19/01/2014

വിഷ പാമ്പ് കടിച്ചാല്‍...!!!


പാമ്പ് കടിക്കാനുള്ള കാരണം
പാമ്പുകള്‍ താമസിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോഴും ഭീതികൊണ്ടും മദംകൊണ്ടും വിശപ്പുകൊണ്ടും ദാഹം അധികരിച്ചാലും സന്താനനാശം വരുത്തുന്നുവെന്നു കരുതിയും മുട്ടയിട്ടു കിടക്കുമ്പോഴും ഏതു വിധേനയും ചവുട്ടിയാലും ഭക്ഷണമാണെന്നു കരുതിയും വിഷം വര്‍ധിക്കുന്ന നേരത്തും ജന്മാന്തരദോഷമുള്ളവരെയും ഏതെങ്കിലും വിധത്തില്‍ കോപമുള്ളപ്പോഴും കടിക്കാവുന്നതാണ്.

വിഷം ക്ഷയിപ്പാനുള്ള കാരണം
വെള്ളത്തില്‍ വീണ് ക്ഷീണിച്ച പാമ്പിനും പേടിച്ചതിനും ക്രീഡകൊണ്ട് തളര്‍ന്നവയ്ക്കും വളരെയധികം ഓടിയതിനും ശത്രുവിനോടു തോറ്റതിനും എലി, തവള എന്നിവയെ തിന്നുന്ന നേരത്തും വിഷശാന്തി വരുത്തുന്ന മരം, വള്ളിച്ചെടി എന്നിവിടങ്ങളില്‍ അധികനേരം കിടന്നാലും വിഷം ക്ഷയിക്കും.

വിഷദന്തവിവരണം
പാമ്പുകള്‍ക്ക് പല്ലുകള്‍ അധികമുണ്ടെങ്കിലും വിഷമുള്ളവ നാലെണ്ണം മാത്രമേയുള്ളൂ. അവ കുറഞ്ഞൊന്ന് അകത്തേക്കു നീങ്ങി, താഴത്തും മുകളിലുമായി മാംസംകൊണ്ടു മറഞ്ഞിരിക്കുന്നതും കടിക്കുന്ന സമയത്ത് മാര്‍ജാരനഖംപോലെ പുറത്തേക്കു വരികയും കടിച്ചുകഴിഞ്ഞാല്‍ ഉള്‍വലിയുകയും ചെയ്യുന്നു. അതുകൊണ്ട് അവയുടെ ഭക്ഷണാദികളില്‍ ഒട്ടും സ്പര്‍ശിക്കാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നാലു പല്ലുകള്‍ക്കും പ്രത്യേകം ഉറകളുമുണ്ട്.

എട്ടെട്ടു ദിവസം കൂടുമ്പോള്‍ വിഷസഞ്ചിയില്‍ വിഷം നിറയുകയും പാമ്പിന് അസ്വസ്ഥത അനുഭവപ്പെടുകയും അപ്പോള്‍ എവിടെയെങ്കിലും കടിച്ച് വിഷം ഒഴിവാക്കുകയും ചെയ്യുന്നു.

പാമ്പുവിഷം അതിന്റെ പല്ലില്‍നിന്നു പുറത്തുവരുമ്പോള്‍ പൈങ്ങ (മൂക്കാത്ത ഇളയ അടയ്ക്ക) നീരുപോലെയും ഉടന്‍ നീലനിറമാവുകയും ചെയ്യുന്നു.

പല്ലുകളുടെ പേരുകള്‍
1. കരാളി 2. മകരി 3. കാളരാത്രി 4. യമദൂതി.

നാലിന്റെയും വിഷവൃദ്ധി

1. കരാളിപ്പല്ല് തറച്ചാല്‍ പശുവിന്റെ കുളമ്പാകൃതിയും വ്രണത്തില്‍ കാരകിലിന്റെ ഗന്ധവും കുറഞ്ഞ വിഷവും മാത്രമേ ഉണ്ടാവുകയുള്ളൂ.

2. മകരിപ്പല്ല് തറച്ചാല്‍ കുലവില്ലിനു തുല്യമായ അടയാളവും കുഴമ്പിന്റെ ഗന്ധവും ഉണ്ടാവും. ഈ പല്ലു തറച്ചാല്‍ വിഷം വേഗം ഇറക്കുവാന്‍ കഴിയും.

3. കാളരാത്രിപ്പല്ല് തറച്ചാല്‍ പുള്ള് എന്ന പക്ഷിയുടെ പാദംപോലെയുള്ള അടയാളവും ചന്ദനത്തിന്റെ ഗന്ധവും ആയിരിക്കും. ഇത് തറച്ചാല്‍ ഉണ്ടാവുന്ന വിഷം കുറെ അധികം വിഷമിച്ചാല്‍ മാത്രമേ ഇറക്കാന്‍ കഴിയുകയുള്ളൂ.

4. യമദൂതി. ഈ പല്ല് തറച്ചാല്‍ അതിയായ വീക്കവും പാലിന്റെ ഗന്ധവും നീലച്ച രക്തവും കാണാം. ഈ വിഷം ഇറക്കുവാന്‍ സാധ്യമല്ല. പേരുതന്നെ യമദൂതി എന്നാണല്ലോ. അപ്പോള്‍ യമന്റെ ദൂതന്‍ കൊണ്ടുപോകുന്നു. മരണം നിശ്ചയം.

സവിഷലക്ഷണം
തരിപ്പ്, വീക്കം, ചൂട്, ചൊറിച്ചില്‍, വ്രണത്തില്‍ കനം ഇവയെല്ലാം അനുഭവപ്പെടുകയാണെങ്കില്‍ വിഷം വല്ലാതെ ഏറ്റിട്ടുണ്ടാകുമെന്നും ഇവയൊന്നും കാണുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ വിഷം ദേഹത്തില്‍ ഏറ്റിട്ടില്ലെന്നും കണക്കാക്കണം.
പിന്നെ ദേഹമെല്ലാം കനം തോന്നുകയും രോമങ്ങളെല്ലാം എഴുന്നുനില്ക്കുകയും രോമാഞ്ചവും ഉറക്കവും അംഗങ്ങള്‍ക്കു തളര്‍ച്ചയും കാണുകയാണെങ്കില്‍ വിഷം ദേഹത്തില്‍ മുഴുവനും ബാധിച്ചിട്ടുണ്ടെന്നു കണക്കാക്കണം.

സപ്തധാതുക്കളും വിഷവും
ചര്‍മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണ് സപ്തധാതുക്കള്‍.

സപ്തം = ഏഴ്.

വിഷം ചര്‍മത്തിലാകുമ്പോള്‍ രോമാഞ്ചം അനുഭവപ്പെടും. രക്തത്തില്‍ വിഷമെത്തിയാല്‍ ദേഹം മുഴുവനും നല്ല വിയര്‍പ്പുണ്ടാകും. വിഷം മാംസത്തിലെത്തിയാല്‍ ദേഹത്തിനു ചൂടും നിറപ്പകര്‍ച്ചയും കാണും. മേദസ്സില്‍ വിഷമെത്തിയാല്‍ ഛര്‍ദിയും വിറയലും അനുഭവപ്പെടും. അസ്ഥിയില്‍ വിഷമെത്തിയാല്‍ കണ്ണ് കാണാതാവുക, കഴുത്തു കുഴയുക എന്നിവ അനുഭവപ്പെടും. വിഷം മജ്ജയിലെത്തുമ്പോള്‍ ദീര്‍ഘനിശ്വാസം, എക്കിട്ട എന്നിവയും ഉണ്ടാകും. വിഷം ശുക്ലത്തിലെത്തുമ്പോള്‍ മോഹാലസ്യവും മരണവും സംഭവിക്കുന്നു.
സര്‍പ്പം കടിച്ച ഉടനെത്തന്നെ ദഷ്ടന്‍ മോഹാലസ്യപ്പെട്ടുപോയാല്‍ വേഗത്തില്‍ ചികിത്സിക്കണമെന്നും മരിച്ചിട്ടില്ല, ജീവന്‍ ഉള്ളിലടങ്ങിയിരിപ്പുണ്ടെന്നും കരുതുകയും ഉടനെത്തന്നെ വേണ്ടതു ചെയ്യുകയും വേണം.

ജീവനും വിഷവും

ശക്തമാം വിഷമമ്പോടും ശരീരത്തിലേല്ക്കയാല്‍
ത്വക്കിലപ്പോള്‍ വിഷം ചെന്നാല്‍, ജീവന്‍ രക്തത്തിലായിടും.
അന്നേരം കോള്‍മയിര്‍ക്കൊള്ളും, വിയര്‍ത്തീടും ശരീരവും
വിഷം രക്തത്തിലെത്തുമ്പോള്‍ ജീവന്‍ മാംസത്തിലൊളിച്ചിടും.
തുളുമ്പും ചോരയും നീരും വിറയ്ക്കും കണ്‍ ചുകന്നിടും
മാംസത്തില്‍ വിഷം ചെന്നാല്‍ ജീവന്‍ മേദസ്സിലായിടും.
അന്നേരം മേനി നൊന്തീടും, തളരും വീങ്ങുമേറ്റവും
എരിയും പൊരിയും ദേഹം വിറയ്ക്കും, വീര്യമറ്റുപോം.
മരിക്കുമെന്നു ശങ്കിക്കും വിഷം മേദസ്സിലെത്തുകില്‍
അസ്ഥിയില്‍ ചെന്നിടും ജീവനന്നേരം മൂക്കടച്ചിടും
കണ്ണുകാണാതെയാം പിന്നെ കഴുത്തേറ്റം കുഴഞ്ഞുപോം
ബധിരത്വവുമുണ്ടാകും നാവിന്‍തല തരിച്ചിടും
രുചിതാനറിയാതാകും ചിത്തഭ്രമമതും വരും
വിഷമസ്ഥിതിയിലായിടും ജീവന്‍ മജ്ജയിലായിടും
അന്നേരം പ്രാണസഞ്ചാരം കാട്ടീടും മോഹവും വരും
മജ്ജയില്‍ വിഷം ചെന്നാല്‍ ജീവന്‍ ശുക്ലത്തിലായിടും
ഉള്‍ത്താപം ശ്വാസകോപങ്ങള്‍ സഞ്ചാരം സ്മൃതിയും വരും.

വിഷം തീരുകയില്ലെന്നു പലരും വേദനപ്പെടും.
ശുക്ലത്തില്‍ വിഷം ചെന്നാല്‍ വിഷം മേല്‌പോട്ടു പോയിടും
അന്നേരം മോഹമാകുന്നോരവസ്ഥയതു വന്നിടും
വിഷവും ജീവനും കൂടിയോടുമേല്‍പ്പോട്ടനന്തരം
ജീവാധാരം നടേ പിന്നെ സ്വാശ്രയം മണിപൂരകം
ഈവണ്ണമള്ള നിലയില്‍ ചെന്നോരോന്നില്‍ കടന്നുടന്‍
ബ്രഹ്മരന്ധ്രേ പ്രവേശിക്കും ജീവന്‍ തത്ര കരണ്ടകേ
ചെന്നൊളിക്കുമതിന്‍മീതേ, വിഷവും ചെന്നു മൂടുമേ
പതിമൂന്നു ദിനംകൊണ്ടുരുകും തന്‍ കരണ്ടകം
അന്നേരം വന്നുകൂടുന്നോരവസ്ഥ പറയാവതോ.

വിഷത്തിന്റെ ഗതി കൂടുകയും ജീവന്റെ ഗതി മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ കര്‍മഫലമാണെങ്കില്‍ക്കൂടി ജീവഹാനി സംഭവിക്കുന്നു.
ആ സമയങ്ങളില്‍ കൂടക്കൂടെ വിയര്‍പ്പ്, ജാള്യത, വിറയല്‍, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, നെഞ്ചുവേദന, വിഭ്രാന്തി, ചിത്തഭ്രമം, കഫവും പിത്തനീരും ഛര്‍ദിക്കല്‍, നഖവും പല്ലും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, മൂക്കിലൂടെ സംസാരം, കണ്ണ് ചോരനിറമാവുക, കടിവായ് നീലച്ച് വിങ്ങുക കക്ഷത്തിലും ചെവിക്കീഴിലും കഴലയ്ക്കിറങ്ങുക, പല ഗോഷ്ഠികള്‍ കാണിക്കുക, രോമകൂപങ്ങളില്‍നിന്ന് രക്തം വരിക, വിരിച്ചതില്‍ കിടക്കാതിരിക്കുക, ഉരുളുക, തല അങ്ങോട്ടുമിങ്ങോട്ടുമിട്ടടിക്കുക, കിടക്കുകയും പെട്ടെന്ന് എഴുന്നേല്ക്കുകയും, അധരം മലര്‍ക്കുക, പിച്ചും പേയും പറയുക, പകച്ചുനോക്കുക, ഉടുത്തതെല്ലാം പിടിച്ചുവലിച്ചെറിയുക, അതിസാരം, മൂത്രസ്തംഭനം, ലിംഗം ചുരുങ്ങുക ഇവയെല്ലാം മുഴുവനായോ ഭാഗികമായോ കാണിച്ചുകൊണ്ടിരിക്കും.

ഇതിനുള്ള ഒറ്റമൂലി
നീല അമരിവേര് അതിന്റെ ഇലതന്നെ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ അരച്ച് താന്നിക്കവലിപ്പത്തിലുരുട്ടി, നിഴലിലുണക്കി സൂക്ഷിച്ചത് മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ഒരു ഗുളികയെടുത്ത് പശുവിന്റെ പാലിലരച്ചു കൊടുക്കുക. അത് ഛര്‍ദിക്കുകയാണെങ്കില്‍ അറ്റകൈക്കെന്നവണ്ണം (അവസാനപ്രയോഗം) ചികിത്സിച്ചുനോക്കാം. ഛര്‍ദിച്ചില്ലെങ്കില്‍ പിന്നെ മറ്റൊന്നും ചെയ്യേണ്ടതില്ല. മരണം നിശ്ചയം.

വിഷവും പ്രഥമചികിത്സയും
വിഷപ്പാമ്പുകളോ മറ്റിഴജന്തുക്കളോ കടിച്ചാല്‍ അന്ധാളിപ്പോ ഭയമോ പരിഭ്രമമോ കാട്ടാതെ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ മേല്‍പ്പറഞ്ഞവയ്ക്ക് അടിമപ്പെട്ടുപോയാല്‍ വളരെ വിഷം കുറഞ്ഞഅല്ലെങ്കില്‍ വിഷം തീരേ ഇല്ലാത്തതായാല്‍പ്പോലും അപകടം വരുത്തിവെക്കും.

കഴിയുമെങ്കില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക. അതിനും രണ്ടഭിപ്രായക്കാരുണ്ട്. അല്ലെങ്കില്‍ കല്ലോ കോലോ (അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തുമാവാം) എടുത്ത് ഇത് എന്നെ കടിച്ച പാമ്പാണെന്നു കരുതി കടിക്കുക. എന്നാല്‍ വിഷം പകുതി കുറയുമെന്ന് ചില ഗ്രന്ഥങ്ങളിലും, പാമ്പിനെ പിടിച്ചു കടിച്ചാല്‍ അത് രണ്ടാമതും കടിക്കുമെന്നും അപ്പോള്‍ വിഷം വീണ്ടും ദേഹത്തില്‍ കയറുന്നതുകൊണ്ട് പിടിച്ചു കടിക്കാന്‍ പാടില്ലെന്ന് ചില ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. രണ്ടിലും ശാസ്ത്രീയവശമുണ്ടെന്നും പറയുന്നുണ്ട്.

പിന്നെ അപ്പോള്‍ അവിടെവെച്ചുതന്നെ സ്വന്തം ചെവിയിലെ ചെവിച്ചെപ്പിയെടുത്ത് സ്വന്തം തുപ്പലില്‍ ചാലിച്ച് കടിവായില്‍ വെക്കുക. ഇത് വിഷത്തിനുള്ള ഒരു പ്രതിരോധമരുന്നാണ്.

മറ്റൊന്ന്, കടിവായ് ബ്ലെയ്‌ഡോ കത്തിയോ മുള്ളോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള എന്തെങ്കിലും എടുത്ത് കീറി രക്തം ഒഴിവാക്കുന്നത് ഏറ്റവും നല്ലതാകുന്നു. തീവെച്ച് കടിവായ് പൊള്ളിക്കുക നല്ലതാണെങ്കിലും മണ്ഡലിയാണ് കടിച്ചതെന്നുറപ്പുണ്ടെങ്കില്‍ പൊള്ളിക്കരുതെന്നാണ് പ്രമാണം.

മറ്റൊന്ന്, നല്ല പച്ചവെള്ളംകൊണ്ട് കുറെ നേരം ധാരചെയ്യുക. സ്വന്തം മൂത്രത്തോളം ധാരയ്ക്ക് മറ്റൊന്നില്ല.

കടിവായുടെ നാലു വിരല്‍ മീതേ ഒരു കെട്ടു കെട്ടുക. അതിനു മാര്‍ദവമുള്ള തുണിയോ ചരടോ ആവുന്നതാണ് ഉത്തമം. ശേഷം ആദ്യത്തെ കെട്ടിന്റെ നാലു വിരല്‍ മീതേ ഒരു കെട്ടുകൂടി കെട്ടണം. ഇതെല്ലാം കടിയേറ്റവനോ കൂടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരോ ഉടനെ ചെയ്യണം. വിഷം മേല്‍പ്പോട്ട് കയറിയതിനു ശേഷം ചെയ്തിട്ട് പ്രയോജനമില്ല. ചരടോ തുണിയോ തിരഞ്ഞു പോയി സമയം കളയാതെ, അരയില്‍ കെട്ടിയ ചരടോ ഉടുത്ത വസ്ത്രത്തിന്റെയോ ഷര്‍ട്ടിന്റെയോ തല കീറി ഉടനെ ചെയ്യേണ്ടതാണ്. അതുകൊണ്ടാണ് ധൈര്യം കൈവിടരുതെന്ന് പറയാന്‍ കാരണം. ധൈര്യമില്ലാതെ ഭയന്ന് പരിഭ്രമിച്ചാല്‍ രക്തസമ്മര്‍ദം കൂടി വിഷം വേഗം കയറുകയും അപകടസാധ്യത കൂടുകയും ചെയ്യും. ശേഷം വേഗം അടുത്തുള്ള ആശുപത്രികളിലെത്തിക്കുകയോ അല്ലെങ്കില്‍ ഒരു നല്ല വിഷഹാരിയെ കാണിക്കുകയോ ചെയ്യുക.

മേല്‍പ്പറഞ്ഞ ഏഴു ധാതുക്കളിലൂടെയാണ് വിഷം കയറി ഏഴാം ധാതുവിലെത്തുന്നത്.

ആദ്യത്തെ മൂന്നു ധാതുക്കളായ ചര്‍മം, രക്തം, മാംസം എന്നിവയില്‍ പ്രവേശിക്കുന്നതിനു മുന്‍പായി ചുക്ക്, കൊടിത്തുവ്വ അല്ലെങ്കില്‍ കറളേകം, കറുത്ത ചുണ്ട, മുളക് എന്നിവ സമമായെടുത്ത് അരച്ച് മൂന്നു സമഭാഗമാക്കി മൂന്നു പേര്‍ ഓരോ ഭാഗവും വായിലിട്ടു ചവച്ച് ഒരാള്‍ മൂര്‍ധാവിലും മറ്റു രണ്ടുപേര്‍ ഓരോരോ ചെവിയിലും 150 പ്രാവശ്യം ഊതണം. അപ്പോള്‍ ഊതുന്നവന്റെ വായില്‍ വെള്ളം നിറയുന്നതാണ്. അപ്പോള്‍ ഊത്ത് നിര്‍ത്താതെ ഓരോരുത്തരായി തുപ്പിവന്ന് പിന്നെയും ബാക്കി ഊതി നൂറ്റമ്പത് തികയ്ക്കണം. എന്നാല്‍ മൂന്നു ധാതുക്കളിലെ വിഷം തീരുന്നതാണ്.

ഇത് പ്രഥമചികിത്സ ആയതുകൊണ്ട് വിഷവൈദ്യം കൈകാര്യം ചെയ്യാത്തവര്‍ക്കും ചെയ്യാവുന്നതാകുന്നു. എന്നാല്‍ ഈ ഊത്തുകൊണ്ട് വിഷം വളരെ ശമിക്കുകയോ കുറവു വരുകയോ ചെയ്യുന്നതുകൊണ്ട് പിന്നീട് ഉണ്ടാവുന്ന ചികിത്സകള്‍ക്ക് വളരെ ഉപകാരവും എളുപ്പവുമായിരിക്കും.

ധാതുവും ചികിത്സയും
മനുഷ്യശരീരത്തിലെ ഓരോ ധാതുവിലും വിഷമെത്തുമ്പോള്‍ അതായത് ഒന്നാമത്തെ ധാതുവായ ചര്‍മത്തിലാണ് വിഷമെന്ന് ലക്ഷണംകൊണ്ട് കണ്ടറിഞ്ഞാല്‍ ഒന്നാമത്തെ ചര്‍മത്തില്‍ ചികിത്സിക്കാതെ വേഗം രണ്ടാമത്തെ ധാതുവായ രക്തത്തിലാണ് ചികിത്സിക്കേണ്ടത്. കയറിവരുന്ന വിഷത്തിനെ തടഞ്ഞുനിര്‍ത്തി മേല്‍പ്പോട്ടു കയറാതെയിരിക്കണമെങ്കില്‍ വിഷം നില്ക്കുന്ന ധാതുവിന്റെ മേല്‍ഭാഗധാതുവില്‍ ചികിത്സിക്കണം. അല്ലാതെ ചര്‍മത്തില്‍ കണ്ട വിഷത്തിന് ചര്‍മത്തില്‍ ചികിത്സിച്ചാല്‍ പിന്നാലെ ഓടുന്നതിനു തുല്യമായിരിക്കും ഫലം. അകപ്പെട്ട കള്ളനെ പിടിക്കാന്‍ പിന്നാലെ ഓടാതെ പുറത്ത് കടക്കാതിരിക്കാനുള്ള വാതില്‍ ആദ്യം ബന്ധിക്കണം.
ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എന്നു പറഞ്ഞപോലെയായിരിക്കണം വിഷചികിത്സ.

രക്തത്തിലേക്ക് വിഷം എത്തുന്നതിനു മുന്‍പായി രക്തത്തില്‍ ചെയ്യേണ്ടുന്ന ചികിത്സ നടത്തിയാല്‍ രണ്ടാം ധാതുവായ രക്തത്തില്‍ വിഷം കയറാതിരിക്കും. കയറിയാല്‍ത്തന്നെ അല്പം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന് അവിടെ പ്രതിരോധനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് അടിവരയിട്ടു പറയുന്നു, വിഷം എവിടെയെത്തിയെന്ന് ലക്ഷണംകൊണ്ടറിഞ്ഞ് എത്തിയ ധാതുവിന്റെ അടുത്ത മേലേ ധാതുവില്‍ ചികിത്സ നടത്തണം.

ഓരോ ധാതുവിലും വിഷം എത്തിയാലുള്ള ലക്ഷണം
ചര്‍മം - തരിപ്പ്, കടച്ചില്‍, ചൂട്.
രക്തം-വിയര്‍പ്പ്, കഴലയ്ക്കിറങ്ങുക.
മാംസം- ചുട്ടുനീറ്റല്‍, നിറവ്യത്യാസം, ഉറക്കം.
മേദസ്സ്-ഛര്‍ദി, വിറയല്‍, കോച്ചല്‍, ഉരുണ്ടുകയറ്റം. മലമൂത്രബന്ധം അഥവാ അതിസാരം.
അസ്ഥി-കണ്ണു കാണാതാവുക, കഴുത്ത് കുഴയുക.
മജ്ജ-എക്കിട്ട, നെഞ്ചുവേദന, ദീര്‍ഘനിശ്വാസം.
ശുക്ലം-മോഹാലസ്യം, മരണം.

അസാധ്യലക്ഷണം
ഇടയ്ക്കിടെ വിയര്‍പ്പ്, ബുദ്ധിമാന്ദ്യം കാട്ടുക, സന്ധിതളര്‍ച്ച, മുഖം വരളുക, ദീര്‍ഘനിശ്വാസം, വിറയല്‍, നെഞ്ചുവേദന, വിഭ്രാന്തി, കഫം, പിത്തനീര് ഛര്‍ദിക്കുക, പല്ലും നഖവും നീലനിറമാവുക, ചുണ്ടും നാവും കറുക്കുക, സംസാരം മൂക്കിലൂടെയാകുക ഇവയെല്ലാം ഒന്നിച്ചോ ഭാഗികമായോ കണ്ടാല്‍ വളരെ കരുതേണ്ടതാകുന്നു.
മരണം അടുത്തു എന്നുതന്നെ വിചാരിക്കുന്നതിലും തെറ്റില്ല.


(വിഷചികിത്സ എന്ന പുസ്തകത്തില്‍ നിന്ന്)

No comments: