കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
മറ്റു വിഗ്രഹങ്ങള്‍പോലെ എടുത്തുമാറ്റാനാകാത്തവിധം പൂര്‍ത്തിയാക്കപ്പെടേണ്ട ഈ ബിംബം പ്രതിഷ്‌ഠിക്കുന്നിടത്തുവച്ചുതന്നെ പണിപൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ട് ആദ്യമേ പ്രതിഷ്ഠാസ്ഥാനം നിര്‍ണയിക്കപ്പെടണം. മനുഷ്യശരീരത്തിലെ ആന്തരികാസ്ഥികള്‍ക്കുതുല്യം ആദ്യം കരിങ്ങാലി മരത്തിന്റെ കാതലില്‍ വംശദണ്ഡും, വക്ഷോഭദണ്ഡും, കടി, ഊര്, ഭുജ, പാര്‍ശ്വദണ്ഡുകളും നിര്‍മ്മിച്ച് യഥാസ്ഥാനങ്ങളില്‍ അടുക്കി ചെമ്പുകമ്പികളാല്‍ ബന്ധിപ്പിച്ചുറപ്പിച്ചു് ഉറപ്പുവരുത്തി രൂപകല്‍പന ചെയ്യണം. ഈ രൂപത്തിനു തന്ത്രശാസ്ത്രത്തില്‍ ശൂലം എന്നുപറയപ്പെടുന്നു.
നാലുഭാഗം തിരുവട്ടാപ്പശയും, മൂന്നുഭാഗം കുന്തിരിക്കവും, അഞ്ചുഭാഗം ഗുല്ഗുലുവും, എട്ടുഭാഗം ചെഞ്ചല്യവും, മൂന്നുഭാഗം കാവിമണ്ണും പൊടിയാക്കി, നെയ്യും തേനും ആവശ്യാനുസരണം സമമായി ചേര്‍ത്തു ചൂടാക്കി ദ്രാവകരൂപം വരുത്തി, ഈ ശൂലത്തിന്മേല്‍ പുരട്ടുകയും ശുദ്ധമായ ചകിരിനാര് കൂട്ടിപ്പിരിച്ചു ഞരമ്പുകള്‍ തീര്‍ക്കുകയും വേണം. വിഗ്രഹത്തിന്റെ ഉറപ്പിനും മുറുക്കത്തിനും വേണ്ടിയാണ് ചകിരിനാരുകളാല്‍ ഞരമ്പുകള്‍ വരിയുന്നത്.
ബിംബദീര്‍ഘവും വിശാലതയും ആവശ്യവും അനുസരിച്ച് ശില്പിയുടെ യുക്താനുസരണം അളവുനിശ്ചയിച്ച് ശുഭദിനത്തില്‍ താന്ത്രികവിധിപ്രകാരം മണ്ണെടുക്കണം. മണ്ണ് ചവിട്ടിനടക്കാത്തതും വിസര്‍ജ്ജ്യവസ്തുക്കളാല്‍ അശുദ്ധിയാകാത്തതും ആയിരിക്കണം. അങ്ങനെയായതുകൊണ്ട് മേല്‍മണ്ണ് മാറ്റി അടിമണ്ണ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. മണ്ണെടുത്തുകഴിഞ്ഞാല്‍ അതിനെ കലക്കി അരിച്ചുണക്കി പൊടിയാക്കി പത്തുദിവസം നാല്പ്പാമരകഷായത്തിലും പത്തുദിവസം കരിങ്ങാലികഷായത്തിലുമായി ഇടേണ്ടതാണ്. കഷായശുദ്ധി വരുത്തിക്കഴിഞ്ഞാല്‍ മേല്‍പ്പറയപ്പെട്ട മരുന്നുപൊടികളുമായി മണ്ണിന്റെ നാലിലൊരുഭാഗം ചേര്‍ത്ത് വറ്റിച്ച് ത്രിഫലക്കഷായത്തിലിടണം.
യവം, ഗോതമ്പ്, ഉഴുന്നുപരിപ്പ് ഇവ മൂന്നും കാശാവിന്റെ ഇലയും ചേര്‍ത്തുപൊടിച്ചു മണലിന്റെ പകുതി ചേര്‍ത്ത് ഇളനീര്‍വെള്ളത്തിലിട്ടു പത്തുദിവസം സൂക്ഷിക്കണം. കൂടെ തിരുവട്ടാപ്പശയും ഗുല്ഗുലുവും കുന്തിരിക്കവും ചെഞ്ചല്യവും കൂട്ടിക്കലര്‍ത്തിയ പൊടി, മണലിന്റെ നാലിലൊരുഭാഗം ഇവ ചേര്‍ക്കണം. ഈ മിശ്രിതത്തെ പിന്നീട് ഏഴുദിനങ്ങള്‍ പശുവിന്‍തൈരില്‍ സൂക്ഷിക്കുകയുംവേണം.
ചുക്ക്, കുരുമുളക്, തിപ്പലി, മഞ്ഞള്‍ ഇവ പൊടിച്ചു മേല്‍പ്പറഞ്ഞ മണ്ണില്‍ചേര്‍ത്ത് നെയ്യും പാലും തേനും കൂട്ടി മണ്ണു് നനച്ച് പ്ലാവിന്‍പശയും കൂവളപ്പശയും മണലിന്റെ നാലിലൊന്നും ചേര്‍ത്ത് ചന്ദനം, പൊന്നരിതാരം, കുങ്കുമം, കര്‍പ്പൂരം, അകില്‍, ഗോരോചനം ഇവ സമമായി പൊടിച്ച് മണലിന്റെ എട്ടിലൊന്നു ഭാഗം കണക്ക് വരുത്തി, കാശാവിന്‍ തൈലം, പൊന്ന്, വെളളി, ഗംഗാവൃത്തിക, ഗംഗാജലം, പുറ്റുമണ്ണ് ഇവ കിട്ടുന്ന അളവില്‍ ചേര്‍ത്ത് മുത്തുചിപ്പി, ശംഖ്, പുറ്റുമണ്ണ്, പ്ലാവിന്‍പശ ഇവയും ചകിരിനുറുക്കി അരിഞ്ഞതും മണലിന്റെ നാലിലൊന്ന് കൂട്ടി പശരൂപത്തിലാക്കി ആദ്യം നിര്‍മിക്കപ്പെട്ട ശൂലത്തിന്മേല്‍ പുരട്ടി ആകൃതിയും ഭംഗിയും വരുത്തി അല്പദിവസം പട്ടുകൊണ്ട് മൂടിയിടണം. വിഗ്രഹത്തിന്റെ ഉപരിതലം ഉറയ്ക്കുംവരെ അന്തരീക്ഷത്തിലെ പൊടിയും പ്രാണികളും പറ്റിപ്പിടിയ്ക്കാതിരിക്കുന്നതിനുവേണ്ടിയാണ് പട്ടുകൊണ്ട് മൂടിയിടാറുള്ളത്.
കരിനീലംപോലെയോ, ആറ്റിന്‍ചുക്കുപോലുള്ളതോ ആയ കറുത്തകല്ലുകളും, ആറ്റുമണല്‍, കോഴിപ്പരല് ഇവ പൊടിച്ചുചേര്‍ത്ത് കല്ക്കമുണ്ടാക്കി പ്ലാശിന്റെ ഇലയില്‍ കുഴച്ചുതേച്ച് അലങ്കാരങ്ങള്‍ വരുത്തി ചായക്കൂട്ടുകള്‍ നിര്‍മ്മിച്ച് പുരട്ടിയാണ് കടുശര്‍ക്കരബിംബം പണിയുക.
ശ്രീപത്മനാഭസ്വാമിയുടെ കടുശര്‍ക്കരവിഗ്രഹത്തില്‍ മറ്റൊരു പ്രധാന പ്രത്യേകത കൂടിയുള്ളത് വിഷ്ണുവിന്റെ പ്രതിരൂപമായി പൂജിക്കപ്പെടുന്ന സാളഗ്രാമങ്ങള്‍ പന്തീരായിരത്തിയെട്ടെണ്ണം (12008) ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്. പന്ത്രണ്ടു സാളഗ്രാമങ്ങള്‍ വൈഷ്ണവ ആചാരവിധിപ്രകാരം ഒരു സങ്കേതത്തില്‍ വച്ചാരാധിച്ചാല്‍ ആ സങ്കേതത്തിനു കാലക്രമേണ ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭ്യമാവുമെന്ന് ആഗമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ നൂറ്റാണ്ടുകളായി നിഷ്കര്‍ഷതയോടെ, വിപുലമായ വൈഷ്ണവാചാരങ്ങള്‍ പാലിച്ച് പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങള്‍ അടങ്ങുന്ന മൂലവിഗ്രഹമാകയാല്‍ പ്രസ്തുത ക്ഷേത്രം ആയിരം മഹാക്ഷേത്രങ്ങളുടെ ചൈതന്യവും ശക്തിയുമാണ് ആര്‍ജ്ജിക്കുന്നത്. ഇവിടം ഉള്‍ക്കൊള്ളുന്ന മഹിമ തെളിയിക്കുവാന്‍ ഈ ആശയം മാത്രം മതി. (നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്ന് ശേഖരിച്ച സാളഗ്രാമങ്ങള്‍ അന്നത്തെ നേപ്പാള്‍ രാജാവാണ് തിരുവിതാംകൂറിലേക്ക് അയച്ചുകൊടുത്തത്.)
ബിംബ നിര്‍മ്മാണത്തിനുവേണ്ടിവരുന്ന കാലതാമസവും അധികച്ചിലവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടാകണം ഇന്ന് ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്യാത്തത്.
സമ്പാദകന്‍ : സജി ശ്രേയസ്
വിവരങ്ങള്‍ക്ക് കടപ്പാട്:
‘SREE PADMANABHASWAMY TEMPLE’ (അശ്വതിതിരുനാള്‍ ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി)
ഈശാനശിവഗുരുദേവപദ്ധതി-കമലാലയം കുമാര്‍
തന്ത്രസമുച്ചയം - ശില്പഭാഗം (ദാമോദരന്‍ നമ്പൂതിരിപ്പാട്)
No comments:
Post a Comment