16/02/2014

ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രം


കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം .പഞ്ചപാണ്ഡവരില്‍ ഒരാളായ അര്‍ജുനനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പാര്‍ഥസാരഥി വിഗ്രഹം അപൂര്‍വമാണ്. ആറന്മുള വള്ള സദ്യ പ്രധാന വഴിപാടാണ്. ആയിരങ്ങള്‍ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

പാര്‍ത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവരില്‍ ഒരാളായ അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്‍മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരന്‍മാര്‍ വരച്ച നിരവധി ചുമര്‍ചിത്രങ്ങളും ക്ഷേത്രത്തില്‍ കാണാം.

കേരളീയ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാര്‍ത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദര്‍ശനം. വിഗ്രഹം ചതുര്‍ബാഹുവായ വിഷ്ണുവിന്റേതാണ്. ക്ഷേത്രത്തിന്റെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ച മനോഹരമായ ചിത്രങ്ങളാല്‍ അലങ്കൃതമാണ്. ക്ഷേത്രത്തില്‍ പുറംചുമരിന്റെ നാല് വശങ്ങളിലായി നാല് ഗോപുരങ്ങളുണ്ട്. കിഴക്കന്‍ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. വടക്കന്‍ ഗോപുരത്തില്‍ നിന്ന് പമ്പ നദിയിലേക്കിറങ്ങാന്‍ 57 പടികളാണുള്ളത്.
യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതിലുള്ള പാപഭാരം തീര്‍ക്കാനാണത്രെ അര്‍ജുനന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാല്‍ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ചങ്ങാടത്തില്‍ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തിന് ആറന്‍മുള എന്ന പേര് വന്നത്. ഗണപതി, അയ്യപ്പന്‍, ശിവന്‍, ഭഗവതി, നാഗങ്ങള്‍ എന്നിവരാണ് ഉപപ്രതിഷ്ഠകള്‍.
ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയില്‍ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.പമ്പാനദിക്കരയില്‍ ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. 48 ചുണ്ടന്‍ വള്ളങ്ങള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാര്‍ത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. നാലാം നൂറ്റാണ്ടുമുതല്‍ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്. ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

No comments: