24/12/2013

ശ്രീ നാരായണ ഗുരുവിനുകൊടുത്ത കുഞ്ഞു നുള്ളിന്റെ ഓര്‍മ്മയില്‍ നളിനിയമ്മ


ഗുരുദേവന്റെ സഹോദരിമാരില്‍ ഒരാളായ മാതയുടെ മകള്‍ ഭഗവതിയുടെ പുത്രിയാണ്‌ നളിനി. സന്യാസിയായ ഏക സഹോദരനെ കാണാന്‍ മാത ഇടക്കിടെ ശിവഗിരിയില്‍ പോകുമായിരുന്നു. മുത്തശ്ശിയോടൊപ്പം നളിനിയും കൂടെപ്പോകുക പതിവാണ്‌.
ഉച്ചയുറക്കത്തിലായിരിക്കുന്ന ഗുരുവിനെ നളിനി പലപ്പോഴും പിച്ചി ഉണര്‍ത്തുമായിരുന്നു. അതിന്‌ ഒരു കാര്യവുമുണ്ട്‌. അങ്ങനെ ഉണര്‍ന്നുവരുന്ന ഗുരു പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ക്ക്‌ കുറേ മുന്തിരിയും കല്‍ക്കണ്ടവും നല്‍കുക പതിവാണ്‌. മുത്തശ്ശിയോടൊപ്പമുള്ള ശിവഗിരിയാത്രക്ക്‌ നളിനിയെ പ്രേരിപ്പിക്കുന്നതും അതുതന്നയാണ്‌. പിന്നീട്‌ പ്രായമേറെയായ നളിനി അക്കാര്യമോര്‍ക്കുമ്പോള്‍ താന്‍ നുള്ളിനോവിച്ചത്‌ ഒരു യുഗപുരുഷനേയാണല്ലോ എന്ന്‌ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കാറുണ്ട്‌.

അന്ന്‌ ശിവഗിരിയില്‍ വലിയ വികസനമൊന്നും ഇല്ലായിരുന്നു. കാല്‍നടയായി ചെമ്പഴന്തിയില്‍നിന്ന്‌ കഴക്കൂട്ടംവരെ. പിന്നീട്‌ ട്രെയിനില്‍. രണ്ടുമൂന്നു ദിവസം ശിവഗിരിയില്‍ താമസിക്കും. മടങ്ങാന്‍ നേരം സ്വാമി അപ്പൂപ്പനെനോക്കി കൈകൂപ്പി കരയും. അപ്പൂപ്പന്‍ അതുകണ്ട്‌ അനങ്ങാതെയിരിക്കും.

എസ്‌.എന്‍. കോളേജിലെ എന്‍.എസ്‌.എസ്‌. യൂണിറ്റ്‌ നളിനിയമ്മക്ക്‌ ചെമ്പഴന്തിയില്‍ ഒരു വീട്‌ നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു. അവിടെയായിരുന്നു താമസം.

ചെമ്പഴന്തി മണക്കല്‍ ക്ഷേത്രമുറ്റത്തെ കളിത്തട്ടില്‍ ഗുരു വിശ്രമിക്കുന്ന വേളയില്‍ മാതയും മക്കളും മരുമക്കളും എല്ലാം പോയിരുന്നു. ക്ഷേത്രത്തില്‍നിന്നും കൊണ്ടുവന്ന നിവേദ്യം ഗുരു ഒരു പുലയപ്പയ്യന്‌ കൊടുത്തു. കരിക്കും പാലും മാത്രമേ കഴിച്ചുള്ളൂ. മൃഗബലി പ്രിയയായിരുന്ന മണയ്‌ക്കല്‍ ഭഗവതിയുടെ പ്രതിഷ്‌ഠ അവിടെനിന്നും ഇളക്കിമാറ്റി ശിവനെ പ്രതിഷ്‌ഠിച്ചത്‌ അന്നായിരുന്നു. അര്‍ദ്ധരാത്രിയില്‍ അതുനടക്കുമ്പോള്‍ ആരും അവിടേക്ക്‌ വരരുത്‌ എന്ന്‌ ഗുരു വിലക്കിയിരുന്നതായി നളിനിയമ്മ ഓര്‍ക്കുന്നു. അന്ന്‌ മതിലിനപ്പുറം ഹോമാഗ്നി ഉയരുന്നപോലെ ഒരു ദിവ്യപ്രകാശം കണ്ടതായി പരിസരവാസികള്‍ പറഞ്ഞത്‌ നളിനിയമ്മ ഓര്‍ക്കുന്നു.
ഗുരു മഹാസമാധി പ്രാപിച്ചപ്പോള്‍ നളിനിയമ്മയും പോയിരുന്നു ശിവഗിരിയില്‍. കഴക്കൂട്ടത്തുനിന്നും ട്രെയിന്‍ കിട്ടാതെ പലരും നടന്നാണ്‌ അന്ന്‌ ശിവഗിരിക്ക്‌ പോയത്‌. ഏഴുതിരിയിട്ട വിളക്കിനു മുമ്പില്‍ ധ്യാനത്തിലെന്നപോലെ ഇരിക്കുന്ന സ്വാമി അപ്പൂപ്പനുമുന്നില്‍ കല്‍ക്കണ്ടത്തിനായി നീട്ടിയ നളിനിയുടെ കൈ തേങ്ങലോടെ അമ്മ പിടിച്ചു താഴ്‌ത്തി.

നളിനിയമ്മക്ക്‌ 8 മക്കളാണ്‌. ഭര്‍ത്താവ്‌ കുഞ്ഞന്‍. മക്കള്‍: ലളിത, വാസന്തി, ശാരദ, ഇന്ദിര, മോഹന്‍ദാസ്‌, ഹരിദാസ്‌, അനിത, സനല്‍ കുമാര്‍ എന്നിവരാണ്‌.


(കടപ്പാട്‌: കേരളകൗമുദി ശ്രീനാരായണ ഡയറക്‌ടറി:)

No comments: