29/08/2013

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വഴക്ക് ഉണ്ടാകാനിടയുള്ള 12 കാരണങ്ങള്‍

ചെറിയ കാര്യങ്ങള്‍ക്ക് വരെ പിണങ്ങുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ദമ്പതികളുടെ എണ്ണം ഇപ്പോള്‍ വളരെയധികം കൂടുതലാണ് .എത്ര വലിയ സ്നേഹത്തിലാണെങ്കിലും തമ്മില്‍ വഴക്ക് ഉണ്ടാകാന്‍ അവര്‍ക്ക് ചെറിയ ഒരു കാര്യം മതി .ചില ചെറിയ പ്രശ്നങ്ങളാണ് വളര്‍ന്നു വലിയ വഴക്കുകളായി മാറുന്നതും തുടര്‍ന്ന് വിവാഹമോചനം പോലുള്ള നിയമ നടപടികള്‍ക്ക് കാരണമാകുന്നതും .

ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വഴക്ക് ഉണ്ടാകാനിടയുള്ള കുറച്ച് കാരണങ്ങളാണ് ഇവിടെ.

1 : അവധി ദിന യാത്രകള്‍ : ഭര്‍ത്താവിനൊപ്പം അവധി ദിവസങ്ങളില്‍ തങ്ങളുടെ ബന്ധു വീടുകളിലും അല്ലെങ്കില്‍ ബീച്ചിലോ പാര്‍ക്കിലോ പോകാനുള്ള ചിന്തയിലാകും മിക്ക ഭാര്യമാരും എന്നാല്‍ വല്ലപ്പോഴും ലഭിക്കുന്ന ഒരു അവധി ദിനം വീട്ടില്‍ തന്നെ ചിലവഴിക്കാനാണ് ഭര്‍ത്താക്കന്മാര്‍ ഇഷ്ടപ്പെടുന്നത് . തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് ഇരുവരും വഴക്കുണ്ടാവുക പതിവാണ് .

2 : ഷോപ്പിംഗ് : ഷോപ്പിംഗിന്റെ പേരില്‍ വഴക്കുണ്ടാകാത്ത ദമ്പതികള്‍ കുറവായിരിക്കും . ഭാര്യ ഷോപ്പിംഗിന് വേണ്ടി എടുക്കുന്ന സമയം ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍ അനാവശ്യമായി വരുത്തി വെക്കുന്ന ചിലവുകളാണ് മറ്റു ചിലര്‍ക്ക് ഇഷ്ടമാകാത്തത് .എന്നാല്‍ തന്‍റെ ഭര്‍ത്താവിനുള്ള വസ്ത്രങ്ങളും ആവശ്യ സാധനങ്ങളുമെല്ലാം താന്‍ തന്നെ തിരഞ്ഞെടുക്കും എന്ന ഭാര്യയുടെ ആഗ്രഹം മിക്കവാറും വഴക്കിലാണ് കലാശിക്കുന്നത് .

3 : ടെലിവിഷന്‍ : ടി വി കാണുനതിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുള്ള നാടാണ് ഇത്. മെഗാസീരിയല്‍ എന്ന ഭൂതം നാട്ടില്‍ അവതരിച്ചതിന് ശേഷം കുടുംബ വഴക്കിന് ഏറ്റവും പറ്റിയ കാരണമായി ടി വി മാറിക്കഴിഞ്ഞു. ജോലി കഴിഞ്ഞു വരുന്ന മിക്ക പുരുഷന്മാരും വാര്‍ത്താ ചാനലോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും വിനോദ പരിപാടികള്‍ തിരയുമ്പോള്‍ തങ്ങളുടെ സ്ഥിരം സീരിയല്‍ കാണാനുള്ള തിടുക്കത്തിലാകും ഭാര്യമാര്‍ .

4 : കുടുംബങ്ങള്‍ തമ്മിലുള്ള വഴക്ക് : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ ഉണ്ടാകുന്ന വഴക്ക് ഇവരുടെ ദാമ്പത്യ ജീവിതത്തിനെ തന്നെ ബാധിക്കുന്നു . കുടുംബങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്നത്തില്‍ ആരുടെ ഭാഗം നില്‍ക്കണം എന്ന ചിന്ത ഇവരെ വലിയ അപകടങ്ങളില്‍ കൊണ്ടെത്തിക്കാറുണ്ട് .ക്രമേണ വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നം ഇവരുടെ പ്രശ്നമായും മാറുന്നു . കൂടാതെ തന്‍റെ പങ്കാളി തന്നെക്കാള്‍ തന്‍റെ വീട്ടുകാരോട് കൂറ് പുലര്‍ത്തുന്നത് മിക്കവര്‍ക്കും ഇഷ്ടമാകുന്നുമില്ല .

5 : ജോലി : മിക്ക ദമ്പതിമാര്‍ക്കും ഉള്ള പ്രധാന പരാതിയാണ് തന്‍റെ പങ്കാളി തന്നെക്കാള്‍ കൂടുതല്‍ സ്നേഹികുന്നത് അവരുടെ ജോലിയെയാണ് എന്ന് .ദിവസത്തിന്‍റെ ഭൂരിഭാഗവും ജോലി സ്ഥലത്തും ജോലി സംബന്ധമായ കാര്യങ്ങളിലും മുഴുകി തന്നെ മറക്കുകയാണ് എന്ന് .

6 : കമ്മ്യൂണിക്കേഷന്‍ : ഏവര്‍ക്കും അറിയാവുന്ന കാര്യമാണ് ഏതൊരു ബന്ധത്തിന്റെയും വിജയത്തിനും നിലനില്‍പ്പിനും കമ്മ്യൂണിക്കേഷന്‍ എത്ര മാത്രം ആവശ്യമാണ് എന്ന് . ദമ്പതിമാര്‍ തമ്മില്‍ നല്ല രീതിയിലുള്ള കമ്മ്യൂണിക്കേഷന്‍ ഇല്ലെങ്കില്‍ ജീവിതത്തില്‍ ധാരാളം താളപ്പിഴകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് .

7 : വീട്ടു ജോലി : വീട്ടിലെ ജോലി മുഴുവന്‍ ഭാര്യയുടെ ചുമതലയാണ് എന്ന് കരുതന്നവരാണ് അധികവും .അതുകൊണ്ടുതന്നെ ഭാര്യ വീട്ടു ജോലിയില്‍ എന്തെങ്കിലും സഹായം കേട്ടാല്‍ മിക്കവര്‍ക്കും അവ ചെയ്യാന്‍ വലിയ കുറച്ചില്‍ ആണ് . ഭര്‍ത്താവ് വീട്ടു ജോലിയില്‍ സഹായിക്കുന്നില്ല എന്ന പേരില്‍ വിവാഹമോചനം നേടിയവരും ഉണ്ട് .

8 : അസൂയ : ദാമ്പത്യജീവിതത്തിന്‍റെ അര്‍ത്ഥം അറിയാന്‍ പാടില്ലാത്തവരാണ് തന്‍റെ പങ്കാളിയോട് അസൂയ വെച്ച് പുലര്‍ത്തുന്നത് . പുരുഷന്മാരാണ് തന്‍റെ ഭാര്യയോട് കൂടുതലും അസൂയ കാണിക്കുന്നത് ജോലി, വരുമാനം തുടങ്ങിയ കാര്യങ്ങളില്‍ ഭാര്യ തന്നെക്കാള്‍ മുന്‍പില്‍ ആണെങ്കില്‍ മിക്കവര്‍ക്കും അത് അംഗീകരിക്കാന്‍ വലിയ പ്രയാസമാണ് .

9 : ജാതി - മതം : മിശ്ര വിവാഹിതരാകുന്നവര്‍ക്കാണ് ഇതിന്‍റെ പേരില്‍ തര്‍ക്കിക്കേണ്ടി വരുന്നത് . വീട്ടുകാരുടെയും മറ്റും എതിര്‍പ്പ് മറികടന്ന് ദാമ്പത്യ ജീവിതം തുടങ്ങുന്ന സമയം ജാതി - മതം ഇവയൊന്നും മിക്കവരും കാര്യമായി എടുക്കാറില്ല എന്നാല്‍ ഭാവിയില്‍ വളരെയധികം പ്രശ്നങ്ങള്‍ക്ക് ഇവ കാരണമായി തീരാറുണ്ട് .

10 : കുട്ടികള്‍ :ഏതൊരു ദാമ്പത്യ ബന്ധത്തിന്റെയും വിജയമാണ് കുട്ടികള്‍ എന്നാല്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന കാര്യത്തെ ചൊല്ലി വഴക്ക് ഉണ്ടാവുക പതിവാണ് .കുട്ടി വളരുമ്പോള്‍ ആരാകണം ഏത് സ്കൂളില്‍ പഠിപ്പിക്കണം തന്‍റെ പാത പിന്തുടരണമെന്ന് അച്ഛനും താന്‍ വിചാരിക്കുന്ന സ്ഥാനത്ത് കുഞ്ഞ് എത്തിചേരണമെന്ന് അമ്മയും വിചാരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു .

11 : സാമ്പത്തികം : ഈ കാലഘട്ടത്തില്‍ ദാമ്പത്യജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു മുഖ്യ ഘടകമാണ് സാമ്പത്തികം . രണ്ടു പേരില്‍ ഒരാള്‍ വലിയ സാമ്പത്തിക സ്ഥിതി ഉള്ള വീട്ടിലെ അംഗമായാല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് .അതുപോലെതന്നെ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബത്തില്‍ വരുമാനത്തിന്‍റെ പേരില്‍ വഴക്കുകള്‍ ഉണ്ടാകും .

12 : ലൈംഗികത : ദാമ്പത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികത . നല്ല ഒരു ലൈംഗിക ജീവിതം നയിക്കുന്ന ദമ്പതികള്‍ എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും ഒരു പരിധിവരെ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാതെ ജീവിതം മുന്‍പോട്ടു കൊണ്ട് പോകാറുണ്ട് . എന്നാല്‍ ചില സമയം സെക്സ് തന്നെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട് . ദമ്പതികളില്‍ ഒരാള്‍ക്ക് സെക്സിനോടുള്ള താല്‍പര്യം കുറഞ്ഞാല്‍ മതി അതിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍.തന്‍റെ പങ്കാളിക്ക് മറ്റാരുമായോ ബന്ധമുള്ളതിനാലാണ് തന്നോട് ഇപ്പോള്‍ താല്‍പര്യം കാണിക്കാത്തതെന്ന് ചിന്തിക്കാന്‍ ഇത് കാരണമാകും .

No comments: