05/12/2013

ചൈതന്യസ്വാമികള്‍ (1876 - 1953)


വര്‍ക്കലയ്‌ക്കടുത്ത്‌ നാവായിക്കുളത്ത്‌ വിളക്കത്തുമുത്ത്‌ എന്ന നായര്‍ തറവാട്ടിലായിരുന്നു വിഷ്‌ണുഭക്തനായ നാരായണപിള്ള ജനിച്ചത്‌. കൊല്ലവര്‍ഷം 1052 മീനത്തിലെ മൂലം നക്ഷത്രം. 14-ാം വയസ്സില്‍ ചട്ടമ്പിസ്വാമിയിലാണ്‌ നാരായണപിള്ള തന്റെ ഗുരുവിനെ കണ്ടെത്തിയത്‌. ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ കേട്ടറിഞ്ഞതോടെ ഗുരുവിന്റെ സവിധത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. ചട്ടമ്പിസ്വാമികളുടെ അനുവാദത്തോടെ അരുവിപ്പുറത്തെത്തി ഗുരുവിനെ കണ്ടു വണങ്ങി. നാരായണപിള്ളയെ കണ്ടപ്പോള്‍ ഗുരു മൊഴിഞ്ഞത്‌ ഇപ്രകാരമാണ്‌. ജാതിയും മതവും ഗുരുശിഷ്യ ബന്ധത്തിന്‌ തടസ്സമില്ല. കൊള്ളാം നാം രണ്ടുപേരും ഒരേപേരുകാര്‍. സംബോധന ചെയ്യുമ്പോള്‍ തകരാര്‍വരും പേരുമാറ്റം ആവശ്യമാണ്‌. നാരായണ ചൈതന്യന്‍ എന്തേ പോരേ? നാരായണപിള്ളക്ക്‌ തൃപ്‌തിയായി. 

പിന്നീട്‌ ആയുര്‍വേദത്തില്‍ പ്രാവിണ്യംനേടി ഗുരുവിന്റെ വലംകൈയ്യായി. ഗുരുവിന്റെ ഷഷ്‌ടിപൂര്‍ത്തി ചടങ്ങുകളില്‍ ശിഷ്യര്‍ക്ക്‌ കാവി വസ്‌ത്രം നല്‍കിയപ്പോള്‍ നാരായണചൈതന്യത്തിന്‌ കാവി നല്‍കിയില്ല. ചൈതന്യസ്വാമികള്‍ എന്നാണ്‌ അന്നുമുതല്‍ അറിയപ്പെട്ടിരുന്നത്‌. കുളത്തൂര്‍, ആലുവ എന്നിവിടങ്ങളില്‍ ക്ഷേത്രം, ആശ്രമനിര്‍മ്മാണം എന്നിവയ്‌ക്ക്‌ ചുക്കാന്‍പിടിച്ചു. കോഴിക്കോട്‌ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന്റെയും കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിന്റെയും നിര്‍മ്മാണ മേല്‍നോട്ടംവഹിച്ചതും ചൈതന്യസ്വാമികളായിരുന്നു.

ഗുരുദേവനെ പ്രത്യക്ഷദൈവമായി കണ്ട്‌ ഓം ശ്രീനാരായണ പരമ ഗുരവേനമഃ എന്നുതുടങ്ങുന്ന 108 മന്ത്രമുള്ള അഷ്‌ടോത്തര ശതനാമാവലി രചിച്ച്‌ ഗുരുവിന്‌ സമര്‍പ്പിക്കുകയുണ്ടായി. ജാതിമത ചിന്തകള്‍ക്ക്‌ അതീതമായിരുന്നു അദ്ദേഹം. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ സാക്ഷികളില്‍ ഒരാളായി നിന്നത്‌ ചൈതന്യസ്വാമികളായിരുന്നു. 

കോഴിക്കോട്‌ ശ്രീകണ്‌ഠേശ്വരക്ഷേത്രം പഴനി ക്ഷേത്രത്തിന്റെ രീതിയില്‍ നിര്‍മ്മിക്കണമെന്ന്‌ ഗുരു. ക്ഷേത്രമാതൃകയും കണക്കും വാങ്ങിവരാന്‍ ചൈതന്യസ്വാമിയെ ചുമതലപ്പെടുത്തി. ചൈതന്യസ്വാമി പഴനിയില്‍ ചെന്നു. അവര്‍ കൊടുത്തില്ല. സ്വാമി അവിടെ നടവാതിക്കല്‍ സത്യാഗ്രഹമിരുന്നു. ഒടുവില്‍ ഗതികെട്ട്‌ ഭാരവാഹികള്‍ കണക്കും പ്ലാനും നല്‍കി. ഒരിക്കല്‍ ഗുരു ചൈതന്യസ്വാമികളെക്കുറിച്ച്‌ പറഞ്ഞത്‌ ചൈതന്യന്റെ ചെയ്‌തികള്‍ നമ്മുടേതാണ്‌ എന്നാണ്‌. 1953 ഡിസംബര്‍ 2ന്‌ അദ്ദേഹം മഹാസമാധിയായി.

No comments: