18/01/2014

കേരളത്തിലെ നായര്‍ ~ Nairs of Kerala


മതവിശ്വാസം
നായർ സമുദായത്തിലെ അംഗങ്ങൾ എക്കാലവും ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു പൊതുവേ കരുതപ്പെടുന്നു. ചാതുർവർണ്യമനുസരിച്ച് ഹൈന്ദവരെ നാലു വർണങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ എന്നു പരിഗണിക്കപ്പെട്ടിരുന്നു. ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. കേരളത്തിലെ അമ്പലവാസി, നായർ, കമ്മാളർ തുടങ്ങിയ സമുദായങ്ങളെ നമ്പൂതിരിമാർ ശൂദ്രർ ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല .നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര പദവി ഉള്ളവരും ഉണ്ട്. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായന്മാർ ആരാധിച്ചുപോന്നു.എന്നാൽ വൈഷ്ണവമതം, ശൈവമതം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ശക്തി, ഭഗവതി, ദുർഗ്ഗ, കാളി തുടങ്ങിയ സ്ത്രൈണമൂർത്തികളും ശ്രീകൃഷ്ണൻ, ശിവൻ, ഗണപതി തുടങ്ങിയ ആര്യദൈവസങ്കല്പങ്ങളും നായർമാർക്കിടയിൽ പുരാതനകാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്നു. അതോടൊപ്പം, അയ്യപ്പൻ, ശാസ്താവു്(ചാത്തൻ), വസൂരിമാല തുടങ്ങിയ ദ്രാവിഡദൈവസങ്കൽപ്പങ്ങളും നായരുടെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു. നാഗ ആരാധനയും നായന്മാരുടെ പ്രത്യേകത ആയിരുന്നു എല്ലാ നായർ തറവാടുകളോടും ചേർന്ന് നാഗ ആരാധനയ്ക്കായി കാവുകൾ ഉണ്ടായിരുന്നു,"നൂറും പാലും സേവിക്കുക , പുള്ളുവൻപാട്ടും കളമെഴുത്തും നടത്തുക എന്നിവ സാധാരണം ആയിരുന്നു. നായന്മാർ നാഗങ്ങളെ അനുകരിച്ചു മുൻ കുടുമ വെച്ചിരുന്നു  കൃഷി, ആയുധവിദ്യ, വിശേഷദിവസങ്ങൾ, കുടുംബത്തിലെ ജനനമരണാദി സംഭവങ്ങൾ എന്നിവയുമായി അവരുടെ ഈശ്വരവിശ്വാസം അവശ്യം ബന്ധപ്പെടുത്തിയിരുന്നു.

ചരിത്രം
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ ഡ്വാർട്ട് ബാർബോസാ എന്ന പോർച്ചുഗീസ്സുകാരനാണു്. ഒരാൾക്കു് നായർ സ്ഥാനം കൽപ്പിച്ചുകൊടുത്തിരുന്ന വിധം തന്റെ "കിഴക്കെ ആഫ്രിക്കാ രാജ്യവും മലയാളവും" എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.

“ മലയാളത്തിലെ നായന്മാർ ജന്മനാ തന്നെ പ്രാഭവമുള്ളവരാകുന്നു. രാജാവോ പ്രഭുവോ വാൾ കൊടുത്തു "നായർ" എന്നു മൂന്നു വട്ടം വിളിക്കുന്നു. അങ്ങനെ വിളിക്കുന്നതുവരെ അവർക്കു വാളുംനായർ എന്ന പേരും ധരിച്ചു നടപ്പാൻ പാടില്ല.... ”

ഇതനുസരിച്ച് ഒരാൾ ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചു എന്നുണ്ടെങ്കിൽ തന്നെയും 'നായർ' എന്ന സ്ഥാനപ്പേർ സ്വന്തം പേരിനൊപ്പം ചേർക്കാൻ അയാൾക്കു് ഈ ചടങ്ങു നടക്കുന്നതുവരേക്കും കാത്തിരിക്കണമായിരുന്നു.

ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

"പള്ളിച്ചാൻ (പറപ്പുനായർ), വട്ടേക്കാടുനായർ (ചക്കാലൻ), ഓടത്തുനായർ, അത്തിക്കുറിശ്ശി നായർ (ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ(അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ?) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. യാഗരക്ഷയ്ക്കായി, യാഗശാലയിൽ നിന്ന യോദ്ധാക്കളാണ് അകത്തുചാർന്നവർ എന്നും, ഭയന്നുപുറത്തേക്കു പോയവരാണ് പുറത്തുചാർന്നവർ എന്നും അഭിപ്രായം ഉണ്ട്. അകത്തുചാർന്നവരെ പര്യപ്പെട്ടവർ എന്നും പറയും. ഏതായാലും യോദ്ധാക്കൾ അധികവും പുറത്തു ചാർന്നവരാണ്. ഇല്ലത്തു് , പള്ളിച്ചാൻ, അത്തിക്കുറിശ്ശി, അന്തുരാൻ, ചക്കാലൻ, ചാലിയൻ, വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. അന്തുരാൻ, ചക്കാലൻ, ചാലിയൻ, വെളുത്തേടൻ, വിളക്കിത്തല വിഭാഗങ്ങളുമായി നമ്പൂതിരിക്കു സംബന്ധമില്ല, അയിനിയൂണ്, ചൗളം,വാതിൽപ്പുറപ്പാട്, പാനക്കുടം ഉഴിയൽ, നിഴൽപ്പമെഴുകൽ എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. അന്തോളം ഉഴിയൽ കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി നായർ (പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി, സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ ക്രിയകളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് എള്ളും പൂവും ഇടുന്നത് അത്തിക്കുറിശ്ശിനായരാണ്. ചൌളം, ഗോദാനം,സമാവർത്തനം എന്നിവയ്ക്കിടയിൽ, അത്തിക്കുറിശ്ശി നായർക്കു മനയ്ക്കലെ വടക്കിനിയിൽ കയറി ഒരു മന്ത്രം കേൾക്കാം. തെക്കൻ-വടക്കൻ കേരളത്തിൽ മാരാരും, അത്തിക്കുറിശ്ശിയും ഒന്നാണ്. മധ്യകേരളത്തിൽ അങ്ങനെയല്ല. 'പാണി കോണി നടുമിറ്റം' എന്ന് ഇവരുടെ അധികാരങ്ങളെ സൂചിപ്പിക്കുന്ന പഴമൊഴി ഉണ്ട്. മധ്യകേരളത്തിൽ പാണിയും തിരുമുറ്റവും (ക്ഷേത്രകർമങ്ങൾ) മാരാർമാർക്കാണ്. കോണിയും നടുമുറ്റവും ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ ഇല്ലക്കാരനും പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി നായർ എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, മറവർ, ചക്കാൻ, വാണിയൻ, കോലായൻ, കണിശൻ, പള്ളിച്ചാൻ, പണിക്കൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു. വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. കിരിയത്തു നായർമാർ ജന്മിമാരായിരുന്നു. അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു. തരകന്മാർ കച്ചവടക്കാരാണ്. യാവരി (വ്യാപാരി) നായർമാർ എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. ഇല്ലക്കാരൻ നായർ നമ്പൂതിരിയുടെ ഭൃത്യനാണ്. തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ ഇവർക്കു സ്വരൂപക്കാരെക്കാൾ ആഭിജാത്യമുണ്ട്. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. കുളങ്ങരനായർ ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, അയ്യപ്പൻ കാവുകളിലെ പാട്ടുകാരാണ്. കുറുപ്പ്, മാരാർ എന്നിവർ ഈ വിഭാഗത്തിൽപ്പെടുന്നു. ഇടച്ചേരി നായർമാർ ഇടയന്മാരായിരുന്നു. വട്ടക്കാടൻ, കച്ചേരിനായർ എന്നും ഉപജാതികളുണ്ട്. ഊരാളിനായർ, വെളുത്തേടത്തുനായർ, വിളക്കിത്തല നായർ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിനായർമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കിത്തല നായർമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. ഊരാളി, വെളുത്തേടത്ത്, വിളക്കിത്തല നായർമാർക്ക് അയിത്തം കല്പിച്ചിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട്നായർസമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ

Nair Women.jpg


നായർമാർ മരുമക്കത്തായികളായിരുന്നു. പതിനാറു പുലയാണ് ആചരിച്ചിരുന്നത്. പിന്നീട് പന്ത്രണ്ടു പുലക്കാരായി. കോഴിക്കോട് കിഴക്കുംപുറത്തുകാരും ചേറ്റുവാമണപ്പുറത്തുകാരും ആയ മേലേക്കിട നായർമാർ പണ്ടുമുതല്ക്കേ പതിമൂന്നു പുലക്കാരാണ്. കൊച്ചിയിലെ അടൂർ ഗ്രാമത്തിലെ മുപ്പത്താറാമൻ എന്നറിയപ്പെടുന്ന നാലഞ്ചു വീട്ടുകാർ തമ്മിൽ പുലയുള്ളവരാണ്. എങ്കിലും അവർ തമ്മിൽ വിവാഹം ഉണ്ട്. വിളക്കിത്തല നായരിൽ പത്തുപുലക്കാരുണ്ട്. ചാലിയത്തു നായർമാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. നായർ സ്ത്രീ ഭർത്താവിനൊപ്പം തറവാടുവിട്ടുപോയി താമസിച്ചാൽ ഭ്രഷ്ടാകുമായിരുന്നുവത്രെ. കേരളത്തിലെ നായർമാരിൽ തമിഴ്പാദക്കാർ മക്കത്തായികളാണ്. ഭാഗം ചോദിക്കാൻ നായർക്കു അവകാശമില്ല. എന്നാൽ ജീവനാംശത്തിന് (പുലർച്ച) അവകാശമുണ്ടായിരുന്നു. മറ്റു ജാതിക്കാർ നായർമാരെ അഭിസംബോധന ചെയ്തിരുന്നത് പലമട്ടിലാണ്. മാവിലർ, വേട്ടുവർ തുടങ്ങിയവർ നായരെ കൈക്കോളർ എന്നു വിളിക്കും തെക്കൻ കേരളത്തിൽ ഇഴാവരും മറ്റും "യജമാൻ" തമ്പുരാൻ ,എമ്മാൻ" എന്നും വിളിച്ചിരുന്നു. പരമ്പരാഗതമായി നാലുകെട്ടുകളിൽ താമസിച്ചിരുന്ന കൂട്ടുകുടുംബ തറവാടുകളായിരുന്നു നായർമാരുടേത്. ഒരമ്മയും അവരുടെ സന്തതികളുമാണ് തറവാട്ടിലെ ഒരു തലമുറ. ഇവരിൽ സ്ത്രീസന്തതികളുടെ കുട്ടികൾ (ആൺ/പെൺ) ഉൾപ്പെടെ രണ്ടാമത്തെ തലമുറയാണ്. പുരുഷന്മാരുടെ കുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടാമത്തെ തലമുറയിൽപ്പെട്ട സ്ത്രീകളുടെ ആണോ പെണ്ണോ ആയ സന്തതികളാണു് മൂന്നാമത്തെ തലമുറ. ഇങ്ങനെ പല തലമുറകൾ കൂടിയതായിരുന്നു ഒരു പഴയ മരുമക്കത്തായ കൂട്ടുകുടുംബം. ചിലപ്പോൾ ഒരു കുടുംബത്തിൽ നിയന്ത്രണാതീതമായി അംഗസംഖ്യ വർധിക്കുന്ന അവസരത്തിൽ അംഗങ്ങളുടെ സമ്മതപ്രകാരം അത് ഭാഗംകഴിച്ച് ശാഖകളായി പിരിയാറുണ്ട്. മരുമക്കത്തായ തറവാടിന്റെ സ്വത്ത് എല്ലാ അംഗങ്ങളുടെയും കൂട്ടുസ്വത്തായിരുന്നു, അതിൽ നിന്ന് തന്റെ 'പുലർച്ച' (maintenance) നടത്തിക്കിട്ടാനുള്ള അവകാശം ഓരോ അംഗത്തിനുമുണ്ടായിരുന്നു. പക്ഷേ, ഭാഗം ചോദിക്കാൻ ഒരംഗത്തിനും തനിയെ അവകാശമുണ്ടായിരുന്നില്ല. എല്ലാ അംഗങ്ങളുടെയും സമ്മതപ്രകാരം മാത്രമേ ഭാഗം പാടുണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഭാഗം ചെയ്തു പിരിഞ്ഞാലും ആചാരാനുഷ്ഠാനങ്ങളിൽ ഇവരെല്ലാം തമ്മിൽ രക്തബന്ധമുള്ളവരായിട്ടാണ് കരുതിപ്പോന്നത്.

ഒരു മരുമക്കത്തായ കുടുംബത്തിലെ പുരുഷന്മാർ മറ്റൊരു മരുമക്കത്തായ കൂട്ടുകുടുംബത്തിലാണ് കല്യാണം കഴിച്ചിരുന്നത്. ഈ ബന്ധത്തിലുള്ള സന്തതികൾ അവരുടെ അമ്മയുടെ തറവാട്ടിലെ അംഗങ്ങളായി തുടരുന്നു. ഇങ്ങനെ ഭർത്താവും ഭാര്യയും രണ്ടു വിഭിന്നങ്ങളായ കുടുംബങ്ങളിൽ അംഗങ്ങളായി ജീവിക്കുകയും സന്തതികൾ അമ്മയോടൊപ്പം താമസിക്കുകയും ആയിരുന്നു പതിവ്. ഒരു കൂട്ടുകുടുംബത്തിലെ ഓരോ അംഗത്തിനും അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്ന ഒരു ശിശുവിനുപോലും, തറവാട്ടുസ്വത്തിന്മേൽ തുല്യമായ അവകാശമുണ്ടായിരുന്നു. മുൻകാലങ്ങളിൽ തറവാട്ടിലെ കൂട്ടുസ്വത്തിലുള്ള ഓഹരിയല്ലാതെ, ഏതെങ്കിലും ഒരാൾക്കുമാത്രം സ്വന്തമായി സ്വത്തുണ്ടായിരുന്നുവോ എന്നു സംശയമാണ്. ഇങ്ങനെയുണ്ടായിട്ടുള്ള വളരെ അപൂർവം അവസരങ്ങളിൽ, സ്വത്തുടമസ്ഥർ വിൽപ്പത്രം എഴുതിവയ്ക്കാതെ മരിച്ചാൽ സ്വത്ത് അമ്മയുടെ തറവാട്ടിൽ ലയിക്കുകയും, വിൽപ്പത്രം എഴുതിവച്ചിട്ടുണ്ടെങ്കിൽ സ്വന്തം സന്തതികളിൽ നിക്ഷിപ്തമാകുകയും ചെയ്തിരുന്നു.

തറവാട്ടിലെ ഏറ്റവും മുതിർന്ന പുരുഷനാണ് (കാരണവർ) കാര്യങ്ങൾ നടത്തിയിരുന്നത്. സ്വത്തിന്റെ നടത്തിപ്പിന്മേലുള്ള പൂർണാധികാരം കാരണവർക്കായിരുന്നു. ഏറ്റവും പ്രായം ചെന്നത് ഒരു സ്ത്രീയാണെങ്കിൽ, ചിലപ്പോൾ, അവരെ മേലദ്ധ്യക്ഷയായി കണക്കാക്കുന്ന പതിവുണ്ടായിരുന്നു. കാരണവർ പലപ്പോഴും ഒരു സ്വേച്ഛാധിപതിയായിരുന്നതുകൊണ്ട് മരുമക്കത്തായ സമ്പ്രദായത്തിൽ മറ്റു കുടുംബാംഗങ്ങൾക്കു (അനന്തിരവന്മാർ) ഒട്ടേറെ അനീതികൾ അനുഭവിക്കേണ്ടിവന്നിരുന്നു. തറവാട് എത്രസമ്പന്നമായിരുന്നാലും തറവാട്ടു സ്വത്തിലെ വിഹിതം നല്കുവാനോ കാരണവരെ നിർബന്ധിക്കുവാനോ അനന്തിരവന്മാർക്കു അവകാശം ഉണ്ടായിരുന്നില്ല.

മരുമക്കത്തായകൂട്ടുകുടുംബസമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. സംബന്ധം എന്നറിയപ്പെട്ടിരുന്ന, വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു. ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ നായർ സ്ത്രീകൾ പലപ്പോഴും ഒന്നിലധികം ഭർത്താക്കന്മാരെ ഒരേ സമയത്ത് വച്ചുപുലർത്താറുണ്ടായിരുന്നുവത്രെ. വലിയ തറവാടുകളിലൊഴികെ മിക്കവാറും വിവാഹങ്ങൾ പേരിനുമാത്രമായ ചടങ്ങുകളോടെയാണ് നടന്നിരുന്നത്. നമ്പൂതിരി കുടുംബങ്ങളിലെ ഇളയ ആണ്മക്കളായ 'അഫ്പൻ' മാരുമായും മറ്റ് സമൂഹത്തിലെ ഉന്നതരുമായും ഇത്തരം 'സംബന്ധം' നിലനിന്നിരുന്നു. മിക്കപ്പോഴും സമ്പന്ന നായർകുടുംബങ്ങളുമായിട്ടാണ് നമ്പൂതിരിമാരിലെ അപ്ഫന്മാർ ബന്ധപ്പെട്ടിരുന്നത്. സാമന്തക്ഷത്രിയരും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. സംബന്ധങ്ങളിലുണ്ടാകുന്ന കുട്ടികൾക്ക് പിതാവുമായി പ്രായേണ വൈകാരികബന്ധമോ പിതാവിന്റെ സ്വത്തിൽ അവകാശമോ ഉണ്ടായിരുന്നില്ല. പ്രഭുകുടുംബങ്ങളിൽ 'സംബന്ധം' ചെയ്തിരുന്നത് നമ്പൂതിരിമാരോ സാമന്ത ക്ഷത്രിയന്മാരോ ആയിരുന്നു. അതേസമയം 'സംബന്ധ'ത്തെ നിയമാനുസൃതമായ ഒന്നായി അക്കാലത്തെ നിയമസ്ഥാനങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നുമാത്രമല്ല, ഭാര്യയെയോ സന്തതികളെയോ ഏതെങ്കിലുംവിധത്തിൽ സഹായിക്കുവാൻ ഭർത്താവോ പിതാവോ ബാധ്യസ്ഥനായിരുന്നുമില്ല. താലികെട്ടുന്നപുരുഷൻ, സംബന്ധക്കാരൻ, ഭർത്താവ് എന്നീ വ്യത്യസ്ത നിലകളിൽ സാദ്ധ്യമായിരുന്ന ദാമ്പത്യബന്ധം മൂലം ബഹുഭർത്തൃത്വം നിലനിന്നിരുന്ന ഒരു സമൂഹമായി നായന്മാർ കണക്കാക്കപ്പെട്ടു. ആഗോളതലത്തിൽതന്നെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന ഏകഭർതൃത്ത്വമോ അത്തരത്തിൽ സ്ത്രീയ്ക്കു് കാത്തുസൂക്ഷിക്കേണ്ടതായി സങ്കൽപ്പിക്കപ്പെട്ടിരുന്ന പവിത്രതയോ നായന്മാരുടെ സദാചാരക്രമങ്ങളിൽ മിക്കപ്പോഴും ഗൗരവമായി എടുത്തിരുന്നില്ല. ബഹുഭാര്യാത്വവും ബഹുഭർതൃത്വവും നായർ സമൂഹത്തിൽ സാമാന്യം അംഗീകൃതമായിരുന്നു. തന്മൂലം കൊണ്ടുതന്നെ, വിധവ എന്ന സങ്കല്പമോ അതുമായി ബന്ധപ്പെട്ടിരുന്ന ആചാരങ്ങളോ വ്യാപകമായിരുന്നില്ല. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ, മറ്റുസമുദായങ്ങൾക്കിടയിൽ പതിവില്ലാത്തവിധം, നായന്മാർക്കിടയിൽ സ്ത്രീകൾക്കു് സ്വകുടുംബത്തിലെ പുരുഷന്മാരേക്കാൾ സ്വന്തം അഭിപ്രായങ്ങളും അവകാശങ്ങളും പ്രകടിപ്പിക്കാൻ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിരുന്നു.


No comments: