കൂത്താട്ടുകുളം: ഗ്രാമങ്ങളിൽ നാട്ടറിവിന്റെ പൈതൃകവുമായി വൈദ്യന്മാരുണ്ടെങ്കിലും 86 ന്റെ നിറവിലെത്തിയ ചോതിപാപ്പന്റെ കൈ തൊട്ടൽ ഏതുളുക്കും പമ്പകടക്കും. കൂത്താട്ടുകുളം പഞ്ചായത്തിലെ 12-ാം വാർഡിൽ കിഴകൊമ്പ് ചാറാണിയിൽ ശ്രീധരൻ എന്ന ചോതിപാപ്പന്റെ സിദ്ധി തിരിച്ചറിഞ്ഞ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെയടുത്തെത്തുന്നത്. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നിന്നുപോലും കൈയൊഴിഞ്ഞ കേസുകളും പാപ്പന് ഒരുപിടുത്തം മതി ശരിയാക്കനെന്ന് അനുഭവസ്ഥർ പറയുന്നു.
നേരത്തെ പൊട്ടലിനായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ വന്നിരുന്നത്. ആശുപത്രികൾ പൊട്ടിമുളച്ചതും പച്ചമരുന്നുകളുടെ ലഭ്യതക്കുറവും മൂലം പാപ്പൻ ഈ ചികിത്സയിൽ നിന്ന് ഒഴിവാവുകയായിരുന്നു. ഇപ്പോൾ ഉളുക്കും ഞരമ്പ് സംബന്ധമായ ചികിത്സകളുമാണ് പാപ്പനുള്ളത്.
കൃത്യമായി പറഞ്ഞാൽ 66 വർഷം മുമ്പ് ചേർത്തലയിൽ നിന്ന് കിഴകൊമ്പിലെത്തിയ നാട്ടുവൈദ്യനാണ് പാപ്പന് മർമ്മ ചികിത്സയുടെ പാഠങ്ങൾ പകർന്നു നൽകിയത്. അക്കാലത്ത് നാട്ടിലെ ഒരു വീട്ടിൽ ചികിത്സാ ആവശ്യത്തിനായാണ് നാട്ടുവൈദ്യനെത്തിയത്. പാപ്പനടക്കം 12 പേരെ നാട്ടുവൈദ്യൻ മർമ്മ ചികിത്സപഠിപ്പിച്ചെങ്കിലും ചോതിപാപ്പൻ മാത്രമാണ് പൂർത്തീകരിച്ചത്. പഠനം കഴിഞ്ഞ് അഞ്ച് വർത്തോളം തന്റെ സിദ്ധി പുറത്തെടുക്കാതെ നടന്നു. ഇതിനിടെയാണ് സ്വന്തം സഹോദരൻ തെങ്ങിൽ കയറുന്നതിനിടെ ഉയരത്തിൽ നിന്ന് നടുതല്ലി താഴെവീണത്. ആ സമയം പെട്ടന്ന് ഒന്നും ചിന്തിക്കാനിരിക്കാതെ പാപ്പൻ തന്റെ മർമ്മ പ്രയോഗം നടത്തുകയായിരുന്നു. അത് ഫലപ്രദമായതോടെ കേട്ടറിഞ്ഞ ആളുകൾ പാപ്പനെ തേടിയെത്തി. അന്ന് കൂലിവേലയെടുത്താണ് ജീവിച്ചിരുന്നത്. പ്രായമായതോടെ കഴിഞ്ഞ എട്ട് വർഷമായി പുറംപണിക്ക് പോകാതെ വീട്ടിലിരിപ്പാണ്. പണികഴിഞ്ഞ് വരുന്ന സമയങ്ങളിലും രാവിലെയുമായാണ് ആളുകൾ വന്നിരുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ പണിസ്ഥലത്തും ആളുകൾ എത്തിചികിത്സതേടിയിരുന്നു. പ്രതിഫം ആഗ്രഹിക്കാതെയാണ് പാപ്പൻചികിത്സനടത്തുന്നത്. ചിലർ നിർബന്ധപൂർവ്വം നൽകുന്ന ചെറിയ സംഭാവനകളും സർക്കാർ നൽകുന്ന വാർദ്ധക്യകാല പെൻഷനുമാണ് ഇപ്പോൾ പാപ്പന്റെ ജീവിതമാർഗ്ഗം. നാട്ടിൻപുറങ്ങളിൽ നിന്ന് പച്ചമരുന്നകൾ അപ്രത്യക്ഷമായത് പാപ്പനെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇപ്പോൾ സ്വന്തം വീട്ടുവളപ്പിൽ അത്യാവശ്യംവേണ്ട പച്ചമരുന്നുകൾ നട്ടിട്ടുണ്ട്. പാണലും കമ്മ്യൂണിസ്റ്റ് പച്ചയും, മുരുങ്ങയുമെല്ലാം അധികം വൈകാതെ അന്യംനിൽക്കുമെന്നാണ് പാപ്പൻ കരുതുന്നത്. ഇത്രയേറെ കഴിവുകളുണ്ടായിട്ടും പാപ്പന് അധികാരികളിൽ നിന്ന് ആവശ്യമായ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറ് പെൺമക്കളാണ് പാപ്പനുള്ളത്. കിഴകൊമ്പ് ബാങ്കുംപടിയിലെ മലമുകളിലെ തന്റെ വീട്ടിൽ ഭാര്യയോടൊപ്പമാണ് പാപ്പൻ കഴിയുന്നത്.
No comments:
Post a Comment