പക്ഷികളുടെ ഭാഷവശമുള്ള ഒരു ബ്രാഹ്മണന്‍ ഒരു ദിവസം ഒരു ആല്‍മരചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു . ആ മരത്തിന്റെ ചില്ലയിലിരുന്ന് രണ്ടു പക്ഷികള്‍ സംസാരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു .
ലോകത്തില്‍ ഏറ്റവും അധികം ഈശ്വരകൃപലഭിച്ച മനുഷ്യനെകുറിച്ചായിരുന്നു ആ പക്ഷികള്‍ സംസാരിച്ചത് . ഇതില്‍ ഒരു പക്ഷി പറഞ്ഞു :
''ഉദയപുരം പട്ടണത്തിലെ കാളിക്ഷേത്രനടയില്‍ ഇരിക്കുന്ന ഒരു ചെരുപ്പ് കുത്തിയാണ് ഈശ്വരകൃപലഭിച്ചവരില്‍ ഏറ്റവും മുന്നില്‍ . എന്നാല്‍ ആ മനുഷ്യന്‍ ഇതുവരെ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടുമില്ല''.
കിളികളുടെ ഈ വാക്കുകേട്ട ബ്രാഹ്മണന് അത്ഭുതമായി . ഇതുവരെയും ക്ഷേത്രദര്‍ശനം നടത്താത്ത ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ ഈശ്വരകൃപലഭിച്ചതിനെ കുറിച്ച് അറിയണമെന്ന് ഭ്രാഹ്മണന് തോന്നി .
ഉടന്‍തന്നെ ഭ്രാഹ്മണന്‍ ഉദയപുരം പട്ടണം ലക്ഷ്യമാക്കി നടന്നു .അവിടെയുള്ള കാളിക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവശനും ക്ഷീണിതനുമായ ഒരു ചേരിപ്പുകുത്തിയെ ഭ്രാഹ്മണന് കാണാന്‍ കഴിഞ്ഞു .
ചെരുപ്പ് കുത്തിയുടെ സമീപമെത്തിയ ഭ്രാഹ്മണന്‍ , ഈ അടുത്തകാലത്ത് അയാളുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവം ഉണ്ടായോ എന്ന് അന്വേഷിച്ചു. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം ചെരിപ്പ്‌കുത്തി പറഞ്ഞു .
'' എന്റെ ഭാര്യക്ക് ഒരാഗ്രഹമുണ്ടായിരുന്നു .ഈ പട്ടണത്തില്‍ കിട്ടുന്ന ഏറ്റവും വിശേഷപെട്ട ഭക്ഷണം കഴിക്കണമെന്ന് . എന്നാല്‍ എന്റെ കയ്യിലാകട്ടെ അതിനുള്ള പണവുമുണ്ടായിരുന്നില്ല. എന്തായാലും ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് കരുതി ഞാന്‍ കൂടുതല്‍ സമയം ജോലിയെടുത്തു . അതില്‍നിന്നും കുറച്ചു പണം മിച്ചം പിടിച്ചു സൂക്ഷിച്ചു . ഈ വിധം മിച്ചംപിടിച്ചതുകയുമായി ഞാന്‍ ആ വിശേഷപ്പെട്ട ഭക്ഷണം വാങ്ങി ഒരുദിവസം വൈകിട്ട് വീട്ടിലെക്ക് നടന്നു . ഇങ്ങനെ നടന്നുപോകുമ്പോള്‍ വിശന്നു തളര്‍ന്ന ഒരു യാചകന്‍ എന്റെ മുന്നില്‍ വന്ന് കൈ നീട്ടി. എനിക്കെന്തോ അയാളില്‍ ദയ തോന്നി , അയാള്‍ക്ക് നല്‍കാന്‍ എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല . ആകെയുണ്ടായിരുന്നത് ആ ഭക്ഷണപോതിയായിരുന്നു . പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഞാനാ ഭക്ഷണപൊതി യാചകന് നല്‍കി . അയാള്‍ ആര്‍ത്തിയോടെ അത് കഴിക്കുന്നത് നോക്കി ഞാനവിടെതന്നെ നിന്നു . കഴിച്ചുകഴിഞ്ഞതിനു ശേഷം നന്നിയോടെ അയാളെന്നെ നോക്കി പുഞ്ചിരിച്ചു . അതിനുശേഷം ഞാന്‍ വീട്ടിലെക്കും അയാള്‍ അയാളുടെ വഴിക്കും പോയി ''.
ചെരുപ്പ്കുത്തി പറഞ്ഞത് കേട്ട് ഭ്രാഹ്മണന് കാര്യം മനസിലായി . എത്രതന്നെ ക്ഷേത്രദര്‍ശനം നടത്തിയിട്ടും വഴിപാടുകള്‍ നടത്തിയാലും തന്നെക്കാള്‍ ചെറിയവനെ സ്നേഹിക്കുകയും വിശക്കുന്നവന് ഭക്ഷണം നല്‍കുകയും ചെയ്‌താല്‍ എളുപ്പം ഈശ്വരകൃപ ലഭിക്കും .
ഗുണപാഠം : മാനവസേവ തന്നെയാണ് മാധവസേവ
No comments:
Post a Comment