഭ്രാന്തന്മാരോ അധര്‍മ്മികളോ ആയിത്തോന്നിയെന്നുവരാം. അങ്ങനെ വരാതിരിക്കുന്നതിനുവേണ്ടിയാണ് ശ്രീശങ്കരഭഗവത്പാദര്‍ സംന്യാസമാര്‍ഗ്ഗത്തെ നൂതനമായി പരിഷ്‌ക്കരിച്ച് വേണ്ട വ്യവസ്ഥകള്‍ ചെയ്തത്. നാസ്തികമതം വര്‍ദ്ധിക്കയും വൈദികമതം തിരസ്‌ക്കരിക്കപ്പെടുകയും ചെയ്ത ഒരു കാലത്തായിരുന്നു ശ്രീശങ്കരഭഗവത്പാദരുടെ തിരുവവതാരം. അദ്ദേഹം ഹിമവല്‍സേതുപര്യന്തം സഞ്ചരിച്ച് യുക്തിവാദംകൊണ്ടും സിദ്ധിവിശേഷങ്ങള്‍കൊണ്ടും നാസ്തികമതത്തെയെല്ലാം ആട്ടിപ്പായിച്ച് വൈദികമതത്തെ ഭാരതത്തില്‍ പുനഃസ്ഥാപിക്കയാണു ചെയ്തത്. വൈദികമതത്തിന്റെ നിലനില്പിനും പ്രചാരണത്തിനുംവേണ്ടി അദ്ദേഹം ഭാരതത്തിന്റെ നാലുഭാഗത്തായി നാലുമഠങ്ങള്‍ സ്ഥാപിക്കയും ആ മഠങ്ങളില്‍ ഓരോന്നിലും തന്റെ പ്രധാന ശിഷ്യന്മാരെ മഠാധിപന്മാരാക്കി വാഴിക്കയും ചെയ്തു. ഹിന്ദുമതം, മഠങ്ങളെ കേന്ദ്രീകരിച്ച് സംന്യാസികളില്‍കൂടി പ്രചരിപ്പിക്കണമെന്നായിരുന്നു അവിടുത്തെ ഉദ്ദേശ്യം. ഹിന്ദുമത്തിന്റെ അസ്തിവാരം നാലുവേദങ്ങളാണല്ലോ? അവയുടെ സ്മാരകങ്ങളായിട്ടാണ് ശ്രീശങ്കരാചാര്യര്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചത്. ജഗന്നാഥത്തിലുള്ള ഗോവര്‍ദ്ധനമഠം ഋഗ്വേദത്തിന്റെയും മൈസൂരിലുള്ള ശൃംഗേരിമഠം യജൂര്‍വേദത്തിന്റെയും ദ്വാരകയിലുള്ള ശാരദാമഠം സാമവേദത്തിന്റെയും ബദരികാശ്രമത്തിലുള്ള ജ്യോതിര്‍മ്മഠം അഥര്‍വ്വവേദത്തിന്റെയും സ്മാരകങ്ങളായിട്ടാണ് പരിഗണിക്കപ്പെട്ടുപോരുന്നത്.
അവയില്‍ വച്ചു ഗോവര്‍ദ്ധനമഠത്തില്‍ ശ്രീപത്മപാദാചാര്യരേയും ശൃംഗേരിമഠത്തില്‍ ശ്രീ സുരേശ്വരാചാര്യരേയും ശാരദാമഠത്തില്‍ ശ്രീ ഹസ്താമലകാചാര്യരേയും ജ്യോതിര്‍മ്മഠത്തില്‍ ശ്രീതോടകാചാര്യരേയും ആണ് അധിപന്മാരാക്കി ശ്രീ ശങ്കരാചാര്യര്‍ വാഴിച്ചത്. ഈ ഭാരതവര്‍ഷത്തെ നാലു വിഭാഗങ്ങളാക്കി തിരിച്ചു അവയില്‍ ഓരോ വിഭാഗത്തിന്റെയും ധാര്‍മ്മി(വൈദി)കാധിപത്യം പ്രസ്തുത നാലു മഠങ്ങളിലും സംസ്ഥാപിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. ഭാരതമൊട്ടാകെ അത് അംഗീകരിച്ചുമിരുന്നു. ഇങ്ങനെ മഠങ്ങളെ കേന്ദ്രീകരിച്ചു സംന്യാസിമാര്‍ ഭാരതമൊട്ടുക്കു ധര്‍മ്മപ്രചരണം ചെയ്തുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും അങ്ങനെ ചെയ്യണമെന്നാണു വ്യവസ്ഥ. അങ്ങനെയുള്ള സംന്യാസികളുടെയും തദനുയായികളായ ജനങ്ങളുടെയും സമ്മേളനരംഗങ്ങളായിരുന്നു ഗയ, ഹരിദ്വാരം, മുതലായ സ്ഥലങ്ങള്‍. അവിടെയെല്ലാം ഇന്നും കൊണ്ടാടിവരുന്ന ‘മേള’കള്‍ ആ വാസ്തവത്തെ ഉദ്‌ഘോഷിക്കുന്നുണ്ട്. ഈ പുണ്യഭൂമിയില്‍ കാണുന്ന സംന്യാസികള്‍ മിക്കവാറും ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ചിട്ടുള്ള നാലു മഠങ്ങളില്‍ ഏതെങ്കിലും ഒന്നിലെ ആചാര്യന്മാരുടെ ശിഷ്യപ്രശിഷ്യപരമ്പരയില്‍പ്പെട്ടവരാണ്. അതിനാല്‍, ഇന്നത്തെ സംന്യാസസമ്പ്രദായത്തിന്റെ പ്രതിഷ്ഠാപകന്‍ ശ്രീശങ്കരഭഗവത്പാദരാണെന്നു മനസ്സിലാക്കണം.
ഒരു സംന്യാസി, പ്രസ്ഥാനത്രയം എങ്കിലും പഠിച്ചിരിക്കണമെന്നാണു സാധാരണ വ്യവസ്ഥ. അതു പഠിക്കാത്തവരെ ശങ്കരമഠങ്ങളിലെങ്ങും പ്രധാന സംന്യാസികളായി പരിഗണിച്ചുപോരാറില്ല. നമ്മുടെ ആശ്രമങ്ങളിലും ആചാര്യസ്ഥാനത്തിരിക്കുന്നവര്‍ അവശ്യം അവ പഠിക്കേണ്ടതാകുന്നു. അതിനാല്‍, ശ്രീശങ്കരഭഗവത്പാദര്‍ അനുശാസിച്ചിട്ടുള്ള സമ്പ്രദായത്തില്‍കൂടി ആത്മസാക്ഷാത്ക്കാരം നേടി ലോകകല്യാണത്തിനുവേണ്ടി ജീവിക്കുന്നതിനാണു നിങ്ങള്‍ സംന്യാസദീക്ഷ സ്വീകരിച്ചിരിക്കുന്നത് എന്നുള്ള വസ്തുത ഒരിക്കലും വിസ്മരിച്ചു പോകരുത്.
[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്: www.fb.com/sreyasin ]
No comments:
Post a Comment