
ॐ भद्रं कर्णेभिः शृणुयाम देवाः। भद्रं पश्येमाक्षभिर्यजत्राः। स्थिरैरङ्गैस्तुष्टुवागँसस्तनूभिः। व्यशेम देवहितं यदायूः। स्वस्ति न इन्द्रो वृद्धश्रवाः। स्वस्ति नः पूषा विश्ववेदाः। स्वस्ति नस्ताक्षर्यो अरिष्टनेमिः स्वस्ति नो वृहस्पतिर्दधातु॥ ॐ शान्तिः शान्तिः शान्तिः॥
03/09/2013
1882-1883 കാലഘട്ടത്തിലെ കേദാരനാഥം

വൈഷ്ണവ ജനം
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ ജെ പീട് പരായി ജാനേരേ ...
അര്‍ത്ഥം : വൈഷ്ണവ ജനം എന്ന് ആരെ വിവക്ഷിക്കുന്നുവോ അദ്ദേഹം മറ്റുള്ളവരുടെ വേദന അറിയുന്നയാളും മറ്റൊരുവന്റെ ദുഃഖത്തിൽ സഹായിക്കുന്നവനും അഹങ്കാരം ഇല്ലാത്തവനും സകലരെയും വന്ദിക്കുന്നവനും ആരെയും നിന്ദിക്കാത്തവനും ആയിരിക്കും. വാക്കിലും കായത്തിലും മനസ്സിലും അചഞ്ചലനായിരിക്കുന്ന ഇങ്ങനെയൊരാൾക്ക് ജന്മം നല്കിയ ജനനി ധന്യയാണ്. സമദൃഷ്ടിയും തൃഷ്ണ ത്യജിച്ചവനും പരസ്ത്രീകളെ മാതാവായി കരുതുന്നവനും അസത്യം പറയാൻ നാവ് ചലിയ്ക്കാത്തവനും മറ്റൊരുവന്റെ ധനം ആഗ്രഹിക്കാത്തവനും ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന മായയിൽ അകപ്പെടാത്തവനും സർവ്വ സംഗ പരിത്യാഗിയും ആയിരിക്കും. അദ്ദേഹം എപ്പോഴും രാമനാമ ജപത്തിൽ രമിക്കുന്നവനായിരിക്കും. സകല തീർത്ഥങ്ങളും അദ്ദേഹത്തിൽത്തന്നെ ഉണ്ട്. ലോഭ, കപട രഹിതനും കാമ ക്രോധ വികാരങ്ങളെ നിവാരണം ചെയ്തവനും ആയിരിക്കും. കുലത്തിലെ എഴുപത്തിയൊന്ൻ തലമുറകൾക്ക് മുക്തി പ്രദാനം ചെയ്യുന്ന അങ്ങനെയൊരാളുടെ ദിവ്യദർശനത്തിന് നരസിംഹ് ആഗ്രഹിക്കുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ഭക്ത കവി നരസിംഹ് മേത്ത എഴുതിയ ഗുജറാത്തി കീർത്തനമാണ് വൈഷ്ണവ ജൻ തൊ. മതവിശ്വാസങ്ങൾക്ക് അതീതമായ സാർവ്വജനികതയും 'എങ്ങനെ നല്ല മനുഷ്യനാകാം' എന്നതിൻ അടിസ്ഥാന പ്രമാണങ്ങളും നൽകുന്നതിനാലാകാം മഹാത്മാഗാന്ധിയ്ക്ക് ഏറ്റവും പ്രിയമുള്ള ഭജനയായിരുന്നു ഇത്.
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ ജെ പീട് പരായി ജാനേരേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ ജെ പീട് പരായി ജാനേരേ
പര് ദുഖേ ഉപ്‌കാർ കരേ തോയെ മന് അഭിമാന് ന ആനേ രേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ
സകല് ലോക്‌മാ സഹുനേ ബന്ധേ നിന്ദാ ന കരേ കേണീ രേ
ബാച്ച് കാച്ച് മന് നിശ്ചൽ രാഘേ ധന് ധന് ജനനീ തേനീ രേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ
സമദൃഷ്ടി നെ തൃഷ്ണ ത്യാഗി പര്സ്ത്രീ ജേനേ മാത് രേ
ജിഹ്വാ തഘി അസത്യ ന ബോലേ പര്ധന് നവ് ഝാലേ ഹാഥ് രേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ
മോഹ് മായാ വ്യാവേ നഹി ജേനേ ദൃഢ് വൈരാഗ്യ ജേന മന്മാ രേ
രാംനാമ്ശൂം താളി രേ ലാഗി സകല് തീർത്ഥ് തേന തന്മ രേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ
വൻലോഹീ നേ കപട് രഹിത് ഛേ കാമ് ക്രോധ് നിവാര്യാ രേ
ഭന് നര്സൈയോ തേനോ ദർശൻ കർത്താ കുള് ഏകോതേര് താര്യാ രേ
വൈഷ്ണവ ജന തൊ തെയ്നെ രേ കഹിയെ ജെ പീട് പരായി ജാനേരേ
ആപത്ത്
താവദ് ഭയസ്യ ഭേതവ്യം യാദവ് ഭയമനാഗതം
ആഗതം തു ഭയം വീക്ഷ്യ നരഃ കുര്യാദ് യഥോചിതം
ആപത്തുവരുന്നതുവരെ മാത്രമേ ആപത്തിനെ ഭയപ്പെടെണ്ടതുള്ളൂ. ആപത്ത് വന്നുകഴിഞ്ഞാല്‍പ്പിന്നെ ഉചിതമായ പ്രതിവിധിയാണ് ചെയ്യേണ്ടത്.
ആഗതം തു ഭയം വീക്ഷ്യ നരഃ കുര്യാദ് യഥോചിതം
ആപത്തുവരുന്നതുവരെ മാത്രമേ ആപത്തിനെ ഭയപ്പെടെണ്ടതുള്ളൂ. ആപത്ത് വന്നുകഴിഞ്ഞാല്‍പ്പിന്നെ ഉചിതമായ പ്രതിവിധിയാണ് ചെയ്യേണ്ടത്.
ബുദ്ധിമാന്‍ ധനവും ജീവനും അപരനുവേണ്ടി ത്യജിയ്ക്കണം.
തന്നിമിത്തോ വരം ത്യാഗോ വിനാശേ നിയതേ സതി
ബുദ്ധിമാന്‍ ധനവും ജീവനും അപരനുവേണ്ടി ത്യജിയ്ക്കണം. രണ്ടും നശിയ്‌ക്കുമെന്ന് തീര്‍ച്ചയായിരിയ്‌ക്കെ പരോപകാരത്തിനായി ത്യജിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
സത്യാന്വേഷണത്തിന്റെ ഏഴു പടികള്‍
ഈ വിവേകപ്രജ്ഞയുടെ ഉദയം ഏഴു പടികളില്‍ അനുക്രമമായിട്ടാണുണ്ടാകുന്നത്.
അതില്‍ ഒന്നിന്റെ ഉദയം കാണുമ്പോള്‍ത്തന്നെ നമുക്കു വിവേകഖ്യാതി ഉദിച്ചുതുടങ്ങിയെന്ന് അനുഭവമാകുന്നു. ഇതില്‍ ഒന്നാമതായി ആവിര്‍ഭവിക്കുന്നത്, അറിയേണ്ടതറിഞ്ഞുകഴിഞ്ഞു (ജിജ്ഞാസാനിവൃത്തി) എന്നാണ്. മനസ്സു പിന്നീടു ജിജ്ഞാസനിമിത്തം അശാന്തമാവുന്നില്ല. ജ്ഞാനത്തിനു ദാഹിക്കുമ്പോള്‍ നാം അങ്ങുമിങ്ങും അന്വേഷിച്ചുതുടങ്ങും, അല്പമെങ്കിലും സത്യം ലഭിക്കുമെന്നു തോന്നുന്നിടത്തെല്ലാം തേടിച്ചെല്ലും. അങ്ങനെ കിട്ടാതെ വരുമ്പോള്‍ അതൃപ്തരായി വേറെ വഴിക്ക് അന്വേഷണം തുടങ്ങും. നാം തേടുന്ന ജ്ഞാനം നമ്മളില്‍ത്തന്നെയാണെന്നും സ്വപ്രയത്‌നംകൊണ്ടല്ലാതെ പരസഹായത്താല്‍ ലഭ്യമല്ലെന്നും ബോധിക്കാത്ത കാലത്തോളം ഈ അന്വേഷണങ്ങളെല്ലാം വ്യര്‍ത്ഥം. ആത്മാനാത്മവിവേകം ശീലിച്ചുതുടങ്ങുമ്പോള്‍ ജിജ്ഞാസാ നിമിത്തമായ അശാന്തി നിലയ്ക്കും. അതാണു സത്യത്തെ സമീപിക്കുന്നതിന്റെ പ്രഥമലക്ഷണം. സത്യം കണ്ടെത്തിയെന്നും അതു സത്യമല്ലാതെ മറ്റൊന്നുമല്ലെന്നും നമുക്കപ്പോള്‍ ദൃഢനിശ്ചയംവരും. വിവേകസൂര്യന്‍ ഉദിച്ചുതുടങ്ങിയെന്നും പ്രഭാതം സമാഗതമായി എന്നും നാം അപ്പോള്‍ അറിയും. അതില്‍നിന്നു ധൈര്യം നേടി ലക്ഷ്യപ്രാപ്തിവരെ ദൃഢപ്രയത്‌നം ചെയ്യണം.
രണ്ടാമത്തെ ഭൂമിക, ഹേയമായ സര്‍വ്വദുഃഖങ്ങളുടേയും ആത്യന്തികനിവൃത്തി (ജിഹാസാനിവൃത്തി); ജഗത്തില്‍ ബാഹ്യാഭ്യന്തരങ്ങളായ യാതൊന്നിനും നമ്മെ ക്ലേശിപ്പിക്കുവാന്‍ വയ്യ.
മൂന്നാമത്, സംപൂര്‍ണ്ണജ്ഞാനപ്രാപ്തി (പ്രേപ്‌സാനിവൃത്തി); അതോടുകൂടി നാം സര്‍വ്വജ്ഞന്മാരായി.
നാലാമത്, വിവേകഖ്യാതിലാഭത്താല്‍ സര്‍വ്വകര്‍ത്തവ്യങ്ങളില്‍നിന്നും ആത്യന്തിക നിവൃത്തി (ചികീര്‍ഷാനിവൃത്തി).
ഇനി വരുന്നതു (മൂന്നും) ചിത്തവിമുക്തി. എല്ലാത്തരത്തിലുള്ള കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും മനശ്ചാഞ്ചല്യങ്ങളും അസ്തമിച്ചിരിക്കുന്നുവെന്നും, മലമുകളില്‍നിന്നുരുണ്ട് അടിവാരത്തിലെത്തിയ കല്ലു വീണ്ടും ഉയരാത്തതുപോലെ ശോകങ്ങളൊന്നും ഇനി ഉത്ഥാനം ചെയ്യുകയില്ലെന്നും നമുക്കപ്പോള്‍ അനുഭവമാകുന്നു (ശോകനിവൃത്തി).
ആറാമത്, നമ്മുടെ ഇച്ഛാനുസരണം ഏതു സമയത്തും ചിത്തം അതിന്റെ കാരണത്തില്‍ വിലയിക്കുമെന്നു സ്വാത്മനാ ദര്‍ശിക്കല്‍ (ഭയനിവൃത്തി)
ഏഴാമത്, നാം, ആത്മസ്വരൂപത്തില്‍ പ്രതിഷ്ഠിതമായെന്നും, പ്രപഞ്ചത്തിലെവിടെയും നാം അസംഗരായിരുന്നുവെന്നും, ദേഹത്തിനോ മനസ്സിനോ നമ്മളോട് ഒരു കാലത്തും ചേര്‍ച്ചയോ ചാര്‍ച്ചപോലുമോ ഉണ്ടായിട്ടില്ലെന്നും സാക്ഷാത്ക്കരിക്കല്‍ (സകലവികല്പനിവൃത്തി) അവയെല്ലാം യഥാപ്രകൃതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, നാം അവിവേകം നിമിത്തം അവയോടു സംബന്ധിക്കുകയാണ് ചെയ്തത്. വാസ്തവത്തില്‍ നാം കേവലന്മാരും സര്‍വ്വശക്തന്മാരും സര്‍വ്വവ്യാപികളും നിത്യാനന്ദസ്വരൂപികളുമാണ്. നമ്മുടെ ആത്മസ്വരൂപം സ്വയമേവ പരിശുദ്ധവും പരിപൂര്‍ണ്ണവുമാണ്. അതിന് ഒരിക്കലും അന്യസഹായം വേണ്ടിയിരുന്നില്ല. നമ്മെ ആനന്ദിപ്പിക്കാന്‍ മറ്റൊന്നും വേണ്ട, നാംതന്നെ ആനന്ദസ്വരൂപമാണ്. ഈ ജ്ഞാനം നിരപേക്ഷമാണെന്നും നമുക്കനുഭവമാകും. നമ്മുടെ ജ്ഞാനത്താല്‍ പ്രകാശിതമാകാത്ത യാതൊന്നും ജഗത്തിലുണ്ടാവില്ല. ഇതാണ് അവസാനത്തെ ഭൂമിക. ഇതില്‍ യോഗി പരമശാന്തനും സമാധാനപൂര്‍ണ്ണനുമാകുന്നു. സര്‍വ്വദുഃഖങ്ങളില്‍നിന്നും എന്നെന്നേയ്ക്കുമായി നിവര്‍ത്തിക്കുന്നു. പിന്നീടൊരിക്കലും അയാള്‍ മോഹിക്കുന്നില്ല. യാതൊരു ക്ലേശവും അയാളെ സ്പര്‍ശിക്കുന്നില്ല. താന്‍ സദാനന്ദനും നിത്യപരിപൂര്‍ണ്ണനും സര്‍വ്വശക്തനുമാണെന്നു യോഗിക്ക് അനുഭവപ്പെടുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 323-325]
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 323-325]
ഭാഗ്യമാണ് എല്ലാം
അനുദ്യമേന കസ്തൈലം തിലേഭ്യഃ പ്രാപ്തുമഹര്‍തി
ഭാഗ്യമാണ് എല്ലാമെന്നു വിചാരിച്ച് തന്‍റെ പ്രയത്നം വേണ്ടെന്നു വയ്ക്കരുത്. പ്രയത്നിക്കാതെ എള്ളില്‍ നിന്ന് എണ്ണയെടുക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ദൈവമെന്നാല്‍ - പുര്‍വ്വ ജന്മാര്‍ജ്ജിതം കര്‍മ്മ: ദൈവമിത്യഭിധീയതെ....
സുകൃതിയുടെ ലക്ഷണം
ദാനം വാങ്ങാത്തവന് ആരോടും ഒരു കടപ്പാടുമില്ല. അയാള്‍ നിരപേക്ഷനും സ്വതന്ത്രനുമാകുന്നു. അയാളുടെ മനസ്സ് നിര്‍മ്മലമായിത്തീരുന്നു. ഓരോ ദാനം സ്വീകരിക്കുമ്പോഴും ദാതാവിന്റെ പാപംകൂടി സ്വീകരിക്കേണ്ടിവരും. അതു സ്വീകരിക്കാത്തപ്പോള്‍ മനസ്സു നിര്‍മ്മലമാവുന്നു. അതിന്റെ ആദ്യസിദ്ധി പൂര്‍വ്വജന്മസ്മരണയാകുന്നു. അപ്പൊഴേ യോഗി തന്റെ വ്രതത്തില്‍ സ്ഥിരനിഷ്ഠനാകുന്നുള്ളു. താന്‍ പല തവണയും ഗതാഗതം (ജനിക്കയും മരിക്കയും) ചെയ്തിട്ടുണ്ടെന്ന് അയാള്‍ കാണുന്നു. അതുകൊണ്ട് ഇത്തവണ താന്‍ മുക്തിനേടുമെന്നും, ഇനിയൊരിക്കലും ജനനമരണങ്ങള്‍ക്കു വിധേയനായി പ്രകൃതി വശഗനാകയില്ലെന്നും ദൃഢനിശ്ചയം ചെയ്യുന്നു.
ബാഹ്യാഭ്യന്തരശൗചങ്ങള്‍ ശരിക്കുണ്ടാകുമ്പോള്‍ സ്വന്തം ദേഹത്തില്‍ ഉപേക്ഷ തോന്നുകയും അതിനെ കമനീയമാക്കി വെയ്ക്കണമെന്ന വിചാരം ഇല്ലാതാവുകയും ചെയ്യുന്നു. അതിസുന്ദരമെന്നു മറ്റുള്ളവര്‍ പുകഴ്ത്തുന്ന മുഖം ആത്മചൈതന്യത്തെ പ്രകാശിപ്പിക്കുന്നതാണെങ്കില്‍, അതു സ്വര്‍ഗ്ഗീയമായിട്ടാണു യോഗി കരുതുക. ശരീരതൃഷ്ണയാണു മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ദോഷം. അതുകൊണ്ട്, ശൗചത്തില്‍ സംസിദ്ധനായി എന്നതിന്റെ പ്രഥമലക്ഷണം, നിങ്ങള്‍ ഒരു ശരീരമാണെന്നു വിചാരിക്കുന്നതില്‍ അനാസ്ഥ ജനിക്കുകയാണ്. ശുചിത്വം ശരിക്കുണ്ടാകുമ്പൊഴേ ദേഹാത്മബുദ്ധി നമ്മെ വിട്ടുപോവൂ.
ശൗചംകൊണ്ടുതന്നെ സത്ത്വത്തിനു പ്രാബല്യവും മനഃപ്രസാദവും ചിത്തത്തിന് ഏകാഗ്രതയുമുണ്ടാകും. നിങ്ങള്‍ സാത്ത്വികനായിത്തീരുന്നതിന്റെ മുഖ്യലക്ഷണം പ്രസന്നതയാണ്. മുഖം മ്ലാനമായിരിക്കുന്നെങ്കില്‍ അതിനു ഹേതു അഗ്‌നിമാന്ദ്യമാവണം. അതു സാത്ത്വികതയല്ല. സൗഖ്യം തോന്നുകയാണു സത്ത്വലക്ഷണം. സാത്ത്വികനായ പുരുഷന് എല്ലാ വസ്തുക്കളും സുഖകരമത്രേ. ഈ അനുഭവമുണ്ടായിത്തുടങ്ങുമ്പോള്‍ നിങ്ങള്‍ യോഗനിഷ്ഠനായിത്തുടങ്ങി എന്നു കരുതാം. ദുഃഖമെല്ലാം തമസ്സുനിമിത്തമാണുണ്ടാകുന്നത്. അതിനാല്‍ അതിനെ ത്യജിക്കണം. ബലവും ദേഹദാര്‍ഢ്യവും യൗവനവും ആരോഗ്യവും തികഞ്ഞ ധീരന്മാര്‍ക്കേ യോഗികളാവാന്‍ യോഗ്യതയുള്ളു. യോഗിക്കു സര്‍വ്വവും ആനന്ദകരം: അയാള്‍ ദര്‍ശിക്കുന്ന എല്ലാ മുഖങ്ങളും അയാള്‍ക്കു സുഖാവഹം. അതാണു സുകൃതിയുടെ ലക്ഷണം. ദുഃഖത്തിനു കാരണം ദുഷ്‌കൃതമാണ്, മറ്റൊന്നുമല്ല. നിങ്ങളെന്തിനു ദുര്‍മ്മുഖം വെച്ചുകൊണ്ടിരിക്കുന്നു? അതു ഭയങ്കരമാണ്. നിങ്ങളുടെ മുഖം ഇരുണ്ടിരിക്കുന്നെങ്കില്‍ അന്നു പുറത്തേക്കു പോകരുത്. വാതിലടച്ചു മുറിയില്‍ ഇരുന്നുകൊള്ളുക. ഈ വ്യാധിയെ ലോകരുടെയിടയില്‍ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്കെന്തധികാരം? മനസ്സു സ്വാധീനമായാല്‍ ശരീരം മുഴുവന്‍ സ്വാധീനമാവും. നിങ്ങള്‍ ഈ ദേഹയന്ത്രത്തിനു ദാസ്യം വഹിക്കുന്നതിനുപകരം അതു നിങ്ങളുടെ ദാസ്യം വഹിക്കും. അത് ആത്മാവിന്റെ അധോഗതിക്ക് ഉപകരിക്കുന്നതിനുപകരം ഊര്‍ദ്ധ്വഗതിക്കു സഹായിക്കും.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 331-333]
ശ്രീകൃഷ്ണഭഗവാന്റെ ആഹ്നിക കര്‍മ്മവര്‍ണ്ണന- ഭാഗവതം (292)
ബ്രാഹ്മേ മുഹൂര്‍ത്തേ ഉത്ഥായ വാര്യുപസ്പൃശ്യ മാധവഃ
ദധൗ പ്രസന്നകരണ ആത്മാനം തമസഃ പരം (10-70-4)
ഏകം സ്വയം ജ്യോതിരനന്യമവ്യയം
സ്വസംസ്ഥയാ നിത്യനിരസ്തകല്‍മഷം
ബ്രഹ്മാഖ്യമസ്യോദ് ഭവനാശഹേതുഭിഃ
സ്വശക്തി ഭിര്‍ല്ലക്ഷിതഭാവനിര്‍വൃതിം (10-70-5)
അതാപ്ലു തോഽംഭസ്യമലേ യഥാവിധി
ക്രിയാ കലാപം പരിധായ വാസസീ
ചകാര സന്ധ്യോപഗമാദി സത്തമോ
ഹുതാനലോ ബ്രഹ്മ ജജാപവാഗ്യതഃ (10-70-6)
ശുകമുനി തുടര്‍ന്നു: ശ്രീകൃഷ്ണന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (സൂര്യോദയത്തിന് രണ്ടരമണിക്കൂര്‍ മുന്‍പ്) ദിവസവുമെഴുന്നേറ്റ് ദേഹശുദ്ധി വരുത്തി. എന്നിട്ട് ഇരുട്ടിനതീതവും സ്വയം പ്രകാശിതവും അനന്തവും അനശ്വരവും പരമപവിത്രവും ബ്രഹ്മമെന്നറിയപ്പെടുന്നതും വിശ്വസൃഷ്ടിസ്ഥിതി സംഹാരപ്രവൃത്തികളാല്‍ അനന്ത സാദ്ധ്യതകളെ വെളിവാക്കുന്നതുമായ ആത്മാവിനെ ഭഗവാന്‍ ധ്യാനിച്ചു. കുളികഴിഞ്ഞ് പുതുവസ്ത്രങ്ങളുമണിഞ്ഞ് ഗായത്രീജപത്തോടെ ഭഗവാന്‍ സൂര്യോദയപൂജകളും അനുഷ്ഠിക്കുന്നു. അദ്ദേഹം സൂര്യനും സകലകാലങ്ങളിലെയും ഋഷിവര്യന്മാര്‍
ക്കും പിതൃക്കള്‍ക്കും പൂജയര്‍പ്പിച്ചു. ഇവയെല്ലാം ഭഗവാന്റെ സ്വന്തം അംശങ്ങളത്രെ. എന്നിട്ട് പശുക്കളെയും ബ്രാഹ്മണരെയും മുതിര്‍ന്നവരെയും മറ്റു ജീവജാലങ്ങളെയും വണങ്ങി - ഇവയെല്ലാം അവിടുത്തെ ആത്മഭാവങ്ങളത്രെ. ഭാര്യമാര്‍ക്കും ബന്ധുമിത്രാദികള്‍ക്കുമെല്ലാം എണ്ണമൊടുങ്ങാത്ത അനുഗ്രഹാശിസ്സുകളും ഭഗവാന്‍ നല്‍കി. പ്രഭാതകാലത്ത് തന്നെ ഭഗവാന്‍ രാജസഭയിലേക്ക് തിരിച്ചു. കൃഷ്ണനും മറ്റു സഭാവാസികളും സ്വസ്ഥാനങ്ങളില്‍ ഉപവിഷ്ടരാവുമ്പോള്‍ സഭയില്‍ കലാകാരന്മാരും വിദൂഷകരും കവികളും ഗായകരും നര്‍ത്തകരും അവരെ രസിപ്പിച്ചു.രാജഭരണസംബന്ധമായ കാര്യങ്ങള്‍ തുടങ്ങുകയായി. ഒരു ദിവസം സഭയിലേക്ക് ദൂതുമായി ഒരാള്‍ വന്നു കൃഷ്ണന് നിവേദനം സമര്‍പ്പിച്ചു. അയാള്‍ ജരാസന്ധന്റെ തടവില്‍ കിടക്കുന്നു കുറെ രാജാക്കന്‍മാരെ പ്രതിനിധീകരിച്ച് കൃഷ്ണന്റെ സഹായം തേടി വന്നതാണ്. ജരാസന്ധന്‍ ദിനംപ്രതി സ്വേഛാധിപത്യം കൂട്ടുകയാണെന്നും എത്രയും പെട്ടെന്ന് ഭഗവാന്‍ അവരുടെ ദുരിതം അവസാനിപ്പിക്കണമെന്നുമായിരുന്നു രാജാക്കന്മാര്‍ക്ക് പറയാനുണ്ടായിരുന്നത്. അവര്‍ പ്രാര്‍ത്ഥിച്ചു: ‘അവിടുന്ന് വിശ്വനാഥനത്രെ. ധര്‍മ്മസംരക്ഷണത്തിനായും ദുഷ്ടനിഗ്രഹത്തിനായും അവിടുന്ന് അവതരിച്ചിരിക്കുകയാണല്ലോ. അവിടുത്തെ പാദങ്ങളെ ആശ്രയിക്കുന്നവരുടെ പൂര്‍വ്വകര്‍മ്മഫലങ്ങള്‍പോലും നിര്‍വീര്യമാകുന്നു. ഞങ്ങളെ മോചിതരാക്കിയാലും.’
അല്‍പസമയം കഴിഞ്ഞപ്പോള്‍ നാരദന്‍ സഭയില്‍ പ്രവേശിച്ചു. ഭഗവാന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് മുനിയെ നമസ്കരിച്ചു. അതീവ ബഹുമാനത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. മൂന്നു ലോകങ്ങളുടേയും ക്ഷേമം മുനിയോടന്വേഷിച്ചു: ‘അവിടുന്ന് എല്ലാമറിയുന്നു. എല്ലായിടത്തും അങ്ങയുടെ സാന്നിദ്ധ്യമുണ്ടല്ലോ’ എന്നു പറഞ്ഞുകൊണ്ടാണ് ഭഗവാന്‍ നാരദനോട് സംസാരിച്ചു തുടങ്ങിയതു തന്നെ. യുധിഷ്ഠിരന്‍ രാജസൂയയാഗം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ആയതില്‍ മാമുനിമാരും ദേവന്മാരും രാജാക്കന്മാരോടൊപ്പം പങ്കെടുക്കുന്നതാണെന്നും നാരദന്‍ അറിയിച്ചു. യുധിഷ്ഠിരന്‍ കൃഷ്ണനെ പ്രത്യേകമായി പൂജിക്കുന്നതുമാണ്. ഉടനേതന്നെ ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകണമെന്ന് മുനി അപേക്ഷിച്ചു. അവിടെ രാജസൂയത്തിന് ഭഗവാന്‍ ആധ്യക്ഷ്യം വഹിക്കണം. സഭയിലെ പലര്‍ക്കും ജരാസന്ധനെ വകവരുത്താന്‍ വൈകരുതെന്ന അഭിപ്രായമുണ്ടായിരുന്നു. നാരദന്റെ ഉപദേശം അവര്‍ക്കത്ര തൃപ്തികരമായിരുന്നില്ല. കൃഷ്ണന്‍ ഉദ്ധവനു നേരെ തിരിഞ്ഞ് ഉപദേശമാരാഞ്ഞു: ‘അങ്ങ് എന്റെ കണ്ണുകളത്രെ. എന്താണിപ്പോള്‍ ചെയ്യേണ്ടതെന്ന് അങ്ങേക്കറിയാം. എനിക്ക് അങ്ങില്‍ സമ്പൂര്‍ണ്ണവിശ്വാസമാണുളളത്. എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും. ഞാന്‍ അതനുസരിച്ചു പ്രവര്‍ത്തിച്ചു കൊളളാം.’
അന്യരെ ധര്‍മ്മം ഉപദേശിക്കുവാനുള്ള പാണ്ഡിത്യം
ധര്‍മ്മേ സ്വീയമനുഷ്ഠാനം കസ്യചിത് തു മഹാത്മനഃ
അന്യരെ ധര്‍മ്മം ഉപദേശിക്കുവാനുള്ള പാണ്ഡിത്യം എല്ലാവര്‍ക്കും എളുപ്പത്തില്‍ നേടാം. എന്നാല്‍ സ്വയം ധര്‍മ്മം അനുഷ്ഠിക്കുക എന്നത് ദുര്‍ലഭം ചില മഹാത്മാക്കള്‍ക്കേ സാധിക്കുകയുള്ളൂ.
ജീവികളില്‍ കാണപ്പെടുന്ന നാനാനവിധത്തിലുള്ള ഭാവങ്ങൾ
യോഗ്യമായ വാക്ക് ബാലകന്‍ പറഞ്ഞതായാലും ബുദ്ധിമാന്മാര്‍ സ്വീകരിക്കണം.
രവേരവിഷയേ കിം ന പ്രദീപസ്യ പ്രകാശനം
യോഗ്യമായ വാക്ക് ബാലകന്‍ പറഞ്ഞതായാലും ബുദ്ധിമാന്മാര്‍ സ്വീകരിക്കണം. സൂര്യനില്ലാത്തപ്പോള്‍ വിളക്കുകൊണ്ടും പ്രകാശം കിട്ടുമല്ലോ.
സപ്തര്‍ഷിമാരുടെ സന്തതികളാണ് ലോകത്ത് കാണുന്ന സര്‍വ്വ ജീവജാലങ്ങളും.
ശ്രീകൃഷ്ണഭഗവാന്‍ ഗീതാമൃതത്തിൽ പറഞ്ഞു:
പണ്ട് ആദ്യമുണ്ടായ സപ്തര്‍ഷിമാരും
(ഭൃഗു, മരീചി, അത്രി, പുലഹന്‍, പുലസ്ത്യന്‍, ക്രതു, വസിഷ്ഠന്‍)
നാലു മനുക്കളും
(ഉത്തമന്‍, തമാസന്‍, രോഹഷന്‍, രൈവതന്‍)
എന്‍റെ ഭാവം ഉള്‍ക്കൊണ്ട് എന്‍റെ മാനസപുത്രന്മാരായി ജനിച്ചവരാണ്.
ഇവരുടെ സന്തതികളാണ് ലോകത്ത് കാണുന്ന സര്‍വ്വ ജീവജാലങ്ങളും.
പിന്നെ എവിടെയാണ് ജാതി ?
എവിടെയാണ് വംശം ?
എവിടെയാണ് ഉന്നത കുലജാതർ ?
എവിടെയാണ് താഴ്ന്ന കുലജാതർ ?
എവിടെയാണ് കുല മഹിമ ?
ജാതിവാല് തിരുകിനടന്നു ആനന്ദം നുകരുന്ന മനോരോഗികൾ ഇത് മനസ്സിലാക്കുക !!!
അവനാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്
യസ്മിഞ്ജീവതി ജീവന്തി ബഹവഃ സ തു ജീവതി
കാകോഽപി കിം ന കുരുതേ ചഞ്ച്വാ സദ്വോരപൂരണം
യാതൊരുത്തന്‍ ജീവിയ്ക്കുന്നതുകൊണ്ട് വളരെപ്പേര്‍ അവനെ ആശ്രയിച്ചു ജീവിക്കുന്നുവോ അവനാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. സ്വന്തം വയറുനിറയ്ക്കുവാന്‍ മാത്രമാണ് ജീവിക്കുന്നതെങ്കില്‍ കാക്കയും കൂടി കൊക്കുകൊണ്ട് അതു നിര്‍വഹിക്കുന്നില്ലേ?
അനന്തവീര്യം ഓരോരുവനും സ്വാധീനമാണ്
കായരൂപസംയമാത് (പൃഥ്വി മുതലായ അഞ്ചു ഭൂതങ്ങളെക്കൊണ്ടുണ്ടായ) സ്ഥൂലശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, തദ്ഗ്രാഹ്യശക്തിസ്തംഭേ അതിനെ ഗ്രഹിക്കുന്ന സാമര്‍ത്ഥ്യത്തെ തടയുമ്പോള്‍, ചക്ഷുഃപ്രകാശാ സംയോഗേ അന്യന്റെ ചാക്ഷുഷവൃത്തി (കാഴ്ച)യുമായി സംബന്ധിക്കാതിരിക്കെ, അന്തര്‍ധാനം (യോഗിയെ) കണ്ണുകൊണ്ടറിയാന്‍ കഴിയായ്ക ഉണ്ടാകുന്നു.
ശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്കയാല്‍ ശരീരഗ്രാഹ്യത പ്രതിബദ്ധമാകയും ചക്ഷുഃപ്രകാശം വേര്‍പെടുകയും ചെയ്യുമ്പോള്‍ യോഗിശരീരം അപ്രത്യക്ഷമാവുന്നു.
ഈ മുറിയുടെ നടുവില്‍ നില്ക്കുന്ന യോഗിക്ക്, മറ്റുള്ളവര്‍ നോക്കിക്കൊണ്ടിരിക്കെത്തന്നെ, അപ്രത്യക്ഷനാകാം. അയാള്‍ വാസ്തവത്തില്‍ അവിടെയില്ലാതാകുന്നില്ല. ആര്‍ക്കും അയാളെ കാണ്മാന്‍ കഴിയുന്നില്ലെന്നുമാത്രം. ശരീരവും അതിന്റെ രൂപവും തമ്മില്‍ വേര്‍പെട്ടതുപോലാകുന്നു. രൂപത്തെയും രൂപിയെയും തമ്മില്‍ വേര്‍പെടുത്തത്തക്ക ഏകാഗ്രതാശക്തി സിദ്ധിക്കുമ്പൊഴേ യോഗിക്ക് ഇതു സാധ്യമാകൂ എന്നോര്‍ക്കണം. ആ നിലയില്‍ അയാള്‍ രൂപത്തില്‍ സംയമം ചെയ്യുകയും രൂപഗ്രഹണശക്തിയെ നിരോധിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, രൂപത്തിന്റെയും രൂപിയുടെയും സംയോഗത്തില്‍ നിന്നാണല്ലോ രൂപഗ്രഹണശക്തിയുണ്ടാവുന്നത്: (അവയുടെ വേര്‍പാടില്‍ രൂപഗ്രഹണം പ്രതിബന്ധിക്കപ്പെടുന്നു).
കര്‍മ്മം രണ്ടുവിധമുണ്ട്; വേഗം ഫലിക്കുന്നതും പതുക്കെ ഫലിക്കുന്നതും. അവയില്‍ സംയമം ചെയ്യുന്നതുകൊണ്ടോ മരണലക്ഷണങ്ങളായ അരിഷ്ടങ്ങളില്‍നിന്നോ യോഗികള്‍ തങ്ങളുടെ ദേഹവിയോഗകാലം കൃത്യമായറിയുന്നു. ഇപ്പോള്‍ പ്രാരബ്ധമായവയും ഭാവിയില്‍ ഫലവത്താകുന്ന ആഗാമിയുമായ തന്റെ ചിത്തസംസ്‌കാരങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് ആഗാമികര്‍മ്മങ്ങളില്‍നിന്നു സ്വശരീരം എപ്പോള്‍ വീണുപോകുമെന്നു സൂക്ഷ്മമായി അറിയാന്‍ കഴിയുന്നു. എപ്പോള്‍, ഏതു മണിക്കൂറില്‍. ഏതു നിമിഷം, താന്‍ മരിക്കുമെന്ന് അയാള്‍ കൃത്യമായി അറിയുന്നു. ഈ ജ്ഞാനത്തിന്, പ്രയാണകാലജ്ഞാനത്തിന്, ഭാരതീയര്‍ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ ഭാവിജന്മത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രയാണകാലചിന്തകള്‍ക്കു വലിയ ശക്തിയുണ്ടെന്നു ഭഗവദ്ഗീതയില്‍ ഉപദേശിച്ചിരിക്കുന്നു.
ഈ സംയമസിദ്ധി വന്ന യോഗിക്കു ബലമാണ് ആവശ്യമെങ്കില്‍, അയാള്‍ ആനയുടെ ബലത്തില്‍ സംയമം ചെയ്ത് അതു നേടുന്നു. അനന്തവീര്യം ഓരോരുവനും സ്വാധീനമാണ്. അതെങ്ങനെ സമ്പാദിക്കാമെന്നറികയേ വേണ്ടു. യോഗി അതിനുള്ള ശാസ്ത്രീയമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 352-354]
ബുദ്ധിയില്ലാത്തവന് ശാസ്ത്രം പഠിക്കുന്നതുകൊണ്ട് എന്തു പ്രയോജനം?
ലോചനാഭ്യാം വിഹീനസ്യ ദര്‍പ്പണഃ കിം കരിഷ്യതി
സ്വയം ആലോചിച്ചു അറിയുവാനുള്ള ബുദ്ധിയില്ലാത്തവന് ശാസ്ത്രം പഠിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? രണ്ടു കണ്ണും ഇല്ലാത്ത കുരുടന് കണ്ണാടികൊണ്ട് എന്തു പ്രയോജനം?
മനുഷ്യന്‍ വിഷമാവസ്ഥയില്‍ പെടുമ്പോള്‍ വിധിയെ പഴിക്കുന്നു.
ആത്മനഃ കര്‍മ്മദോഷാംശ്ച നൈവ ജാനാത്യപണ്ഡിതഃ
മനുഷ്യന്‍ വിഷമാവസ്ഥയില്‍ പെടുമ്പോള്‍ വിധിയെ പഴിക്കുന്നു. പണ്ഡിതനല്ലാത്തവന്‍ സ്വന്തം കര്‍മ്മങ്ങളിലെ തെറ്റുകളെ മനസ്സിലാക്കുന്നില്ല.
യതിധര്‍മ്മം / കാഷായവസ്ത്രത്തിന്റെ പവിത്രത / സന്യാസിലക്ഷണം - തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍
യതിധര്‍മ്മം / സന്യാസിലക്ഷണം - തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍
''കാഷായവസ്ത്രത്തെ ഒരു ചക്രവര്‍ത്തിയുടെ വിജയവൈജയന്തിയേക്കാള്‍ മഹത്വമേറിയതായിട്ടാണ് ഭാരതീയര്‍ ഒരു കാലത്ത് പരിഗണിച്ചിരുന്നത്. ഇന്നും അങ്ങനെ പരിഗണിക്കുന്നവരും ധാരാളം ഉണ്ട്. പക്ഷേ, കാഷായവസ്ത്രം കാപട്യത്തെ മറച്ചുവയ്ക്കാനുള്ള ഒരു മൂടുപടമാക്കി ദുരുപയോഗപ്പെടുത്താന്‍ ഒരു കൂട്ടമാളുകള്‍ സന്നദ്ധരായപ്പോള്‍ മുതലാണ് അത് അപഹാസാസ്പദമായിത്തീര്‍ന്നത്.
അഭിനവപരിഷ്‌ക്കാരതിമിരബാധ പിടിപെട്ട 'നാടന്‍ സായ്പന്മാ'ര്‍ക്ക് കാഷായത്തെക്കുറിച്ച് വളരെ പുച്ഛമായിരുന്നു. എന്നാല്‍, ആ തെറ്റിദ്ധാരണ നീക്കിയത് ശ്രീമദ് വിവേകാനന്ദസ്വാമികളാണ്. പ്രാചീന ഭാരതീയസംസ്‌കാരത്തിന്റേയും ശാന്തിയുടേയും സന്ദേശമാണ് കാഷായവസ്ത്രത്തില്‍ക്കൂടി ലോകത്തിന് സംഭാവന ചെയ്യുന്നതെന്നുള്ള തത്വം അദ്ദേഹം ചിക്കാഗോയില്‍വച്ച് ആദ്യമായി ലോകത്തിന് വെളിപ്പെടുത്തി കൊടുത്തു. പാശ്ചാത്യര്‍ അത് ശിരസ്സ് നമിച്ചുകൊണ്ട് സമ്മതിക്കയും അതിന്റെ മഹത്വത്തെ ഉദ്‌ഘോഷിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ അതേറ്റുപാടാന്‍ നമ്മുടെ 'പരിഷ്‌ക്കാരികളും' തയ്യാറായി.
ഭാരതസംസ്‌ക്കാരത്തിന്റെ ചിഹ്നമാണ് കാഷായവസ്ത്രം. അതുകൊണ്ടാണ് ഹിന്ദുസാമ്രാജ്യസ്ഥാപകനായ ശിവജി മഹാരാജാവ് തന്റെ സാമ്രാജ്യത്തിലെ ദേശീയപതാകയായി കാഷായത്തെ സ്വീകരിച്ചത്. കാഷായവസ്ത്രം ആത്മജ്ഞാനത്തിന്റെ പ്രതീകമാണ്. ഒരുകാലത്തു ശവത്തെ ആച്ഛാദനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് കാഷായവസ്ത്രമായിരുന്നു. ആത്മപിണ്ഡം വയ്ക്കുക എന്നത് സംന്യാസത്തിനുള്ള ചടങ്ങുകളില്‍ ഒന്നാണല്ലോ. അതിന്റെ അര്‍ത്ഥം ജഡമായ ഈ ശരീരത്തില്‍ ഞാന്‍ എന്നുള്ള അഭിമാനത്തെ ഉപേക്ഷിക്കുന്നു എന്നാണ്. താന്‍ മരിക്കുന്നു എന്നു സാരം. പിന്നീടുള്ള ദേഹം ശവമായിട്ടാണ് സംന്യാസി കരുതേണ്ടത്. സച്ചിദാനന്ദസ്വരൂപമായ ആത്മാവാണു താനെന്നറിഞ്ഞ് ഉണര്‍ന്നിരിക്കുന്ന സംന്യാസിയുടെ ആദ്ധ്യാത്മിക ജീവിതത്തെ പ്രഖ്യാപനം ചെയ്യുന്ന ഒരു ചിഹ്നമാണ് പരിപാവനമായ ഈ കാവിവസ്ത്രം. അത് സ്വീകരിച്ച് സംന്യാസാശ്രമത്തില്‍ പ്രവേശിച്ചാല്‍ പിന്നെ പൂര്‍വ്വാശ്രമബന്ധങ്ങളൊന്നുംതന്നെ ആ സംന്യാസിയെ സ്പര്‍ശിക്കാന്‍ പാടില്ല. അതിന് തെളിവാണ്,
നാമഗോത്രാദിചരണം, ദേശം, വാസം, ശ്രുതം, കുലം,
വയോ, വൃത്തം, വ്രതം, ശീലം, ഖ്യാപയേന്നൈവ സദ്യതി:
(പഴയ പേര്, ഗോത്രം, സൂത്രം, പ്രവരം, ദേശം, വാസസ്ഥലം, കുടുംബം, വയസ്സ്, ആചാരം, വ്രതം, അനുഷ്ഠാനക്രമങ്ങള്‍ മുതലായവ സംന്യാസി ആരോടും പറയരുത്) എന്നുള്ള യതിധര്‍മ്മാനുശാസനം.
സംന്യാസ സമ്പ്രദായം ഇന്നും ഇന്നലെയും ഉണ്ടായതല്ല. അതിപുരാതനകാലം മുതല്‍ ഭാരതവര്‍ഷത്തില്‍ ഈ സമ്പ്രദായം നിലനിന്നുപോന്നിരുന്നതാണ്. ബുദ്ധഭിക്ഷുക്കളില്‍നിന്നാണ് ഹിന്ദുക്കള്‍ സംന്യാസ സമ്പ്രാദായം സ്വീകരിച്ചതെന്നുള്ള നവീനവാദം ഒരിക്കലും അംഗീകാര്യമല്ല. സര്‍വ്വശക്തനായ ജഗദീശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിനുശേഷം ഇതിന്റെ നിലനില്പിനുവേണ്ടി മരീച്യാദികളായ പ്രജാപതികളെ സൃഷ്ടിച്ച് പ്രവൃത്തിരൂപമായ ധര്‍മ്മത്തേയും സനകാദിയോഗികളെ സൃഷ്ടിച്ച് നിവൃത്തിരൂപമായ ധര്‍മ്മത്തേയും ഉപദേശിച്ചുകൊടുത്തു എന്ന് ശ്രുതിസ്മൃതിപുരാണേതിഹാസങ്ങളില്‍ ഭംഗിയാംവണ്ണം വിവരിച്ചിട്ടുണ്ട്.
''യദിദം വേദവചനം കുരു കര്‍മ്മ ത്യജേതി ച'' (കര്‍മ്മം ചെയ്യണം; കര്‍മ്മം ഉപേക്ഷിക്കണം എന്നിങ്ങനെ രണ്ടുവിധത്തില്‍ വേദവിധികളുണ്ട്. (കര്‍മ്മത്യാഗം സംന്യാസം))
''ദ്വാവിമാവഥ പന്ഥാനൗ യസ്മിന്‍ വേദഃ പ്രതിഷ്ഠിതഃ
പ്രവൃത്തിലക്ഷണോ ധര്‍മ്മോ നിവൃത്തിശ്ച വിഭാഷിതഃ'' (പ്രവൃത്തിപരമെന്നും നിവൃത്തിപരമെന്നും രണ്ടുമാര്‍ഗ്ഗങ്ങള്‍ വേദത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.)
എന്ന് മഹാഭാരതത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നതും മുകളില്‍ പറഞ്ഞതിനു തെളിവാണ്.
''ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, ഈ ആശ്രമങ്ങള്‍ മൂന്നും പ്രവൃത്തിപ്രധാനവും സംന്യാസാശ്രമം നിവൃത്തിപ്രധാനവുമാകുന്നു.
''സംന്യാസി എപ്പോഴും ആത്മവിചാരത്തോടുകൂടി വര്‍ത്തിക്കേണ്ടതാണ്. ഒരു സാധാരണമനുഷ്യനു ദേഹാഭിമാനമുള്ളതുപോലെ, സംന്യാസിക്ക് 'ആത്മാഭിമാനം' (ഞാന്‍ ആത്മാവാണെന്നുള്ള ബുദ്ധി ഉണ്ടായിരിക്കണം.
''പരമാത്മനി യോ രക്തോ വിരക്തോƒപരമാത്മനി
സര്‍വ്വൈഷണാവിനിര്‍മ്മുക്തഃ സ ഭൈക്ഷം ഭോക്തുമര്‍ഹതി''
(ആത്മാവല്ലാതെയുള്ള ദൃശ്യവസ്തുക്കളില്‍ പറ്റുമാനമരുത്. എപ്പോഴും പരമാത്മാവില്‍ത്തന്നെ ത്‌ലപരനായിരിക്കണം. ദാരൈഷണ, പുത്രൈഷണ, വിത്തൈഷണ എന്നിവയില്‍നിന്ന് വേറിട്ട് നില്‌ക്കേണ്ടതാണ്. അങ്ങനെയുള്ള ഒരുവനുമാത്രമേ സംന്യാസിക്കാനധികാരമുള്ളു.)
''വേദാന്തവാക്യേഷു സദാ രമന്തോ
ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ
കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''
ഇതാണ് ഒരു സംന്യാസിയുടെ യഥാര്‍ത്ഥലക്ഷണം. അതായത് അവന്‍ എപ്പോഴും വേദാന്തവാക്യങ്ങളുടെ അര്‍ത്ഥചിന്തനത്തില്‍ രസിച്ചുകൊണ്ടിരിക്കണം. ഭിക്ഷാന്നംകൊണ്ടുതന്നെ സന്തോഷിക്കണം. ദുഃഖസ്പര്‍ശമില്ലാതെ അന്തര്‍മ്മുഖവൃത്തിയായിട്ടുതന്നെ കഴിഞ്ഞുകൂടണം. അങ്ങനെയുള്ള സംന്യാസിയാണ് ഭാഗ്യവാന്‍.
'ഇന്നത്തെ സംന്യാസിമാര്‍ മിക്കവാറും ഈ ലക്ഷണത്തിന് നേരെ വിപരീതമായിട്ടാണ് കാണപ്പെടുന്നത്. വേദാന്തചിന്ത അവരെ തീണ്ടിയിട്ടേയില്ല. വേദാന്തനിഷ്ഠന്മാര്‍ അവരുടെ ദൃഷ്ടിയില്‍ ഭ്രഷ്ടന്മാരാണ്. കിട്ടുന്ന ഭക്ഷണംകൊണ്ട് സന്തോഷിക്കുക, യദൃച്ഛാലാഭസന്തുഷ്ടനായിരിക്കുക, എന്നാണ് ഭിക്ഷാന്നതുഷ്ടന്‍ എന്നതിന്റെ അര്‍ത്ഥം. പക്ഷേ, ഇന്നത്തെ സംന്യാസി അത് വകവച്ചുകൊടുക്കയില്ല. ബകനൊരുക്കുന്നതു പോലെ വേണം അവര്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കേണ്ടത്. യഥാകാലം ലഭിച്ചില്ലെങ്കില്‍ പാവങ്ങളായ ശിഷ്യന്മാരെ ശപിച്ച് ഭസ്മസാല്‍ക്കരിക്കാന്‍തന്നെ ഒരുങ്ങുന്ന സംന്യാസവേഷധാരികളും ഒട്ടും കുറവല്ല. കഞ്ചാവുകൂടി പിടിച്ചാല്‍ കഥ പറയുകയും വേണ്ട. ഒരു ശോകച്ഛായ എപ്പോഴും വിക്ഷിപ്തചിത്തന്മാരായ ഇന്നത്തെ സംന്യാസിമാരുടെ മുഖത്തു സ്ഫുരിക്കുന്നത് കാണാം. ഇതിന് കാരണം അവര്‍ യഥാര്‍ത്ഥ ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ കഴിഞ്ഞുകൂടുകയോ, ശാസ്ത്രബോധം സമ്പാദിക്കയോ, ശമദമാദിസാധനകള്‍ അനുഷ്ഠിക്കുകയോ, ഈശ്വരവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയോ, ചെയ്യാതെ സ്വയം കാവിവസ്ത്രവും ധരിച്ച് ലോകരംഗത്തിറങ്ങിയതാണ്.'
''അജിഹ്വഃ ഷണ്ഡകഃ പംഗുരന്ധോ ബധിര ഏവ ച
മുഗ്ദ്ധശ്ച മുച്യതേ ഭിക്ഷുഃ ഷഡ്ഭിരേതൈര്‍ന്ന സംശയഃ''
എന്ന സ്മൃതിയനുസരിച്ച് സംന്യാസി അജിഹ്വനും ഷണ്ഡകനും പംഗുവും അന്ധനും ബധിരനും മുഗ്ദ്ധനും ആയിരിക്കണം. എങ്കില്‍ മാത്രമേ മുക്തനാകയുള്ളു.''
രസനേന്ദ്രിയത്തേയും വാഗിന്ദ്രിയത്തേയും ജയിച്ചവനാണ് അജിഹ്വന്‍. ഷഡ്‌രസങ്ങളോടുകൂടി ആഹാരം കഴിക്കുമ്പോഴും അവയിലൊന്നിലും പ്രത്യേകം ഹിതാഹിതരൂപത്തിലുള്ള പറ്റുമാനമുണ്ടായിരിക്കരുത്. ഹിതരൂപമായ, ആത്മബോധത്തെ ഉളവാക്കുന്ന വിഷയത്തെക്കുറിച്ചു വക്രതകൂടാതെ സത്യമായും മിതമായുമേ പറയാവൂ. അങ്ങനെയുള്ളവനെ അജിഹ്വനെന്നു പറയുന്നു.
ഇന്നുണ്ടായ പെണ്‍കുട്ടിയേയും പതിനാറുവയസ്സുള്ള യുവതിയേയും നൂറു വയസ്സുള്ള വൃദ്ധയേയും വികാരരഹിതനായി കാണാന്‍ കഴിയുന്നവനാണ് ഷണ്ഡകന്‍ (നപുംസകം). സംന്യാസി സ്ത്രീകളുടെ സമീപം ഒരു നപുംസകത്തെപ്പോലെ പെരുമാറണമെന്നു ചുരുക്കം.
മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കും ഭിക്ഷയ്ക്കും വേണ്ടിമാത്രം ഒരു യോജനയില്‍ കവിയാത്ത ദൂരത്തില്‍ സഞ്ചരിക്കുകയേ പാടുള്ളു. അങ്ങനെയുള്ളവന്‍ മുടന്തന്‍ (പംഗു) തന്നെയാണ്. ആവശ്യമില്ലാതെ ഒരിടത്തും പോകരുതെന്നര്‍ത്ഥം.
നില്ക്കുമ്പോഴും നടക്കുമ്പോഴും ആരുടെ ദൃഷ്ടിയാണോ ആവശ്യമില്ലാതെ ചുറ്റുപാടിലേക്ക് അയയ്ക്കാതിരിക്കുന്നത് അവന്‍ കണ്ണ് എന്ന ബാഹ്യേന്ദ്രിയം ഉള്ളവനാണെങ്കിലും അന്ധന്‍ (കുരുടന്‍) ആണ്. ആവശ്യമില്ലാതെ വിഷയങ്ങളിലേക്കു കണ്ണോടിക്കരുതെന്നു സാരം.
ലൗകികോല്‍ക്കര്‍ഷത്തെ നല്കുന്നതും മിതമായതും മനസ്സിനെ ഹരിക്കുന്നതും സങ്കടത്തെ ഇല്ലാതാക്കുന്നതുമായ വാക്കുകള്‍ കേട്ടാലും കേള്‍ക്കാത്തവണ്ണം തജ്ജന്യമായ വികാരങ്ങള്‍ ആരെയാണോ സ്പര്‍ശിക്കാത്തത്, അവന്‍ ബധിരന്‍ (പൊട്ടന്‍) എന്നു പറയപ്പെടുന്നു. ശബ്ദവിഷയങ്ങളില്‍ പറ്റുമാനമില്ലാതിരിക്കണമെന്നു താത്പര്യം.
എന്തിനും കഴിവുള്ളവനും ഇന്ദ്രിയശക്തി ഒട്ടും നശിക്കാതെ അരോഗദൃഢഗാത്രനും ആണെങ്കിലും സമാകര്‍ഷകങ്ങളായ കാമിനീകാഞ്ചനാദി വിഷയങ്ങളുടെ സന്നിധിയില്‍ വര്‍ത്തിക്കുമ്പോഴും ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെപ്പോലെ അവയാല്‍ ആകൃഷ്ടമതിയാകാതെയിരിക്കുന്നത് ഏത് സംന്യാസിയാണോ അവനത്രേ മുഗ്ദ്ധന്‍.
സംന്യാസി സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ആരെയും നിന്ദിക്കയോ സ്തുതിക്കയോ അരുത്. പുണ്യകര്‍മ്മങ്ങളിലും പാപകര്‍മ്മങ്ങളിലും ലേശംപോലും പറ്റുമാനമരുത്. വിതണ്ഡാവാദം മുതലായവ ചെയ്യരുത്. എല്ലാക്കാര്യങ്ങളിലും ഒരു സാക്ഷിയെപ്പോലെ തുല്യനിലയില്‍ വര്‍ത്തിക്കണം.
ദുര്‍വ്വാസനകളെ ഉത്തേജിപ്പിക്കുന്ന ഒരു കര്‍മ്മകലാപങ്ങളിലും സംന്യാസികള്‍ ചെന്നു കുരുങ്ങരുത്.
''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ,
ദിവാസ്വാപോ, വൃഥാലാപോ യതേര്‍ ബന്ധകരാണി ഷട്''
ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള്‍ സംന്യാസിയെ ബദ്ധനാക്കിത്തീര്‍ക്കുന്നവയാണ്. അതിനാല്‍, ഇവയില്‍നിന്നും വേറിട്ടു നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും ഒരു സ്ഥലത്തോ ഒരു സ്ഥാനത്തോ ഇരുന്നെങ്കില്‍ മാത്രമേ തനിക്കു സുഖമുള്ളൂ എന്നൊരു സംന്യാസി വിചാരിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് അതു വിമ്മിട്ടമുണ്ടാക്കുന്നതാണ്. എങ്ങനെയെന്നാല്‍, ആ സ്ഥാനത്തുനിന്നും എങ്ങനെയെങ്കിലും മാറേണ്ടിവരും. മാറാതെ അവിടെത്തന്നെ ഇരിക്കണമെന്ന നിര്‍ബ്ബന്ധബുദ്ധിക്കാണ് 'ആസനം' എന്നു പറയുന്നത്. അതിപുരാതനകാലത്തു സംന്യാസികള്‍ക്കു മഠങ്ങളില്ലായിരുന്നു. അവര്‍ ഒരു ഗ്രാമത്തില്‍ ഒരു ദിവസവും ഒരു പട്ടണത്തില്‍ അഞ്ചുദിവസവും മാത്രമേ താമസിക്കാവൂ എന്നായിരുന്നു അന്നത്തെ നിയമം. മഴക്കാലത്തുമാത്രം ഒരു സ്ഥലത്തു നാലുമാസക്കാലം താമസിക്കാന്‍ വിധിയുണ്ട്. അന്നു ധ്യാനജപാദികളിലും സ്വാദ്ധ്യായത്തിലും മാത്രം മുഴുകിയിരിക്കണമെന്നാണു നിയമം. ഇന്നു സംന്യാസികള്‍ക്കു മഠങ്ങളുണ്ടല്ലോ? ഗുരുക്കന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഏതു മഠങ്ങളിലും താമസിക്കാന്‍ സംന്യാസികള്‍ സന്നദ്ധരായിരിക്കണം.
രണ്ടാമത്തേത് 'പാത്രലോപ'മാണ്. ജലപാത്രം, ഭസ്മസഞ്ചി, ജപമാല, മുതലായവ എപ്പോഴും ഒരു സാധുവിന്റെ കൈവശമുണ്ടായിരിക്കണം. അവ സ്വധര്‍മ്മത്തെ ഉദ്‌ബോധിപ്പിക്കുന്നതുകളാണ്. അവ കൈവശമില്ലാതെ അവ നേടാന്‍ അങ്ങുമിങ്ങും നടന്ന് അലയുന്നത് വിക്ഷേപവൃത്തിയെ അങ്കുരിപ്പിക്കുന്ന ഒരു ദുസ്സ്വഭാവമാണ്. അതാണ് 'പാത്രലോപം'. അതു വരാതെയിരിക്കാന്‍ സംന്യാസിമാര്‍ പ്രത്യേകം സൂക്ഷിക്കണം.
'സഞ്ചയ'മാണ് മൂന്നാമത്തേത്. സമ്പാദ്യം എന്ന് അതിന് അര്‍ത്ഥം പറയാം. അത്യാവശ്യസാധനങ്ങള്‍ കൈയിലിരിക്കെ, ഭാവിയിലേക്കു വേണ്ടി ആവക സാധനങ്ങള്‍ വാങ്ങിച്ചു ശേഖരിക്കുന്നതിനു സഞ്ചയമെന്നു പറയുന്നു. ഒരു ജലപാത്രം കൈയിലുള്ളപ്പോള്‍ രണ്ടു ജലപാത്രങ്ങള്‍കൂടെ വാങ്ങിച്ച് അതും ചുമന്നുകൊണ്ടു നടക്കുന്നതു സഞ്ചയമാണ്. ഇത് പഴയകാലത്തെ പരിവ്രാജകസംന്യാസിമാരെ സംബന്ധിച്ചതാണ്. ഇന്നത്തെ മഠനിവാസികളായ സംന്യാസിമാരുടെ സഞ്ചയം ഇതല്ല. ആശ്രമങ്ങളില്‍ പൊതുവേ ചില നിയമങ്ങള്‍ ഉണ്ടല്ലോ? ആഹാരത്തിനും വസ്ത്രാദികളിലും സര്‍വ്വസാമാന്യമായ ഒരു നിയമം ഉള്ളപ്പോള്‍ അവയെ അംഗീകരിക്കയും സ്വന്തമായി ചിലതൊക്കെ സമ്പാദിക്കയും ചെയ്യുന്നത് സഞ്ചയമാണ്. ആശ്രമം ആശ്രമവാസികളുടേയും, ആശ്രമവാസികള്‍ ആശ്രമത്തിന്റേയും വകയായിരിക്കെ, അതില്‍നിന്നും വേറിട്ടു സ്വന്തതാല്പര്യങ്ങള്‍ക്കുവേണ്ടി ധനധാന്യാദികള്‍ സമ്പാദിക്കുന്നു എങ്കില്‍ അത് സഞ്ചയമാണ്.
അടുത്തത് 'ശിഷ്യസംഗ്രഹ'മാണ്. സംന്യാസി, ഖ്യാതിക്കും പൂജയ്ക്കും ശുശ്രൂഷാദികള്‍ക്കും വേണ്ടി മാത്രം ശിഷ്യന്മാരെ സമ്പാദിക്കുന്നതിനാണ് 'ശിഷ്യസംഗ്രഹ'മെന്നു പറയുന്നത്. ആദ്യം നമുക്ക് ഒരു ഗുരു ആകാന്‍ അര്‍ഹതയുണ്ടോ എന്നാണു നോക്കേണ്ടത്. ഒരു മന്ത്രോപദേശംതന്നെ ഒരാള്‍ക്കു കൊടുക്കുന്നു എന്നിരിക്കട്ടെ. അതിനുമുമ്പായിട്ടുതന്നെ ഉപദേഷ്ടാവ് ഏതെങ്കിലും ഒരു മന്ത്രം സിദ്ധി വരുത്തിയിരിക്കണം. പുസ്തകത്തില്‍ കണ്ട മന്ത്രങ്ങളും യോഗാഭ്യാസങ്ങളും അനുഷ്ഠിച്ചും അനുഷ്ഠിപ്പിച്ചും എത്രമനുഷ്യര്‍ ഭ്രാന്തന്മാരായും ക്ഷയരോഗികളായും പോയിട്ടുണ്ടെന്ന് അറിയാമോ? ഒന്നാമത്, ഗുരു തത്വനിഷ്ഠനായിരിക്കണം. ഉത്തമാധികാരികളായ ശിഷ്യന്മാര്‍ക്കുമാത്രമേ ഉപദേശം നല്കാവൂ. അവരെ കണ്ടുപിടിക്കാന്‍ തത്വനിഷ്ഠനല്ലാത്ത ഒരു ഗുരുവിന് എങ്ങനെ കഴിയും?
''ശുശ്രൂഷാലാഭപൂജാര്‍ത്ഥം യശോര്‍ത്ഥം വാ പരിഗ്രഹഃ
ശിഷ്യാണാം, ന തു കാരുണ്യാത് സ ജ്ഞേയഃ ശിഷ്യസംഗ്രഹഃ''
(ശുശ്രൂഷയും, പൂജയും, യശസ്സും ലഭിക്കുന്നതിനുവേണ്ടിമാത്രം ശിഷ്യന്മാരെ സ്വീകരിക്കുന്നതിനാണ് ശിഷ്യപരിഗ്രഹമെന്നു പറയുന്നത്. എന്നാല്‍, ശിഷ്യന്മാരെ നേടേണ്ടത് അവരുടെ സംസാരതാപം കണ്ട് അലിവുണ്ടായി അവരെ അതില്‍നിന്നും കരകയറ്റുന്നതിനായിട്ടായിരിക്കണം) എന്ന പ്രമാണം അതിനു തെളിവാണ്.
അടുത്തത് 'ദിവാസ്വാപ'ത്തെക്കുറിച്ചാണു പറയേണ്ടത്. ദിവാസ്വാപമെന്നതിന് പകലുറക്കമെന്നാണ് സാമാന്യമായ അര്‍ത്ഥം. സംന്യാസികള്‍ പകലുറങ്ങാന്‍ പാടില്ലെന്നുള്ളത് ശരിതന്നെ. പക്ഷേ, ഇവിടെ അതുമാത്രമല്ല വിവക്ഷ.
''വിദ്യാ ദിനം പ്രകാശത്വാദവിദ്യാ രാത്രിരുച്യതേ
വിദ്യാഭ്യാസേ പ്രമാദോ യഃ സ ദിവാസ്വാപ ഉച്യതേ''
വിദ്യ, പ്രകാശസ്വരൂപമായതുകൊണ്ട് 'പകല്‍' എന്നും അവിദ്യ അന്ധകാരമയമായതുകൊണ്ട് 'രാത്രി' എന്നും പറയപ്പെടുന്നു. വിദ്യാഭ്യാസത്തില്‍ ഉണ്ടാകുന്ന തെറ്റിന് - വിദ്യ വേണ്ടവിധം യഥാകാലം അഭ്യസിക്കാതിരിക്കുന്നതിന് - ദിവാസ്വാപമെന്നാണ് മഹര്‍ഷിമാര്‍ സാങ്കേതികസംജ്ഞ നല്കിയിട്ടുള്ളത്. അതിനാല്‍, വിദ്യയില്‍ - ആത്മവിദ്യയില്‍ - സംന്യാസിമാര്‍ യാതൊരു വിധത്തിലും അശ്രദ്ധകാണിക്കരുത്. ആ വിഷയത്തില്‍ ജാഗരൂകരായിത്തന്നെ ഇരിക്കേണ്ടതാകുന്നു.
ആറാമത്തേത് 'വൃഥാലാപ'മാണ് വെറുതെ വാഗിന്ദ്രിയത്തെ വ്യാപരിപ്പിക്കുന്നതിനാണ് വൃഥാലാപമെന്നു പറയുക. സംന്യാസിയുടെ പരമലക്ഷ്യം മുക്തി - ജീവന്മുക്തിയാണ്. അതിനനുകൂലങ്ങളായ വിഷയങ്ങളെക്കുറിച്ചുവേണം അവന്‍ സംസാരിക്കുവാന്‍. അക്കഥ വിസ്മരിച്ചിട്ട് കാണുന്നവരെ സ്തുതിച്ചും അനുഗ്രഹിച്ചും നിന്ദിച്ചും മറ്റുമുള്ള സംഭാഷണങ്ങളാണ് വൃഥാലാപമെന്ന പദം കൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. അതും പരിവര്‍ജ്ജിക്കേണ്ടതാണ്.''
''പ്രാചീനകാലത്ത് സംന്യാസികള്‍ നിവൃത്തിപ്രധാനന്മാര്‍ മാത്രമായിരുന്നു. ആത്മാരാമന്മാരായ ആ സാധുക്കള്‍ മഠങ്ങളോ, മഠാധിപത്യമോ, അദ്ധ്യാപനമോ പോലുമില്ലാതെ അന്തഃകരണത്തെ അന്തര്‍മ്മുഖമാക്കി ബ്രഹ്മനിഷ്ഠരായിത്തന്നെ കഴിഞ്ഞുകൂടിയിരുന്നു. പക്ഷെ, അവര്‍ ഒരു സര്‍വ്വകലാശാലയേക്കാള്‍ കൂടുതല്‍ വിജ്ഞാനവിതരണം ചെയ്തിട്ടുള്ളവരാണ്. അവരുടെ ഒരു വാക്കോ നോക്കോ മതി, സകലവിധമായ അന്ധകാരത്തേയും മാറ്റാന്‍. ഭാഗവതം ഏകാദശത്തില്‍ വിവരിച്ചുകാണുന്ന അവധൂതബ്രാഹ്മണന്‍ അതുപോലെയുള്ള ഒരു വ്യക്തി ആയിരുന്നു. ദത്താത്രേയന്‍, സംവര്‍ത്തന്‍, ജഡഭരതന്‍ മുതലായവരുടെ ചരിത്രം ലോകത്തിന് എത്രമാത്രം വിജ്ഞാനത്തേയാണ് വിതരണം ചെയ്തിരിക്കുന്നത്. അവരെല്ലാം അതിവര്‍ണ്ണാശ്രമികളായിരുന്നു. ദക്ഷിണ ഇന്‍ഡ്യയിലെ സിദ്ധപരമ്പരയില്‍ ഇന്നും അതിവര്‍ണ്ണാശ്രമികളാണ് അപൂര്‍വ്വമായിട്ടുള്ളത്. പക്ഷെ, ഈ അത്യാശ്രമികളെ അനുകരിക്കുന്നതിനും അവരുടെ മഹത്വം വേണ്ടവണ്ണം ഗ്രഹിക്കുന്നതിനും സാമാന്യമനുഷ്യര്‍ക്കു സാദ്ധ്യമല്ല. വിധിനിഷേധങ്ങളെ പരിഗണിക്കാതെ സ്വച്ഛന്ദം വിഹരിച്ചുകൊണ്ടിരിക്കുന്ന ആത്മാരാമന്മാരില്‍ പലരും സാധാരണദൃഷ്ടിയില്‍ ഭ്രാന്തന്മാരോ അധര്‍മ്മികളോ ആയിത്തോന്നിയെന്നുവരാം. അങ്ങനെ വരാതിരിക്കുന്നതിനുവേണ്ടിയാണ് ശ്രീശങ്കരഭഗവത്പാദര്‍ സംന്യാസമാര്‍ഗ്ഗത്തെ നൂതനമായി പരിഷ്‌ക്കരിച്ച് വേണ്ട വ്യവസ്ഥകള്‍ ചെയ്തത്. നാസ്തികമതം വര്‍ദ്ധിക്കയും വൈദികമതം തിരസ്‌ക്കരിക്കപ്പെടുകയും ചെയ്ത ഒരു കാലത്തായിരുന്നു ശ്രീശങ്കരഭഗവത്പാദരുടെ തിരുവവതാരം. അദ്ദേഹം ഹിമവല്‍സേതുപര്യന്തം സഞ്ചരിച്ച് യുക്തിവാദംകൊണ്ടും സിദ്ധിവിശേഷങ്ങള്‍കൊണ്ടും നാസ്തികമതത്തെയെല്ലാം ആട്ടിപ്പായിച്ച് വൈദികമതത്തെ ഭാരതത്തില്‍ പുനഃസ്ഥാപിക്കയാണു ചെയ്തത്. വൈദികമതത്തിന്റെ നിലനില്പിനും പ്രചാരണത്തിനുംവേണ്ടി അദ്ദേഹം ഭാരതത്തിന്റെ നാലുഭാഗത്തായി നാലുമഠങ്ങള്‍ സ്ഥാപിക്കയും ആ മഠങ്ങളില്‍ ഓരോന്നിലും തന്റെ പ്രധാന ശിഷ്യന്മാരെ മഠാധിപന്മാരാക്കി വാഴിക്കയും ചെയ്തു. ഹിന്ദുമതം, മഠങ്ങളെ കേന്ദ്രീകരിച്ച് സംന്യാസികളില്‍കൂടി പ്രചരിപ്പിക്കണമെന്നായിരുന്നു അവിടുത്തെ ഉദ്ദേശ്യം. ഹിന്ദുമത്തിന്റെ അസ്തിവാരം നാലുവേദങ്ങളാണല്ലോ? അവയുടെ സ്മാരകങ്ങളായിട്ടാണ് ശ്രീശങ്കരാചാര്യര്‍ നാലുമഠങ്ങള്‍ സ്ഥാപിച്ചത്. ജഗന്നാഥത്തിലുള്ള ഗോവര്‍ദ്ധനമഠം ഋഗ്വേദത്തിന്റെയും മൈസൂരിലുള്ള ശൃംഗേരിമഠം യജൂര്‍വേദത്തിന്റെയും ദ്വാരകയിലുള്ള ശാരദാമഠം സാമവേദത്തിന്റെയും ബദരികാശ്രമത്തിലുള്ള ജ്യോതിര്‍മ്മഠം അഥര്‍വ്വവേദത്തിന്റെയും സ്മാരകങ്ങളായിട്ടാണ് പരിഗണിക്കപ്പെട്ടുപോരുന്നത്.
അവയില്‍ വച്ചു ഗോവര്‍ദ്ധനമഠത്തില്‍ ശ്രീപത്മപാദാചാര്യരേയും ശൃംഗേരിമഠത്തില്‍ ശ്രീ സുരേശ്വരാചാര്യരേയും ശാരദാമഠത്തില്‍ ശ്രീ ഹസ്താമലകാചാര്യരേയും ജ്യോതിര്‍മ്മഠത്തില്‍ ശ്രീതോടകാചാര്യരേയും ആണ് അധിപന്മാരാക്കി ശ്രീ ശങ്കരാചാര്യര്‍ വാഴിച്ചത്. ഈ ഭാരതവര്‍ഷത്തെ നാലു വിഭാഗങ്ങളാക്കി തിരിച്ചു അവയില്‍ ഓരോ വിഭാഗത്തിന്റെയും ധാര്‍മ്മി(വൈദി)കാധിപത്യം പ്രസ്തുത നാലു മഠങ്ങളിലും സംസ്ഥാപിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. ഭാരതമൊട്ടാകെ അത് അംഗീകരിച്ചുമിരുന്നു. ഇങ്ങനെ മഠങ്ങളെ കേന്ദ്രീകരിച്ചു സംന്യാസിമാര്‍ ഭാരതമൊട്ടുക്കു ധര്‍മ്മപ്രചരണം ചെയ്തുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നും അങ്ങനെ ചെയ്യണമെന്നാണു വ്യവസ്ഥ. അങ്ങനെയുള്ള സംന്യാസികളുടെയും തദനുയായികളായ ജനങ്ങളുടെയും സമ്മേളനരംഗങ്ങളായിരുന്നു ഗയ, ഹരിദ്വാരം, മുതലായ സ്ഥലങ്ങള്‍. അവിടെയെല്ലാം ഇന്നും കൊണ്ടാടിവരുന്ന 'മേള'കള്‍ ആ വാസ്തവത്തെ ഉദ്‌ഘോഷിക്കുന്നുണ്ട്. ഈ പുണ്യഭൂമിയില്‍ കാണുന്ന സംന്യാസികള്‍ മിക്കവാറും ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ചിട്ടുള്ള നാലു മഠങ്ങളില്‍ ഏതെങ്കിലും ഒന്നിലെ ആചാര്യന്മാരുടെ ശിഷ്യപ്രശിഷ്യപരമ്പരയില്‍പ്പെട്ടവരാണ്. അതിനാല്‍, ഇന്നത്തെ സംന്യാസസമ്പ്രദായത്തിന്റെ പ്രതിഷ്ഠാപകന്‍ ശ്രീശങ്കരഭഗവത്പാദരാണെന്നു മനസ്സിലാക്കണം.
ഒരു സംന്യാസി, പ്രസ്ഥാനത്രയം എങ്കിലും പഠിച്ചിരിക്കണമെന്നാണു സാധാരണ വ്യവസ്ഥ. അതു പഠിക്കാത്തവരെ ശങ്കരമഠങ്ങളിലെങ്ങും പ്രധാന സംന്യാസികളായി പരിഗണിച്ചുപോരാറില്ല. നമ്മുടെ ആശ്രമങ്ങളിലും ആചാര്യസ്ഥാനത്തിരിക്കുന്നവര്‍ അവശ്യം അവ പഠിക്കേണ്ടതാകുന്നു. അതിനാല്‍, ശ്രീശങ്കരഭഗവത്പാദര്‍ അനുശാസിച്ചിട്ടുള്ള സമ്പ്രദായത്തില്‍കൂടി ആത്മസാക്ഷാത്ക്കാരം നേടി ലോകകല്യാണത്തിനുവേണ്ടി ജീവിക്കുന്നതിനാണു നിങ്ങള്‍ സംന്യാസദീക്ഷ സ്വീകരിച്ചിരിക്കുന്നത് എന്നുള്ള വസ്തുത ഒരിക്കലും വിസ്മരിച്ചു പോകരുത്.
തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍
യോഗിക്കുണ്ടാവുന്ന അഷ്‌ടൈശ്വര്യപ്രാപ്തി
യോഗിക്കുണ്ടാവുന്ന അഷ്‌ടൈശ്വര്യപ്രാപ്തിയാണ് ഇവിടെ വിവരിക്കുന്നത്.
അയാള്‍ക്ക് അണുപോലെ സൂക്ഷ്മമാകാനും പര്‍വ്വതംപോലെ സ്ഥൂലമാകാനും ഭൂമിപോലെ ഗരിഷ്ഠമാകാനും വായുപോലെ ലഘുവാകാനും കഴിയും. അയാള്‍ക്ക് ഏതൊന്നിനെയും യഥേഷ്ടം പ്രാപിക്കാം: ഏതിനെയും സ്വച്ഛന്ദം നിയമനം ചെയ്യാം: ഏതൊന്നിനെയും ജയിച്ചു വശത്താക്കാം, അങ്ങനെ പലതും സാധിക്കാം. സിംഹം ആട്ടിന്‍കുട്ടിയെപ്പോലെ അയാളുടെ കാല്ക്കലിരിക്കും. അയാളുടെ അഭീഷ്ടങ്ങളെല്ലാം ഇച്ഛാമാത്രേണ നിറവേറും.
ശരീരം അമര്‍ത്ത്യമാവുന്നു. അതിനെ ഹനിക്കാന്‍ ഒന്നിനും സാധ്യമല്ല. യോഗി ഇച്ഛിച്ചാലല്ലാതെ അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിവില്ല. 'യോഗി കാലദണ്ഡത്തെ ഭഞ്ജിച്ചു സശരീരനായിത്തന്നെ ലോകത്തിലിരിക്കുന്നു.' യോഗിക്കു രോഗമോ ജരയോ മൃത്യുവോ സംഭവിക്കുന്നതല്ലെന്നു ശ്രുതികള്‍ ഘോഷിക്കുന്നു.
ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുവാനായി മനസ്സിലുള്ള അവയുടെ സ്ഥാനംവിട്ടു ബഹിര്‍മുഖമായിപ്പോകുന്നു. അതിനെത്തുടര്‍ന്നാണു ജ്ഞാനമുണ്ടാവുന്നത്. ആ വ്യാപാരത്തോടൊപ്പംതന്നെ അഹംബുദ്ധിയുമുണ്ട്. ഇവയിലും, പിന്നീടുള്ള (അന്വയം, അര്‍ത്ഥവത്ത്വം എന്ന) രണ്ടു ധര്‍മ്മങ്ങളിലും അനുക്രമമായി സംയമം ചെയ്യുന്ന യോഗി ഇന്ദ്രിയങ്ങളെ ജയിക്കുന്നു. നിങ്ങള്‍ കാണുന്നതോ തൊടുന്നതോ ആയ വല്ല വിഷയവുമെടുക്കുക. ഒരു പുസ്തകംതന്നെയാകട്ടെ. ദൃഷ്ടമായ ആ വസ്തുവില്‍ ആദ്യം ചിത്തത്തെ സംയമം ചെയ്യണം. അനന്തരം പുസ്തകരൂപമായ ജ്ഞാനത്തിലും അതിനുശേഷം അതിനെ ദര്‍ശിക്കുന്ന അസ്മിതയിലും ക്രമേണ സംയമം ചെയ്യുക. ഇങ്ങനെ അനുക്രമമായ സംയമാഭ്യാസത്താല്‍ ഇന്ദ്രിയങ്ങളെല്ലാം വശീകൃതങ്ങളാകുന്നു.
പ്രകൃതിയെ ജയിച്ചു പുരുഷനും പ്രകൃതിക്കും തമ്മിലുള്ള ഭേദത്തെ സാക്ഷാത്കരിക്കുമ്പോള്‍, അതായത് പുരുഷന്‍ അമൃതനും ശുദ്ധനും പരിപൂര്‍ണ്ണനുമാണെന്നു സ്വയം അനുഭവപ്പെടുമ്പോള്‍, യോഗിക്കു സര്‍വ്വാധിപത്യവും സര്‍വ്വജ്ഞത്വവും സിദ്ധിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 364-367]
ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുവാനായി മനസ്സിലുള്ള അവയുടെ സ്ഥാനംവിട്ടു ബഹിര്‍മുഖമായിപ്പോകുന്നു. അതിനെത്തുടര്‍ന്നാണു ജ്ഞാനമുണ്ടാവുന്നത്. ആ വ്യാപാരത്തോടൊപ്പംതന്നെ അഹംബുദ്ധിയുമുണ്ട്. ഇവയിലും, പിന്നീടുള്ള (അന്വയം, അര്‍ത്ഥവത്ത്വം എന്ന) രണ്ടു ധര്‍മ്മങ്ങളിലും അനുക്രമമായി സംയമം ചെയ്യുന്ന യോഗി ഇന്ദ്രിയങ്ങളെ ജയിക്കുന്നു. നിങ്ങള്‍ കാണുന്നതോ തൊടുന്നതോ ആയ വല്ല വിഷയവുമെടുക്കുക. ഒരു പുസ്തകംതന്നെയാകട്ടെ. ദൃഷ്ടമായ ആ വസ്തുവില്‍ ആദ്യം ചിത്തത്തെ സംയമം ചെയ്യണം. അനന്തരം പുസ്തകരൂപമായ ജ്ഞാനത്തിലും അതിനുശേഷം അതിനെ ദര്‍ശിക്കുന്ന അസ്മിതയിലും ക്രമേണ സംയമം ചെയ്യുക. ഇങ്ങനെ അനുക്രമമായ സംയമാഭ്യാസത്താല്‍ ഇന്ദ്രിയങ്ങളെല്ലാം വശീകൃതങ്ങളാകുന്നു.
പ്രകൃതിയെ ജയിച്ചു പുരുഷനും പ്രകൃതിക്കും തമ്മിലുള്ള ഭേദത്തെ സാക്ഷാത്കരിക്കുമ്പോള്‍, അതായത് പുരുഷന്‍ അമൃതനും ശുദ്ധനും പരിപൂര്‍ണ്ണനുമാണെന്നു സ്വയം അനുഭവപ്പെടുമ്പോള്‍, യോഗിക്കു സര്‍വ്വാധിപത്യവും സര്‍വ്വജ്ഞത്വവും സിദ്ധിക്കുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) - പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 364-367]
കുചേലഭക്തികണ്ട് ഭഗവാന്‍ ചെയ്ത അനുഗ്രഹം - ഭാഗവതം (303)
കിഞ്ചിത് കരോത്യുര്‍വ്വപി യത് സ്വദത്തം
സുഹൃത്കൃതം ഹല്ഗ്വപി ഭൂരികാരീ
മയോപനീതാം പൃഥുകൈകമുഷ്ടിം
പ്രത്യഗ്രഹീത് പ്രീതിയുതോ മഹാത്മാ (10-81-35)
ഭക്തായ ചിത്രാ ഭഗവാന്‍ ഹി സംപദോ
രാജ്യം വിഭൂതിര്‍ന്ന സമര്‍ത്ഥയത്യജഃ
അദീര്‍ഘ ബോധായ വിചക്ഷണഃ സ്വയം
പശ്യന്‍ നിപാതം ധനിനാം മദോദ്‌ഭവം (10-81-37)
കൃഷ്ണന്‍ കുചേലനോടു പറഞ്ഞു:
പ്രിയമിത്രമേ, എനിക്കായി എന്ത് സമ്മാനവും കൊണ്ടാണങ്ങു വന്നിട്ടുളളത്? എനിക്ക് വിലപിടിച്ചതും പൊങ്ങച്ചമേറിയതുമായ സമ്മാനങ്ങളിലൊന്നും താല്‍പര്യമില്ല. എന്റെ സദ്ഭക്തനില്‍ നിന്നും ഒരിലയോ പൂവോ പഴമോ അല്ലെങ്കില്‍ അല്‍പം ജലമോ കിട്ടിയാല്‍ ഞാന്‍ സംപ്രീതനായി.
ശുകമുനി തുടര്‍ന്നു: താന്‍ കൊണ്ടു വന്ന ചെറിയ അവില്‍പ്പൊതി പുറത്തെടുക്കാന്‍ കുചേലനു മടിയുളളതു കണ്ട, തന്റെ ദരിദ്രസുഹൃത്തിനെ സമ്പത്തും സൗഭാഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കാനുളള വ്യഗ്രതകൊണ്ട് കൃഷ്ണന്‍ കുചേലന്റെ മടിയില്‍ നിന്നും അവില്‍പ്പൊതി ബലമായി പിടിച്ചു വാങ്ങി. ‘ആഹാ, ഇതാണെനിക്കേറ്റവും പ്രിയം’ എന്നു പറഞ്ഞു കൃഷ്ണന്‍ ആ അവില്‍ വാരി തിന്നാന്‍ തുടങ്ങി. മറ്റൊരു പിടികൂടി വാരി വായില്‍ ഇടാന്‍ തുടങ്ങുമ്പോള്‍ രുക്മിണി അദ്ദേഹത്തെ തടഞ്ഞു. കൃഷ്ണന്‍ ലോകസമ്പത്തു മുഴുവന്‍ ഒരു പിടി അവിലിന് പകരമായി നല്‍കി കഴിഞ്ഞിരുന്നു.
കൃഷ്ണനുമായി ഒരു രാത്രി പഴയകഥകള്‍ പറഞ്ഞും ഭഗവാന്റെ പരമാനന്ദ സാമീപ്യാനുഗ്രഹം നുകര്‍ന്നും കുചേലന്‍ കൊട്ടാരത്തില്‍ കഴിഞ്ഞു. രാവിലെ സ്വഗൃഹത്തിലേക്ക് പുറപ്പെട്ടു.
ഭഗവാന്റെ ഭക്തപ്രേമം, വിനയം, ബ്രാഹ്മണഭക്തി, പരമസൗഹൃദം, അഭിഗമ്യത - എല്ലാറ്റിനെയും പറ്റിയോര്‍ത്ത് കുചേലന്‍ നടന്നു. പെട്ടെന്നദ്ദേഹം ഓര്‍മ്മിച്ചു. ഭഗവാന്‍ ഒന്നും തന്നയച്ചില്ലല്ലോ.
എന്നാല്‍ പെട്ടെന്നു തന്നെ സ്വയം പറഞ്ഞു: ‘കൃഷ്ണന്‍ എനിക്ക് സമ്പത്തൊന്നും തന്നനുഗ്രഹിക്കാത്തതു ശരിതന്നെ. എന്നേപ്പോലെ ദരിദ്രനായൊരുവന് സമ്പത്തു തന്നനുഗ്രഹിച്ചാല്‍ ഞാന്‍ അദ്ദേഹത്തെ മറക്കാനിടയായേക്കും’.
Subscribe to:
Comments (Atom)

