ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് പിന്നില്‍ വന്‍ കരങ്ങളുണ്ടെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ആ വന്‍ കരങ്ങള്‍ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയാണെന്നുള്ള വെളിപ്പെടുത്തലുകളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ആറന്മുള പദ്ധതിക്ക് തുടക്കമിട്ട എബ്രഹാം കലമണ്‍ എന്ന വ്യക്തിയാണ് വധേരക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞതാണെന്നും എന്നാല്‍ താന്‍ എന്ത് ചെയ്യാനാണ് എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
കെജിഎസ് ഗ്രൂപ്പിന്റെ കൈയ്യില്‍ വിമാനത്താവള പദ്ധതിയ്ക്കായി പണമില്ല. 2000 കോടി രൂപ എന്നത് കെജിഎസ് ഗ്രൂപ്പിന് അപ്രാപ്യമാണ്. റിലയന്‍സ് ആണ് ഈ പദ്ധതി നടപ്പാക്കാന്‍ മുഖ്യമായും മുന്നിട്ട് നില്‍ക്കുന്നത്. അതിനാലാണ് റിലയന്‍സിന് ഷെയര്‍ ഉണ്ടെന്ന് കെജിഎസ് തന്നെ അവകാശപ്പെടുന്നത്. തന്റെ കൈയ്യില്‍ നിന്നും 52 കോടി രൂപയ്ക്ക് 200 -ല്‍ അധികം ഏക്കര്‍ ഭൂമി കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയെന്നും ഇദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ കെജിഎസ് ഗ്രൂപ്പ് ഈ ഭൂമി 500 കോടി രൂപയ്ക്ക് റോബര്‍ട്ട് വധേരയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. വിമാനത്താവള പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നുവിത്. പിന്നീട് ഈ ഭൂമി വധേര 1000 കോടി രൂപയ്ക്ക് റിലയന്‍സ് ഗ്രൂപ്പിന് നല്‍കി.
ഇപ്പോള്‍ ഈ ഭൂമി റിലയന്‍സിന്റേതാണ്. പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതും അവര്‍ തന്നെ. എന്തൊക്കെ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കാരണം വധേരയുടെ സ്വാധീനമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. തനിക്ക് 52 കോടി നല്‍കാന്‍ കഴിയാത്ത കമ്പനി എങ്ങനെ 2000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ് വെളിപ്പെടുത്തുന്ന വ്യക്തിയുടെ സംശയം. ഇപ്പോള്‍ ആറന്മുള പദ്ധതി നടപ്പിലാക്കുന്നതിനായി പാരിസ്ഥിതികാനുമതി ലഭിച്ചതും വധേരയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
No comments:
Post a Comment