31/08/2013

ശ്രീനാരായണഗുരു നടത്തിയ ഹോമം


ചെമ്പഴന്തി മണയ്‌ക്കല്‍ ക്ഷേത്രം അതിന്റെ അവകാശികള്‍ ഗുരുവിന്റെ പേര്‍ക്ക്‌ പ്രമാണം ചെയ്‌തു കൊടുത്തു. അതിന്റെ രേഖകള്‍ കൈപ്പറ്റാനായി ഗുരു മണയ്‌ക്കല്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ നാനാജാതിമതസ്ഥരായ ധാരാളം ആളുകള്‍ അവിടെ കൂടി. അവരില്‍ ഒരു നായര്‍ തറവാട്ടിലെ അമ്മയും മകളുമുണ്ടായിരുന്നു. അവരുടെ തറവാട്‌ നാശോന്മുഖമായിത്തീര്‍ന്നിരുന്നു. രോഗപീഢയാലും മരണങ്ങളാലും അവരുടെ കുടുംബത്തില്‍ പ്രിയപ്പെട്ടവരെല്ലാം മരണമടഞ്ഞിരുന്നു. പല ജ്യോതിഷികളെയും കണ്ടു. അവരിലെ അതിപ്രശസ്‌തനായ ഒരു ജ്യോതിഷി എഴുതിക്കൊടുത്ത പരിഹാരകര്‍മ്മങ്ങളുടെ ഓലകളുമായാണ്‌ അവര്‍ ഗുരുവിനെ സമീപിച്ചത്‌. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യണമെങ്കില്‍ അന്ന്‌ 1000 രൂപ അവശ്യമായിരുന്നു. ഗുരുവിനെ സമീപിച്ച്‌ കാര്യങ്ങള്‍ പറഞ്ഞശേഷം ആ അമ്മ ഓല ഗുരുവിന്റെ കൈയ്യില്‍ കൊടുത്തു. ഗുരു ആ ഓല വായിച്ചശേഷം അടുത്തുനിന്ന പണ്ഡിതനും മഹാ മാന്ത്രികനുമായ വേലുവൈദ്യന്റെ കൈയ്യില്‍ കൊടുത്തു. എന്നിട്ട്‌ ഈ കര്‍മ്മങ്ങള്‍ ചെയ്‌തു തീര്‍ക്കുമോ എന്ന്‌ ചോദിച്ചു. വൈദ്യന്‍ ഇതിന്‌ മറുപടി പറഞ്ഞത്‌ ഇതിന്‌ ആയിരം രൂപയാകും എന്നാണ്‌. അവര്‍ സ്വത്തെല്ലാം നഷ്‌ടപ്പെട്ടവരാണ്‌. ചെലവുകൂടാതെ ചെയ്യണം എന്ന്‌ ഗുരു ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിനോ മറ്റ്‌ മാന്ത്രികര്‍ക്കോ അതിന്‌ സാധിച്ചില്ല. ഓല മടക്കിവാങ്ങിയിട്ട്‌ ഗുരു ആ അമ്മയോട്‌ ചോദിച്ചു. നാം ഒരു ഹോമം ചെയ്യുന്നതില്‍ വിരോധമുണ്ടോ എന്ന്‌. ഗുരുവിന്റെ വാക്കുകളെ അനുഗ്രഹമായി കണ്ട്‌ അവര്‍ സമ്മതം അറിയിച്ചു. ഗുരു ആ ഓലകള്‍ കിഴുക്കാം തൂക്കായി പിടിച്ച്‌ അതിന്റെ ചുവട്ടില്‍ തീ കൊളുത്തി. അഗ്നിപടര്‍ന്ന്‌ മുകളറ്റംവരെ എത്തി, വിരലുകള്‍ക്കിടയിലൂടെ ഉയര്‍ന്നിട്ടും പിടിവിട്ടില്ല. മൂഴുവന്‍ കത്തിച്ചാമ്പലായപ്പോള്‍ ഗുരു അനുഗ്രഹപൂര്‍വ്വം പറഞ്ഞു. കുടുംബത്തിലെ അരിഷ്‌ടതകളും ദുരിതങ്ങളും എല്ലാം നശിച്ചു. അതോടെ ആ കുടുംബം ഐശ്വര്യത്തിലും ക്ഷേമത്തിലും ഉയര്‍ന്നുതുടങ്ങി.

No comments: