13/05/2014

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഒരു കലാപത്തിന്റെ കാരണവഴികള്‍ തേടി =പി.പി.ബാലചന്ദ്രന്‍


ഏതാണ്ട് 30 വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞദിവസം ഞാന്‍ സിഖുകാരുടെ പുണ്യഭൂമിയായ അമൃത്‌സര്‍ അഥവ അമൃതസരസ് സന്ദര്‍ശിച്ചു. കൂടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ബാബു മേത്തറും ഉണ്ടായിരുന്നു.

കൊച്ചിയില്‍ നിന്ന് ബാബു ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ ഇത്തരം വഴിവിട്ടുള്ള യാത്രകള്‍ ഞങ്ങള്‍ക്ക് പതിവാണ്. ജയ്പൂര്‍, ചണ്ഡീഗഡ്, അജ്‌മേര്‍ അങ്ങിനെ എവിടെയെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ മാത്രമുള്ള ഇടയാത്രകള്‍. എല്ലാം റോഡുവഴി. ഡ്രൈവര്‍ രാജ്കുമാറിന്റെ സാരഥ്യത്തില്‍.

ഇത്തവണ അമൃത്‌സര്‍ തിരഞ്ഞെടുക്കാന്‍ എനിക്ക് ഒന്നിലേറെ കാരണങ്ങളുണ്ടായിരുന്നു. ചരിത്രപരവും സമകാലീനവുമായ കാരണങ്ങള്‍. മുപ്പത് വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തിന് നേരെ നടന്ന സൈനികാക്രമണത്തിന്റെ ഉദ്വേഗജനകമായ കാണാക്കഥകള്‍, അതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന ഒരു പ്രധാനമന്ത്രിയുടെ വധം, തുടര്‍ന്നുണ്ടായ ഹീനമായ ഒരു വംശീയകലാപത്തിന്റെ ഓര്‍മപുതുക്കല്‍. ഇവയെല്ലാം അമൃത്‌സറിലെ സുവര്‍ണക്ഷേത്രവുമായും സിഖ് ജനതയുടെ അസ്തിത്വവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ മൂന്ന് ചരിത്രസംഭവങ്ങളുടെയും മുപ്പതാം വാര്‍ഷികമായ 2014 ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ നിര്‍ണായകമായ മറ്റൊരു പൊതുതിരഞ്ഞെടുപ്പുകൂടി നടക്കുന്ന വര്‍ഷമാണ് എന്ന് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഞങ്ങളുടെ അമൃത്‌സര്‍ സന്ദര്‍ശനത്തിന്റെ പ്രസക്തി കുറേക്കൂടി വ്യക്തമാകും.

ചരിത്രാതീതകാലം മുതല്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും നമുക്ക് നേരെ ഉണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളെയും ചെറുത്തുനിന്ന പഞ്ചാബ് ഇന്ത്യയുടെ രണഭൂമിയായി അറിയപ്പെടുന്നു. ആ ചെറുത്തുനില്‍പ്പുകളുടെ കുന്തമുനയാണ് അമൃത്‌സര്‍. ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തി പ്രദേശമായ അമൃത്‌സറിലെ വാഗാ ബോര്‍ഡറില്‍ എന്നും വൈകീട്ട് സൂര്യാസ്തമയത്തിന് മുമ്പ് രണ്ടുരാജ്യത്തെയും സേനകള്‍ നടത്തുന്ന ഔപചാരികമായ കൊടിയിറക്കല്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒരു ചടങ്ങാണ്. ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയും (BSF) പാകിസ്താന്റെ റെയ്‌ഞ്ചേര്‍സ് എന്ന സേനാവിഭാഗവും നടത്തുന്ന ഈ കൊടിയിറക്കല്‍ കാണാന്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ എത്തിച്ചേരാറുണ്ട്. മുഖാമുഖം നോക്കി പരസ്പരം വെല്ലുവിൡുന്ന രീതിയിലുള്ള രണ്ടു സേനകളുടെയും ശരീരഭാഷയാണ് ഈ കൊടിയിറക്കല്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം.

ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ സമാധാന ചര്‍ച്ചകളിലൂടെയും നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെയും പരിഹരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുമ്പോള്‍ രണ്ടു രാജ്യങ്ങളിലെയും സായുധസേനകള്‍ ഇത്‌പോലുള്ള നിഴല്‍യുദ്ധങ്ങള്‍ നടത്തുന്നത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ എന്നു പലരും സംശയിച്ചു തുടങ്ങിയിട്ടുണ്ട്.

പറഞ്ഞു വന്നത്, ഡല്‍ഹിയില്‍ 40-ല്‍ ഏറെ വര്‍ഷം ജീവിച്ചിട്ടും പഞ്ചാബിലും അമൃത്‌സറില്‍ തന്നെയും ഒന്നിലേറെ തവണ പോയിട്ടും ഈ നിഴല്‍യുദ്ധം നേരിട്ട് കാണാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇത്തവണയെങ്കിലും അത് കാണണം എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു ഈ യാത്രയ്ക്ക്.

പക്ഷേ, ഈ യാത്രയുടെ പ്രധാനലക്ഷ്യം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്ക് ശേഷം അമൃത്‌സരസും സുവര്‍ണക്ഷേത്രവും പഞ്ചാബ് തന്നെയും എന്ത് മാത്രം മാറിയിരിക്കുന്നു എന്നറിയാനുള്ള ജിജ്ഞാസ തന്നെയായിരുന്നു.

കപൂര്‍ത്തല കഴിഞ്ഞ് അമൃതസറിന്റെ അതിര്‍ത്തിയിലേക്ക് കടന്നപ്പോള്‍ എന്റെ ഓര്‍മകള്‍ക്ക് തിടംവെച്ചു. മുപ്പത് വര്‍ഷം മുമ്പത്തെ ആദ്യസന്ദര്‍ശനം മുന്നില്‍ തെളിഞ്ഞു നിന്നു. ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഏഷ്യാവീക്ക് വാരികയുടെ ഇന്ത്യന്‍ പ്രതിനിധിയായി ജോലി ചെയ്തിരുന്ന കാലം. ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെട്ടിരുന്ന പഞ്ചാബിന്റെ ഹരിതാഭമായ ജീവിതത്തിലേക്ക് ജര്‍ണയല്‍ സിങ് ഭിന്ദ്രന്‍വാലെ എന്ന സിഖ് തീവ്രവാദി ഒരു ധൂമകേതുവായി കടന്നുവന്നകാലം. ആ ഭീകരനുമായി ഒരഭിമുഖം സംഘടിപ്പിച്ചുള്ള യാത്രയായിരുന്നു.

അപ്പോഴേക്കും സുവര്‍ണക്ഷേത്രം ഭിന്ദ്രന്‍ വാലെയുടെ ആയുധധാരികളായ തീവ്രവാദിസംഘം പൂര്‍ണമായും കൈയടക്കിക്കഴിഞ്ഞിരുന്നു. ക്ഷേത്രത്തിന് അകത്തും പുറത്തും ഭക്തിയേക്കാള്‍ കൂടുതല്‍ ഭീതിയായിരുന്നു പ്രകടമായിരുന്നത്. ഭക്തന്മാരേക്കാള്‍ കൂടുതല്‍ തീവ്രവാദികള്‍. പ്രവേശന കവാടങ്ങളും ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടുങ്ങിയ തെരുവുകളും എല്ലാം ഭിന്ദ്രന്‍ വാലെയുടെ സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ആരെയും എപ്പോള്‍ വേണമെങ്കിലും തടഞ്ഞുവെക്കാം, ചോദ്യം ചെയ്യാം, ചിലപ്പോള്‍ ബലം പ്രയോഗിച്ച് അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ടുപോകും. അങ്ങനെ കൊണ്ടുപോയ പലരുടെയും ജഡങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തിന്റെ പിന്നിലെ ഓവുചാലുകളില്‍ പ്രത്യക്ഷപ്പെടും. പോലീസ് അന്വേഷണമോ അറസ്‌റ്റോ ഒന്നും നടക്കാറില്ല.

ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ക്ഷേത്രത്തിനകത്ത് ചെന്ന് ഭിന്ദ്രന്‍ വാലെയുടെ മുതിര്‍ന്ന അനുയായികളോട് ബോധിപ്പിക്കാം. ഭിന്ദ്രന്‍ വാലെയായിരുന്നു ജഡ്ജിയും പ്രോസിക്യൂട്ടറും എല്ലാം. ഇങ്ങനെ ചോദ്യം ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തവരില്‍ പല മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും, പത്രഉടമകളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പഞ്ചാബ് കേസരിയുടെ ഉടമ ലാല ജഗത് നാരായണ്‍, പഞ്ചാബ് പോലീസ് ഡി.ഐ.ജി. എ.എസ്.അത്‌വാള്‍ തുടങ്ങിയ പ്രമുഖരും ഇതില്‍പ്പെടും.

അഭിമുഖത്തിനെത്തിയ എന്നെ ഭിന്ദ്രന്‍ വാലെയുടെ അടുത്തെത്തിക്കാന്‍ അഞ്ചാറ് പേര്‍ അടങ്ങിയ ഒരു സായുധ സംഘം ക്ഷേത്രകവാടത്തില്‍ തന്നെയുണ്ടായിരുന്നു. എന്റെ ദേഹപരിശോധനക്ക് ശേഷം, കയ്യിലുണ്ടായിരുന്ന ക്യാമറയും ടേപ്പ് റെക്കോര്‍ഡറും പേനപോലും പൂര്‍ണ്ണമായി പരിശോധിച്ചതിന് ശേഷം, ക്ഷേത്രവളപ്പിലെ കെട്ടിടസമുച്ചയങ്ങളില്‍ ഒന്നിലേക്ക് കൊണ്ടുപോയി. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു വലിയ മുറിയിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്.

മുറിയുടെ ഒത്ത നടുവില്‍ സായുധരായ അനുയായികള്‍ക്കിടയില്‍ നിലത്തിരിക്കുന്ന മനുഷ്യന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടില്ല. ഒട്ടിയകവിളുകളും രക്താഭമായ കഴുകന്‍ കണ്ണുകളും മുന്നോട്ട് വളഞ്ഞ് ഒരുപാട് നീളമുള്ള മൂക്കും ആരുടെ മുഖത്തായാലും ഭയം ജനിപ്പിക്കും. ബി.ബി.സി.യുടെ വിഖ്യാതനായ മാര്‍ക്ക് ടളി പോലും ആ നോട്ടത്തിന് മുന്നില്‍ ചൂളിപ്പോയതായി സമ്മതിച്ചിട്ടുണ്ട്.

തൊട്ടടുത്തിരുന്ന ദൃഢഗാത്രനായ ഒരു സര്‍ദാര്‍ എന്നോടിരിക്കാന്‍ ആവശ്യപ്പെട്ടു. ഭിന്ദ്രന്‍ വാലെയുടെ തൊട്ടുമുന്നില്‍ അല്‍പം മാറി ഞാനിരുന്നു. സര്‍ദാറിന്റെ പേര് അമ്രീക് സിങ് എന്നാണെന്ന് പിന്നീട് മനസ്സിലായി. ചുറ്റും നിലത്തിരുന്ന അനുയായികളില്‍ അയാള്‍ മാത്രമായിരുന്നു സംസാരിച്ചത്. ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ള ഏക വ്യക്തിയും അമ്രീക് സിങ് ആണെന്ന് പിന്നീട് അറിഞ്ഞു.

അമ്രീക്, ഭിന്ദ്രന്‍ വാലെയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. എന്നെ പരിചയപ്പെടുത്തിയതാവണം. എന്റെ മുഖത്തേക്ക് കുറച്ചുനേരം തുറിച്ചുനോക്കിയിട്ട് ഭിന്ദ്രന്‍ വാലെ എല്ലാവരോടുമായി എന്തോ പിറുപിറുത്തു, ആരുടെയും മുഖത്ത് നോക്കാതെ. ചുറ്റും നിന്നവര്‍ അടക്കിപ്പിടിച്ച് ചിരിച്ചു. അവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ പാകത്തിലുള്ള ഫലിതമായിരിക്കാം അദ്ദേഹം പറഞ്ഞത്. പക്ഷേ, ഭയം കൊണ്ടാവാം അങ്ങനെ ചിരിക്കാനേ അവര്‍ക്ക് പറ്റിയൂള്ളൂ.

കൂടെക്കൊണ്ടുവന്ന ഏഷ്യാവീക്കിന്റെ കോപ്പി ഞാന്‍ നേരിട്ട് ഭിന്ദ്രന്‍വാലെ യ്ക്ക് കൊടുക്കാന്‍ വേണ്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍ നിന്നു ഒരനുയായിയുടെ ശക്തമായ കൈ എന്റെ ചുമലില്‍ പതിച്ചു. എന്നെ ഇരുത്തിയിട്ട് കയ്യിലെ വാരിക പിടിച്ചുവാങ്ങി അമ്രീക് സിങിന് കൊടുത്തു. താന്‍ എന്തോ മഹാപാതകം ചെയ്തത് പോലെ അമ്രീക് സിങ് എന്നെ നോക്കി. പിന്നീട് വാരികയുടെ ഓരോ പേജും പതുക്കെ മറിച്ചു തുടങ്ങി.

കുറേ പേജുകള്‍ക്ക് ശേഷം മുഖമുയര്‍ത്തി എന്റെ നേര്‍ക്ക് നോക്കി അമ്രീക് ചോദിച്ചു. 'നിങ്ങള്‍ വിദേശമാധ്യമത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞല്ലേ അഭിമുഖം ആവശ്യപ്പെട്ടത്?'

'അതേ, ഏഷ്യാവീക്ക് ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വാരികയാണ്. ഞാന്‍ അതിന്റെ ഇന്ത്യന്‍ ലേഖകനും.'

'പക്ഷേ, നിങ്ങള്‍ ഇന്ത്യക്കാരനല്ലേ, വിദേശി അല്ലല്ലോ?'

ആ ചോദ്യത്തിന് നേരെ എങ്ങിനെ പ്രതികരിക്കും എന്നറിയാതെ കുഴങ്ങിനിന്ന എന്നോട് അടുത്ത ചോദ്യം സാക്ഷാല്‍ ഭിന്ദ്രന്‍വാലെയില്‍ നിന്ന്.

നേരിട്ടല്ല. അമ്രീക് സിങ്ങിനെ നോക്കി പഞ്ചാബിയില്‍. അമ്രീക് സിങ്ങ് ചോദ്യം പരിഭാഷപ്പെടുത്തി.

'നിങ്ങള്‍ ബ്രാഹ്മണനാണോ?' 
'അല്ല'.

'ഹിന്ദുവാണോ?'

'ഹിന്ദുമതത്തില്‍ ജനിച്ചുപോയി'. തെറ്റാണെങ്കില്‍ പൊറുക്കണം എന്ന് മനസ്സില്‍ പറഞ്ഞു.

ഉത്തരം പരിഭാഷപ്പെടുത്തിയപ്പോള്‍ ഭിന്ദ്രന്‍ വാലെയുടെ മുഖം കൂടുതല്‍ ഇരുണ്ടു. പിന്നീട് ഒരു നീണ്ട ആത്മഗതമാ യിരുന്നു. ഒരു ഗൂഢാലോചനയുടെ നിഗൂഢത നിറഞ്ഞ മോണോലോഗ്.

ഇതിനിടയില്‍ എന്റെ ക്യാമറ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉത്തരം കിട്ടി. 'പാടില്ല' ടേപ്പ് റെക്കോര്‍ഡറോ? അത് ഓണ്‍ ചെയ്യാം.

ഭിന്ദ്രന്‍ വാലെയുടെ നീണ്ട മോണോലോഗിന് ഒടുവില്‍ അമ്രീക് സിങ്ങിന്റെ പരിഭാഷ കേട്ടപ്പോഴാണ് ശ്വാസം നേരെവീണത്. പരിഭാഷ ഇങ്ങനെ: ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റ് ഹിന്ദുക്കളുടെ അതായത് ബ്രാഹ്മണരുടെ ഗവണ്‍മെന്റ് ആണെന്നും ന്യൂനപക്ഷങ്ങളെ, മുഖ്യമായും സിഖുകാരെ, ഉന്മൂലനം ചെയ്യുകയാണ് അവരുടെ ഉദ്ദേശമെന്നും എന്നാല്‍ അവസാനത്തെ സിക്കുകാരന്റെ അവസാനത്തെ തുള്ളി രക്തം വരെ അവന്റെ മതത്തിന്റെ സംരക്ഷണത്തിനായി ചിന്തുമെന്നും ആയിരുന്നു ഭിന്ദ്രന്‍വാലെയുടെ ആത്മഭാഷണത്തിന്റെ രത്‌നച്ചുരുക്കം.

ശ്വാസം തിരിച്ചുകിട്ടിയപ്പോള്‍ കുറേക്കൂടി ധൈര്യം സംഭരിച്ച് ചോദിച്ചു: പക്ഷേ, ഇതേ ഇന്ദിരാഗാന്ധിയും അവരുടെ മകന്‍ സഞ്ജയ് ഗാന്ധിയും ആയിരുന്നില്ലെ ആരും അറിയാതിരുന്ന താങ്കളെ പൊതുപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നതും സിഖുകാരുടെ പുതിയ ആത്മീയ നേതാവാക്കിയതുമെല്ലാം.

ഹര്‍ചന്ദ് സിങ്ങ് ലോംഗോവാള്‍ എന്ന അന്നത്തെ ഏറ്റവും സമുന്നതനായ സിഖ് നേതാവിന്റെ പ്രഭാവം പഞ്ചാബില്‍ കോണ്‍ഗ്രസ്സിന് ഭീഷണി ആവുന്നു എന്നുകണ്ട ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും ആയിരുന്നു ലോംഗോവാളിനെ ഒതുക്കാന്‍ എങ്ങുനിന്നോ വന്ന ഒരു ഭിന്ദ്രന്‍ വാലെയെ സിഖ് രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് കൊണ്ടു വന്നത് എന്നകാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു.

എന്റെ ചോദ്യത്തിന് നേരിട്ട് ഉത്തരം പറയാതെ ഭിന്ദ്രന്‍ വാലെ സഞ്ജയ് ഗാന്ധിയുടെ നേതൃപാടവത്തെ പുകഴ്ത്തി. പക്ഷേ സഞ്ജയിന്റെ അമ്മയെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അവര്‍ സിഖുകാരുടെ ശത്രുതന്നെയെന്ന് തറപ്പിച്ചു പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ ഭിന്ദ്രന്‍ വാലെ ഒരു കാര്യം വ്യക്തമാക്കി- തന്നെയും തന്റെ അനുയായികളെയും സുവര്‍ണക്ഷേത്രത്തില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ആര് ശ്രമിച്ചാലും അതൊരു വന്‍ദുരന്തത്തിലേ അവസാനിക്കൂ. ശരിയെന്ന് പിന്നീട് തെളിയിക്കപ്പെട്ട പ്രവചനസമാനമായ വാക്കുകള്‍.

ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തിലുള്ള തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന് പുറത്താക്കാന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന വന്‍ സൈനിക നടപടി ആരംഭിക്കുന്നതിന് അഞ്ചാറുമാസം മുമ്പായിരുന്നു ആ ഇന്റര്‍വ്യൂ.

1984 ജൂണ്‍ മൂന്നാം തീയതിയാണ് ഇന്ദിരാഗാന്ധി അന്നത്തെ കരസേനാധിപന്‍ ജനറല്‍ എ.എസ്.വൈദ്യക്ക് സുവര്‍ണക്ഷേത്രം പിടിച്ചെടുക്കാന്‍ ഉത്തരവ് നല്‍കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ആഭ്യന്തരസൈനികനടപടി ആയിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. മുന്നൂറോ നാനൂറോ വരുന്ന തീവ്രവാദികളെ നേരിടാന്‍ പത്ത് പന്ത്രണ്ടായിരം സൈനികരും, ആര്‍ട്ടിലറിയും ടാങ്കുകളും അടങ്ങിയ ഒരു ഡിവിഷന്‍ നടത്തിയ അഞ്ചുദിവസത്തെ ആക്രമണത്തില്‍ തീവ്രവാദികളും സൈനികരും സിവിലിയന്‍ ജനങ്ങളും അടക്കം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ ഭിന്ദ്രന്‍വാലെയും അമ്രീക് സിങ്ങും.

അതേവര്‍ഷം ഒക്ടോബറില്‍ ഭിന്ദ്രന്‍ വാലെയുടെ പ്രവചനം സാര്‍ത്ഥകമാവുകയായിരുന്നു. ഒക്ടോബര്‍ 31 രാവിലെ ഒമ്പത് മണിയോടെ ഹോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ പീറ്റര്‍ ഉസ്തിനോവുമായി നിശ്ചയിച്ച അഭിമുഖത്തിനായി വീടിന്റെ പിറകിലെ ഓഫീസ് കെട്ടിടത്തിലേക്ക് നടന്നുപോയ ഇന്ദിരാഗാന്ധിയെ സിഖുകാരായ അവരുടെ സുരക്ഷാ സൈനികര്‍ വെടിവെച്ചുകൊന്നു.

ഇന്ദിരയുടെ മരണം പരസ്യമായി ഏതാനും മിനുട്ടുകള്‍ക്കകം ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധകലാപങ്ങളില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മൂന്നു ദിവസം നീണ്ടു നിന്ന കൂട്ടക്കൊല രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കണ്ടില്ലെന്ന് നടിച്ചു.

No comments: