വാല്മീകി ആരെന്നോ സംസ്‌കൃതഭാഷ എന്തെന്നോ അറിയാത്ത ഇളംപ്രായത്തില്‍ വാല്മീകി രാമായണം വായിച്ചുകേള്‍ക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. അച്ഛന്‍ സന്ധ്യയ്ക്ക് പതിവായി രാമാണയം (മൂലം) വായിച്ചിരുന്നു. വായിക്കുമ്പോഴൊക്കെ ഞങ്ങളെ വിളിച്ചിരുത്തി കഥ പറഞ്ഞുകേള്‍പ്പിച്ചും പോന്നു. അങ്ങനെ അധ്യാത്മരാമായണത്തെക്കാള്‍ ഏറെ നേരത്തെ, ഏറെ ദൃഢമായി, വാല്മീകി പറഞ്ഞ രാമകഥ എന്റെ ഉള്ളില്‍ക്കയറി ഇരിപ്പുപിടിച്ചു. അത് സവിശേഷമായൊരു വൈകാരികബന്ധമായി പരിണമിച്ചു. ഇന്നും വായിച്ചുപോകുമ്പോള്‍ ഇടയ്ക്കിടെ വിമ്മുകയും വീര്‍പ്പുമുട്ടുകയും ചെയ്യുന്നു. ഞാനത്രയ്ക്കു വികാരശീലനല്ലെന്നാണ് എന്റെ വിശ്വാസം. പക്ഷേ, റൈറ്റ് ഓണറബിള്‍ ശ്രീനിവാസ ശാസ്ത്രിയെപ്പോലൊരു പരിണതപ്രജ്ഞനും ഇതേ അനുഭവമാണ് ഉണ്ടായതെന്നു മനസ്സിലാക്കിയപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. ശാസ്ത്രിയുടെ രാമായണ പ്രസംഗങ്ങള്‍ (ലെക്‌ചേഴ്‌സ് ഓണ്‍ ദ രാമായണ) പ്രസിദ്ധമാണല്ലോ. യുക്തിയുടെ ചാണമേല്‍വെച്ച് നല്ലവണ്ണം ഉരച്ചിട്ടാണ് ശാസ്ത്രികള്‍ രാമായണം അപഗ്രഥിക്കുന്നത്. അദ്ദേഹം പറയുന്നതു കേള്‍ക്കുക. 'എനിക്കു ശ്രീരാമന്‍ ഈശ്വരനല്ല. എങ്കിലും ആ മായികപ്രഭാപൂരം പൂര്‍ണപ്രഭാവത്തോടെ എന്റെ മുന്നില്‍ വര്‍ത്തിക്കുന്നു. എനിക്ക് ആ കഥയുടെ അന്തസ്സാരത്തിലേക്ക് ആത്മാവോളം മുഴുകാന്‍ കഴിയും. ഞാന്‍ ആ ഗ്രന്ഥം വായിക്കുമ്പോള്‍ എന്റെ മനസ്സ് മറ്റൊന്നിലും വ്യാപരിക്കുന്നില്ല. അത്ഭുതമെന്നു പറയട്ടെ, എന്നെപ്പോലെ കഠിനഹൃദയനായ ഒരാളെ ആ പുസ്തകം വല്ലാതെ ഇളക്കിമറിക്കുന്നു. കണ്ണീരോടുകൂടിയല്ലാതെ ഒരു പുറംപോലും എനിക്കു വായിച്ചെത്തിക്കാന്‍ സാധിക്കുന്നില്ല. ഏതൊരു മൃദുലഭാവവും, ഏതൊരു രസകോടിയും -അത് സോദരനും സോദരനും തമ്മിലുള്ള സ്‌നേഹബന്ധമാകട്ടെ, വേര്‍പെട്ടുപോയവരുടെ പുനസ്സമാഗമമാകട്ടെ-മനുഷ്യസ്വഭാവത്തിന്റെ മൂല്യവത്തായ ഭാവങ്ങളിലൊന്നാണോ-എങ്കില്‍ എന്റെ കണ്ണുകള്‍ ബാഷ്പാവിലങ്ങളാകുന്നു. എനിക്കു വായിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. കണ്ണുതുടച്ചു തെല്ലുനേരം വിശ്രമിച്ചിട്ടു മാത്രമേ വായന തുടരാനാവുന്നുള്ളൂ.'
ഈ അനുഭവമുണ്ടാകാത്ത ഏതെങ്കിലും രാമായണാസ്വാദകനുണ്ടാകുമോ എന്നു സംശയം. വാല്മീകിയുടെ ആദികാവ്യം ഭാഗവതമോ ഭാരതമോ പോലെയല്ല. അതു ശരിക്കും മനുഷ്യകഥയാണ്. അത്ഭുതങ്ങള്‍ അവിടവിടെയുണ്ടെങ്കിലും അതൊക്കെ പാടേ വിസ്മരിച്ചുകൊണ്ടുതന്നെ നമുക്കു കഥാപാത്രങ്ങളെ പിന്‍തുടരാം.
ശാസ്ത്രികള്‍ പറയുന്നതുപോലെ രാമന്‍ ഈശ്വരനാണെന്നോ അവതാരമാണെന്നോ ഉള്ള വിചാരത്തോടുകൂടിയല്ല ഞാനും രാമായണം വായിക്കാറ്. വ്യക്തിബോധം നശിക്കുമാറുള്ള ഭക്തിപാരവശ്യമൊന്നുമെനിക്കില്ല. രാമനെപ്പോലെയോ ലക്ഷ്മണനെപ്പോലെയോ ധര്‍മവിക്രമനായിക്കളയാമെന്ന വ്യാമോഹവുമില്ല. ആ കഥാപ്രവാഹത്തിലെങ്ങനെയോ ഒഴുകിപ്പോകുയാണ്. ഓരോ സന്ദര്‍ഭവും നമ്മെ പിടിച്ചുലയ്ക്കുന്നു. ദശരഥന്റെ രാജ്യം രാമനു ലഭിച്ചാലും ഭരതനു ലഭിച്ചാലും നമുക്കൊരു നഷ്ടവുമില്ല. പക്ഷേ, ആ വൃദ്ധന്റെ ധര്‍മസങ്കടം നമ്മെ കരയിക്കുന്നു. കൈകേയിയുടെ ക്രോധാഗാരപ്രവേശം നമ്മുടെ ആത്മാവിനെ വേദനിപ്പിക്കുന്നു. കാനനനടുവില്‍ സീത ലക്ഷ്മണനോടു കടുവാക്കുകള്‍ പറഞ്ഞപ്പോള്‍ സീതയോട് കടുത്ത അമര്‍ഷം തോന്നി. കുട്ടിക്കാലത്തെ പ്രതികരണങ്ങള്‍ തന്നെയാണിന്നും. 'ഇത് എന്റെ കഥയാണ്. ഇവര്‍ എനിക്കുറ്റവരാണ്' എന്നൊക്കെ ഓരോരുവനും തോന്നും. വാല്മീകിയുടെ ആഖ്യാനസമ്പ്രദായം അനന്യസാധാരണമാണ്. ഏറ്റവും ആധുനികനായ നോവലിസ്റ്റിന്റെ ശില്പചാതുരിപോലും ഇതിലപ്പുറമൊന്നും കടക്കുന്നില്ലെന്നു തോന്നിപ്പോകുന്നു. മനശ്ശാസ്ത്രബോധമെന്നു പറയുന്നത് മനുഷ്യമനസ്സിനെപ്പറ്റിയുള്ള സൂക്ഷ്മജ്ഞാനമാണെങ്കില്‍ വാല്മീകിക്ക് അതുണ്ടായിരുന്നു - അസാധാരണമായ തോതിലുണ്ടായിരുന്നു. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ. രാവണരാജധാനി വിട്ടിറങ്ങിയ വിഭീഷണന്‍ നാലു സഹായികളോടൊത്ത് ശ്രീരാമസൈന്യം പാളയമടിച്ചിരുന്ന ദിക്കില്‍ ആകാശമധ്യസ്ഥനായി പ്രത്യക്ഷപ്പെട്ടു. വാനരന്മാരെല്ലാം ശത്രുദര്‍ശന ഭീതികൊണ്ട് ബഹളംകൂട്ടി. വിഭീഷണനാകട്ടെ, യാതൊന്നും മറച്ചുവെയ്്ക്കാതെ, 'ഞാന്‍ ദുര്‍വൃത്തനായ രാവണന്റെ സഹോദരനാണ്' (രാവണോ നാമ ദുര്‍വൃത്തോ രാക്ഷസോ രാക്ഷസേശ്വരഃ - യുദ്ധം 17.10) എന്നാണ് ആമുഖവാക്യമായി പറയുന്നത്. എത്ര ബുദ്ധിപൂര്‍വമായ ഒരു ഉപക്രമം! രാവണനെപ്പറ്റി തനിക്കുള്ള മതിപ്പെന്താണെന്ന് ഒറ്റ വിശേഷണംകൊണ്ട് സ്പഷ്ടമാക്കി. താന്‍ അവന്റെ സഹോദരനാണ്. എന്നാലും അവന്റെ സ്വഭാവക്കാരനല്ല. ഇക്കാര്യം പിന്നീട് ഇന്ദ്രജിത്തിനോട് യുദ്ധക്കളത്തില്‍വെച്ച് വിഭീഷണന്‍ സാഭിമാനം പറയുന്നുണ്ട്.
സുഖമവാപ്‌നോതി
ഹസ്താദാശീവിഷംയഥാ
രാക്ഷസേന്ദ്രസുതാളസാധോ
പാരുഷ്യം ത്യജഗൗരവാത് (യുദ്ധ. 87.18)
കുലേയദപ്യഹം ജാതോ
രക്ഷസാം ക്രൂരകര്‍മ്മണാം
ഗുണോളയം പ്രഥമോ നൃണാം
തന്മേ ശീലമരാക്ഷസം (യുദ്ധ. 87.19)
ക്രൂരകര്‍മ്മാക്കളായ രാക്ഷസന്മാരുടെ കുലത്തിലാണ് താന്‍ ജനിച്ചതെങ്കിലും തന്റെ ശീലം 'അരാക്ഷസ'മാണ്. വിഭീഷണനെ തങ്ങളുടെ പക്ഷത്തേക്ക് സ്വീകരിക്കണമോ വേണ്ടയോ എന്ന തര്‍ക്കം കൊണ്ടുപിടിച്ചു നടക്കുമ്പോള്‍ താനാണ് ലങ്കയില്‍വെച്ച് ഹനുമാന്റെ ജീവന്‍ രക്ഷിച്ചതെന്നൊന്നും വിഭീഷണന്‍ ഓര്‍മിപ്പിക്കുന്നില്ല. ഉപകാരസ്മരണയെ പുരസ്‌കരിച്ച് തന്നെ സ്വീകരിക്കേണ്ട. യോഗ്യതയുണ്ടെന്നു കണ്ടാല്‍ അംഗീകരിക്കുക എന്നാണ് വിഭീഷണന്റെ ഭാവം. എന്തൊരാണത്തം! എന്തൊരു സത്യവ്രതത്വം! ഇവിടെ ആദികവിയുടെ ഒരു പൊടിക്കൈകൂടി നോക്കുക. സുഗ്രീവന്‍ പറയുകയാണ് 'ഇവന്‍ സ്വന്തം ജ്യേഷ്ഠനെ വെടിഞ്ഞവനാണ്; വിശ്വസിച്ചുകൂടാ' എന്ന്. സുഗ്രീവനാണെങ്കില്‍ തന്റെ ജ്യേഷ്ഠനെ വെടിയുക മാത്രമല്ല, കൊല്ലിക്കുകകൂടി ചെയ്തിട്ടാണ് ഇതുപറയുന്നത്. ഇതാണ്, മനുഷ്യ (വാനര?) പ്രകൃതത്തിന്റെ ദുരൂഹമായ ദുര്‍ബലത. തന്റെ തെറ്റുകളൊന്നും ഓര്‍മ്മിക്കയില്ല. അന്യന്റെ തെറ്റുകള്‍ കാണുക മാത്രമല്ല പെരുപ്പിച്ചു കാണിക്കുകയും ചെയ്യും. രാമനും ലക്ഷ്മണനും ഇതുകേട്ടപ്പോള്‍ പുഞ്ചിരി തൂകിയതേ ഉള്ളൂ. സുഗ്രീവനെ നോവിക്കരുതല്ലോ. ഇതല്ലേ മനഃശാസ്ത്രബോധം? ഇതല്ലേ സ്വഭാവത്തിന്റെ സൂക്ഷ്മമായ അപഗ്രഥനം?
രാമായണത്തിന്റെ കാന്തവലയത്തില്‍ ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ പിന്നെ അതില്‍നിന്നു കുതറിമാറാന്‍ എളുതല്ല. മഹര്‍ഷി അരവിന്ദനും ഗാന്ധിജിയും രാജാജിയും ശ്രീനിവാസശാസ്ത്രിയും ഒക്കെ ആദികാവ്യത്തിന്റെ ആരാധകന്മാരായിരുന്നു. മഹര്‍ഷി അരവിന്ദന്‍ തന്റെ ആരാധനയുടെ കാരണം വിശദീകരിച്ചുകൊണ്ടു പറയുന്നതു ശ്രദ്ധിക്കുക: 'വാല്മീകി ജീവിതത്തിന്റെ അതിബൃഹത്തായ ശക്തിവിശേഷങ്ങളെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു. വിപുലമായ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ നാടും നഗരവും ഗിരികാനന നിര്‍ഝരങ്ങളും നിര്‍ജ്ജനഭൂമികളും നദീതടങ്ങളും എല്ലാം അപൂര്‍വമഹിമയോടെ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. വിശ്വരംഗംതന്നെ യവനിക നീക്കി പ്രത്യക്ഷപ്പെടുന്ന പ്രതീതിയാണുണ്ടാവുന്നത്. ഭാരതഹൃദയത്തിന്റെ ധാര്‍മികവും സൗന്ദര്യാത്മകവുമായ സകലസ്രോതസ്സുകളും ഒന്നായി അലിഞ്ഞുചേര്‍ന്ന് ഏകവേണിയായി ഒഴുകുന്നു. മനുഷ്യന്റെ ദൈവികവും ആസുരവുമായ സമസ്തശക്തികളും പ്രഭാവങ്ങളും ഏതാനും മഹാവിഗ്രഹന്മാരിലൂടെ അഭിവ്യക്തമാകുന്നു. അത്യുല്‍കൃഷ്ടവും അതിപേലവവുമായ മനുഷസ്വഭാവങ്ങളെല്ലാം അവയുടെ സൂക്ഷ്മതരഭാവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.'
മുനിയായ അരവിന്ദന്‍ വാചാലനാക്കുന്നതു നോക്കൂ. അതാണ് രാമായണ പ്രഭാവം! രാമന്‍, സീത, ലക്ഷ്മണന്‍, ഭരതന്‍, ഹനുമാന്‍ ഈ അഞ്ചു കഥാപാത്രങ്ങളെ മാത്രമേ നാം കണക്കിലെടുക്കുന്നുള്ളൂ എന്നു സങ്കല്പിക്കുക. ഭാരതത്തിന്റെ ചരിത്രവും ചാരിത്രവും, സത്യവും സദാചാരവും എല്ലാം അവരിലൂടെയാണ് സഹസ്രാബ്ദങ്ങളായി അന്യോന്യസംശ്ലിഷ്ടമായി നിലനിന്നുപോന്നതെന്നു കാണാം. ഇന്നും ആ കഥാപാത്രങ്ങള്‍ ഭാരതീയ ഹൃദയങ്ങളില്‍ ജീവിക്കുന്നു. ഭ്രാതൃസ്‌നേഹപാരമ്യത്തിലും തെറ്റു തെറ്റെന്നു വിളിച്ചുപറയുന്ന ലക്ഷ്മണനായിരിക്കാം ചിലരുടെ മനസ്സിലെ പ്രതിഷ്ഠാമൂര്‍ത്തി. അനര്‍ഹമായി ലഭിച്ച സമ്രാട്പദവിയെ ജ്യേഷ്ഠന്റെ തൃക്കാല്‍ക്കല്‍വച്ചു വണങ്ങിയ ഭരതനായിരിക്കാം മറ്റു ചിലരുടെ ഇഷ്ടദേവത. ദാസഭക്തിയുടെ നിരതിശയമൂര്‍ത്തിയായ ഹനുമാനായിരിക്കും ഇനിയും ചിലര്‍ക്കാരാധ്യന്‍. ഒരു വിദൂരനക്ഷത്രം പോലെയെങ്കിലും സീത എല്ലാ ഭാരതസ്ത്രീയുടെയും മനോവിഹായസ്സിലുണ്ട്. വാല്മീകി രാമനെ മനുഷ്യാതീതനാക്കിയില്ല. ശ്രീകൃഷ്ണന്‍ താന്‍ അവതാരമാണെന്നു സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടു ജീവിച്ചപ്പോള്‍ രാമന്‍ തന്റെ അവതാരകഥയൊന്നും ഓര്‍മ്മിക്കാതെ ജീവിച്ചു. ദേവന്മാര്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ മാത്രം ഓര്‍മ്മിക്കും. അല്ലെങ്കില്‍ പച്ചമനുഷ്യന്‍. ശുദ്ധസത്വസ്വരൂപനായ ഒരു കേവലപുരുഷനെയാണ് വാല്മീകി വര്‍ണിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, നമ്മുടെ ഹൃദയത്തില്‍ ആ രാമന്‍ ഇത്ര ശക്തിയായി പ്രതിഷ്ഠിക്കപ്പെടുമായിരുന്നോ എന്നു സംശയമാണ്. വാല്മീകി വിട്ടുകളഞ്ഞ രാമനെയാണ് തുളസിയും കമ്പനും എഴുത്തച്ഛനും ചിത്രീകരിച്ചത്. വാല്മീകി ഒരിക്കലും നമ്മെ നിശ്ചിന്തമായ ഭക്തിയിലേക്ക് ഉന്തിത്തള്ളിവിടുന്നില്ല (ഇതുകണ്ട് അസഹിഷ്ണുക്കളായിത്തീര്‍ന്ന കവികളാണ് രാമായണത്തില്‍ പലതും തിരുകിക്കയറ്റി വഷളാക്കിയതെന്നു തോന്നുന്നു).
നിത്യവശ്യമായ കാവ്യമെന്ന നിലയ്ക്കാണല്ലോ രാമായണം ചിരന്തനേതിഹാസമായി കൊണ്ടാടപ്പെടുന്നത്. മഹാഭാരതത്തിനില്ലാത്ത ഏകാഗ്രതയും ശില്പഭദ്രതയും സാംഗോപാംഗ സൗന്ദര്യവും രാമായണത്തിനുണ്ട്. 'ആശ്ചര്യമിദമാഖ്യാനം' എന്നു ബാലകാണ്ഡത്തില്‍ പറഞ്ഞതിനപ്പുറമൊന്നും പറയാനില്ല. എല്ലാം മുന്‍കൂട്ടി കണ്ടറിഞ്ഞ ഒരു ക്രാന്തദര്‍ശിക്കു മാത്രമേ ഇത്ര സമന്തഭദ്രമായ ഒരു ഇതിഹാസകാവ്യം നിര്‍മ്മിക്കാന്‍ കഴിയൂ. ആമൂലാഗ്രം പ്രസാദമധുരം, അയത്‌നസുന്ദരം! സാലങ്കാരമായും നിരലങ്കാരമായും വര്‍ണ്ണിക്കാന്‍ ആദികവിക്കറിയാം. ചിലപ്പോള്‍ രണ്ടുമൂന്നു വരകള്‍കൊണ്ടു ഒരു പൂര്‍ണ്ണചിത്രം; ചിലപ്പോള്‍ അലങ്കാരങ്ങളുടെ ഒരു ഗംഭീര ഘോഷയാത്ര. ചില കല്പനകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരും. 'രാഹുമുക്തനായ ചന്ദ്രനെപ്പോലെ', 'ക്ഷീണപുണ്യയായ നക്ഷത്രം ഭൂവില്‍ പതിച്ചപോലെ'-ഇതൊക്കെ ധാരാളം ആവര്‍ത്തിക്കുന്നുണ്ട്. കാളിദാസന്‍ എത്രയെത്ര കല്പനകള്‍ക്കാണ് ആദികവിയോടു കടപ്പെട്ടിട്ടുള്ളത്! 'ദക്ഷസ്യേവ ക്രതും ഹന്തുമുദ്യതസ്യപിനാകിനഃ' (ആരണ്യം 24.35) ഇതുതന്നെയല്ലേ, ശാകുന്തളത്തിലെ 'മൃഗാനുസാരിണം സാക്ഷാല്‍ പശ്യാമീവ പിനാകിനം' (അങ്കം 1, ശ്ലോകം 4) എന്ന പ്രസിദ്ധ പദ്യം? കാളിദാസന്റെ ഉപമകള്‍ പരിശോധിക്കുന്ന വിദ്വാന്മാര്‍ക്ക് വാല്മീകിയെ നമസ്‌കരിക്കാതെ മുന്നോട്ടു പോവാന്‍ സാധ്യമല്ല. ആദികവിയുടെ അലങ്കാരപ്രയോഗങ്ങളില്‍ നൂറ്റുക്കു തൊണ്ണൂറും അകൃത്രിമസുന്ദരമാണ്. അനസൂയാ പ്രിയംവദമാര്‍ കാളിദാസ സൃഷ്ടിയെന്നാണല്ലോ സാമാന്യമായ ധാരണ. എന്നാല്‍ ആ നാമധേയങ്ങള്‍ വാല്മീകി ഉപയോഗിച്ചതാണ്. പക്ഷേ, ശ്രീരാമന്റെ വിശേഷണങ്ങളായി പുല്ലിംഗരൂപത്തില്‍ 'കിംവക്ഷ്യാമോ മഹാബാഹുരനസൂയ പ്രിയംവദഃ /നിതസരാഘവോളസ്മാഭിരിതി വക്തും കഥയം ക്ഷമം', 'അഹോരാഗവതീ സന്ധ്യാജഹാതി സ്വയമംബരം' എന്നിങ്ങനെയുള്ള വക്രോക്തികള്‍ കാണുമ്പോള്‍ അവ മഹര്‍ഷിയുടെ തന്നെയാണോ എന്നു സംശയിച്ചുപോകാറുണ്ട്. 'ആദികവിയുടെ മനസ്സ് ഇത്ര സൂക്ഷ്മമായി നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞോ' എന്നു പണ്ഡിതന്മാര്‍ക്കു ചോദിക്കാം. അവരോടു പറയാനുള്ളത് ഇത്രമാത്രം. രണ്ടുമൂന്നു ദശാപരിണാമങ്ങള്‍ കഴിഞ്ഞിട്ടാണ് മൂലരാമായണം ഇന്നത്തെ രൂപം പ്രാപിച്ചതെന്ന കാര്യത്തില്‍ സംശയമേ വേണ്ട. പ്രസക്തി പരിഗണിക്കാതെയുള്ള പുനരുക്തികള്‍കൊണ്ടു മാത്രം ഇതു തെളിയിക്കാവുന്നതാണ്. ശൈലീഭേദങ്ങള്‍ മാത്രമല്ല, പരസ്പരവൈരുധ്യങ്ങള്‍ പോലുമുണ്ട്. വൈദികമതത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി മനപ്പൂര്‍വം കുത്തിച്ചെലുത്തിയ ഭാഗങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിന്റെ ആചാരപ്പഴന്തുണിക്കെട്ടുകളെല്ലാം ക്ഷത്രിയരാജാക്കന്മാരെക്കൊണ്ടു ചുമലിലെടുപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധി അവിടവിടെ തെളിഞ്ഞു കാണാം. ആ വിഴുപ്പുചുമക്കാന്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും മഹാരാജാക്കന്മാര്‍ക്കുപോലും ബഹുസന്തോഷമായിരുന്നു എന്നു ചരിത്രം വിളിച്ചുപറയുന്നു. ഒരറ്റത്തു ശബരിയുടെ സൗഭ്രാത്രസുന്ദരമായ കഥയും മറ്റേ അറ്റത്ത് ശംബുകന്റെ നാണംകെട്ട കഥയും കാണുമ്പോള്‍ രണ്ടാമത്തേത് വ്യാജച്ചരക്കാണെന്നു കാണാന്‍ വലിയ ഗവേഷണദൃഷ്ടിയൊന്നും വേണ്ട.
ഈ കാരണങ്ങളാലാണ് ഉത്തരരാമായണകഥ ഞാന്‍ ഈ സംഗ്രഹത്തിലുള്‍പ്പെടുത്താത്തത്. ഉത്തരകാണ്ഡം ഒരു പില്‍ക്കാല രചനാസാഹസമാണ്. യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ ഫലശ്രുതി വരെ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും അവസാനിച്ചില്ലത്രേ! യുദ്ധകാണ്ഡത്തില്‍ വാല്മീകി വികാരജനകമായി വര്‍ണ്ണിച്ച സീതയുടെ അഗ്നിപ്രവേശ കഥയെ ഒന്നുകൂടി വിസ്തരിച്ചു വഷളാക്കണമെന്നു തോന്നിയ ഏതോ സാഹസബുദ്ധി രചിച്ചതാണ് ഉത്തരകാണ്ഡം. സ്ത്രീയുടെ തോരാക്കണ്ണീര് കണ്ട് മതിവരാത്ത ഏതോ രോഗാതുരമായ മനസ്സിന്റെ സൃഷ്ടിയാണത്. ആ അജ്ഞാതകവി, ശ്രീരാമന്‍ എന്ന കഥാപാത്രത്തിന്റെ ശ്രീമൂലവിഗ്രഹത്തെയാണ് അതോടെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞത്. അനശ്വരനായ കാളിദാസനും വാസനാശാലിയായ ഭവഭൂതിയും ആ ഉടഞ്ഞ സ്ഫടികശകലങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ നടത്തിയ കവികര്‍മ്മമാണ് രഘുവംശത്തിലും ഉത്തരരാമചരിതത്തിലും നാം കാണുന്നത്. അവര്‍ ഉത്തരകാണ്ഡത്തിന്റെ ആത്മാവു മാത്രമേ എടുത്തുള്ളൂ. എങ്കിലും രാമന്റെ പശ്ചാത്താപമൊക്കെ ചെളിയില്‍ ചവിട്ടിയശേഷമുള്ള കാലുകഴുകല്‍ മാത്രമായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. ഉത്തരകാണ്ഡത്തിലെ ആദ്യത്തെ 33 സര്‍ഗങ്ങള്‍ രാവണന്റെയും ഹനുമാന്റെയും പൂര്‍വകഥകള്‍ പറയാന്‍ വിനിയോഗിച്ചിരിക്കുകാണ്. ആ പൂര്‍വകഥകളെല്ലാം അറുമുഷിപ്പനാണു താനും. രാമായണത്തില്‍ അപ്രധാനനായി വിട്ടുകളഞ്ഞ ശത്രുഘ്‌നനെപ്പറ്റി കുറേക്കൂടി പറയണമെന്നു തോന്നി നമ്മുടെ ഉത്തര രാമായണക്കാരന്. അതിനും ചെലവഴിച്ചു കുറെ സര്‍ഗ്ഗങ്ങള്‍! സീത പൂര്‍വജന്മത്തില്‍ വേദവതിയായിരുന്നു എന്നൊരു കഥ ഈ കവി കെട്ടിച്ചമച്ചു. കൃതയുഗത്തില്‍ വേദവതിയായിരുന്നവള്‍ ത്രേതായുഗത്തില്‍ ജനകാത്മജയായ സീതയായി പിറന്നുവത്രേ. രാവണനാകട്ടെ, ഈ രണ്ടു യുഗങ്ങളിലും നെടുംകാല്‍ നാട്ടി അങ്ങനെ നില്‍ക്കുകയും. ഉത്തരകാണ്ഡക്കാരന്‍ രാവണന്റെ ആരാധകനാണെന്നുപോലും തോന്നിപ്പോകും ചിലപ്പോള്‍. ബ്രഹ്മാവ് അയാളെ ശിവാഷ്ടോത്തരശതം പഠിപ്പിക്കുന്നു. ജപമാലയെടുത്തു തന്നെ ജപിക്കണമെന്ന് പ്രത്യേകം ചട്ടംകെട്ടുകയും ചെയ്യുന്നു! രാവണനെ നന്നാക്കിയെടുക്കാന്‍ എന്തൊരു തീവ്രയത്‌നപരിപാടി! ചുരുക്കിപ്പറഞ്ഞാല്‍ ഇത്ര അസംബന്ധജടിലമായ ഒരു പഴംകഥക്കെട്ട് ഋഷിയായ വാല്മീകിയുടെ പേരില്‍ വെച്ചുകെട്ടാന്‍ ശ്രമിച്ച ഉത്തരരാമായണക്കാരന്‍ നമ്മുടെ ഇതിഹാസസാഹിത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവെച്ചത്.
ഈ രാമായണസംഗ്രഹമെഴുതുമ്പോള്‍ ഭക്തന്മാരെയല്ല ഞാന്‍ മുഖ്യമായി മനസ്സില്‍ക്കണ്ടത്; സഹൃദയന്മാരെയാണ്, കഥാസൗന്ദര്യവും കാവ്യസൗന്ദര്യവും കഴിയുന്നത്ര നിലനിര്‍ത്തിക്കൊണ്ട് ആദികാവ്യസ്വരൂപം വായനക്കാരെ ഗ്രഹിപ്പിക്കാനാണ് ശ്രമിച്ചത്. വാല്മീകി മുഴുവന്‍ ഇതിലില്ല. പക്ഷേ, വാല്മീകിയിലില്ലാത്തതൊന്നും ഇതിലില്ലെന്നു ധൈര്യമായി പറയാം. സംഗ്രഹിക്കുകയാണു ചെയ്തതെങ്കിലും ആദികാവ്യത്തിന്റെ ആത്മാവ് ഇതിലുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ഇതെഴുതുമ്പോള്‍ 1909ലെ ബോംബെ നിര്‍ണയ സാഗരപ്പതിപ്പും (രാമന്റെ തിലകവ്യാഖ്യാനത്തോടുകൂടിയത്) ശ്രീനിവാസയ്യരുടെ മലയാള വ്യാഖ്യാനവും ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സര്‍വകാലസാംഗത്യവും സര്‍വജനപ്രിയത്വവുമാണ് വരേണ്യകൃതികളുടെ ലക്ഷണം. രാമായണം ഇന്നും നമുക്ക് പ്രിയംകരമായിരിക്കുന്നതെന്തുകൊണ്ട്? ഒന്നാമതായി അതിലെ നിത്യനൂതനമായ മനുഷ്യബന്ധങ്ങളുടെ സംവശ്യത. രണ്ടാമതായി, ഒരിക്കലും വറ്റാത്ത കാവ്യഗുണം. അനേകം ഭാര്യമാരുണ്ടായിരുന്ന ദശരഥചക്രവര്‍ത്തിയുടെ കഥയ്ക്ക് ഇന്ന് പ്രസക്തിയില്ലെന്നു പറഞ്ഞാലും സ്വാര്‍ഥത്തിന്റെ മുമ്പില്‍ ഭാവം പകരുന്ന ഭാര്യാഭര്‍ത്തൃബന്ധത്തിന് ഇന്നും പ്രസക്തിയുണ്ട്. രാവണനാല്‍ അപഹരിക്കപ്പെട്ട സീത നൈരാശ്യവശംവദയായി ആത്മഹത്യ ചെയ്യാനാലോചിച്ചുവെന്ന് വാല്മീകി വര്‍ണിക്കുന്നുണ്ട്. പക്ഷേ, ആത്മഹ്യ ചെയ്തില്ല. ഒരു ശുഭനിമിത്തം കണ്ടു എന്നാണ് കവി പറയുന്നത്. ഇത് അന്തഃകരണത്തിന്റെ ധര്‍മ്മനിവേദനം മാത്രമാണ്. ഇതുതന്നെയാണ് നമ്മുടെ ചേതനയുടെ അബോധതലം.
ഒരിക്കലും വറ്റാത്ത ഉത്സാഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണീ ഹനുമാന്‍. മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന മൃതസഞ്ജീവനി ഹിമാലയശിഖരത്തോടെ ഉത്ചാടനം ചെയ്തുകൊണ്ടു വരുന്നത് മഹോദ്യതനായ ഹനുമാനാണ്. ഒരിക്കലല്ല രണ്ടുതവണ. എന്താണിതിന്റെ അര്‍ഥം. ജീവിതോത്സാഹം-നമുക്ക് ഉത്തേജകമാകേണ്ട ജീവിതോത്സാഹം ഹനുമാനില്‍നിന്ന് പഠിക്കണമെന്നതത്രേ.
രാമായണത്തില്‍ ആര്യദ്രാവിഡ ബന്ധത്തിന്റെ ആദിമപ്രരൂപങ്ങള്‍ ഉണ്ടെന്നു പറയുന്ന ചരിത്രപണ്ഡിതന്മാരെ നാം വളരെ സൂക്ഷിക്കണം. ഏത് ആര്യന്‍? ഏത് ദ്രാവിഡന്‍? ദ്രാവിഡന്‍ എന്നൊരു വാക്കു പോലും രാമായണത്തിലെങ്ങുമില്ല. വാനരന്മാരുടെയും രാക്ഷസന്മാരുടെയും സാമ്രാജ്യം ദക്ഷിണാപഥത്തിലായിപ്പോയതുകൊണ്ട് അവര്‍ ദ്രാവിഡവര്‍ഗീയരാണെന്ന ചിന്ത അശാസ്ത്രീയമാണ്. ഭിന്നസ്വരൂപങ്ങളായ രണ്ടു സംസ്‌കാരങ്ങള്‍ കവി വിഭാവനം ചെയ്തുവെന്നേയുള്ളൂ. ഈ വാനരന്മാര്‍ ആര്യന്മാരുടെ ഉപാസനാമൂര്‍ത്തികളായ അഗ്നിയുടേയും വായുവിന്റേയും മറ്റും പുത്രന്മാരാണെന്ന് ഇവര്‍ ഓര്‍ക്കാത്തതെന്തുകൊണ്ട്? രാവണന്‍ സപ്തര്‍ഷിമാരില്‍ ഒരാളായ പുലസ്ത്യന്റെ പൗത്രനാണ് എന്ന് മനസ്സിലാക്കിയില്ലല്ലോ. രാവണന്‍ യക്ഷനായ കുബേരന്റെ സഹോദരനുമാണ്. രാവണന്‍ കൈലാസത്തില്‍ച്ചെന്നാണ് ശിവനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയത്. രാവണന്റെ രാജധാനിയില്‍ ബ്രാഹ്മണരുടെ വേദഘോഷങ്ങള്‍ന്‍ സദാ മുഴങ്ങിക്കൊണ്ടിരുന്നു. ആസേതുഹിമാചലം ഒന്നായിക്കണ്ട വാല്മീകിയെ വെറും ഒരു സങ്കുചിതമനസ്‌കനായി കാണുന്നത് മഹാപാപമാണ്.
രാമായണത്തില്‍ വാനരന്‍, രാക്ഷസന്‍ എന്നൊക്കെ പറയുന്നത് അക്ഷരാര്‍ഥത്തിലെടുക്കരുത്. അവര്‍ ഭിന്നവര്‍ഗങ്ങള്‍ എന്നേ ഉള്ളൂ. കിരാതന്മാരും നിഷാദന്മാരും ഉണ്ടല്ലോ ഇതില്‍. ഗുഹന്‍ വേടന്മാരുടെ രാജാവാണ്. അങ്ങനെ പല വര്‍ഗങ്ങള്‍, ഗോത്രങ്ങള്‍.രാമായണം ആദികാവ്യംമാത്രമല്ല അനശ്വരകാവ്യം കൂടിയാണ്. വഴിമുട്ടിനില്‍ക്കുന്ന ജീവിതപ്രതിസന്ധികളില്‍ ധര്‍മാധര്‍മചിന്തകളാല്‍ മനസ്സ് ഡോളായിതമാകുമ്പോള്‍ രാമായണം നമുക്ക് വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരി കാട്ടുക എന്നു പറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്ക് വെളിച്ചം വീശുക എന്നാണര്‍ഥം.
യാവത് സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹിതലേ
താവദ്രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.
No comments:
Post a Comment