യാതൊന്നില്‍ നിന്നും യാതൊരു അദ്വിതീയമായ പരമാത്മാവില്‍നിന്നും പ്രതിഭാനം ചെയ്യുന്നുവോ, യാതൊന്നില്‍തന്നെ നിലനില്‍ക്കുകയും യാതൊന്നില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നുവോ അത്‍തന്നെ ആത്മാവ്‍, അതുതന്നെ പരമാത്മാവ്‍.
ഒരു കെട്ടിടം ഉണ്ട്‍. അത്‍ ഉണ്ടാക്കാനൊരു ആശാരി വേണം. ഒരു യന്ത്രമുണ്ട്‍. അത്‍ ഉണ്ടാക്കാന്‍ ഒരു യന്ത്രമുണ്ടാക്കുന്നവന്‍ വേണം. ഒരു തോക്കുണ്ടാകണമെങ്കില്‍ അതുണ്ടാക്കുന്ന ഒരുവന്‍ വേണം. അങ്ങിനെയെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടാക്കാന്‍ ഒരുത്തന്‍ വേണ്ടേ.. ഇതാണ് ഇന്നത്തെ തര്‍ക്കം. ഇത്‍ ആധുനിക പഠനരീതിയാണ്. പരമാത്മവിദ്യ ഇങ്ങിനെ പഠിക്കാന്‍ പറ്റുന്നതല്ല. ബോധസത്തയെ മറച്ചാല്‍ മാത്രമേ പ്രപഞ്ചസത്ത ഉളവാകൂ. ആവരണവിക്ഷേപങ്ങള്‍ എന്ന രണ്ട്‍ തലങ്ങളുണ്ട്‍ മായയ്ക്ക്‍. മായ ബോധസത്തയെ മറക്കുകയും അവിദ്യാകല്‍പിതമായ പ്രപഞ്ചത്തെ വിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്‍. വിക്ഷേപം നമ്മളിലാണ് നടക്കുന്നത്‍.
കര്‍മരഹിതനായി ഇരിക്കുവാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെ കര്‍മത്തിലേക്ക്‍ തള്ളിയിട്ട്‍ രസിക്കുന്ന അവന്റെ വാസനകളെ കാണാതെ അവനെ കര്‍മത്തിലേക്ക്‍ തള്ളിയിടുന്ന സാഹചര്യസംബന്ധികലായ അറിവുകളോട്‍ അവന്‍ നടത്തുന്ന നിത്യനിരന്തരമായ പോരാട്ടമാണ് മാനവ ജീവിതം.
മനുഷ്യന് ഒരു പൂര്‍വ്വജീവിതവും ഒരു ഉത്തര ജീവിതവുമുണ്ട്. പൂര്‍വ്വജീവിതത്തില്‍നിന്ന്‍ അവന്‍ ആര്ജിച്ചതിനെ വാസനയെന്നും സംസ്കാരമെന്നും പറയും. ആ വാസനയും സംസ്കാരവും കൊണ്ട്‍ അങ്കിതമായ മനുഷ്യന്‍ ഒരു നിമിഷം കര്‍മ്മത്തെ ആശ്ലേഷിക്കുവാനും ഒരു നിമിഷം കര്‍മ്മത്തെ വലിച്ചെറിയുവാനും ആഗ്രഹിക്കുന്നു. കര്‍മ്മം ഉണ്ടാക്കുന്ന കലാപങ്ങള്‍ ഓര്‍ക്കുമ്പോള്‍ കര്‍മ്മം വേണ്ടാ എന്ന്‍ അവന്റെ മനസ്സ്‍തന്നെ പറയും. ഇതൊരു വളര്‍ച്ചയാണ്. കര്‍മ്മരഹിതനായി ഇരിക്കാന്‍ അവന്റെ വാസനകള്‍ അനുവദിക്കില്ല.
-------
മനുഷ്യന്‍ കര്‍മരഹിതനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്‍. സ്വബോധത്തിന്റെ, അഥവാ ആത്മാവിന്റെ, ഭാവംതന്നെ അതാണ്. അവനെ കര്‍മ്മത്തിലേക്ക്‍ തള്ളിയിടുന്നത്‍ അവന്റെ വാസനകളാണ്. പൂര്‍വ്വജന്മാര്‍ജ്ജിതമോ ഈ ജന്മാര്‍ജ്ജിതമോ ആയ വാസനകളാണ് അവനെ കര്‍മ്മത്തിലേക്ക്‍ കൊണ്ടുപോയി ചാടിക്കുന്നത്‍. എന്നാല്‍ ആ വാസനകളെ, ആ സംസ്കാരത്തെ അറിയാതെ, അറിയാന്‍ ശ്രമിയ്ക്കാതെ, സാഹചര്യസംബന്ധികളായ അറിവുകളാണ് കര്‍മ്മത്തിന് പ്രേരകകാരണമെന്ന്‍ തെറ്റിദ്ധരിക്കുകയും അതിനനുഗുണമായി കര്‍മ്മനിരതനാവുകയും ചെയ്യുന്നു. ആ സാഹചര്യസംബന്ധികളായ ചുറ്റുപാടുകളോട്‍ നിത്യനിരന്തരമായി പോരാടിക്കൊണ്ടാണ് കര്‍മ്മി ജീവിതം തീര്‍ക്കുന്നത്‍. കര്‍മ്മ രഹിതനായി ഇരിക്കുക എന്നത്‍ സ്വ-ഭാവമാണെന്നിരിക്കിലും ഇന്ദ്രിയ ജനിതങ്ങളായ അനുഭവങ്ങളില്‍നിന്ന്‍ ഉല്പന്നമാകുന്ന വാസനകള്‍ ഉദ്‌ബുദ്ധമാകുമ്പോള്‍ കര്‍മ്മത്തില്‍ ചെന്ന്‍ പതിക്കുന്നു.
--------------------------
ജനിച്ചപ്പോള്‍തന്നെ എന്നോട്‍ പറഞ്ഞു ഞാന്‍ മകനാണെന്ന്‍, ഞാന്‍ മകളാണെന്ന്‍. അമ്മ പറഞ്ഞു, അച്‍ഛന്‍ പറഞ്ഞു, മകനാണെന്ന്‍. അപ്പോള്‍ മകനോ മകളോ ഒന്നും അല്ലായിരുന്നു, കേവലം ആത്മസ്വരൂപമായിരുന്നു ഞാന്‍. ആ ആത്മസ്വരൂപമായിരുന്ന ഞാന്‍, ഒരു മകനായി, ഒരു മകളായി. അതോടെ മകന്റെ, കുറെ അധികാരങ്ങളും മകന്റെ കുറെ അവകാശങ്ങളും മകന്റെ കുറെ കര്‍ത്തവ്യങ്ങളും എന്നിലേക്ക്‍ ആവാഹനം ചെയ്യപ്പെട്ടു. ആ കടമകളും അവകാശങ്ങളും നിര്‍വഹിക്കാന്‍ പോകുമ്പോള്‍ അതേ അവസ്ഥ നിലനിര്‍ത്തുന്നതിന്, വിപരീതമായി വരുന്നതിനോടൊക്കെ ഞാന്‍ എങ്ങിനെ സമീപിക്കണം, കേവലതയില്‍ നിന്നു വേണമോ, അതോ ആപേക്ഷികമായ മകന്‍ എന്ന നിലക്ക്‍ വേണ്ടിവരുമോ എന്ന ചോദ്യം എന്നിലുണ്ടായി. ആപേക്ഷികമെന്ന പുത്രനെന്ന നിലക്ക്‍ അച്ഛനുവേണ്ടി, അമ്മക്കുവേണ്ടി, മകന്‍ എന്ന കടമകൊണ്ട്‍ ചെയ്തു കൂട്ടിയാല്‍ അതൊന്നും തെറ്റല്ല എന്ന്‍ സാമാജികമായി എന്നെ പഠിപ്പിച്ചു. പിന്നീട്‍ ഒരു വേളയില്‍ മകനെന്ന ആപേക്ഷിക തലത്തില്‍ ഞാന്‍ ഒരു കര്‍മ്മം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്തോ ഒരു സംശയം എന്നിലുദിക്കുന്നു, ഇത്‍ ശരിയാണോ എന്ന്‍. അത്‍ ശരിയാണെന്ന്‍ സാമാജികമായി പറയാന്‍ തുടങ്ങുമ്പോള്‍, എന്റെ കേവലതയെ ഞാന്‍ നിഷേധിക്കുകയല്ലേ ചെയ്യുന്നത്‍ എന്ന ബോധം അങ്കുരിക്കുന്നു. എന്റെ കേവലതയെ നിഷേധിച്ചുകൊണ്ടായതിനാല്‍, അത്‍ പുരുഷാപരാധമായി ചെയ്യുന്നതായിത്തീര്‍ന്നു, അത് അധര്‍മ്മമായിതീരുന്നു. ഞാന്‍ അധര്‍മ്മം ചെയ്യുന്നവനായിത്തീര്‍ന്നു. പുരുഷാപരാധമാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ജനിച്ചപ്പോള്‍ ഞാനായിരുന്ന ആത്മസ്വരൂപത്തില്‍ യാതൊരുവിധ കര്‍മ്മങ്ങളും ഇല്ലായിരുന്നു. അവിടെ ഏകത മാത്രമാണുണ്ടായിരുന്നത്‍. ആ കേലവാത്മസ്വരൂപത്തില്‍നിന്ന്‍ അനാത്മസ്വരൂപത്തിലേക്കുള്ള യാത്രയും അതില്‍ നിന്നുകൊണ്ടുള്ള കര്‍മ്മങ്ങളുമാണ് എന്നെ ദു:ഖപൂര്‍ണ്ണമാക്കിയത്‍ എന്ന്‍ തിരിച്ചറിയുന്ന ഒരു നിമിഷത്തില്‍ ഞാന്‍ ആത്മസ്വരൂപത്തിലേക്ക്‍ നോക്കാന്‍ തുടങ്ങുന്നു, അതിനായുള്ള ആന്തരിക പ്രയാണത്തിന് ആരംഭം കുറിക്കുന്നു. അതോടെ സഞ്ചിതങ്ങളും ആഗന്തുകങ്ങളുമായ കര്‍മ്മഫലങ്ങള്‍ കത്തിച്ചാമ്പലാവാന്‍ തുടങ്ങുന്നു, ജീവാത്മാവ്‍ അനന്താവബോധത്തില്‍ രമിക്കുന്നു.
ധര്‍മത്തിന് നാല് ലക്ഷണങ്ങള്‍ പ്രാചീന ആചാര്യന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്‍. ഒന്ന്‍ വേദം (ശ്രുതി), രണ്ട്‍ സദ്‍ ആചാരം, മൂന്ന്‍ ആത്മപ്രിയം നാല് സ്മ്ര്‌തി. വേദവിഹിതമായി ജീവിച്ചാല്‍ മാത്രമേ ധര്‍മം പാലിക്കാന്‍ പറ്റു എന്ന്‍ സ്മ്ര്‌തികള്‍ പറയുന്നു. അതിന് ബാല്യത്തില്‍തന്നെ പഠിക്കാന്‍ തുടങ്ങണം.
ദാനാദി ധര്‍മ്മാദികളാല്‍ സഞ്ചിതം പോയികിട്ടും എന്നാണ് ഭാരതീയ വിശ്വാസം. ഇതിന് വിപരീതമായിട്ടാണ് ആധുനിക സാമ്പത്തിക ശാസ്ത്രങ്ങളെല്ലാം.
No comments:
Post a Comment