ഗുരുദേവ൯ മഹാസമാധി എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -
മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും ദേഹം ക്ഷീണിച്ചതല്ലാതെ, ദിവ്യ തേജസ്സ് പ്രസരിച്ചുകൊണ്ടിരുന്ന മുഖകാന്തിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. യോഗമാഹാത്മ്യും തെലിഞ്ഞു കാണാവുന്ന നേത്രപ്രഭയും നോട്ടവും ഏതു ധീരചിത്തനേയും വശത്താക്കത്തക്കനിലയില് തന്നെ പ്രശോഭിച്ചിരുന്നു.
സമാധി അടയുന്നതിന് ഏതാനും ദിവസങ്ങള്ക്കുമുമ്പ് തുടങ്ങിയ രോഗോപദ്രവങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് മുതല് സംസാരിപ്പാ൯ തീരെ സാധിച്ചിരുന്നില്ല. എങ്കിലും പ്രജ്ഞ ശരിക്കുണ്ടായിരുന്നു. ഞങ്ങളൊക്കെ ഈശ്വരപ്രാ൪ത്ഥനയും പാരായണവും ശുശൂഷയും ചെയ്തുകൊണ്ടിരുന്നു. നിയതിയുടെ അപരിഹാര്യമായ നിയോഗം അനുസരിച്ച് ആ മഹാദീപം നമ്മുടെ കണ്ണി൯മുമ്പാകെ മറഞ്ഞു.
സമാധിസമയം സ്വാമിസന്നിധില്വെച്ചു ശ്രീ വിദ്യാനന്ദ സ്വാമികള് യോഗവാസിഷ്ഠം ജീവ൯മുക്തപ്രകരണം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. മോക്ഷപ്രാപ്തിയെ വിവരിക്കുന്ന ആ ഭാഗം കേട്ടുകൊണ്ടു ധ്യാന നിഷ്ഠനായാണ് ഗുരുദേവ൯ മഹാസമാധി പ്രാപിച്ചത്.
മരണത്തില് ദുഖിക്കുന്നത് അനാവശ്യമാണെന്ന് തൃപ്പാദങ്ങള് തന്നെ പലപ്പോഴും പറയാറുണ്ട്. തിരുവനന്തപുരത്ത് വെച്ചു രോഗം അധികമായ അവസരത്തില് ഇങ്ങനെ പറയുകയുണ്ടായി.
നമുക്ക് ഒരു സുഖകേടുമില്ല, ആ൪ക്കും സാധിക്കാത്ത ആശ്വാസവും ആനന്ദവും തോന്നുന്നു.
രോഗശയ്യയില്വെച്ചും ഫലിതസമ്പൂ൪ണ്ണവുമായ സാരോപദേശങ്ങള് ചെയ്തു ശിഷ്യവ൪ഗ്ഗങ്ങളെ അനുഗ്രഹിച്ചും ഗുരുദേവന്റെ ആദ൪ശങ്ങളും ചര്യാദികളും അറിഞ്ഞും കണ്ടും ആചരിക്കുവാനുള്ള മാ൪ഗ്ഗങ്ങള് കാണിച്ചും വിദേഹമുക്തനായതോ൪ത്താല് പരിതപിക്കാ൯ മാ൪ഗ്ഗമില്ലതന്നെ.
അന്നെദിവസം സംന്യാസിമാരും ബ്രഹ്മചാരികളും ആഹാരവും നിദ്രയും ഉപേക്ഷിച്ചു പാരായണവും പ്രാ൪ത്ഥനയും ആരാധനയും നടത്തി.
പിറ്റേ ദിവസം കാലത്ത് വൈദികമഠത്തില് ഫോട്ടോ എടുത്ത് ഒരു മണിക്ക് അഭിഷേകം നടത്തി. പുഷ്പങ്ങളെകൊണ്ട് വിശേഷമായി അലങ്കരിച്ച ചപ്രത്തില് ഇരുത്തി അസംഖ്യം ജനങ്ങള് ചേ൪ന്ന് ഈശ്വര പ്രാ൪ത്ഥന, വാദ്യഘോഷം മുതലായതോടു കൂടി എഴുന്നള്ളിച്ചു വനജാക്ഷി സ്മാരക മണ്ഡപത്തില് ഇരുത്തി. അഞ്ചു മണിക്ക് അവിടെ നിന്നും ശിവഗിരികുന്നിന്റെ എറ്റവും ഉയ൪ന്ന സ്ഥലത്ത്, തൃപ്പാദങ്ങള് പലപ്പോഴും സമാധിയെ സൂചിപ്പിച്ചു സംസാരിച്ചിരുന്ന സ്ഥലത്ത്, സമാധിവിധിപ്രകാരമുള്ള ക൪മ്മാനുസരണം സമാധിയിരുത്തി ആരാധന നടത്തി. ശനിയാഴ്ച ബ്രഹ്മമുഹൂ൪ത്തത്തില് മൂടികല്ല് സ്ഥാപിച്ചു.
അന്നുമുതല് ആരാധന, പ്രാ൪ത്ഥന, പാരായണം, പ്രസംഗം മുതലായവ നടത്തി. ഇതിനിടയ്ക്ക് ദൂരത്തുള്ള സംന്യാസി ശിഷ്യന്മാ൪ എല്ലാവരും വിശിഷ്യ മധുര ബ്രഹ്മാനന്ദസ്വാമി, മഠാധിപതി ഗണപതി സ്വാമി എന്നിവ൪ ശിഷ്യന്മാരോടുകൂടി എത്തിചേ൪ന്നു.
നിത്യം വന്നു കൊണ്ടിരുന്ന ജനങ്ങള്ക്ക് കണക്കൊന്നും ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ സഹായത്തോടുകൂടി ധ൪മ്മസംഘത്തിന്റെ നേതൃത്ത്വത്തില് സദ്യാദികളും നടത്തി. 29 ന് ശനിയാഴ്ച നാരായണ ബലി (മോക്ഷദീപക്രിയ), ഗുരുപൂജ, പ്രാ൪ത്ഥന, അന്നദാനം മുതലായ ആഘോഷങ്ങളോടുകൂടി ക൪മ്മം അവസാനിച്ചു. 45-ാം ദിവസംവരെ സാധാരണ പൂജാദികള് ചെയ്വാനും നിശ്ചയിച്ചു
No comments:
Post a Comment