കായലരികത്ത് വലയെറിഞ്ഞപ്പം
വളകിലുക്കിയ സുന്ദരീ,
പെണ്ണ് കെട്ടിനു കുറിയെടുക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ (2)
കണ്ണിനാലെന്റെ കരളിനുരുളിയി-
ലെണ്ണ കാച്ചിയ നൊമ്പരം
ഖല്‍ബിലറിഞ്ഞപ്പോളിന്നു ഞമ്മള്
കയറു പൊട്ടിയ പമ്പരം
ചേറില്‍ നിന്നു ബളര്‍ന്നു പൊന്തിയ
ഹൂറി നിന്നുടെ കയ്യിനാല്‍
നെയ്ച്ചോറ് വച്ചത് തിന്നുവാന്‍
കൊതിയേറെയുണ്ടെന്‍ നെഞ്ചിലായ് (2)
വമ്പെഴും നിന്‍റെ പുരികക്കൊടിയുടെ
അമ്പ് കൊണ്ടു ഞരമ്പുകള്‍
കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ
കമ്പി പോലെ വലിഞ്ഞു പോയ് (2)
കുടവുമായ് കുളക്കടവില്‍ വന്നെന്നെ
തടവിലാക്കിയ പൈങ്കിളീ
ഒടുവില്‍ നീയെന്നെ സങ്കടപ്പുഴ
നടുവിലാക്കരുതീക്കളീ (2)
വേറെയാണ് വിചാരമെങ്കില്
നേരമായത് ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
കൈയിലും കുത്തി നടക്കണ് (2)
കായലരികത്ത് വലയെറിഞ്ഞപ്പം
വളകിലുക്കിയ സുന്ദരീ,
പെണ്ണ് കെട്ടിനു കുറിയെടുക്കുമ്പം
ഒരു നറുക്കിനു ചേര്‍ക്കണേ
No comments:
Post a Comment