തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ ക്ഷേത്ര ഭരണപാരമ്പര്യത്തിന് ഭംഗംവരുത്തിയ സുപ്രീംകോടതി വിധി അനശ്വരമാക്കിയത് ചരിത്രനിയോഗം ഏറ്റെടുത്ത അന്തരിച്ച അഡ്വ. സുന്ദരരാജന്‍െറ പോരാട്ടം. ശ്രീ പത്മനാഭനിലുള്ള വിശ്വാസം മാത്രം കൈമുതലാക്കിയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ അവരുടെ തന്നെ പഴയ ബാരിസ്റ്ററായ സുന്ദരരാജന്‍ നിയമയുദ്ധത്തിനിറങ്ങിയത്.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെ അമ്പലവാസിയായി കഴിഞ്ഞ അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഒരു പരാതിയോടെയാണ് ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള നിലവറകള്‍ക്കുള്ളില്‍ നടന്ന പലതും പുറംലോകമറിഞ്ഞത്. കേരളത്തില്‍ ഹൈകോടതിയുടെ സഹായത്തോടെ നിലവറ മുദ്രവെക്കും മുമ്പ് 2.7 ടണ്‍ സ്വര്‍ണമെങ്കിലും കാണാതായെന്ന് മരിക്കുംമുമ്പ് സുന്ദരരാജന്‍ പറഞ്ഞിരുന്നു.
പശ്ചിമ ബംഗാള്‍ കേഡറിലെ മുന്‍ ഐ.പി.എസ് ഓഫിസറായിരുന്ന സുന്ദരരാജന്‍ ഇന്‍റലിജന്‍സ് ബ്യൂറോയുടെ അസിസ്റ്റന്‍റ് ഡയറക്ടറും മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു. എന്നാല്‍, രാഷ്ട്രീയ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ച സുന്ദരരാജന്‍ ഐ.പി.എസ് രാജിവെച്ച് സുപ്രീംകോടതി അഭിഭാഷകനായി. 80 കളില്‍ അതും അവസാനിപ്പിച്ച് തിരുവനന്തപുരത്തെത്തിയത് പിതാവിനെ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിക്കാനായിരുന്നു. 1991ല്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ അന്തരിച്ച് സഹോദരന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ പിന്തുടര്‍ച്ചാവകാശവുമായി വരുന്നതുവരെ രാജകുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു സുന്ദരരാജന്.
ദിവസവും മൂന്നുനേരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ഥനക്ക് പോയ ഈ വിശ്വാസിയെ നടുക്കിയത് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ഒരു സന്ദേശമായിരുന്നു. ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളും നിധിശേഖരവും സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ പരിശോധന നടത്തണമെന്ന ആഗ്രഹവും അറിയിച്ചു. ക്ഷേത്രത്തിനു മേല്‍ രാജകുടുംബത്തിനുള്ള പരമാധികാരം ചോദ്യം ചെയ്യുന്ന റിട്ട് ഹരജിയിലാണ് സന്ദേശം കലാശിച്ചത്.
രാജകുടുംബത്തിന്‍െറ ക്ഷേത്രഭരണത്തിന് അറുതിവരുത്തി പത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2009ല്‍ സുന്ദരരാജന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. ഹരജി തീര്‍പ്പാക്കിയ ജസ്റ്റിസുമാരായ എ.കെ. പട്നായകും ആര്‍. രവീന്ദ്രനും അടങ്ങുന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് രാജകുടുംബത്തിന്‍െറ ഭരണം അവസാനിപ്പിച്ച് ക്ഷേത്രഭരണം ഒരു അതോറിറ്റിയുണ്ടാക്കി കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിധിച്ചു. ആ വിധി ചോദ്യം ചെയ്ത് രാജകുടുംബം സമര്‍പ്പിച്ച അപ്പീലിലാണ് രാജകുടുംബത്തിനുംഅവരെ കണ്ണടച്ച് പിന്തുണച്ച സര്‍ക്കാറിനും തിരിച്ചടിയായ സുപ്രീംകോടതി വിധി. അന്നത്തെ ഹെകോടതി ജഡ്ജി പട്നായകാണ് ജസ്റ്റിസ് ആര്‍.ലോധക്കൊപ്പം വ്യാഴാഴ്ച വിധി പറഞ്ഞത്.
സുപ്രീംകോടതിയിലെ നിയമ യുദ്ധത്തിനിടയില്‍ 2011ലായിരുന്നു സുന്ദരരാജന്‍െറ മരണം. അതോടെ, നിയമയുദ്ധം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു, സുന്ദരരാജന്‍ കേസിന്‍െറ ചുമതല ഏല്‍പിച്ച കുടുംബ സുഹൃത്ത് കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വിപിന്‍ . വി.എസ്. അച്യുതാനന്ദന്‍ രാജകുടുംബത്തിനെതിരെ പരസ്യനിലപാടെടുക്കും മുമ്പ് അനുകൂലിക്കാന്‍ ആരുമില്ലാതെ കേസ് നടത്തിപ്പില്‍ ഒറ്റപ്പെട്ടുപോയ നാളുകള്‍ മറക്കാനാവില്ളെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വിപിന്‍. കേസില്‍ നിന്ന് പിന്മാറാന്‍ നിരന്തരം പ്രലോഭനങ്ങളായിരുന്നു. ഭൂരിഭാഗം മാധ്യമങ്ങളും അന്ന് രാജകുടുംബത്തോടൊപ്പമായിരുന്നു. പത്മനാഭ ഭക്തിയില്‍ നയാപൈസ പ്രതിഫലം വാങ്ങാതെ സുന്ദരരാജന്‍െറ അനന്തരവന്‍ അനന്തപത്മനാഭന്‍െറ സഹായത്തിലാണ് കേസ് മുന്നോട്ടുകൊണ്ടുപോയത്. സുപ്രീംകോടതിയിലെ സഹപ്രവര്‍ത്തകനായ അഡ്വ. പി.വി. സുരേഷും കേസ് നടത്തിപ്പില്‍ സുന്ദരരാജനോടൊപ്പം കക്ഷികളായി ചേര്‍ന്ന ചന്ദ്രന്‍കുട്ടിയടക്കം ഭക്തരും ഉറച്ചുനിന്നുവെന്ന് വിപിന്‍ പറഞ്ഞു.
No comments:
Post a Comment