15/05/2014

കരുണയുടെ വില ലോകം അറിയട്ടെ .....

ഹലോ.. ഓട്ടം പോവ്വോ..??

പിന്നെന്താ.. ചേച്ചി കേറിയാട്ടെ..!!

പെരുമ്പള്ളി ജംഗ്ഷന്‍ വരെ പോകണം.. എത്രയാകും..??

ചേച്ചി കേറിയാട്ടെ.. അധികപറ്റായി ഞാനൊന്നും വാങ്ങില്ല.. പോരെ..??

നിന്ന് ചിണുങ്ങാതെ എത്രയാന്ന് വെച്ചാ പറയെടോ..!!

പോയ്യാ മാത്രം പോരെ..??

അല്ല.. ആ ജംഗ്ഷന്‍ പൊക്കിയെടുത്ത് ഇവിടെ കൊണ്ട് വരണം.. എന്താ പറ്റ്വോ..??

ചൂടാകാതെ ചേച്ചി.. 30 രൂപയാകും...!!

20 രൂപ തരും.. പറ്റുമെങ്കില് വണ്ടി വിട്..!!
(കയ്യില് ഇരുന്ന വലിയ ഒരു കവര്‍ വളരെ പ്രയാസപ്പെട്ട് അവര്‍ ഒട്ടോയിലേക്ക് എടുത്ത് വെച്ചു..)

(കൃഷ്ണാ .. കൈനീട്ടമാ..!! കുരിശാണ് വന്നതെങ്കിലും എങ്ങനെ ഒഴിവാക്കും..)
ഉം.. കേറ്.. ഉള്ളത് മതി.. വയറ്റി പിഴപ്പാ..!! നിങ്ങള്‍ ഫെമിനിസ്റ്റാ...??

അല്ല.. .. താന്‍ വണ്ടി വിടെടോ..!!
(രാവിലെ ഇതൊക്കെ എവിടുന്ന് കുറ്റിയും പറിച്ച് ഇറങ്ങുന്നെടാ..)

ഡോ.. ദേ ആ കാണുന്ന സിഗ്നലിന്റെ അടുത്തോട്ട് നിര്‍ത്ത് ..
(ഓട്ടോ നിര്‍ത്തി അവര്‍ ഇറങ്ങി പൈസ കൊടുക്കുന്നതിന് മുന്പ് അയാളോട് പറഞ്ഞു..)
ഡോ.. ആ കവര്‍ എടുത്തിട്ട് എന്റെ കൂടെ വാ..!!

എനിക്കെങ്ങും വയ്യാ.. പോയിട്ട് വേറെ ഓട്ടമുള്ളതാ.. ചേച്ചി ആ കാശിങ്ങ് തന്നേ..!!

ഞാന്‍ കാശ് തന്നാലല്ലേ താന്‍ ഇവിടുന്ന് പോകൂ.. എടുത്തോണ്ട് വാടോ...!!

എന്റെ കൃഷ്ണ .. നീ രാവിലെ തന്നെ ഒരു മാരണത്തെയാണല്ലോ എന്റെ തലയില്‍ വെച്ച് തന്നത്..?? ഇന്നത്തെ കാര്യം പോക്കാ..

എന്താടോ നിന്ന് പിറുപിറുക്കുന്നേ..??

ഒന്നുമില്ല.. വരുവാ.. (ഇവര്‍ വല്ല പോലീസിലുമാണോ.. കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാന്‍ തോന്നുന്നു..)
അയാള്‍ കവറുമെടുത്ത് അവരുടെ പുറകെ നടന്നു.. നല്ല ഭാരം.. ഈ പെണ്ണുമ്പിള്ള എങ്ങനെ ഇതും തൂക്കി അവിടം വരെ വന്നു..?? എന്തായിരിക്കും ഇതില്..?? വീട്ടിലെ വേസ്റ്റ് വല്ലതും ആയിരിക്കും.. എന്ത് പണ്ടാരമെങ്കിലും ആവട്ടെ..!!

ഡോ.. ആ കവര്‍.. ദോ അവിടെ വെയ്ക്ക്.. അവര്‍ ഇരിക്കുന്നിടത്ത്..!!

കുറെ ഭിക്ഷക്കാരും .. കുഷ്ഠരോഗികളും.. മുടന്തരും.. കുരുടരും.. നിരന്നിരിക്കുന്നു.. അയാള്‍ ആ പൊതി അവിടെ വെച്ചു.. അവര്‍ വന്ന് പൊതി അഴിച്ച്.. അതില്‍ നിന്നും റൊട്ടിയും പാത്രത്തിലുള്ള കറിയും എടുത്ത് പുറത്ത് വെച്ചു.. പേപ്പര്‍ പ്ലേറ്റില്‍ അവര്‍ക്കെല്ലാം അത് വിതരണം ചെയ്യുമ്പോള്‍.. അയാള്‍ക്കത് നോക്കി നില്ക്കാനായില്ലാ..!!

ചേച്ചി.. ഇങ്ങെട്.. ഞാന്‍ വിളമ്പാം.. പണ്ട് സേവഭാരതി ഓര്‍ഫനേജില്‍ നില്ക്കുമ്പോള്‍ ഞാനും ഇതൊക്കെ ചെയ്യുമായിരുന്നു... പട്ടിണിയുടെ വില എനിക്ക് ശരിക്കും അറിയാം..
ചേച്ചി ഒന്ന് മാറി നിന്നാട്ടെ...!!
എല്ലാവര്‍ക്കും കൊടുത്ത് കഴിഞ്ഞ്.. കുശലം ചോദിച്ച് പിരിയാന്‍ തുടങ്ങുമ്പോള്‍.. ഒരു 50 ന്റെ നോട്ട്

അയാള്‍ക്ക് നേരെ നീട്ടിയിട്ട് അവര്‍ പറഞ്ഞു.. ഇതിരിക്കട്ടെ.. ബാക്കിയൊന്നും വേണ്ടാ.. ഞാന്‍ അങ്ങനെയൊക്കെ സംസാരിച്ചതും പെരുമാറിയതും വേറൊന്നുമല്ല.. നേരെ പറഞ്ഞാല്‍ ആരും സഹായിക്കാന്‍ വരില്ല.. ക്ഷമിക്കണം..!!

ഞാന്‍ ഇത് വാങ്ങില്ല ചേച്ചി.. അതിനും കൂടി നാളെ അവര്‍ക്ക് റൊട്ടി വാങ്ങി കൊടുത്തോളൂ..
നാളെയും വിളിക്കണം.. ഞാന്‍ അവിടെ തന്നെ കാണും..

കൈവീശി യാത്ര പറഞ്ഞു പോകുമ്പോള്‍ അവരുടെ കയ്യിലെ പണത്തിന് സ്നേഹം എന്നൊരു അര്‍ത്ഥം കൂടി ഉണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി.


No comments: