'തുഹ്ഫത്തുല്‍ മുജാഹിദീന്‍' അഥവാ 'ഈശ്വരമാര്‍ഗം തേടുന്നവര്‍ക്കുള്ള സൂചനകള്‍' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രസിദ്ധ അറബ് സഞ്ചാരിയുമായ ഷെയ്ഖ് സൈനുദ്ദീന്‍ മലബാറില്‍ താന്‍ നേരിട്ടു കണ്ടറിഞ്ഞ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നായന്മാരുടെ വിവാഹസമ്പ്രദായമാണ് മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവരെ വ്യതിരിക്തരാക്കിനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മലബാര്‍ അനുഭവങ്ങളെക്കുറിച്ച് സൈനുദ്ദീന്‍ എഴുതുന്നത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഉത്തരാര്‍ധത്തിലുമായിട്ടാണ്. സൈനുദ്ദീന്റെ വാക്കുകളില്‍, 'ഓരോ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായിക്കാണും. അവര്‍ പരസ്പരം വഴക്കടിക്കാതെ, രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുസ്‌ലിം തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം ചെലവിടുന്ന അതേ രീതിയില്‍.'
'ഈസ്റ്റ് ഇന്തീസിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ (എഡിന്‍ബറോ.1727) എന്ന ഗ്രന്ഥത്തില്‍ ഹാമില്‍ട്ടണ്‍ പറയുന്നത്, 'ഒരു സ്ത്രീക്ക് ചിലപ്പോള്‍ 12-ല്‍ അധികരിക്കാത്ത ഭര്‍ത്താക്കന്മാരെ ഒരേസമയത്ത് സ്വീകരിക്കാം' എന്നാണ്. 'അവര്‍ പരസ്പരം നല്ലപോലെ ഒത്തുപോവുന്നു. ഭാര്യയുമായി ഓരോരുത്തരും സഹവസിക്കുന്നത് ഊഴമനുസരിച്ചായിരിക്കും. മുന്‍ഗണനാക്രമമനുസരിച്ച് ഓരോരുത്തരും സഹവസിക്കേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഒരാള്‍ എത്രനാള്‍ പൊതുഭാര്യയുമായി പാര്‍ക്കുന്നുവോ അത്രയും കാലത്തേക്കുള്ള ഭാര്യയുടെ സംരക്ഷണച്ചെലവ് അയാള്‍ വഹിക്കും. അങ്ങനെ വരുമ്പോള്‍, മാറിമാറി വരുന്ന ഭര്‍ത്താക്കന്മാരില്‍നിന്ന് ഭാര്യക്കു സര്‍വവിധ സുഖസൗകര്യങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നു.' ഭാര്യയെ പ്രാപിക്കാന്‍ വീട്ടില്‍ കയറുന്ന പുരുഷന്‍ (ഭര്‍ത്താവ്) അയാളുടെ ആയുധം വാതിലിനു മുമ്പാകെ വെക്കുന്നു. അത് എടുത്തു നീക്കാനോ അകത്തു കടക്കാനോ ആരും ധൈര്യപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നതിനുള്ള കൂലി മരണമായിരിക്കും.
'ഭാര്യ ഗര്‍ഭവതിയായാല്‍ ആരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ഭാര്യ നിശ്ചയിച്ചറിയിക്കും. അച്ഛനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പുരുഷന്‍ കുട്ടിയെ സംരക്ഷിക്കും, വിദ്യാഭ്യാസം നല്‍കും. എന്നാല്‍ അച്ഛന്റെ സ്വത്തിന് ഇത്തരം കുഞ്ഞുങ്ങള്‍ അവകാശികളല്ല; അച്ഛന്റെ സഹോദരിയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ് ഈ സ്വത്തുക്കള്‍.' സൈനുദ്ദീന്‍ രേഖപ്പെടുത്തുന്നു.
No comments:
Post a Comment