27/08/2013

ഗുരുദര്‍ശനങ്ങളിലെ ഹൈന്ദവീകത

പുരോഗമനപരമെന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞ ചില സാമൂഹ്യ പ്രസ്ഥാനങ്ങളേയും മഹാന്മാരേയും നിഷ്‌പക്ഷവും വിമര്‍ശനാത്മകവുമായി വിലയിരുത്താന്‍ പലര്‍ക്കും കഴിയാറി ല്ലെന്നതിനു തെളിവാണ്‌ ഈയടുത്തകാലത്ത്‌ വിവിധ മാധ്യമങ്ങളില്‍ (ഭാഷാപോഷിണി, മാധ്യമം വാരിക, ദേശാഭിമാനി വാരിക തുടങ്ങിയവ) ശ്രീനാരായണ ഗുരുവിനേയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും കുറിച്ച്‌ നടന്ന സംവാദങ്ങള്‍. കേരളീയ നവോത്ഥാനവും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വഹിച്ച പുരോഗമനാത്മകമായ പങ്ക്‌ സ്ഥാപിക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പ്രസ്ഥാനത്തിന്റെ പ്രതിലോമപരമായ പാര്‍ശ്വഫലങ്ങള്‍ പലരും കാണാതെ പോകുന്നു, അഥവാ മറച്ചുവെക്കുന്നു. ശ്രീനാരായണഗുരു പൂര്‍ണമായും ഒരു ഹിന്ദു സന്യാസിയാണെന്ന വാദത്തിന്‌ മറുപടിയായി ദര്‍ശനങ്ങളില്‍ ഹൈന്ദവദര്‍ശനത്തിന്റെ അംശമേയില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. ശ്രീനാരായണ ഗുരുവിന്റെ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വഹിച്ച വിപ്ലവകരമായ പങ്ക്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. സവര്‍ണ ഹിന്ദുത്വം ഗുരുവിനെ സ്വന്തം പാളയത്തിലേക്ക്‌ കൊണ്ടുവരാന്‍ നടത്തുന്ന ഹീനമായ ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. എങ്കില്‍ത്തന്നെയും കേരളീയ നവോത്ഥാനത്തെ കുറേക്കൂടി സമഗ്രവും വസ്‌തുനിഷ്‌ഠവുമായി പരിശോധിക്കേണ്ടതുണ്ട്‌. വെള്ളാപ്പള്ളിയും സംഘപരിവാറും തമ്മില്‍ അനുരാഗബദ്ധരായി തീര്‍ന്ന വര്‍ത്തമാനകാലത്ത്‌ ഇത്തരമൊരു പരിശോധനക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. അരുവിപ്പുറം പ്രതിഷ്‌ഠ അരുവിപ്പുറം പ്രതിഷ്‌ഠയോടുകൂടി ഗുരു ഇളക്കിവിട്ട ബ്രാഹ്മണ വിരുദ്ധ മുന്നേറ്റത്തിന്റെ ചരിത്രപരമായ പ്രാധാന്യം അനിഷേധ്യമാണ്‌. നൂറ്റാണ്ടുകളായി അടിമകളെപ്പോലെകഴിഞ്ഞുവന്ന അധഃസ്ഥിതര്‍ക്ക്‌ നട്ടെല്ലും നെഞ്ചുറപ്പും നല്‍കിയതും നമ്പൂതിരി മാരുള്‍പ്പെടെയുള്ള സവര്‍ണരെ അന്ധവിശ്വാസങ്ങളില്‍ നിന്നും ദുരാചാരങ്ങളില്‍ നിന്നും വിമുക്തരാക്കി മനുഷ്യരാക്കി യതും നവോത്ഥാനത്തിന്റെ ഉജ്ജ്വലമായ നേട്ടങ്ങള്‍ തന്നെ. എന്നാലിതിനൊരു മറുവശം കൂടിയുണ്ട്‌. നവോത്ഥാന ത്തോടൊപ്പം സൂഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ പുനരുജ്ജീവനം അഥവാ അവര്‍ണരുടെ ഹൈന്ദവവല്‍ക്കരണം സംഭവിച്ചുവെന്ന കാര്യമാണിവിടെ സൂചിപ്പിക്കുന്നത്‌. നാരായണ ഗുരുവിനെപ്പോലെ യുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടുള്ള ഭക്തിപാരവശ്യം മാറ്റിവെച്ച്‌ വസ്‌തുനിഷ്‌ഠമായി കാര്യങ്ങള്‍ വിശകലനം ചെയ്‌താലിത്‌ ബോധ്യപ്പെടും. ബുദ്ധ മതത്തിന്‌ കേരളത്തില്‍ പ്രഭാവമുണ്ടായിരുന്ന കാലത്ത്‌ ഈഴവര്‍ പൊതുവേ ബുദ്ധമതക്കാരായിരുന്നുവെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. ആ മതം ക്ഷയിച്ചപ്പോള്‍ ഈഴവര്‍ മതപരമായ സ്വത്വം നഷ്ടപ്പെട്ടൊരു വിഭാഗമായി തുടരുക യാണുണ്ടായത്‌. ബ്രാഹ്മണാധിപത്യമുള്ള ഹൈന്ദവ സമൂഹത്തിന്റെ മുഖ്യധാരയില്‍ അവര്‍ക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടത്‌ സ്വാഭാവികമായിരുന്നു. കള്ളുചെത്തി മാംസം തിന്ന്‌ പ്രാകൃത ദൈവങ്ങളെ ആരാധിച്ചിരുന്ന അവര്‍ണരെ സവര്‍ണാഢ്യന്മാര്‍ എങ്ങനെ കൂട്ടത്തില്‍ ചേര്‍ക്കും! ഇത്തരമൊരു സാമൂഹ്യാവസ്ഥ യിലേക്കാണ്‌ നാരായണഗുരു കടന്നുവന്നത്‌. ഈഴവരുള്‍പ്പെടെയുള്ള അധഃസ്ഥിതരുടെ സാമൂഹ്യ പദവിയുയര്‍ത്താന്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ചേര്‍ക്കുകയെന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ ഗുരു നിര്‍വഹിച്ചത്‌ അതായിരുന്നു. ഈഴവരുടെ ആരാധനാമൂര്‍ത്തികളായിരുന്ന മാടനേയും ചാമുമുണ്ഡിയേയും ഒറ്റമുലച്ചിയേയും വലിച്ചെറിഞ്ഞ്‌ പകരം ശിവനെ പ്രതിഷ്‌ഠിച്ച തിനെ ചില സവര്‍ണര്‍ ചോദ്യം ചെയ്‌തപ്പോള്‍ താന്‍ ഈഴവ ശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന ഗുരുവിന്റെ മറുപടി വിഖ്യാതമാണല്ലോ. ശിവന്‌ ഈഴവനെന്ന വിശേഷണം കൊടുത്തതു കൊണ്ട്‌. ശിവന്‍ ശിവനല്ലാതാകുന്നില്ലെന്നുള്ളത്‌ ഓര്‍ക്കേണ്ടതുണ്ട്‌. ആത്യന്തികമായി ശിവന്‌ സവര്‍ണ ഹിന്ദുദേവന്റെ പരിവേഷം തന്നെയാണുള്ളത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാരായണ ഗുരു 50ല്‍ അധികം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവയില്‍ ശിവലിംഗം മാത്രമല്ല സുബ്രഹ്മണ്യനേയും വിഷ്‌ണുവിനേയും ദേവിയേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. മുരുക്കുംപുഴ ക്ഷേത്രത്തില്‍ 'ഓം' എന്ന സങ്കല്‍പ്പമാണ്‌ പ്രതിഷ്‌ഠ. 'ഓം' എന്ന സങ്കല്‍പ്പത്തിന്‌ എന്തെല്ലാ മര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചു നല്‍കിയാലും അത്‌ സത്തയില്‍ സനാതന ഹിന്ദുത്വത്തിന്റെ ചിഹ്നം തന്നെയാണ്‌. അവര്‍ണര്‍ക്ക്‌ ക്ഷേത്രപ്രതിഷ്‌ഠ നടത്താനും പൂജാരികളാകാനും പാടില്ലായെന്ന ബ്രാഹ്മണ കല്‍പ്പന ധിക്കരിച്ച ഗുരുവിന്‌ കാര്യമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നില്ലയെന്ന കാര്യം ശ്രദ്ധിക്കുക. കേരളത്തിലുടനീളം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട്‌ ഈഴവരെ അദ്ദേഹം ഹൈന്ദവസമൂഹമെന്ന മുഖ്യധാരയിലേക്ക്‌ അടുപ്പിക്കുകയായിരുന്നു. സവര്‍ണ ശക്തികള്‍ ഗുരുവിനെ തടസപ്പെടുത്താതിരുന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഹിന്ദുമതത്തിനുള്ളിലെ ജാതീയമായ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി ആയിരക്കണക്കിന്‌ അധഃസ്ഥിതര്‍ അന്യമതങ്ങളിലേക്ക്‌ ചേക്കേറിക്കൊണ്ടിരുന്നത്‌ ഹിന്ദുമതത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പ്രബല വിഭാഗമായ ഈഴവര്‍ ക്രിസ്‌തുമതവും ഇസ്ലാം മതവും സ്വീകരിച്ച്‌ കേരളം നസ്രാണികളുടേയും ജോനകന്മാരുടേയും നാടായി മാറുന്നത്‌ സവര്‍ണക്കോമരങ്ങള്‍ എങ്ങനെ സഹിക്കും! ഇവിടെയാണ്‌ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളവര്‍ക്ക്‌ തുണയായി ഭവിച്ചത്‌. നാരായണ ഗുരുവും മതംമാറ്റവും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന്‌ പറഞ്ഞെങ്കിലും ഗുരു മതംമാറ്റത്തിനെതിരായിരുന്നു. സി വി കുഞ്ഞുരാമന്‍, സി കൃഷ്‌ണന്‍ മുതലായവര്‍ ബുദ്ധ മതത്തിലേക്ക്‌ മാറുന്നതിന്‌ അനുമതി ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിക്കുകയാണുണ്ടായത്‌. ബുദ്ധ മതത്തില്‍ ജാതിവ്യവസ്ഥയില്ലെന്നും അത്‌ സമത്വവും സാഹോദര്യവും അഹിംസയും ഉയര്‍ത്തിപ്പിടിക്കുന്ന മതമാണെന്ന്‌ അറിയാമായിരുന്നിട്ടും ഗുരു മതപരിവര്‍ത്തനത്തെ അനുകൂലിച്ചില്ല. ഗുരുശിഷ്യനും നവോത്ഥാന കവിയുമായിരുന്ന കുമാരനാശാന്‍ മതംമാറ്റത്തെ ശക്തമായെതിര്‍ത്തുകൊണ്ട്‌ ഹിന്ദുമതത്തിന്റെ മഹത്വം ശക്തമായി ഉദ്‌ഘോഷിക്കുകയാണുണ്ടായത്‌. അക്കാലത്ത്‌ ജാതിവ്യവസ്ഥയെ മാത്രമല്ല വിഗ്രഹാരാധനയെയും വേദോപനി ഷത്തുകള്‍ പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ ധര്‍മ്മ ത്തെയും അടിമുടി എതിര്‍ത്ത ബ്രഹ്മാനന്ദശിവയോഗിയെപ്പോലെയുള്ളവരുടെ പാത എന്തുകൊണ്ട്‌ നാരായമഗുരു സ്വീകരിച്ചില്ലയെന്ന ചോദ്യം പ്രസക്തമാണ്‌. ജാതിവ്യവസ്ഥയെ നിശിതമായെതിര്‍ത്തുവെന്നതാണ്‌ ഗുരുവിന്റെ മാഹാത്മ്യം. വേദങ്ങളും ഉപനിഷത്തുകളുമാണ്‌ ആര്‍ഷഭാരത ഹൈന്ദവദര്‍ശനത്തിന്റെ മുഖ്യ ഉറവിടം. ഈ ദര്‍ശനത്തോട്‌ ഗാന്ധിയെപ്പോലെ ഗുരുവിനും ഒരു പ്രത്യേക മമതയുണ്ടായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കുമ്പോള്‍ ശ്രീനാരായണ ഭക്തന്മാര്‍ കലിതുള്ളേണ്ടതില്ല. ജാതിവ്യവസ്ഥയുടെ കാവല്‍ക്കാര നായ ശങ്കരനെ ജാതിവ്യവസ്ഥയുടെ അന്തകനായ ഗുരു വേണ്ടരീതിയില്‍ തുറന്നുകാണിച്ചില്ലയെന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യ മാണ്‌. ഉപനിഷദ്‌സന്ദേശങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ അദ്ദേഹം 'ആത്മോപദേശശതകം' രചിച്ചത്‌. യുക്തിരഹിതമായ പല സനാതന ഹൈന്ദവ സങ്കല്‍പ്പങ്ങളിലും ഗുരു അഭിരമിച്ചിരുന്നുവെന്നതിന്‌ തെളിവാണ്‌ അദ്ദേഹം രചിച്ച 'കുണ്ഡലിനിപ്പാട്ട്‌". മൂലാധാരത്തില്‍ മയങ്ങിക്കിടക്കുന്ന കുണ്ഡലിനി ശക്തിയെ പ്രാണസംയമാദി സാധനകള്‍ കൊണ്ടുണര്‍ത്തി സുഷുമ്‌നാനാഡിവഴി മേല്‍പ്പോട്ടു യര്‍ത്തി ശിരസിലുള്ള സഹസ്രപത്മ്‌തില്‍ വിരാജിക്കുന്ന പരമാത്മ സ്വരൂപമായ ശിവചൈതന്യത്തോട്‌ ചേര്‍ത്ത്‌ സമാധിസുഖം നേടുവാനാണ്‌ ഗുരു ഉപദേശിക്കുന്നത്‌. ഗുരുകൃതികളില്‍ ഹൈന്ദവികത നാരായണഗുരുവിന്റെ മറ്റുകൃതികളിലും ഈ ഹൈന്ദവാഭിമുഖ്യം നിറഞ്ഞുകാണാം. അദ്ദേഹത്തിന്റെ 32 സ്‌തോത്രങ്ങളില്‍ 6 എണ്ണം വിഷ്‌ണുവിനേയും 15 എണ്ണം ശിവനേയും 6 എണ്ണം ദേവിയേയും 7 എണ്ണം സുബ്രഹ്മണ്യനേയും സ്‌തുതിക്കുന്നവയാണ്‌. സ്വപ്‌നത്തില്‍ കൃഷ്‌ണ ദര്‍ശനമുണ്ടായപ്പോള്‍ എഴുതിയ 'ശ്രീകൃഷ്‌ണദര്‍ശന' മെന്ന വിഷ്‌ണു സ്‌തോത്രത്തില്‍ കൗസ്‌തുഭ രത്‌നമണിഞ്ഞുവന്ന കൃഷ്‌ണനെ കണ്ടമാത്രയില്‍ തന്റെ മിധ്യാബോധമകന്നതായി പറയുന്നു. 'ഭദ്രകാള്യഷ്ടകം' ,'വിഷ്‌ണ്വാഷ്ടകം' എന്നിവ നിത്യവും ഉരുവിട്ടാല്‍ പാപവും രോഗവും നീങ്ങി ഐശ്വര്യം കൈവരു മെന്നാണ്‌ പറയുന്നത്‌. ആത്മോപദേശശതകം, അദൈ്വതദീപിക, വേദാന്തസൂത്രം, ഹോമമന്ത്രം, ദൈവശതകം, മുതലായ ദാര്‍ശനിക കൃതികളിലും ഒരുഹൈന്ദവഛായ നിഴലിച്ചു കിടക്കുന്നതായി കാണാം. മനുഷ്യരെല്ലാം ഒരു ജാതിയില്‍ പെടുന്നവരാണെന്നും മതമേതായാലും കുഴപ്പമില്ലെന്നും പറയുമ്പോള്‍ത്തന്നെ 'ശുദ്ധഹിന്ദു മത'ത്തോട്‌ ഗുരുവിനുണ്ടായിരുന്ന ആദരവ്‌ ശ്രദ്ധിക്കപ്പടേണ്ടതാണ്‌. ധര്‍മ്മ പ്രചരണാര്‍ത്ഥം നാടുമുഴുവന്‍ സഞ്ചരിക്കാന്‍ നിയോഗിക്ക പ്പെട്ട പ്രസംഗകരോട്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌ ശുദ്ധ ഹിന്ദുമത ത്തിന്റെ ഗുണനിര്‍ഗുണ തത്വങ്ങള്‍ ഉദ്‌ബോധിപ്പിക്കുവാനാണ്‌. ജാതിരഹിത സമൂഹം സ്വപ്‌നംകണ്ട നാരായണഗുരു തന്നെയാണ്‌ കേരളത്തിലെ ആദ്യത്തെ സുശക്തമായ സാമുദായിക സംഘടന രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തത്‌. എസ്‌ എന്‍ ഡി പി യെ അംഗീകരിച്ചുകൊണ്ടാണ്‌ മറ്റുവിഭാഗങ്ങളും ജാതിമത സംഘടനകള്‍ രൂപീകരിച്ചത്‌. ജാതിവ്യവസ്ഥക്കെതിരായി ആരംഭിച്ച നവോത്ഥാന പ്രസ്ഥാനം പുതിയ രീതിയില്‍ ജാതിബോധത്തെ ഊട്ടിയുറപ്പിക്കുക യാണ്‌ ചെയ്‌തത്‌. സവര്‍ണ മേധാവിത്വം തകര്‍ന്നെങ്കിലും ഓരോ സമുദായത്തിന്റേയും ജാതിസ്വത്വം കരുത്താര്‍ജിച്ചു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ ഭൗതികാവശ്യങ്ങള്‍ നേടിയെടു ക്കാന്‍ ജാതീയവും മതപരവുമായി സംഘടിപ്പിക്കുവാനുള്ള പ്രവണത നവോത്ഥാന കാലഘട്ടത്തിന്റെ സംഭാവനയാണ്‌. ഇവിടെ നിലനിന്നിരുന്ന പൈശാചികമായ ജാതിവ്യവസ്ഥയും അന്ധ വിശ്വാസങ്ങളും കണ്ട്‌ ഭ്രാന്താലയമെന്ന്‌ വിവേകാനന്ദന്‍ വിളിച്ച കേരളം മതേതരമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ സാമുദായിക ശക്തികള്‍ ഉറഞ്ഞുതുള്ളുന്ന ഭ്രാന്താലയമായി വീണ്ടും മാറിയതെത്ര ക്ഷണത്തിലാണ്‌. ശ്രീനാരായണ ഗുരുവും മറ്റു സാംസ്‌കാരിക നായകന്മാരും ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്‌. ക്ഷേത്രങ്ങളും മഠങ്ങളും സാമുദായിക സംഘടനകളും സംസ്‌കാര ത്തിന്റേയും വിദ്യയുടേയും കേന്ദ്രങ്ങളായി മാറിയില്ല. അവയിന്ന്‌ ദുരമൂത്ത സാമുദായിക പ്രമാണിമാരുടെ ശിവതാണ്ഡവ (നടേശനൃത്ത) വേദികളാണ്‌. ഈഴവ യുവാക്കള്‍ പതുക്കെ സംഘപരിവാറിലേക്ക്‌ ചേക്കേറാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ തിക്കിക്കയറുകയാണ്‌. അപകടകരമായ ഇത്തരമൊരു സംസ്‌കൃതവല്‍ക്കരണത്തിന്റെ അഥവാ ഹൈന്ദവ വല്‍ക്കരണത്തിന്റെ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ ചാവേര്‍പ്പട യുണ്ടാക്കണമെന്ന്‌ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുമ്പോള്‍ നാം അത്ഭുതപ്പെടേണ്ടതില്ല. വിവിധ സമുദായങ്ങളെ ഹിന്ദുമതത്തിലേക്ക്‌ ഉദ്‌ഗ്രഥിക്കുന്നതിന്‌ നാരായമഗുരു മാത്രമല്ല ഇതര നവോത്ഥാന സാരഥികളും അവര വരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കേരളം മലയാളി നായന്മാരുടെ നാടാണെന്നും നായന്മാര്‍ ഉത്‌കൃഷ്ടകുലജാതന്‍മാരാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ച ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണ മേധാവിത്വത്തേയും വിഗ്രഹാ രാധനയേയും രൂക്ഷമായെതിര്‍ത്ത വാഗ്‌ഭടാനന്ദന്‍ മുതലായവര്‍ സനാതന ഹൈന്ദവസംസ്‌കാരത്തോട്‌ നിസീമമായ പ്രതിപത്തി പുലര്‍ത്തിയവരായിരുന്നു. വേദോപനിഷത്തുകള്‍ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നു വാദിച്ച ചട്ടമ്പിസ്വാമികളുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളുടെ ഇടയില്‍ സാമൂഹ്യപരിവര്‍ത്തന പ്രസ്ഥാനത്തിന്‌ പുതുജീവന്‍ പകര്‍ന്നു കൊടുക്കുകയും ക്രിസ്‌തുമതത്തിലേക്കുള്ള കൂട്ടത്തോടെ യുള്ള മതപരിവര്‍ത്തന പ്രവണതയെ തടയുന്നതില്‍ ഏറെ സഹായക മാകുകയുണ്ടായിയെന്ന്‌ ചരിത്രകാരനായ ശ്രീധരമേനോന്‍ ചൂണ്ടി ക്കാണിക്കുന്നു. ഹിന്ദുക്കള്‍ ആരാധിച്ചുപോരുന്ന ദേവീദേവന്മാര്‍ അന്ധവിശ്വാസങ്ങളുടെ സന്തതികളാണെന്ന്‌ പ്രഖ്യാപിക്കുകയും ക്ഷേത്രങ്ങള്‍ പൊളിച്ചുകളയണമെന്ന്‌ ആഹ്വാനം നടത്തുകയും ചെയ്‌ത വാഗ്‌ഭടാനന്ദന്‍ തന്നെയാണ്‌ ഹിന്ദുമതത്തിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാണ്‌ ഭഗവത്‌ഗീതയെന്ന്‌ പറഞ്ഞത്‌. അലൗകിക മായൊരു മഹാധര്‍മ്മമാണ്‌ ഹിന്ദുധര്‍മ്മമെന്നും ആ ധര്‍മ്മം ആവിഷ്‌കരിച്ചത്‌ ഇന്നുള്ളതിലും എത്രയോ മടങ്ങ്‌ പരിഷ്‌കാര ങ്ങളെ വളര്‍ത്തിയ മഹാതത്വജ്ഞന്മാരായ ആര്യമഹാശയന്മാ രായിരുന്നുവെന്നും അദ്ദേഹം ഊറ്റം കൊള്ളുന്നു. പുലയരുള്‍പ്പെടെയുള്ള ദളിതരുടെ ആത്മാഭിമാനമുയര്‍ത്തിപ്പിടിച്ച്‌ മേല്‍ജാതിക്കോമരങ്ങളെ വിറപ്പിച്ച അയ്യങ്കാളിപോലും ഹിന്ദു മതത്തോട്‌ കൂറുപുലര്‍ത്തിയിരുന്നതായി കാണാം. അധഃസ്ഥിതര്‍ ക്രിസ്‌തുമതം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതു തടയുവാന്‍ ഹിന്ദുക്കളെ ഉദ്ധരിക്കുവാനും ഉദ്‌ബോധിപ്പിക്കുവാനും ഇറങ്ങി പ്പുറപ്പെട്ട സദാനന്ദസ്വാമിയെ അയ്യങ്കാളി പിന്തുണച്ചിരുന്നു. ബ്രാഹ്മണ മേധാവിതിവവും അയിത്തവും ജാതീയമായ അവശതകളും അസ്‌തമിക്കുന്നതോടൊപ്പം സൂക്ഷ്‌മമായ തലത്തില്‍ ഹിന്ദുമതത്തിന്റെ ബൃഹത്‌പാരമ്പര്യം ഇവിടെ ക്രമേണ വേരുറക്കുകയും ഈ പാരമ്പര്യത്തിന്റെ ചരടില്‍ അവര്‍ണ സമുദായക്കാര്‍ കോര്‍ക്കപ്പെടുകയും ചെയ്‌തുവെന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. തുടര്‍ന്ന്‌ ഈ പ്രക്രിയക്ക്‌ ആക്കം കൂട്ടിയതിനു തെളിവാണ്‌ ആര്‍ ശങ്കറിന്റേയും മന്നത്തു പത്മനാഭന്റേയും കാലത്ത്‌ എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ചേര്‍ന്ന്‌ രൂപം കൊടുത്ത 'ഹിന്ദുമഹാമണ്ഡല്‍'. അന്ന്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ ക്കെതിരേ ശങ്കറും മന്നത്തു പത്മനാഭമേനോനും ഉപയോഗിച്ച ഹിന്ദു കാര്‍ഡുതന്നെയാണ്‌ ഇന്നു വെള്ളാപ്പള്ളിയുടെ കയ്യിലുള്ള ഹിന്ദുത്വ കാര്‍ഡ്‌. അധഃസ്ഥിതരുടെ ജാതീയമായ അപകര്‍ഷതാ ബോധം പരിഹരിക്കുന്നതില്‍ ഏറെക്കുറേ വിജയിച്ച സാമൂഹ്യ പരിഷ്‌കരണ നവോത്ഥാനപ്രസ്ഥാനം അവരില്‍ ഹിന്ദുമതസ്വത്വ ബോധത്തിന്റെ വിത്തുകള്‍ പാകുകയും ചെയ്‌തു. പണ്ട്‌ ഹിന്ദുമതത്തിന്‌ പുറത്തായിരുന്ന അവര്‍ണര്‍ ഇന്ന്‌ ഹിന്ദുക്കളാ ണെന്ന്‌ അഭിമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. സവര്‍ണമേധാവിത്വ ത്തിന്റെ പ്രതീകമായ ശ്രീരാമന്‌ ക്ഷേത്രം പണിയാന്‍ അയോധ്യ യില്‍ രക്തസാക്ഷിയാവാന്‍ അവര്‍ സന്നദ്ധരാണിന്ന്‌. തന്റെ കുട്ടിക്ക്‌ ഗുരുവായൂരില്‍ വെച്ചുതന്നെ ചോറുകൊടുക്കാനും തുലാഭാരം നടത്തുവാനും അധഃസ്ഥിതര്‍ തിടുക്കം കൂട്ടുന്നു. ഇതര മതവിഭാഗ ങ്ങള്‍ക്കിടയില്‍ നടന്ന മതപരിഷ്‌കരണ പ്രസ്ഥാനങ്ങളും അതാത്‌ മതവിഭാഗങ്ങളുടെ മതസ്വത്വബോധത്തിന്‌ മൂര്‍ച്ച കൂട്ടുന്നതിന്‌ ഏറെ സഹായിച്ചിട്ടുണ്ട്‌. ഇന്ന്‌ കേരളമെത്തിനില്‍ക്കുന്ന വര്‍ഗീയതയുടേയും സാമുദായിക രാഷ്ട്രീയത്തിന്റേയും ചരിത്രപശ്ചാത്തലമിതാണ്‌. ജാതിയുടേയും മതത്തിന്റേയും തോണിയില്‍ കയറിയിരുന്നു കൊണ്ടാണ്‌ കേരളീയര്‍ ജാതിവ്യവസ്ഥയുടെ പുഴനീന്തിക്കടന്ന്‌ മതേതരത്വത്തിന്റേയും ആധുനികതയുടേയും കരയിലെത്തിയത്‌. ജാതിമതസ്വത്വങ്ങള്‍ക്കപ്പുറത്തുള്ള ഒരു യഥാര്‍ത്ഥ മതനിരപേക്ഷ സമൂഹത്തെക്കുറിച്ച്‌ ആലോചിക്കാന്‍ ഒരു ശരാശരി മലയാളി ക്കിന്നും സാധിക്കാത്തത്‌ ചരിത്രപരമായ ഇത്തരമൊരു പരിമിതികൊണ്ടാണ്‌. by : അജിത്‌ നരിക്കുനി (2003 ഏപ്രില്‍ ലക്കം ' സമീക്ഷ ' യിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് )

No comments: