09/08/2014

ഉപനയന സംസ്‌കാരം – 9 സ്വാമി പരമേശ്വരാനന്ദ സരസ്വതി

യജ്ഞോപവീതം – പൂണൂല്‍ – ധാരണത്തിനുള്ള സംസ്‌ക്കാരമാണിത്. 

കുട്ടിയുടെ മനസ്സില്‍ വിഷയവാസനകള്‍ ഊറുന്നതിനുമുമ്പ് ഈ കര്‍മ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുന്‍പ് വര്‍ണ്ണാശ്രമധര്‍മ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘായുസ്സുണ്ടായിരുന്നതിനാല്‍ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളില്‍ ഉപനയനം നടത്തിയിരുന്നു. ധര്‍മ്മശാസ്ത്രങ്ങളുടെ കാലധര്‍മ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തില്‍ കുട്ടിക്ക് അഞ്ചുവയസ്സ് കഴിഞ്ഞാല്‍ ഈ സംസ്‌ക്കാരം നടത്താവുന്നതാണ്.

എന്നാല്‍ വര്‍ണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂല്‍ധാരണം ആര്‍ക്കെന്ന പ്രശ്‌നത്തെക്കാള്‍, ഉപനയനം എല്ലാവര്‍ക്കും ആവശ്യമുള്ള കര്‍മ്മമാണെന്നകാര്യം ശ്രദ്ധിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും – ശ്രദ്ധയുള്ളവരാണെങ്കില്‍ ശ്രദ്ധയുടെ സുരക്ഷിതത്വത്തിനും, ശ്രദ്ധയില്ലാത്തവരാണെങ്കില്‍ അത് ഉളവാക്കുന്നതിനും – ഉപനയനസംസ്‌ക്കാരവേളയില്‍ പൂണൂലോ പകരം കൈത്തണ്ടയില്‍ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്രസങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാര്‍മ്മികകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് ഒരു കുട്ടിക്കുള്ള അര്‍ഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലന്‍ ബ്രഹ്മചാരിയായിത്തീരുന്നു. വേദാരംഭം – വിദ്യാരംഭത്തിന് അഥവാ ജ്ഞാന സമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്‌ക്കാരം കൊണ്ടാകുന്നു.

ഉപനയന സംസ്‌ക്കാരത്തിന് മുന്‍കൂട്ടി ബാലന്‍ മൂന്ന് ദിവസം അല്ലെങ്കില്‍ ഒരു ദിവസമെങ്കിലും പാലും പഴവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയം സമയം. ബാലന്‍ ശൗചസ്‌നാനാദികള്‍ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറ് വശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുമ്പോള്‍ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലന്‍ പൂണൂല്‍ കയ്യിലെടുത്തുകൊണ്ട് ആഹൂതികള്‍ അര്‍പ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂര്‍വ്വം ആചാര്യനാല്‍ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി ഈ മന്ത്രം ചൊല്ലി ബ്രഹ്മചര്യവ്രതം കൈക്കൊള്ളുന്നു.

ഓം യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേര്യത്സഹജം പുരാസ്താത്
ആയുഷ്യമഗ്ര്യം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ
യജ്ഞോപവീതമസി യജ്ഞസ്യ ത്വാ
യജ്ഞോപവീതേനോപനഹ്യാമി

സാരം – പരിശുദ്ധമാക്കാന്‍ പ്രാപ്തിയുള്ളവയിലേറ്റവും ശ്രേഷ്ഠമായതും ആദിയില്‍ ബ്രഹ്മാവിനോടൊപ്പം ആവിര്‍ഭവിച്ചതും ആയൂര്‍ബലവും മനശക്തിയും പ്രദാനം ചെയ്യുന്നതുമായ ശുഭ്രമായ പൂണൂല്‍ ഞാന്‍ ധരിക്കുന്നു. ജ്ഞാനവെളിച്ചവും ശക്തിയും ഇതിനാല്‍ സുരക്ഷിതമായി നില്ക്കുമാറാകട്ടെ.

പിന്നീട് ബ്രഹ്ചാരിയെന്ന നിലയില്‍ ആചാര്യാനുഗ്രഹപ്രകാരം സ്വയം ഈശ്വരോപാസന ചെയ്യണം.
യജ്ഞാഗ്നിയില്‍

ഓം അഗ്നേനേവ്രതപതേ വ്രതം ചരിഷ്യാമി
തത്തേ പ്രബ്രവീമി തച്ഛകേയം
തേനര്‍ദ്ധ്യാസമിതമഹമന്യതാ-
ത്സത്യമുപൈമി സ്വാഹാ-ഇദമഗ്നയേ ഇദം
ന മമ.

ഇത്യാദി മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് വിശേഷാഹൂതികള്‍ നല്കണം. യജ്ഞകുണ്ഡത്തിന്റെ (പൂജാവേദിയുടെ) വടക്കുവശത്ത് പൂര്‍വ്വാഭിമുഖമായിരിക്കുന്ന ആചാര്യനില്‍നിന്ന് അദ്ദേഹത്തിനഭിമുഖമായിരിക്കുന്ന ബ്രഹ്മചാരി, ബ്രഹ്മചര്യവ്രതം ഉറപ്പിക്കുന്ന ആശയങ്ങള്‍ മന്ത്രോപദേശരൂപേണ സ്വീകരിക്കണം. ആചാര്യന്‍ ഉപനീതനെക്കൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നതുപോലെ ബ്രഹ്മചാരി ആചാര്യനെക്കൊണ്ടും പ്രതിജ്ഞയെടുപ്പിക്കും. അതായത് ആചാര്യന്‍ ശിഷ്യനായ ഉപനീതന്റെ ഹൃദയത്തെ തനിക്കധീനമാക്കി തന്റെ ഉപദേശങ്ങളില്‍ ശ്രദ്ധയും ഏകാഗ്രതയും ചെലുത്തി സ്വചിത്താനുകൂലം അനുവര്‍ത്തിക്കുവാന്‍ പ്രതിജ്ഞ ചെയ്യിക്കുന്നതോടൊപ്പം ബ്രഹ്മാചാരിയും തന്റെ സ്വഭാവഗുണങ്ങളും മനഃശക്തിയും യഥാസമയം അറിഞ്ഞുകൊണ്ട്, സന്ദേശങ്ങള്‍ ക്ഷമാപൂര്‍വ്വം ശ്രവിച്ച് നന്മയെ മാത്രം ലാക്കാക്കി നേര്‍വഴിക്ക് നയിക്കണമെന്ന് ആചാര്യനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും.

അനന്തരം ഉപനീതനായ ബ്രഹ്മചാരിയുടെ വ്രതരക്ഷണാര്‍ത്ഥം ആചാര്യന്‍

ഓം അസ്യബ്രഹ്മചാര്യസി പ്രാണസ്യ ബ്രഹ്മചാര്യസി
കസ്ത്വകമുപനയതേ കായത്വപരിദദാമി

ഇത്യാദി മന്ത്രങ്ങള്‍ ചൊല്ലുന്നു. സാമവേദഗാനത്തോടുകൂടി ഉപനയനകര്‍മ്മം സമാപിച്ചശേഷം ആചാര്യനെയും ഉപസ്ഥധിതരായിരിക്കുന്ന ജ്ഞാനികളെയും മറ്റും യഥോചിതം സത്ക്കരിക്കണം. യാത്രയാവുന്നതിനുമുന്‍പ് എല്ലാവരും ചേര്‍ന്ന്

ഓം തത്വം ജീവ ശരദഃ ശതം വര്‍ദ്ധമാനഃ
ആയുഷ്മാന്‍ തേജസ്വീ വര്‍ചസ്വീ ഭൂയാഃ

എന്ന മന്ത്രം ചൊല്ലി വടു (ബ്രഹ്മചാരി)വിനെ ആശീര്‍വദിക്കണം. യഥായോഗ്യം വേദം അഭ്യസിച്ച് കല്മഷരഹിതരായി, ധനത്തേക്കാള്‍ ധര്‍മ്മത്തെ മനസാ വാചാ കര്‍മ്മണാ ബഹുമാനിക്കുന്ന സമുദായക്ഷേമതല്പരനും ജിതേന്ദ്രിയനും ധര്‍മ്മാത്മാവുമായ വ്യക്തിയെയാണ് ‘ആചാര്യന്‍’ എന്ന സംജ്ഞകൊണ്ട് ധര്‍മ്മശാസ്ത്രങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത്. ജ്ഞാനസമ്പാദനാര്‍ത്ഥം തന്റെ ശിഷ്യരായി വരുന്ന ബ്രഹ്മചാരികളെ പുത്രസമാനം വാത്സല്യപൂര്‍വ്വം നോക്കുന്ന ആളാണ് ആചാര്യന്‍. അദ്ദേഹം ശിഷ്യനെ ഒരു പാറമേല്‍ നിര്‍ത്തി ആശീര്‍വ്വദിക്കുന്ന മന്ത്രം ‘ആ പാറപോലെ ഉറപ്പുള്ള ശരീരവും മനഃശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിര്‍ശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു.

സന്ധ്യാവന്ദനവും നിത്യകര്‍മ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂര്‍വ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ജാഗരൂകനായിരിക്കുക’ ഇത്യാദി പവിത്ര സങ്കല്പങ്ങള്‍ അടങ്ങിയതാണ്.

‘ജ്ഞാനമില്ലാതെ ഉപനയനം ചെയ്യിക്കുന്നവരും ഉപനയനകര്‍മ്മത്താല്‍ ജ്ഞാനത്തെ ആശ്രയിക്കാത്തവരും ഇരുട്ടില്‍നിന്ന് കൂരിരുട്ടിലേക്ക് പതിക്കുന്നു.’ എന്നാണ് വേദം അനുശാസിക്കുന്നത്. അടുക്കലേക്ക് കൊണ്ടുചെല്ലുകയെന്നതാണ് ഉപനയനത്തിന്റെ അര്‍ത്ഥം. ആദ്ധ്യാത്മികമായി ബ്രഹ്മത്തിന്റെ സമീപത്തിലേക്ക് ആചാര്യന്‍ ശിഷ്യനെ ആനയിക്കുന്നുവെന്ന് സാരം. യുഗധര്‍മ്മമനുസരിച്ച് പ്രാഥമികകര്‍മ്മത്താല്‍ ഹിന്ദുധര്‍മ്മത്തലേക്ക് അടുപ്പിക്കുക അഥവാ പ്രവേശിപ്പിക്കുകയെന്നതാണ് ഉപനയനം കൊണ്ടുദ്ദേശിക്കുന്നത്.

മാതൃഗര്‍ഭത്തിലായിരുന്നപ്പോള്‍, മാതാവിലൂടെ അവലംബിച്ച സംസ്‌ക്കാരവിശേഷംകൊണ്ട് ബാല്യത്തിലേ പ്രഭാവശാലികളായി ഭവിച്ച ഋഷികൂമാരന്മാരുടേയും രാജകുമാരന്മാരുടെയും വൈശ്യ-ശൂദ്രകുലജാതന്മാരുടെയും ദിവ്യചരിതങ്ങളുണ്ട്. വേദങ്ങളിലും, പുരാണേതിഹാസങ്ങളിലും, ദേശീയചരിത്രങ്ങളിലും മാത്രമല്ല ഇന്നും അത്തരം ബാലികാബാലന്മാര്‍ ജീവിച്ചിരിക്കുന്നു. അവരില്‍ ദൈവീപ്രഭാവത്തോടു കൂടിയവരും ഉണ്ട്. യാജ്ഞവല്ക്യന്‍, ധ്രുവന്‍, പ്രഹഌദന്‍, അഭിമന്യു, ജ്ഞാന സംബന്ധന്‍, ആദിശങ്കരന്‍, നരേന്ദ്രന്‍ എന്നിങ്ങനെ നിരവധി നാമങ്ങള്‍ ഉദാഹരണത്തിനായി ഉദ്ധരിക്കാം.

നരജന്മമെടുക്കുന്ന ജീവന് ഭൂജാതനാവുന്നതിന് മുന്‍പ് ഗര്‍ഭസ്ഥിതനായിരിക്കെ പൂര്‍വ്വജന്മങ്ങളെപ്പറ്റി ബോധമുണ്ടാവുന്ന സന്ദര്‍ഭത്തില്‍ ജീവിതലക്ഷ്യത്തെപ്പറ്റിയും ബോധവാനാകുന്നു. ജീവാത്മാവ് പരമാത്മാവിനോട് അകംനൊന്ത് പ്രാര്‍ത്ഥിക്കകുയം പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഗര്‍ഭപാത്രത്തില്‍ തലകീഴായി വരിഞ്ഞുകെട്ടിയ രൂപത്തില്‍, അവിടെനിന്നും വിമുക്തനാവാന്‍ തപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ അവര്‍ണ്ണനീയമാണ്. എന്നാലും ഭൂജാതനാവുന്നതോടുകൂടി വിശ്വാമായയുടെ ആവരണംകൊണ്ട്, ശരീരാഭിമാനം നിമിത്തം അതെല്ലാം മറക്കുന്നു. അപൂര്‍വ്വമായ മനുഷ്യജന്മത്തെ സ്വാഗതംചെയ്ത്, ശുദ്ധിവരുത്തി പരമലക്ഷ്യപ്രാപ്തി സുഗമമാക്കുന്ന പ്രക്രിയയാണ് ഓരോ സംസ്‌കാരകര്‍മ്മവും. മനുഷ്യജീവിതംതന്നെ പ്രാരബ്ധം, സഞ്ചിതം, ആഗന്തുകം എന്നീ മൂന്നുവിധകര്‍മ്മത്തോടുകൂടിയതാണ്. പ്രാരബ്ധം അനുഭവിച്ചുകൊണ്ടും തുടര്‍ന്നുള്ള സഞ്ചിതാഗന്തുകര്‍മ്മബന്ധങ്ങളിലകപ്പെടാതെയും കര്‍മ്മകുശലതയോടെ ജീവിക്കണമെങ്കില്‍ ഈശ്വരാര്‍പ്പണഭാവം വേണം. ഈ ഭാവശുദ്ധി ജീവിതപുരോഗതി സുഗമമാക്കുകയല്ലാതെ തടസ്സപ്പെടുത്തുന്നില്ല.

കടപ്പാട് - പുണ്യഭൂമി ദിനപ്പത്രം.

No comments: