09/12/2013

ഇന്ത്യയെ കണ്ടെത്തല്‍; ഒരു അമേരിക്കന്‍ സംന്യാസിയുടെ യാത്രാപഥങ്ങള്‍~ ശ്രീകാന്ത് കോട്ടക്കല്‍


സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രഭാഷണത്തെക്കുറിച്ച് നമുക്കറിയാം. അതിനും അരനൂറ്റാണ്ടിനുശേഷം ജനിച്ച ഒരു ചിക്കാഗോക്കാരന്റെ കഥയാണിത്. വിവേകാനന്ദനെക്കുറിച്ച് കേള്‍ക്കുകപോലും ചെയ്യാത്ത ഒരു ബാലന്‍, അജ്ഞാതമായ ഒരുള്‍വെളിച്ചത്തിന്റെ പ്രേരണയില്‍ വീടുവിട്ടിറങ്ങുകയും ലോകം മുഴുവന്‍ എന്തിനെയോ തിരഞ്ഞുനടക്കുകയും ഒടുവില്‍ ഇന്ത്യയില്‍ വന്ന് അത് കണ്ടെത്തുകയും ചെയ്ത കഥ! റിച്ചാര്‍ഡ് സ്ലാവിന്‍ എന്ന അമേരിക്കന്‍ സായിപ്പ്, രാധാനാഥ് സ്വാമിയായി മാറിയ കഥ


ജൂതമതവിശ്വാസികളായ ജെറാള്‍ഡ് സ്ലാവിനും ഭാര്യ ഇഡ്‌ലെയും ചിക്കാഗോയില്‍നിന്ന് ഹൈലന്‍ഡ് പാര്‍ക്കിലെ ഷെര്‍വുഡ് ഫോറസ്റ്റിലേക്ക് താമസം മാറിയതിന് ഒരു കാരണമുണ്ടായിരുന്നു: മക്കള്‍ മാലിന്യങ്ങളില്ലാത്ത ചുറ്റുപാടില്‍ വളരണമെന്ന മോഹം. അങ്ങനെ അവരുടെ മക്കള്‍, മാര്‍ട്ടിയും ലാറിയും റിച്ചാര്‍ഡും, തെളിഞ്ഞ് ശുദ്ധമായ പകലുകളില്‍ തുമ്പികളെപ്പോലെ സ്വച്ഛന്ദമായി വളര്‍ന്നു; തടാകങ്ങള്‍ക്ക് മുകളിലെ ഉദയവും മരക്കൂട്ടങ്ങള്‍ക്കപ്പുറം മറയുന്ന സന്ധ്യയും കണ്ടു. നന്മയും കരുണയും നന്ദിയുമാണ് മതം എന്ന് പഠിച്ചു.

അവരില്‍ ഒരാള്‍ - റിച്ചാര്‍ഡ്- എട്ടുവയസ്സുമുതല്‍ എന്തുകൊണ്ടോ നിലത്തിരുന്നായിരുന്നു ഭക്ഷണം കഴിക്കാറ്. ചമ്രംപടിഞ്ഞ്, പടിഞ്ഞാറന്‍ദേശങ്ങളില്‍ ഒട്ടും പതിവില്ലാത്തവിധം.

അവന്‍ എന്തും പഴയതുമാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ: അവന്റെ വസ്ത്രം, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ എല്ലാം നരച്ചതും പഴഞ്ചനും. മൂത്തജ്യേഷ്ഠന്‍ മാര്‍ട്ടി കൊണ്ടുവരുന്ന നാടോടിഗീതങ്ങള്‍ സ്‌കൂളില്‍ ചേര്‍ന്ന കാലംമുതല്‍ അവന് പ്രിയപ്പെട്ടതായി: 'പ്രഭാതത്തില്‍ ഞാന്‍ ദൈവത്തോട് പറഞ്ഞു, എന്റെ വഴി കണ്ടെത്താന്‍ എന്നെ സഹായിക്കേണമേ' എന്ന ഈരടി റിച്ചാര്‍ഡിന്റെയുള്ളില്‍ അക്കരെനിന്ന് ആരോ പാടുന്നതുപോലെ മുഴങ്ങി.

വളരുന്തോറും റിച്ചാര്‍ഡിനേത്തേടി വേറേയും ഗാനങ്ങള്‍ വന്നു: ജോര്‍ജ് ഹാരിസണ്‍, റേ ചാള്‍സ്, ജോണി റിവേഴ്‌സ്...
അവയില്‍ നിറയെ വിപ്ലവം, വിമോചനം, വിഗ്രഹഭഞ്ജനം. മരിജുവാനയും എല്‍.എസ്.ഡി.യും മണക്കുന്ന ആ പാട്ടുകള്‍ പാടിനടന്ന ഹിപ്പികളെ അവന്‍ ഇഷ്ടപ്പെട്ടു. അവനും അവരിലൊരാളാവാന്‍ കൊതിച്ചു. പാഠപുസ്തകങ്ങള്‍ക്കപ്പുറം ചില ചോദ്യങ്ങള്‍ റിച്ചാര്‍ഡിന്റെയുള്ളില്‍ തീപ്പൊരികളായിത്തെളിഞ്ഞു: വെളുത്തവന്‍ സുഖിക്കുമ്പോള്‍ കറുത്തവന്‍ അടിമയാവുന്നത് എന്തുകൊണ്ട്? പതിനായിരങ്ങള്‍ ചത്തുവീഴുന്ന വിയറ്റ്‌നാം യുദ്ധം എന്തിന്? മാല്‍ക്കം എക്‌സിന്റെ പുസ്തകങ്ങള്‍, ബ്ലൂസിന്റെ മരണവേദനയൂറുന്ന വിഷാദഗാനങ്ങള്‍, മിഷിഗണ്‍ തടാകത്തിലെ ഉറഞ്ഞ മഞ്ഞില്‍ കാല്‍തെന്നിവീണുള്ള പ്രിയസുഹൃത്തിന്റെ മരണം... ജീവിതവും മരണവും പൂരിപ്പിക്കപ്പെടാത്ത ചോദ്യങ്ങളായി അവന്റെ മുന്നില്‍ വന്നു. വീടിന്റെ താഴെ മുറിയില്‍ മീന്‍വലകെട്ടി, അതില്‍ നീലവെളിച്ചം നിറച്ച്, രഹസ്യമായി ലഹരിപുകച്ച്, നീട്ടിവളര്‍ത്തിയ മുടിയുലച്ച് റിച്ചാര്‍ഡ് പാടി: ലുക് ടു യുവര്‍ സോള്‍ ഫോര്‍ ആന്‍സര്‍...

പത്തൊന്‍പതാം വയസ്സില്‍ സുഹൃത്തുക്കളായ ഗാരിക്കും ഫ്രാങ്കിനുമൊപ്പം നിലത്തുവിരിച്ചിട്ട ലോകഭൂപടത്തിലേക്ക് ഒരു പകല്‍ മുഴുവന്‍ നോക്കിയിരുന്നശേഷം, റിച്ചാര്‍ഡ് ഒരു യാത്രപുറപ്പെട്ടു. എന്തിനെന്നറിയില്ല, എത്രദൂരമെന്നറിയില്ല. ആകെയുള്ളത് 20 ഡോളര്‍, നരച്ച ജീന്‍സ്, നീട്ടിവളര്‍ത്തിയ മുടി, ഹിപ്പിയുടെ നിഷേധം നിറഞ്ഞ കണ്ണുകള്‍, മുഷിഞ്ഞ തോള്‍സഞ്ചി, പാടാത്ത പാട്ടുകള്‍ നിറഞ്ഞ ഒരു മൗത്ത് ഓര്‍ഗണ്‍. ഒന്നും മനസ്സിലാവാതെ അന്തംവിട്ടുനിന്ന വീട്ടുകാരോട് പറഞ്ഞത് ഇത്രമാത്രം: ''യാത്ര ഒരു വിദ്യാഭ്യാസമാണ്''.
യാത്രയുടെ ആദ്യരാത്രിയില്‍ ലക്‌സംബര്‍ഗിലെ മൈതാനിയില്‍ കിടന്നുറങ്ങിയപ്പോള്‍ കൂട്ടുകാരന്‍ ഫ്രാങ്ക് പോക്കറ്റടിക്കപ്പെട്ടു: വിദ്യാഭ്യാസത്തിലെ ആദ്യപാഠം. അതോടെ ഫ്രാങ്ക് മടങ്ങി. ഗാരിക്കൊപ്പം റിച്ചാര്‍ഡ് മുന്നോട്ട്.

ചുകപ്പും മഞ്ഞയും വെള്ളയും വയലറ്റും നിറമുള്ള പൂവരശ് പാടങ്ങള്‍ കടന്ന്, പാട്ടുകള്‍പാടി, ഹിപ്പികള്‍ക്കൊപ്പം ബെല്‍ജിയത്തിലേക്ക്, പിന്നെ ഹോളണ്ടിലേക്ക്...

പരിഷ്‌കാരങ്ങള്‍ ഋതുക്കളെപ്പോലെ മാറുന്ന യൂറോപ്പിലെ മഹാനഗരക്കാഴ്ചകള്‍ അവന് സാന്ത്വനമായില്ല. ഇംഗ്ലീഷ് ചാനല്‍ കടന്ന് ഇംഗ്ലണ്ടിലെത്തി, ട്രാഫല്‍ഗാര്‍ ചത്വരത്തില്‍ ആര്‍ത്തുവിളിക്കുന്ന കുട്ടികള്‍ക്ക് നടുവില്‍ കണ്ണടച്ചിരുന്നപ്പോള്‍ ഈ പ്രപഞ്ചം ഒരു കുടുംബമായി മാറിയതുപോലെ അവന് തോന്നാന്‍തുടങ്ങി. തന്റെ ആത്മാവില്‍ രഹസ്യമായി ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവോ?


വഴിയോരത്തിരുന്ന് കീറിപ്പറിഞ്ഞ ഭൂപടം പുറത്തെടുത്തപ്പോള്‍ അതിരെഴാത്ത ദൂരങ്ങളോളം രാജ്യങ്ങള്‍: മൊറോക്കോ, സ്‌പെയിന്‍, പാരീസ്, റോം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി... കാസാബ്ലാങ്കയിലേക്ക് ആരുടേയോ കാറില്‍ പോകുമ്പോഴും പാരീസിന്റെ പുറംവരാന്തകളിലും ആല്‍പ്‌സിന്റെ തണുപ്പണിഞ്ഞ് സ്വിസ് ഗ്രാമങ്ങളിലും അലയുമ്പോഴും താന്‍ എന്താണ് തേടുന്നതെന്ന് റിച്ചാര്‍ഡിന് തെളിഞ്ഞിരുന്നില്ല; എങ്ങോട്ടാണ് ഈ യാത്ര എന്നും. ഇറ്റലിയില്‍ ഫ്‌ളോറന്‍സില്‍ പുരാതമായ സാന്താ ഫിയോറാ കത്തീഡ്രലില്‍ നൂറ്റാണ്ടുകളുടെ മണംശ്വസിച്ച്, റോമില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മെഴുകുതിരി വെളിച്ചത്തില്‍ക്കുളിച്ച്, ടൈബര്‍ നദിക്കപ്പുറം അസീസിയിലെ പുണ്യാളന്റെ കാരുണ്യം പൂക്കുന്ന മണ്ണില്‍, എരിയുന്ന വെസൂവിയസ് പര്‍വതത്തിന് മുന്നില്‍ ധ്യാനിച്ച്, അങ്ങനെ നിരവധി സന്ദര്‍ഭങ്ങള്‍... 

നിലാവില്‍ മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നത് കേട്ടുവന്ന ഐറിന്‍ എന്ന പെണ്‍കുട്ടിയുടെ പ്രണയം മഞ്ഞുനീരില്‍ നനഞ്ഞ മുല്ലവള്ളിപോലെ തന്നില്‍ പടര്‍ന്നപ്പോള്‍ കരഞ്ഞുകൊണ്ട് അത് കുടഞ്ഞെറിഞ്ഞ് തിരിഞ്ഞുനോക്കാതെ അവന്‍ മുന്നോട്ട് നീങ്ങി. ഗ്രീസിലെ സ്ഫടികംപോലുള്ള പകലുകളില്‍, ഫിഗ് മരത്തണലുകളിലിരുന്ന് വായിച്ചുതീര്‍ത്ത ഭഗവദ്ഗീത, ബൈബിള്‍, താവോ തേ ചിങ്ങ്... ആത്മാവിന്റെ രഹസ്യ ഇടനാഴിയിലൂടെയുള്ള സഞ്ചാരങ്ങള്‍.

ഗ്രീസില്‍വെച്ച് കൂട്ടുകാരന്‍ ഗാരിയുടെ ഉള്ളം പറഞ്ഞു: ജറുസലേമിലേക്ക് പോകൂ. അപ്പോള്‍ റിച്ചാര്‍ഡിന്റെ മനസ്സ് ഒരു പുതിയ വാചകം ഉച്ചരിച്ചു: ഇന്ത്യയിലേക്ക് പോകൂ, ഇന്ത്യയെന്നാല്‍ റിച്ചാര്‍ഡിന് സ്‌കൂളില്‍ പഠിച്ച പാഠങ്ങള്‍ മാത്രം: ദാരിദ്ര്യം, രോഗം, ജനപ്പെരുപ്പം, പാമ്പാട്ടികള്‍, മാന്ത്രികര്‍... എന്നിട്ടും എന്തുകൊണ്ടോ, എന്തിനോ ഇന്ത്യ വിളിക്കുന്നു.

ബൈബിളിലെ നഗരമായ തെസ്സലോണിക്ക താണ്ടി, വടക്കന്‍ ഗ്രീസിലൂടെ തുര്‍ക്കിയിലേക്ക്.

അതിര്‍ത്തിക്കപ്പുറം ആരുടേതുമല്ലാത്ത ഭൂമിയില്‍ തണുത്ത് മരവിച്ച് കാത്തുനിന്നു. ഇസ്താംബുളില്‍ അന്ന് കോളറ പടരുകയായിരുന്നു. മഞ്ഞില്‍ക്കുളിച്ച് തനിച്ചുനില്‍ക്കുമ്പോള്‍ റിച്ചാര്‍ഡിന്റെ മനസ്സ് ചോദിച്ചു: 'എല്ലാ സുഖങ്ങളുമുപേക്ഷിച്ചുള്ള ഈ അലച്ചില്‍ എന്തിനാണ്? എന്തുതേടിയാണ് ?

വീണ്ടും യാത്ര. പുരാതനമായ ടബ്രിസ് നഗരത്തില്‍ പേഴ്‌സ്യയുടെ സ്​പര്‍ശം തുടങ്ങുന്നു. മിസ്റ്റിസിസം മണലില്‍ക്കലര്‍ന്ന ഇറാന്റെ മരുഭൂമികള്‍. പൊടിയില്‍ക്കുളിച്ച പഴഞ്ചന്‍ ബസ്സില്‍, പകല്‍വെയിലും പാതിരാനിലാവും താണ്ടി ഒഴിഞ്ഞ ദൂരങ്ങളിലൂടെ മുന്നോട്ട്. മണ്‍വീടുകളും ഒട്ടകക്കൂനുകളും പാളിമറയുന്ന പര്‍ദകളും കണ്ട്, നാടോടികളുടെ മൂളക്കങ്ങള്‍ കേട്ട്... ഇടയ്ക്ക് മൗത്ത് ഓര്‍ഗണ്‍ വായിച്ചപ്പോള്‍ റിച്ചാര്‍ഡ് വിതുമ്പിപ്പോയി: ഓര്‍മയില്‍ അമ്മ. ടെഹ്രാനിലെ തെരുവിലിരുന്ന് വീട്ടിലേക്ക് അവന്‍ എഴുതി: ഓരോ മനുഷ്യനും ഓരോ ജാലകത്തിലൂടെ ജീവിതത്തെ കാണുന്നു. ഇതുവരെ ഞാന്‍ പടിഞ്ഞാറിന്റെ ജാലകം വഴിയാണ് നോക്കിയത്. ഇനി
കിഴക്കിന്റെ കിളിവാതിലുകള്‍ തുറക്കട്ടെ...

മെസ്ഹദിലെ രാവുകളില്‍ റിച്ചാര്‍ഡ് ഇസ്‌ലാമിനെ അറിഞ്ഞു. മരുഭൂമിയും കാരക്കോറം മലനിരകളും പകുക്കുന്ന ചുരം
വഴി അഫ്ഗാനിസ്താനിലേക്ക്: ഹെറാത്ത്, കാണ്ഡഹാര്‍, കാബൂള്‍... ഏറ്റവും ദരിദ്രര്‍, അതേസമയം ഏറ്റവും സന്തോഷവാന്മാരും. കാബൂളില്‍വെച്ച്, നീലക്കണ്ണുള്ള ഹോളണ്ടുകാരിയുടെ വീട്ടില്‍ കാമത്തിന്റെ സര്‍പ്പങ്ങള്‍ അവന്റെ ഇളംശരീരത്തിലേക്ക് ഇഴഞ്ഞുകയറിയ
രാത്രി. അവിടെനിന്ന് ഇറങ്ങിയോടിയത് ചരിത്രം വഴിനടക്കുന്ന ഖൈബര്‍പാസ്സിലേക്ക്. പെഷവാര്‍ വഴി വാഗാ അതിര്‍ത്തിയില്‍. ഒരു ചുവടിനപ്പുറം ഇന്ത്യ!

കാവല്‍ക്കാരന്‍ പറഞ്ഞു: ''ഞങ്ങള്‍ക്ക് ഭിക്ഷക്കാര്‍ വേണ്ടുവോളമുണ്ട്, ഇനി വേണ്ട''. ഒരു പകല്‍ മുഴുവന്‍ മരച്ചുവട്ടില്‍ കരഞ്ഞിരുന്നപ്പോള്‍, ഡ്യൂട്ടിമാറിവന്ന ഉദ്യോഗസ്ഥന്റെ മനമലിഞ്ഞു. അങ്ങനെയവന്‍ ഇന്ത്യയുടെ മണ്ണില്‍ പദമൂന്നി.

പഴയ ഡല്‍ഹിയിലെ പുരാതന ഗലികള്‍, ചുകന്ന മുളകരച്ച ഭക്ഷണം: ചോറ്, ദാല്‍, റൊട്ടി, ചട്ട്ണി... ചാന്ദ്‌നി ചൗക്കില്‍ വെച്ച് റിച്ചാര്‍ഡ് ആദ്യമായി പശു എന്ന മൃഗത്തെക്കണ്ടു. അതിന്റെ നിഷ്‌കളങ്കമായ കണ്ണുകള്‍ അവനെ സസ്യാഹാരിയാക്കി. പാമ്പാട്ടികള്‍ക്കൊപ്പം വഴിയോരത്ത് ഉറക്കം. ലോക യോഗസമ്മേളനം നടക്കുന്ന സമയമായിരുന്നു. ക്ഷണിക്കാതെ ചെന്നുകയറിയ താനാണ് അവിടെയുള്ളവരില്‍ ഏറ്റവും ഇളയ ആള്‍ എന്ന് മനസ്സിലായി. അവിടെ, സ്വന്തം ഹൃദയമിടിപ്പ് ഇച്ഛാനുസരണം കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന സ്വാമി രാമ, നെഹ്രു ജാക്കറ്റ് ധരിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തി: ഇന്ത്യയിലേക്കുള്ള വിശാല വാതായനങ്ങള്‍.

അന്ന് കൊണാട്ട് സര്‍ക്കസ്സില്‍ അശോകമരച്ചുവട്ടില്‍ ഉറങ്ങി. അവിടത്തെ ഒരു കടയില്‍ നീലനിറത്തിലുള്ള, ഓടക്കുഴല്‍ വിളിക്കുന്ന പശുപാലകന്റെ ചിത്രം ആദ്യമായി റിച്ചാര്‍ഡ് കണ്ടു.

പക്ഷേ, അത് ആരാണ് എന്ന് മനസ്സിലായില്ല.

ഡല്‍ഹിവിട്ട് ഡെറാഡൂണിന്റെ ഉയരങ്ങളിലേക്ക് പോകുമ്പോള്‍ തണുത്തകാറ്റാല്‍ തഴുകി ഹിമാലയം അണച്ചുപിടിച്ചു. ഗംഗയ്ക്കപ്പുറം സ്വാമി ശിവാനന്ദയുടെ ആശ്രമം. ചിക്കാഗോയില്‍വെച്ച് ധരിച്ച നരച്ച ജീന്‍സ് ഊരി ഗംഗയിലെ ഒഴുക്കിലേക്കെറിഞ്ഞു: ഇനി വേഷം കാഷായം; ഗംഗ അമ്മയും അധ്യാപികയും. മൗത്ത് ഓര്‍ഗനും ഒഴുക്കിലുപേക്ഷിച്ചു: ഇനി പ്രകൃതിയുടെ പാട്ട്.

ഋഷികേശും വിട്ട് മുകളിലേക്ക്...ആറടിപ്പൊക്കവും നിലത്തിഴയുന്ന ജടയുമുള്ള മഹാവീര്‍ദാസ് തത്‌വല്ലാ ബാബയുടെ കൂടെ ഗുഹാവാസം തുടങ്ങി. ധ്യാനം ശീലിച്ചു, മനസ്സിന്റെ അടരുകള്‍ അഴിഞ്ഞു, മൗനം ഭാഷയായി. ഒരുപാട് നാളുകള്‍ക്കുശേഷം റിച്ചാര്‍ഡിന്റെ മനസ്സ് വായിച്ച് ബാബ ചോദിച്ചു: നിനക്ക് പോകണമല്ലേ? ഗുഡ്‌ബൈ!

ലക്ഷ്മണ്‍ഝൂല കടന്ന്, ദേവപ്രയാഗയ്ക്കുമപ്പുറം ചാരക്കണ്ണുകളുള്ള ജടാധാരി കൈലാസ് ബാബയുടെകൂടെ കഴിഞ്ഞ നാളുകള്‍. ഗുഹയില്‍ ഒരേ പുതപ്പിനുള്ളില്‍ ഉറക്കം. കാട്ടില്‍ അലയാനും വേരുകളും മരുന്നുകളും തിരിച്ചറിയാനും ബാബ പഠിപ്പിച്ചു; വേപ്പിലകൊണ്ട് പല്ലുതേക്കാനും മണ്ണുതേച്ച് കുളിക്കാനും ശീലിപ്പിച്ചു. ഇരുപതാം വയസ്സില്‍ റിച്ചാര്‍ഡ് മറ്റൊരു രൂപമായി: തൂക്കം കുറഞ്ഞ് ചര്‍മം വിണ്ടു, ചുണ്ടും പാദങ്ങളും മുറിഞ്ഞു. നാഗസംന്യാസിമാര്‍ അവനെ വിളിച്ചു: വരൂ, നഗ്‌നനാവൂ, നാഗനാവൂ. പക്ഷേ, ഇതല്ല വഴി എന്ന് മനസ്സുപറഞ്ഞു. അവന്‍ അവരെയുപേക്ഷിച്ച് യാത്രതുടര്‍ന്നു.

ഹിമവഴികളിറങ്ങി കാശിയിലെത്തിയപ്പോള്‍ അവിടെ വീണ്ടും നീലപ്പയ്യന്റെ ചിത്രം. ഇപ്പോഴും അറിയില്ല അതാരാണ് എന്ന്. മലിനവസ്ത്രധാരിയായി, ഭിക്ഷാപാത്രവുമായി മണികര്‍ണികാഘട്ടില്‍ എരിയുന്ന ചിതകള്‍ കണ്ടിരുന്നു. അഹങ്കാരങ്ങളെല്ലാം പടംപൊഴിക്കുന്ന ആത്മവിദ്യാലയമായി ഇന്ത്യ മുന്നില്‍ തിളങ്ങി.തിരക്കുപിടിച്ച് ഏതോ രാത്രി വണ്ടികയറി കൊല്‍ക്കത്തയിലെത്തി മദര്‍തെരേസയെയും മാ കാളിയെയും വണങ്ങി. ഒരുനാള്‍ ബോംബെയില്‍ എത്തി. വിക്ടോറിയന്‍ മാതൃകയിലുള്ള രമ്യഹര്‍മ്യങ്ങള്‍ക്ക് താഴെ ഭിക്ഷാടകനായിരുന്നു.

ഒരുത്സവപ്പകലില്‍ അലഞ്ഞെത്തിയ പൂജാപന്തലില്‍ വീണ്ടും നീലപ്പയ്യന്റെ ചിത്രം. ആരോപറഞ്ഞുകൊടുത്തു: ഇതാണ് ശ്രീകൃഷ്ണന്‍. അവിടെവെച്ച് ശ്രീലാപ്രഭുപാദ എന്ന ഭക്തപണ്ഡിതന്റെ ഭാഷണം കേട്ടു, ഹരേകൃഷ്ണ ഹരേരാമ പാടി, നൃത്തമാടി. റിച്ചാര്‍ഡിന്റെ മനസ്സുപറഞ്ഞു: മുന്നിലിതാ നിന്റെ ഗുരു.

ബോംബെയില്‍നിന്ന് എത്തിയത് കഞ്ചാവിന്റെ മണവും ചുംബനങ്ങളുടെ സീല്‍ക്കാരങ്ങളും ഇടകലര്‍ന്ന, ഗോവയിലെ കലാഗുട്ടാ ബീച്ചില്‍. അവിടെ, തെങ്ങിന്‍തോപ്പില്‍, കടല്‍നീലിമയിലേക്ക് നോക്കി ധ്യാനിച്ചിരുന്ന ആഴ്ച. എറിഞ്ഞുടയ്ക്കുന്ന തേങ്ങ മാത്രം ഭക്ഷണം. ഹിപ്പികള്‍ കടന്നുപോയി, റിച്ചാര്‍ഡിന് ഒന്നും തോന്നിയില്ല. താനിപ്പോള്‍ മറ്റൊരാളാണ്. ഇന്ത്യ, തന്നെ മറ്റൊരാളാക്കിയിരിക്കുന്നു.

യാത്രതുടര്‍ന്നത് അയോധ്യയിലേക്ക്. സരയൂ നദീതീരത്ത് ഉറക്കം. പ്രയാഗയില്‍ കുഭമേള കഴിഞ്ഞ് ഗംഗ മുറിച്ചുകടക്കുമ്പോള്‍ അവന്‍ ഒഴുക്കില്‍പ്പെട്ടു. ഒലിച്ചുപോയ അവനെ ദൈവം കാത്തുവെച്ചതുപോലുള്ള ഒരു പാറ തടഞ്ഞു. ജീവന്‍ ശേഷിച്ചു.

ഒരു ജന്മാഷ്ടമിനാളിലാണ് റിച്ചാര്‍ഡ് മഥുരയില്‍ എത്തിയത്.സര്‍വം കൃഷ്ണമയം. കൃഷ്ണഗീതികള്‍ പാടി സംന്യാസിമാര്‍. മഥുരയും കടന്ന് വൃന്ദാവനത്തില്‍ എത്തിയപ്പോള്‍ എവിടേയും 'രാധേ രാധേ' വിളികള്‍, വ്രജഭാസികള്‍, നൂറ് നൂറ് ക്ഷേത്രങ്ങള്‍, ഗോധൂളികള്‍ പറക്കുന്ന വീഥികള്‍, തുളസി മണക്കുന്ന രാസപൂര്‍ണിമാ രാത്രികള്‍... അവിടെ പലരേയും പരിചയിച്ചു: സ്വാമി ബോണ്‍ മഹാരാജ്, രാമകൃഷ്ണദാസ്, പരമഹംസസമാനനായ കൃഷ്ണദാസ് ബാബാജി... പിന്നെ, ഒരു ജന്മം മുഴുവന്‍, ഒറ്റമുറിയില്‍, ഗോപീജനവല്ലഭനെപ്പൂജിച്ച് കഴിയുന്ന ഘനശ്യാം. കുടത്തില്‍ വെള്ളമെടുക്കാന്‍മാത്രം പൂജാമുറിക്ക് പുറത്തിറങ്ങുന്ന മനുഷ്യന്‍. തണുത്തുവിറയ്ക്കുന്ന രാത്രിയില്‍ തന്റെ പുതപ്പുകൊണ്ട് റിച്ചാര്‍ഡിനെ പുതപ്പിച്ച് സ്വയം തണുത്തുമരവിച്ച് കിടക്കുന്ന ഘനശ്യാം, ആ ഒരൊറ്റ കര്‍മത്തിലൂടെ ഇന്ത്യയുടെ സംസ്‌കാരവും സന്ദേശവും അവന് പകര്‍ന്നുകൊടുത്തു: ത്യാഗമാണ് ഇന്ത്യ!

വൃന്ദാവനത്തില്‍ ഒരു മേല്‍വിലാസമായപ്പോള്‍ വീട്ടില്‍നിന്ന് അമ്മയുടെ കത്തുവന്നു: എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്?
നീ ഗുഹയില്‍ക്കഴിയുമ്പോള്‍ ഞങ്ങളെങ്ങനെ ഇവിടെ? സഹോദരന്‍ ലാറി എഴുതി: നമ്മുടെ അച്ഛന്റെ മുടി നരച്ചിരിക്കുന്നു. നീ പോയതുമുതല്‍ അദ്ദേഹം ചുമരിലേക്ക് തറപ്പിച്ച് നോക്കിയിരിക്കുകയാണ് -നിന്നെയോര്‍ത്ത്...

കത്തുമായി യമുനയുടെ മണല്‍ത്തിട്ടില്‍ റിച്ചാര്‍ഡ് കരഞ്ഞുകിടന്നു. പുതപ്പായി നക്ഷത്രഖചിതവാനം, ഉണര്‍ത്തു പാട്ടായി അമ്പലമണിനാദങ്ങള്‍... മനസ്സില്‍ ത്യാഗമൂര്‍ത്തികള്‍: യേശു, ബുദ്ധന്‍, ഇബ്രാഹിം... ഒരു കരവിടാതെ മറുകരയിലെത്തില്ല.

അലഞ്ഞലഞ്ഞെത്തിയത് രാധയുടെ ഗ്രാമമായ വര്‍സാനയില്‍. അവിടെവെച്ച് ജടപിടിച്ച മുടിമാറ്റി മുണ്ഡിതനായി.
ഹിപ്പിയില്‍നിന്ന് ഹാപ്പിയിലേക്ക്:

സച്ചിദാനന്ദം!

ആ സമയത്തുതന്നെയാണ് ശ്രീലപ്രഭുപാദ വൃന്ദാവനത്തില്‍ എത്തിയത്. പ്രഭാഷണത്തിന് മുന്നില്‍ മുണ്ഡിതശിരസ്‌കനായി, മുഷിഞ്ഞ ചേലയുടുത്ത്, ഭിക്ഷാപാത്രവുമായി റിച്ചാര്‍ഡ് ഇരുന്നു. പടിഞ്ഞാറിന്റെ ചാരവര്‍ണം മാഞ്ഞു. പകരം നിറയെ കിഴക്കിന്റെ വെളിച്ചം. പ്രഭുപാദ അടുത്തുവിളിച്ച് ചെവിയില്‍ മന്ത്രിച്ചു: ഇപ്പോള്‍ നീ വീട്ടിലെത്തിയിരിക്കുന്നു. ചിക്കാഗോയില്‍പിറന്ന റിച്ചാര്‍ഡ് വൃന്ദാവനത്തിലെ ഗോധൂളിയില്‍ കുളിച്ചിരുന്ന് രാധാനാഥ് ആയി. ഒരേ ജന്മത്തില്‍ രണ്ട് ജന്മം...

ദ്വിജന്‍!

ഡല്‍ഹിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഴയ റിച്ചാര്‍ഡ്, പുതിയ രാധാനാഥ്, എത്തിയത് ഭിക്ഷാപാത്രവുമായി, കാഷായമുടുത്തായിരുന്നു. മുപ്പത്തി അയ്യായിരം അടി മുകളില്‍ പറക്കുമ്പോഴും കഴിച്ചത് പാവപ്പെട്ട വ്രജഭാസികള്‍ ഉണ്ടാക്കിയ റൊട്ടി. ബെല്‍ജിയം വഴി ഹോളണ്ടിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും... അവിടെ, ഒരു വീട് കാത്തുനിന്നു. അടുക്കളയില്‍ സസ്യഭക്ഷണങ്ങളുടെ പാചകപുസ്തകവുമായി അമ്മ, സംന്യാസിയായ മകനുവേണ്ടി വിഭവങ്ങളുണ്ടാക്കി വിളമ്പി, നെറുകയില്‍
ചുംബിച്ചു...

റിച്ചാര്‍ഡ് സ്ലാവിന്‍ മരിച്ചു. രാധാനാഥ് സ്വാമി തന്റെ യാത്ര ആരംഭിച്ചു.



സ്വാമി രാധാനാഥ്


ഗൗഡിയ വൈഷ്ണവരുടെ ആചാര്യനായ സ്വാമി രാധാനാഥ് 1950 ഡിസംബര്‍ 7-ന് അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ചു. മുഖ്യമായും ബോംബെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം വൈഷ്ണവാശയങ്ങളുടെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും സന്ദേശവുമായി അമേരിക്കയിലും യൂറോപ്പിലും വിപുലമായി സഞ്ചരിക്കുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ 'The Journey Home: Auto biography f an American Swami' ഒരു മനുഷ്യന്റെ ആത്മികാന്വേഷണങ്ങളുടെയും അലച്ചിലുകളുടെയും വിധി തെളിക്കുന്ന വഴികളുടെയും രേഖപ്പെടുത്തലാണ്.


No comments: